ഒരു കൊച്ചു സിസ്റ്റർ ഒരു ഹോസ്പിറ്റൽ വാർഡിൽ അവളുടെ ജോലിയിലെ ആദ്യത്തെ ദിവസം തുടങ്ങുകയായിരുന്നു.
ആദ്യത്തെ ദിവസം ആയതിന്റെ വെപ്രാളവും ടെൻഷനും ഉണ്ട്. അവൾ നോക്കുമ്പോൾ വെളുത്ത സാരിയിൽ നീല ബോർഡറുള്ള സാരി ഉടുത്ത കുറേ സിസ്റ്റേഴ്സ്, മരിക്കാറായി കിടക്കുന്ന രോഗികൾക്ക് വെള്ളം കൊടുക്കുന്നു, ഭക്ഷണം വാരിക്കൊടുക്കുന്നു, തുടച്ചു വൃത്തിയാക്കുന്നു, മരുന്ന് കൊടുക്കുന്നു, നല്ലവാക്കുകൾ പറഞ്ഞ് ചിരിച്ച് ഓടി നടക്കുന്നു. പെട്ടെന്ന് തോളിൽ ഒരാൾ തൊട്ടു, തിരിഞ്ഞു നോക്കിയപ്പോൾ മദർ തെരേസ ചിരിച്ചു കൊണ്ട് നിൽക്കുന്നു.
“സിസ്റ്റർ, എന്റെ കൂടെ വരൂ. ഞാനൊരാളെ കാണിച്ചു തരാം”. സിസ്റ്റർ മദറിന്റെ കൂടെ വേഗം പൊയി. വാർഡിന്റെ അങ്ങേയറ്റത്തെ ബെഡിൽ മനുഷ്യന്റെ അസ്ഥികൂടം പോലൊരാൾ. കണ്ണുകൾ കുഴിയിൽ താന്നു പോയിരിക്കുന്നു, മുടിയൊന്നുമില്ല, വായിൽ ഒരു പല്ലു മാത്രം. മദർ മുട്ടുകുത്തിക്കൊണ്ട് അയാളുടെ മുഖം രണ്ടു കയ്യിലെടുത്തു. “സിസ്റ്റർ അന്ന”, മദർ അവളോട് പറഞ്ഞു. ”
I want you to meet Jesus”.
ഇന്ന് ആഗോള മിഷൻ ഞായറാണ്.
‘Hearts on Fire, Feets on the move’ എന്നതാണ് ഇപ്രാവശ്യത്തെ ആഗോള മിഷൻ ഞായറിന്റെ theme ആയി പോപ്പ് ഫ്രാൻസിസ് എടുത്തിരിക്കുന്നത്.
എമ്മാവൂസിലേക്ക് ഈശോയോടൊപ്പം നടന്ന, അവന്റെ തിരുവചനങ്ങൾ കേട്ട, അവനോടൊത്ത് അപ്പം മുറിച്ച ശിഷ്യന്മാർക്കുണ്ടായ ഹൃദയത്തിന്റെ ജ്വലനം ആയിരുന്നു ഇത് പറയുമ്പോൾ പാപ്പയുടെ മനസ്സിൽ. സഭ, സഭാമക്കൾ, ഈശോടൊന്നിച്ചു യാത്ര ചെയ്യുമ്പോൾ, തിരുവചനങ്ങൾ ധ്യാനിക്കുമ്പോൾ, ദിവ്യബലിയിൽ അപ്പമായി മുറിയപ്പെടുമ്പോൾ, അതേ ജ്വലനം നമ്മുടെ മനസ്സിലും ഉണ്ടാകുന്നു.യേശുവിനോടൊത്ത് ഏകമനസ്സായി അപ്പം മുറിക്കുക മാത്രമല്ല, അവനെ പ്രതി നമുക്കുള്ള ഭൗതിക അപ്പം മറ്റുള്ളവരുമായി പങ്കുവെക്കുന്നത് ക്രിസ്ത്യാനിയുടെ ദൗത്യമാണെന്ന് പാപ്പ ഓർമിപ്പിക്കുന്നു.
