ഡല്‍ഹി സെന്റ് സ്റ്റീഫന്‍സ് കോളജിന്റെ മുന്‍ പ്രിന്‍സിപ്പൽ, ചര്‍ച്ച് ഓഫ് നോർത്ത് ഇന്ത്യയുടെ വൈദികൻ, തിയോളജിയൻ എന്നൊക്കെയാണ് റവ ഡോ. വത്സന് തമ്പു അറിയപ്പെടുന്നത്. തമ്പുവിന്റെ തിരുവായ്മൊഴികൾ കേട്ടാൽ “സ്ഫടികം” സിനിമയില്‍ ശങ്കരാടി പറയുന്ന ഒരു ഡയലോഗാണ് ഓര്‍മ്മവരുന്നത്. “സകലകലാ വല്ലഭന്, വകതിരിവ് വട്ടപൂജ്യം”. മുന്‍ ഹൈക്കോടതി ജഡ്ജി കെമാല്‍ പാഷ വിളിച്ചുപറഞ്ഞ ക്രൈസ്തവവിരുദ്ധ പ്രസ്താവനകളെക്കാള്‍ നികൃഷ്ടമാണ് ക്രൈസ്തവ പുരോഹിതനായി അറിയപ്പെടുന്ന തമ്പുവിന്റെ വിവരക്കേടുകള്‍ നിറഞ്ഞ വീഡിയോകൾ.
ഈ റവറണ്ടിന്റെ ഉള്ളില്‍ നിറഞ്ഞിരിക്കുന്നത് ക്രൈസ്തവ വിരുദ്ധതയുടെ കാളകൂടമാണ്. തന്റെയുള്ളില്‍ നുരഞ്ഞുപൊന്തുന്ന ഈ വിഷം ഒഴുക്കിക്കളയാന്‍ പല യൂടൂബര്‍മാരും തമ്പുവിനെ സഹായിക്കാറുണ്ട്. ഏതാനും നാള് മുമ്പ് തമ്പുവിന്റെ വിഷം വിറ്റ് കാശാക്കിയത് ‘i2i’ എന്ന ചാനലുകാരനായിരുന്നു. “പെണ്മക്കളെ കൊന്നുകളഞ്ഞാലും മഠത്തില്‍ വിടരുത്” എന്നായിരുന്നു തമ്പു അവിടെ പറഞ്ഞത്. ഇപ്പോൾ “നാരദാ ന്യൂസി”ല്‍ തമ്പു ചോദിക്കുന്നു “കുമ്പസാരം ഒരു കൂദാശയാണെന്ന് ആരു പറഞ്ഞു?”
തിയോളജിയനും പട്ടക്കാരനുമായ വത്സൻ തമ്പു എന്ന വ്യക്തി ഇതരസഭകളെ അപഹസിക്കാന്‍ ലഭിക്കുന്ന ഒരവസരവും പാഴാക്കാറില്ല. പെണ്മക്കളെ കൊന്നുകളഞ്ഞാലും മഠത്തില്‍ വിടരുത് എന്നു പറയാന്‍ ഒരു നീചമനസ്കനല്ലാതെ ആര്‍ക്കു കഴിയും?
