ഇക്കഴിഞ്ഞ ദിവസങ്ങളിൽ വൈദികരായ കൊച്ചനുജൻമാരോടാണ്:

മലങ്കര കത്തോലിക്കാ സഭയുടെ പട്ടത്തെ അരമനയിൽ, രണ്ടു പതിറ്റാണ്ടുകൾക്കു മുമ്പ് ഒരു രാത്രി പാറാവുകാരനുണ്ടായിരുന്നു. ബേബിയെന്നായിരുന്നു അയാളുടെ പേര്. മരത്തിൽ രൂപങ്ങൾ കൊത്താൻ അസാമാന്യ കരവിരുതായിരുന്നു അയാൾക്ക്. പ്രത്യേകിച്ച് കൊമ്പനാനകളുടെ രൂപങ്ങൾ! അരമനയുടെ പലഭാഗങ്ങളിലും ബേബിച്ചേട്ടന്റെ കൊമ്പനാനകൾ ഇപ്പോഴും എഴുന്നള്ളിയിരിപ്പുണ്ട്!

മധ്യവയസ്കനായ അയാൾ, തന്റെ കാവൽ ജോലിക്കിടെ, അരമനയിൽ വൈദിക പരിശീലനത്തിന്റെ പ്രായോഗിക പാഠങ്ങൾ പഠിക്കാനെത്തിയ ഒരു ചെമ്മാച്ചൻ കുട്ടിയുമായി ചങ്ങാത്തം സ്ഥാപിച്ചു. തന്റെ പേരക്കുട്ടിയുടെ മാത്രം പ്രായമുള്ള ആ ചെറുപ്പക്കാരനുമായി ഒരു സന്ധ്യയിൽ സൗഹൃദം പങ്കിടവേ അയാൾ അവനൊരു വാഗ്ദാനം നൽകി.

“നിങ്ങക്കൊരു കൊമ്പനാനയെ ഞാങ്കൊണ്ടത്തരും.”

ആത്മാർത്ഥതയുള്ള ഒരു വാഗ്ദാനമായിരുന്നു അത്. വെറ്റിലക്കറയുള്ള പല്ലുകൾ കാട്ടി അയാൾ നൽകിയ നിഷ്ക്കളങ്കമായ പുഞ്ചിരി ഹൃദയത്തിൽ അടയാളമായി സ്വീകരിച്ച് നല്ല നിലാവുള്ള ആ രാത്രിയിൽ അവർ പിരിഞ്ഞു.

പ്രവാഹത്തിന്റെ ചില പ്രതിസന്ധികളിൽ നീർച്ചാലുകൾ വഴി പിരിയുന്ന പോലെ ഏതാനും നാളുകൾ കഴിഞ്ഞപ്പോൾ അവർ രണ്ടു വഴിക്കു നടന്നു മറയുകയും ജീവിതത്തിന്റെ അരങ്ങിൽ, വേഷപ്പകർച്ചകളിൽ ദീർഘദൂരം അകലങ്ങളിലായി സഞ്ചരിക്കുകയും ചെയ്തു.

പക്ഷെ ഹൃദയത്തിന്റെ ആഴങ്ങളിൽ, നൽകപ്പെട്ട വാഗ്ദാനം സാഫല്യം കാത്തുകിടന്നു.

കാലപ്പഴക്കത്തിൽ ശരീരം ദുർബ്ബലമാവുകയും പ്രാരാബ്ദങ്ങൾ ശക്തി പ്രാപിക്കുകയും ചെയ്തപ്പോൾ വാഗ്ദാനം നൽകിയവൻ മെത്രാസന മന്ദിരത്തിലെ കാവൽ ജോലിക്ക് അശക്തനായി. പാഴ് വസ്തുക്കൾ ശേഖരിച്ചു വിറ്റ് ഉപജീവനം നേടാൻ പെടാപ്പാടു പെടുന്നതിനിടയിൽ ലക്ഷണമൊത്ത ഒരു കൊമ്പനാനയെ കൊത്തിയെടുക്കാൻ അയാളുടെ മനസ്സിനും വിരലുകൾക്കും ബലവും ബാല്യവും ബാക്കിയുണ്ടായിരുന്നില്ല.

