ഇക്കഴിഞ്ഞ ദിവസം എറണാകുളം- അങ്കമാലി അതിരൂപതയിലെ ഉദയംപേരൂർ പള്ളിയിൽ വെച്ച് ഒരു കൂട്ടർ വിശുദ്ധ കുർബാനയെ അവഹേളിച്ചുകൊണ്ട് നടത്തിയ സമരാഭാസത്തിലെ ഏറെ വിചിത്രവും ദയനീയവുമായ ഒരു ദൃശ്യമായിരുന്നു ഒരു സംഘം ആളുകൾ ബേമ്മയിലെ (വചനവേദിയിലെ) വചനപീഠത്തെ ഒരു വശത്തേക്ക് തള്ളിക്കൊണ്ടു പോയത്! ദൈവാലയത്തിലെ വചന പീഠത്തെക്കുറിച്ച് ആരൊക്കെയോ നൽകിയ തെറ്റായ അറിവുകളുടെ അടിസ്ഥാനത്തിലാണ് അപ്രകാരം അവർ ചെയ്തത്. തങ്ങൾ കേട്ടറിഞ്ഞ അറിവുകളുടെ വെളിച്ചത്തിൽ മഹാ അപരാധമായ ഒരു “വസ്തു”വെന്ന നിലയിലാണ് വചനപീഠത്തെ അവർ വലിച്ചിഴച്ച് കൊണ്ടുപോയത് !

വചനവേദി എന്നത് കൽദായമോ?

വചനവേദി എന്നത് പാശ്ചാത്യവും പൗരസ്ത്യവുമായ എല്ലാ സഭകളിലുമുള്ള ക്രമീകരണമാണ്. ഗ്രീക്ക്- ലത്തീൻ ക്രൈസ്തവ പാരമ്പര്യത്തിൽ Ambo എന്ന് ഈ സംവിധാനത്തെ വിളിക്കുമ്പോൾ സുറിയാനി പാരമ്പര്യത്തിൽ ബേമ്മ(Bemma )എന്നാണ് വിളിക്കുന്നത്. മദ്ബഹായ്ക്കും ജനങ്ങൾ നിൽക്കുന്ന സ്ഥലത്തിനും മധ്യേ ഉയർത്തിക്കെട്ടിയിരിക്കുന്ന ഒരു സ്ഥലമാണ് ബേമ്മ അഥവാ വചന വേദി. അതിലെ പീഠമാണ് വചനപീഠം. ബേമ്മയിൽ മെത്രാൻ്റെയും വൈദികരുടെയും ഇരിപ്പിടങ്ങളും സ്ലീവാ, സുവിശേഷ ഗ്രന്ഥം, മെഴുകുതിരികൾ എന്നിവ വെയ്ക്കുന്ന വചനപീഠവും സജ്ജീകരിച്ചിരിക്കുന്നു. ബേമ്മയിൽ വെച്ചാണ് കാർമികൻ സുവിശേഷം പ്രഘോഷിക്കുകയും വ്യാഖ്യാനിക്കുകയും ചെയ്യുന്നത്. പൗരസ്ത്യസഭകൾക്കു വേണ്ടിയുള്ള കാര്യാലയം 1996 ജനുവരി 6 ന് പുറപ്പെടുവിച്ച ഉദ്ബോധനത്തിൽ ഇക്കാര്യം വളരെ വ്യക്തമായി പറയുന്നുണ്ട്. (No.105).