കന്യാസ്ത്രീകള്‍ ഭാരതത്തില്‍ ചെയ്യുന്ന മഹത്തായ ശുശ്രൂഷയെ ഇത്രമേല്‍ അപസഹിക്കാന്‍ ക്രിസ്ത്യാനി എന്ന് പറയപ്പെടുന്ന ഒരാള്‍ക്ക് എങ്ങനെ സാധിക്കും? ഒരു ക്രൈസ്തവ വിരോധിക്കും കഴിയാത്തവിധത്തില്‍ ക്രൈസ്തവ സന്യാസിനികളെയും പുരോഹിതരേയും കൂദാശകളെയും ഇത്രമേൽ ഹീനമായി അധിക്ഷേപിക്കാന്‍ റവറണ്ട് തമ്പുവിനല്ലാതെ മറ്റാര്‍ക്കും ഇന്ത്യയില്‍ കഴിയുമെന്ന് തോന്നുന്നില്ല. ക്രൈസ്തവവിരോധം ഇത്രമേല്‍ മുറ്റിനില്ക്കുന്ന ഈ വിഷപ്പാമ്പ് സുവിശേഷം പ്രസംഗിക്കുന്ന വീഡിയോകളും യൂടൂബിലുണ്ട്. ചെകുത്താനും വേദമോതാൻ കഴിയും എന്നതിന് തെളിവാണ് തമ്പുവിൻ്റെ സെർമണുകൾ.നാരദാ ന്യൂസിന് നല്കിയ അഭിമുഖത്തില്‍ തമ്പു എന്ന തിയോളജിയന്‍ പറയുന്നു “പുരോഹിതന്റെ കണ്ണില്‍ക്കൂടെ നോക്കുമ്പോള്‍ സാധാരണ ജനങ്ങളെല്ലാം പാപികളാണ്. മനുഷ്യന്റെ വിലയിടിക്കാനായി പുരോഹിതന് കണ്ടെത്തുന്ന വിഷലിപ്തമായ ആയുധമാണ് പാപബോധമെന്നത്” പുതിയനിയമ ബൈബിളിലെ നാല് സുവിശേഷങ്ങളൊഴികെ മറ്റ് ഗ്രന്ഥങ്ങളെയൊന്നും അംഗീകരിക്കാത്ത ഈ തിയോളജിയൻ ഇങ്ങനെ വിവരക്കേടുകൾ വിളിച്ചുപറഞ്ഞില്ലെങ്കിലേ അത്ഭുതപ്പെടേണ്ടതുള്ളൂ.
യേശുക്രിസ്തുവിന്റെ മനുഷ്യാവതാരത്തെയും കുരിശുമരണത്തെയും പുനഃരുത്ഥാനത്തെയും എല്ലാം തള്ളിക്കളയുന്ന പ്രസ്താവനയാണ് തമ്പു നടത്തിയിരിക്കുന്നത്. “നമ്മുടെ പാപങ്ങള്‍ സ്വന്തം ശരീരത്തില്‍ വഹിച്ചുകൊണ്ട് അവന് കുരിശിലേറി. അത്, നാം പാപത്തിനു മരിച്ചു നീതിക്കായി ജീവിക്കേണ്ടതിനാണ്” (1 പത്രോസ് 2:21) എന്ന അടിസ്ഥാനപരമായ തിരുവചന സത്യത്തെയാണ് തമ്പു തിരുവടികൾ തന്റെ വിവരക്കേടിന്റെ വാചാടോപത്തിലൂടെ തള്ളിക്കളഞ്ഞിരിക്കുന്നത്. “എല്ലാവരും പാപം ചെയ്ത് ദൈവമഹത്വത്തിന് അയോഗ്യരായി” (റോമ 3:23). എന്നു ദൈവവചനം പറയുന്നു. മനുഷ്യന്റെ പാപപരിഹാരത്തിനായി ദൈവം മുന്‍കൂട്ടി നിശ്ചയിച്ച പദ്ധതിയുടെ ഭാഗമായിരുന്നു ഈശോമശിഹായുടെ കന്യകാ ജനനവും തുടര്‍ന്നുള്ള രക്ഷാകരസംഭവങ്ങളുമെല്ലാം. പാപിയെ “യേശുക്രിസ്തു വഴിയുള്ള വീണ്ടെടുപ്പിലൂടെ സൗജന്യമായി നീതീകരിക്കുന്ന ദൈവത്തെ” (റോമ 3:26) നിഷേധിക്കുകയാണ് റവറണ്ട് തമ്പു ചെയ്യുന്നത്.