കുർബ്ബാനയിൽ നമ്മൾ കണ്ടെത്തുന്ന സ്നേഹവും സന്തോഷവും നമ്മിൽ മാത്രം അടങ്ങി നിൽക്കാതെ മറ്റുള്ളവർക്ക് കൂടി പങ്കുവെക്കണമെന്ന ബെനഡിക്റ്റ് പതിനാറാം പാപ്പയുടെ വാക്കുകൾ ഫ്രാൻസിസ് പാപ്പ എടുത്തു പറഞ്ഞു. ദൈവത്തിന്റെ സ്നേഹവും അവനെ അനുഭവിക്കുന്നതും അവനിൽ വിശ്വസിക്കുന്നതും ലോകത്തിന് ആവശ്യമുണ്ട്. അത് നമ്മളിൽ കൂടിയാണ് സാധ്യമാവേണ്ടത്.
ഈശോ പറഞ്ഞുതരാതെ, അവന്റെ സഹായമില്ലാതെ, തിരുവചനങ്ങൾ ആഴത്തിൽ മനസ്സിലാക്കാനോ ധ്യാനിക്കാനോ നമുക്ക് സാധ്യമല്ല. തിരുവചനങ്ങളെക്കുറിച്ചുള്ള അജ്ഞത ക്രിസ്തുവിനെക്കുറിച്ചുള്ള അജ്ഞത ആണെന്ന വിശുദ്ധ ജെറോമിന്റെ വാക്കുകൾ ഓർമിപ്പിച്ചുകൊണ്ട്, തിരുവചനങ്ങളെക്കുറിച്ചുള്ള അറിവ് വ്യക്തിപരമായി ക്രിസ്ത്യാനിക്ക് പ്രധാനപ്പെട്ടതാണെന്ന് മാത്രമല്ല സുവിശേഷപ്രഘോഷണത്തിനും നമ്മുടെ ദൗത്യത്തിനും അത്യന്താപേക്ഷിതമാണെന്ന് പാപ്പ പറഞ്ഞു. അല്ലങ്കിൽ പിന്നെ നമ്മുടേതായ ആശയങ്ങൾ ആയിരിക്കും നമ്മൾ മറ്റുള്ളവർക്ക് കൊടുക്കുന്നത്. ക്രിസ്തുവിന്റെ ജ്വലനമില്ലാതെ തണുത്തിരിക്കുന്ന ഹൃദയങ്ങൾക്ക് എങ്ങനെ മറ്റുള്ളവരുടേത് ജ്വലിപ്പിക്കാൻ പറ്റും?
അതുകൊണ്ട് പാപ്പ പറയും പോലെ, ഈശോ തിരുവചനങ്ങളുടെ അർത്ഥം പറഞ്ഞു തരാനായി നമുക്ക് അവന്റെ ഒപ്പം യാത്ര ചെയ്യാം, അവൻ നമ്മുടെ ഹൃദയങ്ങളെ ജ്വലിപ്പിക്കട്ടെ, പ്രകാശിപ്പിക്കട്ടെ, രൂപാന്തരപ്പെടുത്തട്ടെ. അപ്പോൾ നമുക്ക് അവന്റെ ആത്മാവ് പകരുന്ന ശക്തിയോടും ജ്ഞാനത്തോടും കൂടെ അവന്റെ രക്ഷാരഹസ്യം ലോകത്തോട് പ്രഘോഷിക്കാൻ കഴിയും.
മിഷൻ മധ്യസ്ഥയായ വിശുദ്ധ കൊച്ചുത്രേസ്സ്യായുടെ തിരുന്നാൾ ആഘോഷിക്കുന്ന ഒക്ടോബറിൽ തന്നെയാണ് മിഷൻ ഞായറും സഭ ആചരിക്കുന്നത്.
1926 ൽ പീയൂസ് പതിനൊന്നാം പാപ്പയാണ് മിഷൻ ഞായർ ആചരണം തുടങ്ങിവെച്ചത്. സുവിശേഷവല്ക്കരണ പ്രവൃത്തികളെ ആത്മീയമായും സാമ്പത്തികമായും സഹായിക്കാനുള്ള മാർഗ്ഗമായാണ് മിഷൻ ഞായർ ആഘോഷിക്കുന്നത്.
