മാനന്തവാടി രൂപതാംഗമായ ബഹുമാനപ്പെട്ട ജെയിംസ് കുമ്പുക്കില്‍ അച്ചന് (30/07/1943 – 21/06/2021) ഇന്ന് ഉച്ചക്ക് നിര്യാതനായി. രണ്ട് വർഷമായി ദ്വാരക വിയാനിഭവനില്‍ വിശ്രമജീവിതം നയിക്കുകയായിരുന്ന അദ്ദേഹം ഏതാനും ആഴ്ചകളായി ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. കുമ്പുക്കില്‍ ജോസഫ് – മേരി ദമ്പതികളുടെ മകനായി തൊടുപുഴ, അറക്കുളത്ത് ജനിച്ച ജയിംസച്ചന് രണ്ട് സഹോദരന്മാരും രണ്ട് സഹോദരിമാരുമാണുള്ളത്. സി. ജൊവാന്നിയ VMI, സി. ഗ്ലോറ MSMI എന്നിവരാണ് അച്ചന്റെ സഹോദരിമാര്‍. അച്ചന്റെ കുടുംബാംഗങ്ങള്‍ താമരശ്ശേരി രൂപതയിലാണ് ഇപ്പോള്‍ ഉള്ളത്. കുളത്തുവയല്‍ സെന്റ് ജോര്‍ജ്ജ് ഹൈസ്കൂളിലായിരുന്നു പ്രാഥമികവിദ്യാഭ്യാസം. തുടര്‍ന്ന് തലശ്ശേരി അതിരൂപതക്ക് വേണ്ടി വൈദികപരിശീലനത്തിനായി ചേര്‍ന്നു. വൈദികപരിശീലനകാലത്തെ തത്വശാസ്ത്ര, ദൈവശാസ്ത്രപരിശീലനം ആലുവ മംഗലപ്പുഴ സെമിനാരിയിലായിരുന്നു. 1970 ഡിസംബര്‍ 18-ന് തലശ്ശേരി അതിരൂപതാദ്ധ്യക്ഷനായിരുന്ന അഭി. സെബാസ്റ്റ്യന്‍ വള്ളോപ്പിള്ളി പിതാവില്‍ നിന്ന് ജയിംസച്ചന് തിരുപ്പട്ടം സ്വീകരിച്ചു.
തിരുപ്പട്ടം സ്വീകരിച്ച ശേഷം വാഴവറ്റ പള്ളിയില്‍ അസിസ്റ്റന്റ് വികാരിയായി 1971-72 കാലയളവില്‍ സേവനം ചെയ്തു. തുടര്‍ന്ന് നെടുമ്പാല – ചൂരല്‍മല (1972-1976), കുറുമ്പാല – പുതുശേരിക്കടവ് (1976-1979), തലഞ്ഞി (1979-1984), ബോയ്സ് ടൗണ്‍ – പാറത്തോട്ടം (1984-1987), കബനിഗിരി (1987-1992), കോട്ടത്തറ (1992-1998), മുള്ളന്‍കൊല്ലി (1998-2003), ഇടിവണ്ണ – മൂലേപ്പാടം (2003-2008), മഞ്ഞൂറ (2008-2013), എടപ്പെട്ടി (2013-2018) എന്നീ ഇടവകകളില്‍ വികാരിയായി തന്റെ ശൂശ്രൂഷാജീവിതം പൂര്‍ത്തിയാക്കി. തികഞ്ഞ ലളിതജീവിതത്തിന്റെ ഉടമയായിരുന്ന ജയിംസച്ചന്റെ അജപാലനശൈലി കരുതലിന്റേയും സൗമ്യമായ ഇടപെടലുകളുടേതുമായിരുന്നു. മിശിഹായുടെ പൗരോഹിത്യം ജീവിച്ചുകൊണ്ട് ജീവിതം ധന്യമാക്കിയ അച്ചന് നിത്യസൗഭാഗ്യം ലഭിക്കട്ടെയെന്ന് രൂപതാകുടുംബം ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കുന്നു.
വൈദികരുടെ മൃതസംസ്കാരശുശ്രൂഷയുടെ ഒന്നാംഭാഗം വിയാനിഭവന് ചാപ്പലില്‍ വച്ച് അഭി. ജോസ് പൊരുന്നേടം പിതാവ് പൂര്‍ത്തിയാക്കി. ബഹുമാനപ്പെട്ട ജെയിംസച്ചന്റെ ഭൗതികദേഹം പൊതുദര്‍ശനത്തിനായി ദ്വാരക പാസ്റ്ററല്‍ സെന്ററിന്റെ ചാപ്പലിലാണ് ഇപ്പോഴുള്ളത്. നാളെ (22 ജൂണ്‍ 2021) രാവിലെ മൃതസംസ്കാരശുശ്രൂഷയുടെ രണ്ടാംഭാഗത്തിന് സിയോന്‍ ധ്യാനകേന്ദ്രം ഡയറക്ടര്‍ റവ. ഫാ. സോണി വാഴക്കാട്ട് നേതൃത്വം നല്‍കും. അതിന് ശേഷം 9 മണിക്ക് വിശുദ്ധ ബലിയോടുകൂടെ മൃതസംസ്കാരശുശ്രൂഷയുടെ അവസാനഭാഗത്തിന് അഭി. ജോസ് പൊരുന്നേടം പിതാവ് നേതൃത്വം നല്‍കും. കോവിഡ് പ്രോട്ടോക്കോള്‍ നിലവിലുള്ളതിനാല്‍ അതനുസരിച്ചായിരിക്കും മൃതസംസ്കാരശുശ്രൂഷ നടത്തപ്പെടുന്നത്. കര്‍മ്മങ്ങളില്‍ പങ്കെടുക്കാന്‍ 20 പേര്‍ക്കു മാത്രമേ സാധിക്കുകയുള്ളൂ എന്നതിനാല്‍ അച്ചന്റെ ഭൗതികദേഹം സന്ദര്‍ശിച്ച് പ്രാര്‍ത്ഥിക്കേണ്ടവര്‍ നാളെ രാവിലെ 8.30-ന് മുമ്പായി വന്നു പോകണം എന്ന് വികാരി ജനറാള്‍ റവ. ഫാ. പോള്‍ മുണ്ടോളിക്കല്‍ അറിയിച്ചിട്ടുണ്ട്.
Fr. Jose Kocharackal
PRO Diocese of Mananthavady