“പാപമോചനത്തിനായി പശ്ചാത്തപിച്ച് ദൈവത്തിലേക്കു തിരിയുവിന്” (അപ്പ പ്രവൃത്തി 3:19) എന്നതായിരുന്നു പന്തക്കുസ്താ ദിനത്തിലെ പ്രസംഗത്തില്‍ പത്രോസ് എടുത്തുപറഞ്ഞത്. തന്റെ പ്രസംഗം കേട്ടു ഹൃദയം നുറുങ്ങിയവരോടു പത്രോസ് പറയുന്നു “നിങ്ങള്‍ പശ്ചാത്തപിക്കുവിന്‍, പാപമോചനത്തിനായി എല്ലാവരും യേശുക്രിസ്തുവിന്‍െറ നാമത്തില്‍ സ്നാനം സ്വീകരിക്കുവിന്‍”. “അനുതാപവും പാപമോചനവും അവന്‍െറ നാമത്തില്‍ ജറുസലെമില്‍ ആരംഭിച്ച് എല്ലാ ജനതകളോടും പ്രഘോഷിക്കപ്പെടേണ്ടതിനാണ് യേശുക്രിസ്തു തന്റെ അപ്പൊസ്തൊലന്മാരെ നിയമിച്ചത്” (ലൂക്കോസ് 24:47). മനുഷ്യന് പാപിയാണെന്നും അവന് പാപമോചനം വേണമെന്നതും പുരോഹിതന്റെ കണ്ടെത്തലല്ല. ഇതൊരു തിരുവചന സത്യമാണ്. എന്നാൽ ക്രൈസ്തവവിരുദ്ധരും നാസ്തികരും ഇതിനെതിരേ നടത്തുന്ന പ്രചാരണമാണ് തമ്പു എന്ന കോളാമ്പി ഏറ്റുപറയുന്നത്.
ബൈബിളിനെക്കുറിച്ചും ക്രൈസ്തവ ദൈവശാസ്ത്രത്തെക്കുറിച്ചുമുള്ള തമ്പുവിന്റെ അജ്ഞത മറനീക്കി പുറത്തു വന്നിരിക്കുന്ന ഒരു വീഡിയോയാണ് നാരദയിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. വെറും കേട്ടറിവുകളെ മാത്രം അടിസ്ഥാനമാക്കിയും മഹാപണ്ഡിതനാണെന്ന സ്വയം തോന്നലുകളില്‍ നിന്നുമുള്ള തമ്പുവിന്റെ വിവരക്കേടുകളാണ് ഈ വീഡിയോ നിറയെ.
“പുരോഹിതന് മാത്രം പാപം തീണ്ടാതെ ഇങ്ങനെ നില്ക്കുന്നു. ആകാശത്തില്‍ കത്തിജ്വലിക്കുന്ന നക്ഷത്രം പോലെ പുരോഹിതന് മിന്നിത്തിളങ്ങുന്നു. ഒരുവന്റെ ജീവിതത്തില്‍ നുഴഞ്ഞുകയറി അവനെ പാപിയാക്കി അധഃപതിപ്പിച്ച് അപമാനിച്ച് വീര്പ്പുമുട്ടിക്കന്നു. പുരോഹിതന് തന്റെ അധികാരം ജനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കുന്നു” റവറണ്ട് തമ്പു മനസ്സിലാക്കിയിരിക്കുന്ന തെറ്റിദ്ധാരണയാണിത്.
എന്താണ് കൂദാശ?
കുമ്പസാരം ഒരു കൂദാശയോ ?