വിശുദ്ധ ജെറോം ഒരിക്കൽ പറഞ്ഞു, സുവിശേഷകനായ യോഹന്നാനോട് അദ്ദേഹത്തിന്റെ ശിഷ്യന്മാർ ചോദിച്ചത്രേ എന്തുകൊണ്ടാണ് സഹോദരസ്നേഹത്തെക്കുറിച്ച് അപ്പസ്‌തോലൻ ഇത്രയധികം സംസാരിക്കുന്നതെന്ന്. അദ്ദേഹം പറഞ്ഞു, “നമ്മുടെ കർത്താവിന്റെ കല്പനയാണത്. മാത്രമല്ല നിത്യരക്ഷക്ക് ഈ ഒരു കല്പനയുടെ പൂർത്തീകരണം മാത്രം മതിയാകും”. ജെനോവയിലെ വിശുദ്ധ കാതറിനോട് ഈശോ പറഞ്ഞു, “എന്റെ മകളെ, എന്നെ സ്നേഹിക്കുന്നവരെല്ലാം ഞാൻ സ്നേഹിക്കുന്ന സകലതിനെയും സ്നേഹിക്കും”. പിന്നീട് വിശുദ്ധ കാതറിൻ ഇങ്ങനെ പറഞ്ഞു , ” ഒരു വ്യക്തി ദൈവത്തെ എത്ര മാത്രം സ്നേഹിക്കുന്നെന്ന് അറിയാൻ അയാൾ തൻറെ അയൽക്കാരനെ( സഹായം ആവശ്യമുള്ളവനെ ) എത്ര മാത്രം സ്നേഹിക്കുന്നുവെന്ന് നോക്കിയാൽ മതി.
ആവിലായിലെ അമ്മത്രേസ്സ്യ ഇങ്ങനെ പറഞ്ഞിരുന്നു, “we don’t meet God only in chapel, but also among the pots and pans in the kitchen”. അതിനർത്ഥം ഞായറാഴ്ച്ച പള്ളിയിൽ പോവാനായി കാത്തിരിക്കേണ്ട കാര്യമില്ല ദൈവത്തെ കണ്ടുമുട്ടാൻ; നമ്മുടെ ദൈനംദിന ജീവിതങ്ങളിൽ എവിടെയായാലും അതിനു സാധിക്കുമെന്നാണ്.
ചെറിയ ചെറിയ ദാനധർമ്മങ്ങളിൽ , ഒരു കൈസഹായത്തിൽ , ഒരാൾക്ക് ക്രോസ്സ് ചെയ്യാൻ പുഞ്ചിരിയോടെ വാഹനം നിർത്തുമ്പോൾ ഒക്കെ ദൈവത്തെ കണ്ടുമുട്ടും. ഒരു ചിരി, ഹൃദയം തുറന്നുള്ള ഒരു ആശംസ..ഇതിലെല്ലാം.
ക്രിസ്തുവിന്റെ സഭയെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്ഥമാക്കേണ്ടത് സ്ഥാപനങ്ങളുടെ ശക്തിയോ സംഘടിത പ്രവർത്തനങ്ങളുടെ കാര്യക്ഷമതയോ അല്ല , അത് ക്രിസ്തുവിലുള്ള ആഴമേറിയ വിശ്വാസവും ക്രിസ്തുവിനെ അനുകരിക്കുന്ന ജീവിതരീതികളുമാണ്.
സംഘടിതസമൂഹം ആകാനും ശക്തി പ്രദർശിപ്പിക്കാനും ഏതു സമുദായത്തിനും കഴിയും. യേശുശിഷ്യനടക്കം പലരും കടൽകടന്ന് വന്ന് പകർന്നതാണ് നമുക്ക് കൈമുതലായുള്ള വിശ്വാസം. മറ്റുള്ളവർക്ക് ക്രിസ്തുവിൻറെ രക്ഷയുടെ ഉപകരണമാവാനുള്ള കടമ നമുക്കുമുണ്ട്. പ്രവൃത്തിയില്ലാത്ത വിശ്വാസം അതിൽ തന്നെ നിർജ്ജീവമല്ലേ. മുഖ്യദൂതനായ റഫായേൽ മാലാഖ തോബിയാസിനോട് പറഞ്ഞു, “ദാനധർമ്മം മരണത്തിൽ നിന്ന് രക്ഷിക്കുന്നു. അത് സകല പാപങ്ങളും തുടച്ചു നീക്കുന്നു.
