അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തിൽ -June 26 – ചൊല്ലിക്കൊടുക്കാവുന്ന പ്രതിഞ്‌ജ
അഡ്വ. ചാർളി പോൾ

ലഹരി ജീവിതങ്ങൾ


അഡ്വ, ചാർളി പോൾ MA.LL.B.Dss


2021-ലെ അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനാചരണത്തിന്റെ പ്രമേയം “”Share acts on drugs, Save lives” (ലഹരി യുടെ വസ്തുതകൾ പങ്കുവയ്ക്കാം, ജീവിതങ്ങളെ രക്ഷിക്കാം) എന്നതാണ്. ലഹരി ഉപയോഗത്തിന് മാനവചരിത്രത്തോളം പഴക്കമുണ്ട്. ലഹരി ഉപയോഗത്തെ മതങ്ങളും മനുഷ്യസ്നേഹികളും ചരിത്രാതീതകാലം മുതൽ വിലക്കിയിട്ടുമുണ്ട് എന്നിട്ടും ലഹരി ഉപയോഗം നാൾക്കുനാൾ വർദ്ധിച്ചുവരുന്നതായി പഠനങ്ങൾ തെളിയിക്കുന്നു. കാലഘട്ടം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയും ലഹരി ഉപയോഗം തന്നെയാണ്. അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനാചരണം ലക്ഷ്യം വയ്ക്കുന്നത് ലഹരി ഉപയോഗത്തിന്റെ പരിണിതഫലങ്ങൾ ബോധ്യപ്പെടുത്തുകയും അതിൽനിന്ന് പിന്മാറാൻ ജനങ്ങളെ പ്രേരിപ്പിക്കുകയുമാണ്.

ലഹരിയുടെ വർദ്ധിച്ചുവരുന്ന ഉപയോഗം നാടിന്റെ പ്രതീക്ഷകളിൽ ഇരുൾ പരത്തുകയാണ്. ലോക വ്യാപകമായി പ്രതിവർഷം 50,000 കോടി ഡോളറിന്റെ മയക്കുമരുന്ന് വ്യാപാരമാണ് നടക്കുന്നത്. അന്താരാഷ്ട്ര വിപണിയിൽ ആയുധ വ്യാപാരം കഴിഞ്ഞാൽ രണ്ടാംസ്ഥാനം മയക്കുമരുന്ന് വ്യാപാരത്തിനാണ്. 269 ദശലക്ഷം ആളുകൾ ലോകത്ത് ലഹരി ഉപയോഗിക്കുന്നു. ഇന്ത്യയിൽ 16 കോടി. ഏകദേശം 40,000 കോടി ഡോളറിന്റെ മദ്യക്കച്ചവടമാണ്. ലോകത്ത് 120 കോടി ജനങ്ങൾ പുകവലി ശീലമുള്ളവരാണ്. പുകയില ഉപയോഗം മൂലം 50 ലക്ഷം ആളുകൾ പ്രതിവർഷം അകാലമൃത്യു വരിക്കുന്നു. ലഹരിക്ക് ഉപയോഗിക്കുന്ന തുക ഉണ്ടെങ്കിൽ മാനവജനതയ്ക്ക് ഇന്നുള്ളതിനേക്കാൾ പത്തിരട്ടി ആഹാരവും വസ്ത്രവും പാർപ്പിടവും നൽകുവാൻ സാധിക്കും.