“വിശുദ്ധീകരിക്കുന്ന പ്രവൃത്തി” എന്നാണ് കൂദാശ എന്ന വാക്കിന്റെ അര്‍ത്ഥം. യേശുക്രിസ്തുവിന്റെ വാക്കുകളും പ്രവൃത്തികളും -അവിടുത്തെ രഹസ്യജീവിത്തിലും പരസ്യശുശ്രൂഷയിലുമുള്ളവയെല്ലാം രക്ഷാകരങ്ങളായിരുന്നു. മനുഷ്യാവതാരം ചെയ്ത തന്റെ പുത്രനു പിതാവു ഭരമേല്പ്പിച്ച രക്ഷാകരദൗത്യം അപ്പൊസ്തൊലന്മാരിലൂടെയും അവരുടെ പിന്ഗാമികളിലൂടെയും ഇന്നും തുടരുന്നു. മാമോദീസ (സ്നാനം) സ്ഥൈര്യലേപനം (പരിശുദ്ധാത്മ അഭിഷേകവും), കുമ്പസാരം (അനുതാവും പാപക്ഷമയും), വിശുദ്ധകുര്‍ബാന (ആരാധന), പൗരോഹിത്യം (സഭാശുശ്രൂഷ), വിവാഹം (കുടുംബജീവിതം), രോഗീലേപനം (രോഗസൗഖ്യം) എന്നിങ്ങനെ ഈശോമശിഹാ തന്റെ പരസ്യജീവിതത്തിലൂടെ വിശുദ്ധീകരിച്ചതും എന്നാല്‍ വിശ്വാസദൃഷ്ടിയിലൂടെ മാത്രം ഗ്രഹിക്കാന്‍ കഴിയുന്നതുമായ ദൈവിക പ്രവൃത്തികളാണ് കൂദാശകള്‍. മനുഷ്യരെ വിശുദ്ധീകരിക്കുക, ക്രിസ്തുവിന്റെ ആത്മീയശരീരം പടുത്തുയര്‍ത്തുക, ആത്യന്തികിമായി ദൈവത്തിന് ആരാധനയര്‍പ്പിക്കുക എന്നതാണ് കൂദാശകളുടെ ലക്ഷ്യം. വിശ്വാസം, വാക്കുകള്‍, പ്രവൃത്തികള്‍, വസ്തുക്കള്‍ എന്നിവയിലൂടെയാണ് സഭയിൽ കൂദാശകള്‍ അവതരിപ്പിക്കുന്നത്. ഈ അര്‍ത്ഥത്തിലാണ് കുമ്പസാരം എന്ന കൂദാശയെ മനസ്സിലാക്കാന്‍ ശ്രമിക്കേണ്ടത്.
പാപങ്ങളെ മോചിക്കാനുള്ള അധികാരം ക്രിസ്തു തന്റെ സഭയെ ഭരമേല്‍പ്പിച്ചിരിക്കുന്നു. ഇതാണ് അപ്പൊസ്തൊലിക പിന്തുടര്ച്ചയുടെ ഭാഗമായി പട്ടത്വസഭകളില് ഇന്നും നിലനില്‍ക്കുന്ന കുമ്പസാരം എന്ന കൂദാശ. “ഇതു പറഞ്ഞിട്ട് അവരുടെമേല്‍ നിശ്വസിച്ചുകൊണ്ട് അവരോട് അരുളിച്ചെയ്തു: നിങ്ങള്‍ പരിശുദ്ധാത്മാവിനെ സ്വീകരിക്കുവിന്‍. നിങ്ങള്‍ ആരുടെ പാപങ്ങള്‍ ക്ഷമിക്കുന്നുവോ അവ അവരോടു ക്ഷമിക്കപ്പെട്ടിരിക്കും. നിങ്ങള്‍ ആരുടെ പാപങ്ങള്‍ ബന്ധിക്കുന്നുവോ അവ ബന്ധിക്കപ്പെട്ടിരിക്കും” (യോഹ 20:22-23) “സഭയില്‍ പാപപ്പൊറുതി ഇല്ലായിരുന്നുവെങ്കില്‍ വരുവാനുള്ള ജീവിതത്തെപ്പറ്റിയോ നിത്യമായ വിമോചനത്തെപ്പറ്റിയോ പ്രത്യാശയുണ്ടാകുമായിരുന്നില്ല. ഇത്തരമൊരു സമ്മാനം തന്റെ സഭയ്ക്കു നല്കിയ ദൈവത്തോടു നമുക്കു നന്ദി പറയാം എന്നാണ് സഭാപിതാവായ അഗസ്തീനോസ് പറഞ്ഞിരിക്കുന്നത് “
