“സകല ജനത്തിനും വേണ്ടിയുള്ള സന്തോഷത്തിന്റെ സദ്വാർത്ത”
ദൈവം തന്നെത്തന്നെ ശിശുവാക്കുന്ന വലിയ രഹസ്യമാണ് ക്രിസ്മസില്‍ നമ്മള് ധ്യാനവിഷയമാക്കുന്നത്. എല്ലാ മനുഷ്യരെയും അദ്ഭുതപ്പെടുത്തി ക്കൊണ്ടാണ് വചനമായ, സ്രഷ്ടാവായ ദൈവം പരിശുദ്ധ റൂഹായാല്‍ പരിശുദ്ധ കന്യകാമറിയത്തിൽ നിന്നു ശരീരം സ്വീകരിച്ചു മനുഷ്യനായത്. ”ശിശുവായ ദൈവത്തെ പിള്ളക്കച്ചകൊണ്ടു പൊതിഞ്ഞ് പുൽത്തൊട്ടിയില് കിടത്തി”(ലൂക്കാ 2:7). പോപ്പ് എമിരറ്റസ് ബെനഡിക്ട് പതിനാറാമന്‍ ഇതിനെ വ്യാഖ്യാനിച്ചുകൊണ്ട് ഇപ്രകാരം പറയുന്നു: ”പിള്ളക്കച്ചകൊണ്ടുപൊതിഞ്ഞ് മറിയം ഉണ്ണീശോയെ പുല്ത്തൊ ട്ടിയില് കിടത്തിയപ്പോള്‍ നമ്മള് കാണുന്നത് ബലിവേദിയിലെ ബലിവസ്തുവിനെയാണ്; ലോകത്തിന്റെ പാപം നീക്കുന്ന ദൈവത്തിന്റെ കുഞ്ഞാടിനെയാണ്.”
അപ്പത്തിന്റെ ഭവനമായ ബേത്ലെഹേമില്‍ കാലിത്തൊഴുത്തില്‍ നമ്മള് കാണുന്ന ശിശു ആരാണെന്നു തിരിച്ചറിയുമ്പോള്‍ മാത്രമാണ് ക്രിസ്മസ് അർത്ഥപൂർ ണനമാകുന്നത്. ഉണ്ണീശോ ഒരേ സമയം സ്രഷ്ടാവിന്റെയും ദാസന്റെയും സാദൃശ്യത്തിലാണ്. പിതാവായ ദൈവവുമായി ഗാഢബന്ധം പുലർത്തു ന്ന ദൈവംതന്നെയായ ഏകജാതനാണ് (യോഹ. 1:8).
ഏശയ്യ പ്രവാചകന് ഈ രഹസ്യം മുൻകൂട്ടി പറയുന്നുണ്ട്: നമുക്ക് ഒരു ശിശു ജനിച്ചിരിക്കുന്നു. നമുക്ക് ഒരു പുത്രന് നല്കപ്പെട്ടിരിക്കുന്നു. ആധിപത്യം അവന്റെ ചുമലിലായിരിക്കും. വിസ്മയനീയനായ ഉപദേഷ്ടാവ്, ശക്തനായ ദൈവം, നിത്യനായ പിതാവ്. സമാധാനത്തിന്റെ രാജാവ് എന്ന് അവന് വിളിക്കപ്പെടും. ദാവീദിന്റെ സിംഹാസനത്തിലും അവന്റെ രാജ്യത്തിലും അവന്റെ ആധിപത്യം നിസ്സീമമാണ്; അവന്റെ സമാധാനം അനന്തവും. നീതിയിലും ധർമത്തിലും എന്നേക്കും അതു സ്ഥാപിച്ചു പരിപാലിക്കാന്‍ തന്നെ. സൈന്യങ്ങളുടെ കർത്താവിന്റെ തീക്ഷ്ണത ഇതു നിറവേറ്റും(ഏശ. 9:6-7).
ദൈവത്തിന്റെ മനുഷ്യാവതാരവും മനുഷ്യനായി അവതരിച്ച ദൈവത്തിന്റെ പ്രവൃത്തിയും സകല ജനത്തിനുംവേണ്ടിയുള്ള വലിയ സന്തോഷത്തിന്റെ സദ്വാർത്തയാണ്, സുവിശേഷമാണ്. ഈ സുവിശേഷം അറിയിക്കുന്ന പ്രവൃത്തിയും ദൈവത്തിന്റെതുതന്നെയാണ്. സുവിശേഷം ആദ്യം കേട്ട ആട്ടിടയരിലൂടെ ഇക്കാര്യം നമ്മള് മനസ്സിലാക്കുന്നു: നമുക്ക് ബേത്ലഹേംവരെ പോകാം. കർത്താവ് നമ്മെ അറിയിച്ച ഈ സംഭവം നമുക്കു കാണാം (ലൂക്കാ. 2:15).