പരോപകാരവും നീതിയും പ്രവർത്തിക്കുന്നവർ ജീവിതത്തിന്റെ പൂർണ്ണത ആസ്വദിക്കും”. ( തോബിത് 12:9) “ദരിദ്രരോട് ദയ കാണിക്കുന്നവർ കർത്താവിനാണ് കടം കൊടുക്കുന്നത്. അവിടുന്ന് ആ കടം വീട്ടും”. ( സുഭാ 19:7) നമുക്ക് ഒന്നും ചെയ്യാൻ പറ്റുന്ന അവസ്ഥയിലല്ലെങ്കിൽ കൂടി ദൈവത്തോട് അവർക്ക് വേണ്ടി ശുപാർശ ചെയ്യാനെങ്കിലും പറ്റും.
പ്രാർത്ഥനയും ഒരു ദാനധർമ്മമാണ്.
സഭയുടെ പ്രേഷിതപ്രവർത്തനങ്ങളെ ആളുവഴിയും ചെറിയ പരിത്യാഗങ്ങൾ വഴിയും സാമ്പത്തികസഹായം വഴിയും പ്രാർത്ഥന വഴിയുമൊക്കെ പിന്താങ്ങാനുള്ള കടമ നമുക്കുണ്ട്.
ലോകമെങ്ങും പോയി സുവിശേഷവേല ചെയ്യുന്ന മിഷനറിമാർക്ക് നമ്മുടെ പ്രാർത്ഥന വളരെയധികം ആവശ്യമുണ്ട്. ഭൗതിക,ആത്മീയ ആവശ്യങ്ങളിൽ അവർക്ക് സഹായങ്ങൾ തക്കസമയത്ത് ലഭിക്കാൻ നമ്മുടെ പ്രാർത്ഥന അവരെ വളരെ സഹായിക്കും.
ഇന്ത്യക്കു പുറത്തു മാത്രമല്ല നോർത്ത് ഇന്ത്യയിലും മറ്റും പരിഷ്‌കാരം ഇനിയും അധികം കടന്നുചെല്ലാത്തിടത്തു സേവനമനുഷ്ഠിക്കുന്ന അനേകം പേരുണ്ട് . അവർക്കു സാമ്പത്തിക സഹായം ലഭ്യമാക്കുന്നത് വഴി പാവങ്ങളുടെ ജീവിതനിലവാരം ഉയർത്താനും മാറ്റങ്ങൾ ഉണ്ടാക്കാനും അവർക്കു കഴിയും.
ആദിവാസികളുടെയും ഗോത്രവർഗ്ഗക്കാരുടെയും ദളിതരുടേയുമൊക്കെ അവകാശങ്ങൾക്കു വേണ്ടി പോരാടുന്ന സ്റ്റാൻ സാമിമാരും റാണി മരിയമാരും ഉണ്ട്.
ബൈബിൾ അവരവരുടെ ഭാഷകളിൽ വായിക്കാൻ എല്ലാവരെയും സഹായിക്കാനായി തീവ്രപ്രയത്നം ചെയ്യുന്ന ഫിയാത് മിഷൻ പോലുള്ളവ ഉണ്ട് – നമുക്ക് പുറത്തു പോയി സഹായിക്കാൻ പറ്റാത്തപ്പോൾ ചെറിയ സാമ്പത്തിക സഹായങ്ങൾ വഴി എങ്കിലും സുവിശേഷവൽക്കരണത്തിൽ പങ്കാളികളാവാൻ സാധിക്കും. അല്ലേ?
എല്ലാവർക്കും ആഗോള മിഷൻ ഞായറിന്റെ മംഗളങ്ങൾ സ്നേഹപൂർവ്വം നേരുന്നു .
ജിൽസ ജോയ്