“കുമ്പസാരിപ്പിക്കുന്ന വൈദികനെ ദൈവികമായ ക്ഷമിക്കലിന്റെ യജമാനനായിട്ടല്ല, ശുശ്രൂഷകനായിട്ടാണ് സഭ കണക്കാക്കുന്നത്” (സി.സി.സി 1466). “ഈ കൂദാശയുടെ കാര്മ്മികന് ക്രിസ്തുവിന്റെ നിയോഗത്തോടും ഉപവിയോടും തന്നെത്തന്നെ ഐക്യപ്പെടുത്തണം. അദ്ദേഹത്തിന്റെ ക്രൈസ്തവ പെരുമാറ്റത്തില്‍ ജീവിതബന്ധിയായ അറിവും മാനുഷിക വ്യാപാരങ്ങളിലുള്ള അനുഭവവും തെറ്റില്‍ വീണുപോയ വ്യക്തിയോടുള്ള ബഹുമാനവും വാത്സല്യവും ഉണ്ടായിരിക്കണം. അദ്ദേഹം സത്യത്തെ സ്നേഹിക്കണം, സഭയുടെ പ്രബോധനാധികാരത്തോടു വിശ്വസ്തത പുലര്‍ത്തണം. അനുതാപിയെ ക്ഷമാപൂര്‍വ്വം സൗഖ്യത്തിലേക്കും പൂര്‍ണ്ണമായ പക്വതയിലേക്കും നയിക്കണം. അദ്ദേഹം തന്റെ അനുതാപിയെ കര്‍ത്താവിന്റെ കരുണയ്ക്ക് ഭരമേല്‍പ്പിച്ചുകൊണ്ട് പ്രാര്‍ത്ഥിക്കണം” (സി.സി.സി 1466).കുമ്പസാരിപ്പിക്കുന്ന വൈദികന് എപ്രകാരമുള്ളവൻ ആയിരിക്കണമെന്ന് കത്തോലിക്കാ സഭയുടെ മതബോധനം വ്യക്തമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്കുന്നു.
അനുതാപികള്‍ തന്നോടു പറഞ്ഞിട്ടുള്ള പാപങ്ങള്‍ പരമരഹസ്യമായി സൂക്ഷിക്കുക എന്നതാണ് ഒരു പുരോഹിതന്റെ ഏറ്റവും വലിയ ഉത്തരവാദിത്വം. “അനുതാപികളുടെ ജീവിതത്തെ സംബന്ധിച്ച് കുമ്പസാരത്തിലൂടെ ലഭിക്കുന്ന അറിവ് പുരോഹിതന് ഉപയോഗിക്കാന്‍ പാടില്ല. കഠിനമായ ശിക്ഷകളുടെ കീഴിലാണ് സഭ പ്രഖ്യാപിച്ചിരിക്കുന്നത് ” (സി.സി.സി 1467).
“കുമ്പസാരിക്കുന്ന വ്യക്തിയുടെ മനഃസ്താപത്തിനാണ് ഒന്നാം സ്ഥാനം. അനുതാപമെന്നത്, ആത്മാവിന്റെ ദുഃഖവും ചെയ്ത പാപത്തോടുള്ള വെറുപ്പും വീണ്ടും പാപം ചെയ്യുകയില്ലെന്നുള്ള പ്രതിജ്ഞയുമാണ്” (ത്രെന്ത് കൗൺസില്‍). “പാപങ്ങളുടെ ഏറ്റുപറച്ചില്‍ കേവലം മാനുഷിക വീക്ഷണത്തില്‍ പോലും നമ്മെ സ്വതന്ത്രരാക്കുകയും മറ്റുള്ളവരോടു രമ്യതപ്പെടാന്‍ എളുപ്പമുണ്ടാക്കുകയും ചെയ്യുന്നതായി കാണാം.
അപ്രകാരമുള്ള സ്വയം അംഗീകരിക്കലിലൂടെ മനുഷ്യന് തന്റെ അപരാധങ്ങളെ ആത്മാര്‍ത്ഥമായി നോക്കിക്കാണുന്നു. അവയുടെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നു, അതുവഴി പുതിയൊരു ഭാവിജീവിതം സാധ്യമാക്കാന്‍ വേണ്ടി തന്നെത്തന്നെ ദൈവത്തിലേക്കും സഭയുടെ സംസര്‍ഗ്ഗത്തിലേക്കും വീണ്ടും തുറവിയുള്ളവനാക്കുന്നു” (സിസിസി 1455). കൈവയ്പ്പിലൂടെ തന്നില്‍ നിക്ഷിപ്തമായിരിക്കുന്ന അപ്പൊസ്തൊലിക അധികാരത്തോടെ പാപക്ഷമ നല്കുന്ന വേളയില്‍ പുരോഹിതന്റെ പ്രാര്‍ത്ഥന വളരെ ശ്രദ്ധേയമാണ്. “കാരുണ്യവാനായ പിതാവായ ദൈവം തന്റെ പുത്രന്റെ മരണവും ഉത്ഥാനവും വഴി ലോകത്തെ തന്നോടുതന്നെ രമ്യതപ്പെടുത്തി.