പൗരസ്ത്യസഭകൾ എന്ന് കേൾക്കുമ്പോൾത്തന്നെ “കൽദായം” എന്നുപറഞ്ഞ് അസ്വസ്ഥത പ്രകടിപ്പിക്കുന്നവർ കത്തോലിക്കാസഭയുടെ മതബോധന ഗ്രന്ഥം(CCC) വചനവേദി അഥവാ ബേമ്മയെക്കുറിച്ച് എന്താണ് പറയുന്നതെന്ന് മനസ്സിലാക്കേണ്ടതാണ് .വചനവേദി (Ambo) എന്ന തലക്കെട്ടിൽ മതബോധന ഗ്രന്ഥം ഇപ്രകാരം പറയുന്നു: “വചനശുശ്രൂഷയുടെ സന്ദർഭത്തിൽ ജനങ്ങളുടെ ശ്രദ്ധ എളുപ്പത്തിൽ ആകർഷിക്കുന്നതിനു വേണ്ടി ദൈവത്തിൻ്റെ സന്ദേശം അറിയിക്കുവാൻ ഉചിതമായ ഒരു സ്ഥാനം ദൈവാലയത്തിൽ ഉണ്ടായിരിക്കണമെന്ന് ദൈവവചനത്തിന്റെ മഹത്വം ആവശ്യപ്പെടുന്നു”(CCC, No.1184). മതബോധന ഗ്രന്ഥം ഈ നിർദ്ദേശം സ്വീകരിച്ചിരിക്കുന്നത് ലത്തീൻ സഭയുടെ ദൈവാരാധനക്രമത്തെക്കുറിച്ചുള്ള ഉദ്ബോധനത്തിൽ നിന്നാണ് (Ref. General Instructions on the Roman Missal,No.272). മറ്റൊരിടത്ത് മതബോധന ഗ്രന്ഥം ഇപ്രകാരം ഓർമിപ്പിക്കുന്നു:”വിശ്വാസികളുടെ വിശ്വാസം പരിപോഷിപ്പിക്കാൻ ദൈവവചനത്തിന്റെ അടയാളങ്ങൾക്ക് ഊന്നൽ നൽകണം. വചനഗ്രന്ഥം, അതിൻ്റെ വണക്കം (പ്രദക്ഷിണം, ധൂപിക്കൽ, മെഴുകുതിരികൾ), അതിൻ്റെ പ്രഘോഷണസ്ഥാനം (വചനപീഠം), കേൾക്കത്തക്ക വിധത്തിലും ഗ്രഹിക്കത്തക്ക വിധത്തിലുമുള്ള അതിൻ്റെ പാരായണം തുടങ്ങിയവ പ്രധാനപ്പെട്ടതാണ് (CCC, No.1154).

ഇന്ത്യയിലെ ലത്തീൻ സഭ ആരാധനക്രമത്തെക്കുറിച്ച് നൽകുന്ന നിർദ്ദേശങ്ങളിലും വചനവേദിയുടെ പ്രാധാന്യം വ്യക്തമാക്കുന്നുണ്ട്. ഇന്ത്യയിലെ ലത്തീൻ കത്തോലിക്കാ മെത്രാന്മാരുടെ കൂട്ടായ്മയായ Conference of Catholic Bishops of India (CCBI) 2016 സെപ്റ്റംബർ 19ന് പ്രസിദ്ധീകരിച്ച “Directives for the Celebration of the Liturgy” എന്ന മാർഗരേഖയിൽ ഇപ്രകാരം പറയുന്നു: “The proper place for the liturgy of the word is the ambo and not the altar [Ordo Lexionum Missae, No.16]. The homily should generally be given from the ambo or the presidential chair, and not from the altar. The ambo should be used only for the proclamation of the word, the responsorial psalm, the homily, the prayer of the faithful and the Exsultet (Easter Proclamation)”[“General Instructions on the Roman Missal”, No.309 as quoted in Directives for the Celebration of the Liturgy, Bangalore,2016, p.27].

ബേമ്മയെ അഥവാ വചനവേദിയെ സാർവത്രികസഭ തന്നെ വിലമതിക്കുമ്പോൾ തങ്ങളുടെ സ്ഥാപിത താല്പര്യങ്ങൾക്ക് വേണ്ടി ഇത്തരം പ്രതീകങ്ങളെ തിന്മയായി അവതരിപ്പിക്കുകയും വചനവേദി ഉപയോഗിക്കാതെ വിശുദ്ധ ബലിയർപ്പിക്കുകയും ചെയ്യുന്നവർ എന്ത് സന്ദേശമാണ് വിശ്വാസസമൂഹത്തിന് നൽകുന്നത്? വിശുദ്ധ കുർബാനയെയും അതുമായി ബന്ധപ്പെട്ട അർത്ഥവത്തായ പ്രതീകങ്ങളെയും ആവർത്തിച്ചവഹേളിക്കുന്നത് വിശ്വാസസംരക്ഷണമല്ലെന്നു മാത്രമല്ല കടുത്ത ദൈവനിന്ദയുമാണ്.

പെന്തക്കോസ്ത് സമൂഹങ്ങൾ തെക്കൻ രൂപതകളുടെ സംഭാവനയോ?

