കൊല്ലം : കൊല്ലത്തിന്റെ സാംസ്കാരിക, കാരുണ്യ, കായിക, കലാ മേഖലകളിലെ തിലകക്കുറിയായി പ്രവർത്തിച്ചിരുന്ന വൈ എം സി എ സർക്കാർ പിടിച്ചെടുത്തത് കൊല്ലത്തിന്റെ സാംസ്കാരിക, സാമൂഹ്യ, കായിക, കലാ മേഖലയോടുള്ള വെല്ലുവിളിയാണെന്ന് ഇപ്ലോ (ഇന്റർനാഷണൽ പീപ്പിൾ ലീപ് ഓർഗനൈസേഷൻ) ഇന്റർനാഷണൽ ചാപ്റ്ററും, കൊല്ലം ജില്ലാ ചാപ്റ്ററും അഭിപ്രായപ്പെട്ടു.കോവിഡ് കാലഘട്ടത്തിലെ ധൃതി പിടിച്ചുള്ള ഈ പിടിച്ചെടുക്കലിന് പിന്നിൽ ഗൂഡാലോചനയുണ്ടെന്ന് ഇപ്ലോ കരുതുന്നു.
ഇപ്ലോയുടെ നിരവധി ട്രെയിനിങ്ങുകളും, പുസ്തകപ്രകാശനങ്ങളും കായിക പരിപാടികളും നടന്നു വന്നിരുന്നത് വൈ എം സി എ യിലാണ്. കൊല്ലത്തെ നിരവധി പ്രസ്ഥാനങ്ങൾ ഇത്തരം കാര്യങ്ങൾക്കായി വൈ എം സി എ പ്രയോജനപ്പെടുത്തിയിരുന്നു. കൂടാതെ മാർഷൽ ആർട്സ് ഉൾപ്പെടെ നിരവധി കായിക പരിശീലനങ്ങളുടെ വേദിയായി ഇത് മാറി. വൈ എം സി എ യുടെ മുന്നിലുള്ള ബാസ്കറ്റ്ബാൾ കോർട്ട് വളർന്നു വരുന്ന കായികതാരങ്ങൾക്ക് ഉപകാരപ്രദമായിരുന്നു.
ഈ കോവിഡ് കാലത്ത് സന്നദ്ധ പ്രവർത്തകരും കോവിഡ് രോഗികളും ഉൾപ്പെടെ അനേകർക്ക് കാരുണ്യ ഹസ്തമായി മാറാൻ വൈ എം സി എ ക്കു കഴിഞ്ഞിരുന്നു. ഇത് കൂടാതെ നിരവധി കാരുണ്യപ്രവർത്തികളാണ് വൈ എം സി എ ചെയ്തു വന്നിരുന്നത്.
പിടിച്ചെടുക്കപ്പെട്ട സ്ഥാപനം തിരിച്ചു നല്കാനും
കൂടുതൽ ജനോപകാരപ്രദമായി പ്രവർത്തിക്കുവാനുള്ള അവസരം ഒരുക്കുകയുമാണ് അധികൃതർ ചെയ്യേണ്ടതെന്ന് ഇപ്ലോ ഇന്റർനാഷണൽ ചാപ്റ്ററിനുവേണ്ടി പ്രസിഡന്റ് ജോർജ് എഫ് സേവ്യർ വലിയവീടും സെക്രട്ടറി ക്യാപ്റ്റൻ ക്രിസ്റ്റഫർ ഡിക്കോസ്റ്റയും കൊല്ലം ജില്ലാ ചാപ്റ്ററിനുവേണ്ടി പ്രസിഡന്റ് ടി വി ടെറൻസും സെക്രട്ടറി എസ്. അജയകുമാറും പറഞ്ഞു