ആസ്വാദനം, അനുകരണം, ജിജ്ഞാസയും പരീക്ഷണവും, പരപ്രേരണ, തമാശക്ക് വേണ്ടി, ഉന്മാദത്തിനായി മാനസിക-സാമൂഹിക പ്രശ്നത്തിൽ നിന്നുള്ള മോചനം, വീട്ടിലെ പ്രശ്നങ്ങൾ, പ്രേമ പരാജയങ്ങൾ, പഠന ബുദ്ധിമുട്ട് സമൂഹത്തിൽ മാന്യത കിട്ടാൻ, പണലഭ്യത, മിഥ്യാധാരണകൾ, ലഹരി ദോഷത്തെക്കുറിച്ചുള്ള അജ്ഞത, സുലഭമായ ലഭ്യത, മാനസിക സംഘർഷം, ജീവിത സാഹചര്യം, നെഗറ്റീവ് പിയർ ഗ്രൂപ്പ് സ്വാധീനം, വിവേചനം തുടങ്ങി നിരവധി കാരണങ്ങൾ ഒരുവനെ ലഹരിയിലേക്ക് നയിക്കുന്നുണ്ട്. ലഹരിയാസക്തി ഒരു രോഗമാണ്. തലച്ചോറിനെ ബാധിക്കുന രോഗമാണ് മയക്കുമരുന്ന് ആസക്തി. ചിന്തകളെ, (Thoughts/ Cognition) പെരുമാറ്റത്തെ (Behavior), ഇന്ദ്രിയാനുഭൂതികളെ (Sensory perceptions), വികാരങ്ങളെ (moods) എല്ലാം ലഹരിയാസക്തി ബാധിക്കുന്നു. ശാരീരിക-മാനസിക- കുടുംബ -സാമൂഹ്യ തലങ്ങളിലെല്ലാം ലഹരിയാസക്തി പ്രശ്നങ്ങളും പ്രതിസന്ധികളും സൃഷ്ടിക്കും.

വളരെ ചെറുപ്പത്തിൽ ലഹരി ഉപയോഗിച്ചു തുടങ്ങുന്നവർ, ബുദ്ധിപരമായി പിന്നിൽ നിൽക്കുന്നവർ, കുടുംബ ത്തിൽ മാനസിക- ആസക്തി രോഗമുള്ളവർ, പഠന വൈകല്യമുള്ളവർ, വ്യക്തിത്വ വൈകല്യമുള്ളവർ, കൂട്ടിക്കാല-കൗമാ പ്രശ്നങ്ങളുള്ളവർ, തകർന്ന കുടുംബങ്ങളിൽ നിന്ന് വരുന്നവർ എന്നീ വിഭാഗത്തിൽപെട്ടവർ ലഹരിയാസക്തിയിലേക്ക് പെട്ടെന്ന് വഴുതി വീഴാനിടയുണ്ട്. കൗമാരത്തിൽ ലഹരി ഉപയോഗിച്ചു തുടങ്ങുന്നവർ ലഹരിയാസക്തരാകാനുള്ള സാധ്യത മറ്റുള്ളവരെ അപേക്ഷിച്ച് നാല് മടങ്ങാണ്. മാനസിക പ്രശ്നങ്ങളിൽ നിന്ന് മോചനം ലഭിക്കുമെന്ന തെറ്റിദ്ധാരണയും യുവതലമുറയെ ലഹരിയിലേക്ക് നയിക്കുന്നുണ്ട്. വിദ്യാർത്ഥികളുടെ ആത്മഹത്യക്ക് പിന്നിലെ വലിയ കാരണവും മദ്യ-മയക്കു മരുന്ന് ഉപയോഗമാണ്. വിദ്യാർത്ഥികളുടെ ലഹരി ഉപയോഗം തുടങ്ങിയിരുന്നത് പുകയില ഉത്പന്നങ്ങളിലൂടെയായിരുന്നു. ഇന്ന് ഏത് മാർഗ്ഗവും പരീക്ഷിച്ചു നോക്കാനുള്ള വ്യഗ്രതയാണവർ കാട്ടുന്നത്.