വാഗ്ദാനം കാത്തിരുന്ന ചെമ്മാച്ചൻ കുട്ടി ഒന്നാം വിരിക്കിപ്പുറത്തു നിന്ന് അതിവിശുദ്ധ സ്ഥലത്തെ ബലിപീഠത്തോളം വളർന്നത് അയാൾ ദൂരെ നിന്നു കണ്ടു. ബലിപീഠത്തിന്റെ കൊമ്പിൽ കെട്ടപ്പെട്ട കുഞ്ഞാട്ടിൻകുട്ടിക്ക് ഒരു കുറവുണ്ടെന്ന് പഴയ കാവൽക്കാരനു മനസ്സിലായി. ആ കുറവു നികത്താൻ വാഗ്ദാന പൂർത്തീകരണത്തിനുള്ള ഒരു സമ്മാനവുമായി നീണ്ട പന്ത്രണ്ടു വർഷങ്ങൾക്കു ശേഷം അയാൾ ആ പഴയ ചെമ്മാച്ചൻ കുട്ടിയെ തേടി വന്നു.

പൗരോഹിത്യത്തിന്റെ തൂവെള്ളക്കുപ്പായം മങ്ങിത്തുടങ്ങിയ കണ്ണുകളിലൂടെ ഹൃദയത്തിലേക്കു നിറഞ്ഞപ്പോൾ കവിഞ്ഞു തുടങ്ങിയ മിഴിനീർപ്പുഴകൾ അകത്തേക്കൊഴുക്കി അയാൾ ആദരപൂർവ്വം നിശബ്ദനായി നിന്നു. പിന്നെ കൂട്ടിപ്പിടിച്ചിരുന്ന മെല്ലിച്ചു ദുർബലമായ കരങ്ങൾ പതിയെ തുറന്നു.

അത്രയൊന്നും ഭംഗിയില്ലാതെ, സ്വന്തം കൈ കൊണ്ടു തന്നെ ചന്ദനത്തടിയിൽ വെട്ടിയൊരുക്കിയ, കൈവെള്ളയിൽ ഒതുങ്ങുന്ന ഒരു പരുക്കൻ കുരിശായിരുന്നു അത്.

ജീവിതത്തിന്റെ ഓട്ടപ്പാച്ചിലുകൾക്കിടയിൽ കയ്യിൽ തടഞ്ഞ ഇല്ലോളം പോന്ന ഒരു ചന്ദനമുട്ടിയിൽ കുഞ്ഞാടിന്റെ ബലിക്കുള്ള തീയും വിറകും അയാളുടെ കണ്ണുകൾ കണ്ടെടുത്തു.

ആദിമ വാഗ്ദാനത്തിന്റെ ഓർമ്മകളിൽ നിന്ന് എനിക്കായി അടർത്തിയെടുത്ത ആ സമ്മാനം എന്റെ കരങ്ങളിലേക്കു വച്ചു തന്നിട്ട് തിരികെ മടങ്ങുമ്പോൾ അയാളുടെ കണ്ണുകളിൽ ആനന്ദത്തിന്റെയും ആത്മസംതൃപ്തിയുടേയും ഒരു കടലിരമ്പുന്നത് ഞാൻ കണ്ടു

.അന്ന് ആ സമ്മാനം കൈയ്യിൽ കിട്ടിയപ്പോൾ എനിക്കു പ്രത്യേകിച്ചൊന്നും തോന്നിയിരുന്നില്ല. പക്ഷെ പിന്നീടെപ്പഴോ പോയകാലത്തിന്റെ ഭാഗ്യങ്ങളിലൂടെ ഹൃദയം സഞ്ചരിച്ചപ്പോൾ അർഹതയില്ലാതെ കിട്ടിയ വിലമതിക്കാനാവാത്ത ദൈവാനുഗ്രഹങ്ങൾക്കിടയിൽ ഈ കുരിശിന് ഒരു പ്രത്യേക തിളക്കമുണ്ടായിരുന്നു.

എഴുന്നള്ളാനൊരു കൊമ്പനാനയല്ല മലകയറാനൊരു കുരിശാണ് പൗരോഹിത്യത്തിനു വേണ്ടതെന്ന് നാരായം കൊണ്ട് ചങ്കിലെഴുതിത്തന്ന ആ പഴയ പാറാവുകാരന്റെ ആനന്ദ സ്മൃതികളോടെ എല്ലാ കൊച്ചച്ചൻമാർക്കും പൗരോഹിത്യഗണത്തിലേക്കു ഹൃദയപൂർവ്വം സ്വാഗതം!

Fr. Sheen Palakkuzhy

നിങ്ങൾ വിട്ടുപോയത്