പാപങ്ങളുടെ പൊറുതിക്കായി പരിശുദ്ധാത്മാവിനെ നമ്മുടെയിടയിലേക്ക് അയയ്ക്കുകയും ചെയ്തു. സഭയുടെ ശുശ്രൂഷയിലൂടെ ദൈവം നിനക്ക് പാപമോചനവും സമാധാനവും നല്കട്ടെ. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാതമാവിന്റെയും നാമത്തില്‍ ഞാന്‍ നിന്റെ പാപങ്ങൾ മോചിക്കുന്നു”
വിശ്വാസികൾ മാത്രമല്ല, വൈദികരും മെത്രാന്മാരും മാർപാപ്പായുമെല്ലാം കുമ്പസാരിക്കുന്നു എന്ന വസ്തുത തമ്പുവും അദ്ദേഹത്തിൻ്റെ ഫാനുകളും തിരിച്ചറിയണം. വിശ്വാസം എന്ന ദൈവവ്യവസ്ഥയുടെ വ്യത്യസ്ത കോണുകളില്‍നിന്ന് നോക്കിക്കാണേണ്ടവയാണ് കൗദാശിക വിഷയങ്ങള്‍. ഓരോ സഭയും തങ്ങളുടെ വിശ്വാസ ബോധ്യങ്ങളെ വ്യത്യസ്ത കാഴ്ചപ്പാടിലൂടെ, വ്യത്യസ്ത രീതികളിലാണ് ആവിഷ്കരിച്ചിരിക്കുന്നത്. ഇതിനു ഉപോത്ബലകമായി ഈശോ മശിഹായുടെയും അപ്പസ്തൊലന്മാരുടെയും പഠിപ്പിക്കലുകളുണ്ട്. സഭാപിതാക്കന്മാരുടെയും നിരവധി സുന്നഹദോസുകളുടെയും പഠനങ്ങളും വ്യാഖ്യാനങ്ങളുമുണ്ട്. ഇത്രമേൽ പ്രധാനപ്പെട്ട വിഷയങ്ങളെയാണ് വത്സൻ തമ്പു ആക്ഷേപിക്കുന്നത്. കുമ്പസാരത്തെ ദുരുപയോഗം ചെയ്ത ലക്ഷങ്ങളിൽ ഒരുവൻ ഉണ്ടായേക്കാം. എന്നാൽ കുമ്പസാര രഹസ്യം വെളിപ്പെടുത്താൻ വിസമ്മതിച്ചതിൻ്റെ പേരിൽ കൊല്ലപ്പെട്ടവരുടെയും പീഡിപ്പിക്കപ്പെട്ടവരുടെയും ചരിത്രത്തെ വിസ്മരിക്കാൻ കഴിയില്ല. അഹങ്കാരിയായ വത്സൻ തമ്പു തനിക്കുള്ള അൽപജ്ഞാനത്തിൻ്റെ അടിസ്ഥാനത്തിലാണ് ഈ അതിമഹത്തായ കൂദാശയ അടച്ചാക്ഷേപിക്കുന്നത്.
മാർതോമാ സഭയിലെ ഒരു വൈദികൻ കുമ്പസാരത്തെ ആക്ഷേപിച്ചു വീഡിയോ ചിത്രീകരിച്ചപ്പോൾ അതിനെതിരേ മാതൃകാപരമായി സഭ നടപടിയെടുത്തു. എന്നാൽ റവ.ഡോ തമ്പുവിനെതിരേ നടപടിയെടുക്കാൻ ചർച്ച് ഓഫ് നോർത്തിന്ത്യയിൽ ഉത്തരവാദിത്വപ്പെട്ട ആരെങ്കിലും ഉണ്ടോ ?
മാത്യൂ ചെമ്പുകണ്ടത്തിൽ