‘നരബലി’ ആവശ്യപ്പെടുന്ന ‘ദൈവസങ്കല്പങ്ങൾ’ എല്ലാ മനുഷ്യാവകാശങ്ങളുടേയും കടയ്ക്കൽത്തന്നെയാണ് കത്തി വയ്ക്കുന്നത്. അതുകൊണ്ടാണ് മനുഷ്യ വംശത്തിന്റെ സാംസ്കാരിക വളർച്ചയനുസരിച്ച് അത്തരം സങ്കൽപ്പങ്ങൾക്കും ആചാരങ്ങൾക്കും മാറ്റം സംഭവിക്കുന്നത്.
മതത്തിന്റെ പേരിൽ മനുഷ്യരെ കൊല്ലുകയും ഒപ്പം ദൈവത്തിന്റെ പേരുവിളിച്ച് അട്ടഹാസം മുഴക്കുകയും ചെയ്യുന്നത് പ്രാകൃതമായ ദൈവാരാധനയാണ്… (ബൈബിളിൽ, ചരിത്രാരംഭത്തിൽത്തന്നെ, നരബലി വിലക്കുന്നതിൽനിന്നാണ് മതപരമായ ആരാധനാ രീതികൾ രൂപംകൊള്ളുന്നത്)പ്രാചീന ഗോത്ര സമൂഹങ്ങളിൽ, മൃഗബലി നിലനിന്നിരുന്നു.മൃഗങ്ങളെ കൊല്ലുമ്പോൾ മതപരമായ ഇത്തരം രീതികൾ പിൻപറ്റുന്നവർ ഇപ്പോഴും ഉണ്ടാകാം. എന്നാൽ, സ്വന്തം വിശ്വാസമനുസരിച്ചുള്ള ഒരു ദൈവത്തെ പ്രീതിപ്പെടുത്താൻ, മറ്റൊരു മനുഷ്യനോട് ഇങ്ങനെ ചെയ്യുന്നതിനെ ന്യായീകരിക്കാൻ ഇക്കാലത്തും മനുഷ്യനു കഴിയുന്നഅതെങ്ങനെ..? ഭീകര പ്രവർത്തനമായിട്ടാണ് പരിഷ്കൃത ലോകം അതിനെ വിലയിരുത്തുന്നത്.
ലിബിയൻ കടപ്പുറത്തു നിരത്തിനിർത്തി ഐസിസ് ഭീകരർ കഴുത്തറുത്തു കൊന്ന 21 ക്രിസ്ത്യാനികളുടെ ചിത്രം ഇന്നും മനുഷ്യമനസ്സാക്ഷിയെ നടുക്കുന്ന ഒന്നായി നമ്മുടെ മുന്നിലുണ്ട്. അത്തരം പ്രവൃത്തി ചെയ്യുന്നവരെ ഏതെങ്കിലും മതത്തിന്റെയോ ജനതയുടെയോ ‘പോരാളികളായി’ വാഴ്ത്തുന്നത് പരിഷ്കൃത ലോകത്തിനോ മനുഷ്യത്വത്തിനോ അന്താരാഷ്ട്ര നിയമങ്ങൾക്കോ നിരക്കുന്നതാണോ?…
സമാനമായ ദൃശ്യങ്ങളാണ് 2023 ഒക്ടോബർ 27 ന് ഇസ്രായേലിൽനിന്നും ലോകം കണ്ടത്! കൊല്ലുക മാത്രമല്ല, കൊല്ലപ്പെട്ടവരുടെമൃതദേഹത്തെപ്പോലും വികൃതമാക്കി അപമാനിക്കുന്ന ക്രൂരത കണ്ടു ലോകം വിറങ്ങലിച്ചുപോയി!
എന്തു രാഷ്ട്രീയത്തിന്റെ പേരിലായാലും ഇത്തരം പ്രവൃത്തികളെ ന്യായീകരിക്കുന്നത് ഒരു കാരണവശാലും അംഗീകരിക്കാൻ കഴിയുന്നതല്ല…
ഇത്തരം ഹീനകൃത്യങ്ങളിൽ പ്രസാദിക്കുന്ന ഒരു ദൈവമുണ്ടെങ്കിൽ, ആ ‘ദൈവത്തെ’ ഒരു “ദൈവ”മായി കാണാൻ കഴിയുന്നതുപോലും മനുഷ്യന്റെ ബുദ്ധിക്കും ആലോചനക്കും അപ്പുറത്താണ്…
ഫാ. വർഗീസ് വള്ളിക്കാട്ട്