കേരളത്തിലെ പെന്തക്കോസ്ത് വിശ്വാസികളിൽ ഭൂരിഭാഗവും “തെക്കൻ കൽദായ രൂപതകളിൽ” നിന്നുള്ളവരാണ് എന്ന വ്യാജപ്രചാരണം ഇന്ന് ചില കേന്ദ്രങ്ങൾ നടത്തുന്നുണ്ട് ! ചരിത്രത്തോട് കാണിക്കുന്ന ഒരുതരം വഞ്ചനയാണ് ഈ പ്രസ്താവന.കേരളത്തിലെ സഭയുടെ ചരിത്രം പഠിച്ചവർക്ക് വ്യക്തമായി അറിയാവുന്ന ഒരു സംഭവമാണ് 1653 ലെ കൂനൻ കുരിശ് സത്യവും അതിനെത്തുടർന്നുണ്ടായ പിളർപ്പും. പിളർപ്പിന് ശേഷം കത്തോലിക്ക- അകത്തോലിക്കാ എന്നീ രണ്ട് വിഭാഗങ്ങളായാണ് കേരളത്തിലെ സഭ നിലകൊണ്ടത്. പാശ്ചാത്യ മിഷനറിമാർക്കൊപ്പം കത്തോലിക്കാ വിഭാഗം നിലകൊണ്ടപ്പോൾ മറ്റുപല അധികാര കേന്ദ്രങ്ങളുടെയും കീഴിലാണ് അകത്തോലിക്കാ വിഭാഗം നിലകൊണ്ടത്. സ്വന്തം പൈതൃകവും സ്വയംഭരണാവകാശവും പാശ്ചാത്യ മിഷനറിമാരുടെ കീഴിൽ ഞെരിഞ്ഞമർത്തപ്പെട്ടുവെങ്കിലും കത്തോലിക്കാ വിഭാഗത്തിൽ പിന്നീട് കാര്യമായ പിളർപ്പ് ഉണ്ടായില്ല. എന്നാൽ അകത്തോലിക്കാ വിഭാഗത്തിൽ പിളർപ്പ് തുടരുകയാണ് ചെയ്തത്. ഓർത്തഡോക്സ്- യാക്കോബായ എന്ന നിലയിൽ സഭകൾ വേർപിരിഞ്ഞതും പിന്നീട് ഈ സഭകളിലെ പ്രൊട്ടസ്റ്റന്റ് മിഷനറിമാരുടെ സ്വാധീനം മൂലം മാർത്തോമ്മാസഭയും മറ്റു വിഭാഗങ്ങളും ഉണ്ടായതും ചരിത്രത്തിൻ്റെ ഭാഗമാണ്. പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആദ്യ പകുതിക്ക് ശേഷമാണ് അതായത് 1850 കൾക്ക് ശേഷമാണ് കേരളത്തിലെ അകത്തോലിക്കാസഭകളിൽ പാശ്ചാത്യ പ്രൊട്ടസ്റ്റൻ്റ് സ്വാധീനം പിടിമുറുക്കുന്നത്. പിന്നീട് ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ അതായത് 1900 കളിലും അതിനുശേഷവുമാണ് “ഉണർവ് യോഗങ്ങൾ” എന്ന പേരിൽ പ്രൊട്ടസ്റ്റൻ്റുകാർക്കിടയിൽ യോഗങ്ങൾ നടക്കുന്നതും പിന്നീട് അവ വിവിധങ്ങളായ പെന്തക്കോസ്ത് സമൂഹങ്ങളായി രൂപപ്പെടുന്നതും. ഇതൊക്കെ സംഭവിക്കുന്നത് പ്രധാനമായും കേരളത്തിൻ്റെ തെക്കൻ ഭാഗങ്ങളിൽ ആയിരുന്നു. കാരണം അവിടെയാണ് അകത്തോലിക്കാ വിഭാഗങ്ങൾ കൂടുതലായി ഉണ്ടായിരുന്നതും പ്രൊട്ടസ്റ്റൻ്റ് മിഷനറിമാർ പ്രവർത്തിച്ചിരുന്നതും.