ആട്ടിടയന്മാരോടും ജ്ഞാനികളോടും ഈശോയെ ആരാധിച്ച എല്ലാവരോടുമൊപ്പം ബേത്ലഹേമിലേക്കു പോകാനും ദൈവം പ്രവർ ത്തിച്ചതും അറിയിച്ചതും കാണാനും കേൾക്കാനും അനുഭവിക്കാനും പങ്കുവയ്ക്കാനും നമുക്കു സാധിക്കുന്നതും വിശുദ്ധ കുർബാനയില്‍ നമ്മള് പങ്കെടുക്കുമ്പോഴാണ്. യഥാർത്ഥ ക്രിസ്മസ് എന്നു പറയുന്നത് വിശുദ്ധ കുർബാനയാണ്. ഓരോ വിശുദ്ധ കുർബാനയും ക്രിസ്മസിന്റെ അനുഭവമാണ് നമുക്കു നല്‍കുന്നത്. ക്രിസ്മസ് ദിനത്തിലെ വിശുദ്ധ കുർ ബാനയില് പ്രധാനമായും ബേത്ലഹേമില് സംഭവിച്ച കാര്യങ്ങളില്‍ നമ്മുടെ ഹൃദയവും മനസ്സും ആത്മാവും ശരീരവും കേന്ദ്രീകരിക്കുന്നു. ആട്ടിടയര്‍ തിടുക്കത്തില്‍ ബേത്ലഹേമിലേക്കു പോയതായി നമ്മള് കാണുന്നു. ”അവര്‍ അതിവേഗം പോയി മറിയത്തെയും യൗസേപ്പിനെയും പുൽത്തൊട്ടിയില് കിടക്കുന്ന ശിശുവിനെയും കണ്ടു” (ലൂക്കാ. 2:16)
.ആട്ടിടയന്മാരുടെ തിടുക്കവും, അവര്‍ കണ്ട കാര്യങ്ങള്‍ കാണാനും കേൾക്കാനും അനുഭവിക്കാനുമുള്ള താഴ്മയും നമുക്കുണ്ടാകണം. ദൈവികകാര്യങ്ങളില്‍, പ്രത്യേകിച്ചു വിശുദ്ധ കുർബാനയില്‍ പങ്കെടുക്കാനുള്ള താത്പര്യം നമ്മളില്‍ ഉണ്ടാകുന്നത് നമ്മള് എളിയവരായി ദൈവഭയത്തോടെ ജീവിക്കുമ്പോഴാണ്. ദൈവികകാര്യങ്ങളില്‍ വലിയ തിടുക്കമുണ്ടായിരുന്ന ഈശോയുടെ അമ്മയായ അമലോദ്ഭവമറിയം ഇക്കാര്യം നമ്മെ പഠിപ്പിക്കുന്നു: ”അവിടുന്ന് തന്റെ ദാസിയുടെ താഴ്മയെ കടാക്ഷിച്ചു” (ലൂക്കാ. 1:48). ആ ദിവസങ്ങളില്‍ മറിയം യൂദയായിലെ മലമ്പ്രദേശത്തുള്ള ഒരു പട്ടണത്തിലേക്കു തിടുക്കത്തില്‍ യാത്ര പുറപ്പെട്ടു (ലൂക്കാ. 1:39).
പരിശുദ്ധ കന്യകാമറിയവും ആട്ടിടയരും ശിമയോനും അന്നയും നമ്മെ പഠിപ്പിക്കുന്ന മറ്റൊരു യഥാർത്ഥ്യം , നാം സുവിശേഷം കേൾക്കു കയും സ്വീകരിക്കുകയും ചെയ്താല്‍ അതു പങ്കുവച്ചിരിക്കും എന്നതാണ്. ”അനന്തരം ശിശുവിനെക്കുറിച്ച് തങ്ങളോടു പറയപ്പെട്ട കാര്യങ്ങള്‍ മറ്റുള്ളവരെ അവര്‍ അറിയിച്ചു” (ലൂക്കാ. 2:18). അവള് അപ്പോൾത്തന്നെ മുന്നോട്ടുവന്നു ദൈവത്തെ സ്തുതിക്കുകയും ജറുസലേമില്‍ രക്ഷ പ്രതീക്ഷിച്ചുകൊണ്ടിരുന്ന എല്ലാവരോടും ശിശുവിനെക്കുറിച്ചു സംസാരിക്കുകയും ചെയ്തു (ലൂക്കാ 2:38).
2023 ല്‍ റോമില്‍ വച്ചു നടത്തപ്പെടുന്ന മെത്രാൻ സൂനഹദോസിന്റെ ഒരുക്കത്തില്‍ ആചരിക്കുന്ന ഈ ക്രിസ്മസ് കാലത്ത്, എളിമയോടും ദൈവഭയത്തോടുംകൂടി നമുക്കു പങ്കുചേരാം. സൂനഹദോസിന്റെ ചൈതന്യത്തില്‍ എല്ലാവരെയും ക്രിസ്മസില്‍ പങ്കുചേർക്കാന്‍ നമുക്കു പരിശ്രമിക്കാം. അതുപോലെതന്നെ, സന്തോഷത്തിന്റെ സദ്വാർത്തയായ ക്രിസ്മസ് എല്ലാവരെയും അറിയിക്കാം. ഏവർക്കും ക്രിസ്മസിന്റെയും പുതുവർഷത്തിന്റെയും മംഗളങ്ങള്‍ പ്രാർത്ഥ നാപൂർവം ആശംസിക്കുകയും ചെയ്യുന്നു.
മാർ ജോസഫ് സ്രാമ്പിക്കൽ