ചുവന്ന കണ്ണുകൾ, മുഷിഞ്ഞ വസ്ത്രം, നടക്കാൻ പ്രയാസം, അമിത സംസാരം, അലക്ഷ്യമായ നോട്ടം, ഉറക്കക്കുറവ്, വിശപ്പ് കുറവ്, അമിത ഭക്ഷണം, ഭയം, അമിതാഹ്ലാദം, ഉത്സാഹക്കൂടുതൽ, ശരീരഭാഗങ്ങളിൽ കുത്തിവച്ച പാട്, നുണപറയൽ തുടങ്ങിയ ലക്ഷണങ്ങളിൽ നിന്ന് ലഹരി ഉപയോഗിക്കുന്നവരെ തിരിച്ചറിയാം. ലഹരിയാസക്തി ഒരു രോഗമായതിനാൽ ചികിത്സയിലൂടെ മാത്രമേ പരിഹാരം സാധ്യമാകു. മെഡിക്കൽ ചികിത്സ, മാനസിക ചികിത്സ, കൗൺസലിംഗ് വിവിധതരം തെറാപ്പികൾ എല്ലാം ലഹരി വിമുക്തിക്കായി വേണ്ടിവരും. ജനിതക സിദ്ധാന്തമനുസരിച്ച് ലഹരിക്കടി മയായ ഒരു വ്യക്തിയുടെ മക്കളോ പേരക്കിടാങ്ങളോ എളുപ്പത്തിൽ ലഹരി പദാർത്ഥങ്ങളിലേക്ക് വഴുതി വീഴാം. മദ്യപരുടെ മക്കളുടെ ബ്രയിൻ കെമിസ്ട്രിയിൽ മദ്യാസക്തിയുടെ പ്രേരക ഘടകങ്ങൾ അടങ്ങിയിട്ടുണ്ട്. പത്തു പേരിൽ രണ്ടുപേർ മദ്യാസക്തരാകുന്നുവെങ്കിൽ ആ രണ്ടുപേർ മദ്യപരുടെ മക്കളാകും, മദ്യപരുടെ മക്കൾ മദ്യപകരാകാനുള്ള സാധ്യത 60 ശതമാനമാണ്. പാരമ്പര്യഘടന കഴിഞ്ഞാൽ കുടുംബ സംഘർഷങ്ങളാണ് ഒരുവനെ ലഹരിയുടെ വഴി തെരഞ്ഞെടുക്കാൻ പ്രേരിപ്പിക്കുന്നത്. പ്രശസ്ത മനോരോഗ വിദഗ്ധൻ ഡോ. ഇ. എം. ഹോച്ചിന്റെ അഭിപ്രായത്തിൽ ലഹരിശീലം മൂലം മനോരോഗികളായി തീരുന്നവരുടെ എണ്ണം ഇന്ത്യയിലും കേരളത്തിലും വർദ്ധിച്ചുവരികയാണ്. 100 ലഹരിയാസക്തരുടെ കുടുംബം എടുത്താൽ അതിൽ 7 കുടുംബങ്ങളിൽ മനോവൈകല്യമുള്ളവർ ജനിക്കുന്നു.

ലഹരിയാസക്തി വ്യക്തി കുടുംബ-സാമൂഹ്യ തലങ്ങളിൽ ഗുരുതരമായ പ്രത്യാഘാതം സൃഷ്ടിക്കുന്നുവെന്ന് തിരിച്ചറിയുക. ഒരു നന്മയും ലഹരികൾ പ്രദാനം ചെയ്യുന്നില്ല. സന്തോഷം തേടിയാണ് ലഹരിവഴികൾ തേടുന്നത്. അവസാനം ലഹരിജീവിതം ദുരന്തമാണ് സമ്മാനിക്കുക. ജീവിതത്തിൽ സന്തോഷ വഴികൾ ഒട്ടേറെയുണ്ട്. കുടുംബം വ്യക്തിബന്ധങ്ങൾ, വിനോദങ്ങൾ, നല്ല ഭക്ഷണം, നല്ല ജോലി, വ്യായാമം, സൗഹൃദങ്ങൾ എല്ലാം സന്തോഷം പ്രദാന ചെയ്യും. സ്വന്തം സന്തോഷവഴികൾ സ്വയം കണ്ടെത്തുക. ജീവിതമാണ് ലഹരിയെന്ന് തിരിച്ചറിയുക, സമൂഹത്തെ കാർന്നു തിന്നുന്ന ലഹരിക്കെതിരെ രാഷ്ട്രീയ-സാമൂഹ്യ സാംസ്കാരിക പ്രസ്ഥാനങ്ങളും മതങ്ങളും പ്രത്യേക ജാഗ്രത പുലർത്തണം ലഹരിക്കടിമയായവരെ തിരികെ കൊണ്ടുവരാൻ ശ്രമങ്ങളുണ്ടാകണം. ഇനിയാരും ലഹരിവഴികൾ തേടാതിരിക്കാനുള്ള നിതാന്ത പരിശ്രമങ്ങൾ സർക്കാരിന്റെയും മറ്റുള്ളവരുടെയും ഭാഗത്തു നിന്നുണ്ടാകണം. അങ്ങനെ ലഹരിക്കെതിരെ ഒറ്റക്കെട്ടായി കൈകൾ കോർത്ത് മുന്നേറാം.


By Adv . Charly Paul , Kalamparambil, chakkungal Road – CRA – 128 , Palarivattom Po, Kochi-682025. Mob 8075789768

നിങ്ങൾ വിട്ടുപോയത്