ഏകദേശം ഇതേ കാലയളവിൽ തന്നെയാണ് സീറോ മലബാർ സഭയ്ക്കും മിഷണറി ഭരണത്തിൽ നിന്നും സ്വതന്ത്രയായി സ്വന്തമായി വികാരിയാത്തുകൾ (രൂപതയുടെ പ്രാരംഭ രൂപം) ലഭിച്ചത്.അതായത്,പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തിൽ സീറോ മലബാർ സഭയ്ക്ക് എറണാകുളം, ചങ്ങനാശ്ശേരി,തൃശൂർ എന്നീ മൂന്ന് വികാരിയാത്തുകൾ ലഭിക്കുകയും പിന്നീട് ഇരുപതാം നൂറ്റാണ്ടിൻ്റെ ആദ്യപാദത്തിൽ (1923) ഹയരാർക്കി (ഭരണ സംവിധാനം) ലഭിക്കുകയും ചെയ്തു. പിന്നീടാണ് പല പ്രദേശങ്ങളിലും രൂപതകൾ രൂപം കൊണ്ടത്. മലബാർ കുടിയേറ്റത്തെത്തുടർന്ന് 1953ലാണ് തലശ്ശേരി രൂപത സ്ഥാപിതമാകുന്നത്. 1992ൽ മേജർ ആർക്കി എപ്പിസ്കോപ്പൽ സഭയായി ഉയർത്തപ്പെട്ട സീറോ മലബാർ സഭ ഇന്ന് ലോകമെമ്പാടും 35 രൂപതകളിലായി നിലകൊള്ളുന്നു.

ഈ ലഘു ചരിത്രം ഇവിടെ അവതരിപ്പിച്ചത് അന്ധമായ ചില ചരിത്ര വിശകലനങ്ങൾക്ക് മറുപടിയായിട്ടാണ്. കേരളത്തിലെ തെക്കൻ രൂപതകളിൽ നിന്നുള്ളവരാണ് പെന്തക്കോസ്ത് വിശ്വാസികളിൽ ഭൂരിഭാഗവും എന്ന് ആരോപിക്കുന്നവർ അന്ധമായ പ്രാദേശിക വാദത്തിന്റെ വക്താക്കളും ചരിത്രത്തെ വളച്ചൊടിക്കുന്നവരുമാണ്. തെക്കൻ പ്രദേശങ്ങളിലുള്ള അകത്തോലിക്കാ സാന്നിധ്യത്തെയും അതിൻ്റെ ചരിത്രപരമായ കാരണങ്ങളെക്കുറിച്ചും ഇത്തരക്കാർ അജ്ഞരായിരിക്കുന്നതോ അജ്ഞത നടിക്കുന്നതോ വിചിത്രം തന്നെയാണ്! എന്തിനെയും ഏതിനെയും തെക്ക്- വടക്ക് ദൃഷ്ടികളിലൂടെ നോക്കിക്കാണുകയും സഭയെ വിഭാഗീയമായി ചിത്രീകരിക്കുകയും ചെയ്യുന്നത് ചിലരുടെയെങ്കിലും സ്ഥാപിത താല്പര്യങ്ങൾ സംരക്ഷിക്കാനാണെന്നത് വ്യക്തമാണ്. വടക്കും തെക്കും ഉൾപ്പെടെ എല്ലാവരും ചേർന്ന് പടുത്തുയർത്തുന്നതാണ് തിരുസഭ. സീറോമലബാർ സഭയുടെ ഇന്നത്തെ പശ്ചാത്തലത്തിൽ ഇക്കഴിഞ്ഞദിവസം ഒരു അല്മായസഹോദരി പറഞ്ഞ വാക്കുകൾ ഏറെ പ്രസക്തമാണ്:
“വിശ്വാസികളായ ഞങ്ങൾ ആരും വിമതരല്ല. ചില വൈദികരും അവരോട് ചേർന്ന് നിൽക്കുന്ന കുറച്ചുപേരുമാണ് വിമതർ.ഞങ്ങൾ 95 ശതമാനം വിശ്വാസികളും മാർപാപ്പയോടും മെത്രാന്മാരോടും ചേർന്ന് നിൽക്കുന്നവരാണ്”. സമകാലിക സീറോമലബാർ സഭയിൽ ചിലർ ഉയർത്തുന്ന വിഭാഗീയ ചിന്തകളെ സഭയോട് ചേർന്നുനിന്ന് അതിജീവിച്ചു കൊണ്ട് ബലിപീഠത്തിന്റെ ഐക്യം സാധ്യമാക്കാൻ അതിയായി ആഗ്രഹിക്കുന്ന ഒരു സാധാരണ വിശ്വാസിയുടെ ഹൃദയം നുറുങ്ങിയ വാക്കുകളായി ഇവയെ മനസ്സിലാക്കാം. ഈ ലക്ഷ്യത്തിലെത്തിച്ചേരാൻ തീർച്ചയായും നിലവിലെ പല മുൻവിധികളും വികലമായ ചരിത്രാവബോധവും ശുദ്ധീകരിച്ചേ തീരൂ.

ഫാ. ജോസഫ് കളത്തിൽ,
താമരശ്ശേരി രൂപത.

നിങ്ങൾ വിട്ടുപോയത്