സ്വവർഗ്ഗ വിവാഹം നിയമ സാധുത നിഷേധിച്ച് സുപ്രീം കോടതി വിധി

ആർഷഭാരത സംസ്കാരത്തിന്റെ മഹത്തരമായ ധാർമ്മിക മൂല്യങ്ങൾ പൊതു സമൂഹത്തിന്റെ മുമ്പിൽ ഉയർത്തി കാണിക്കുന്ന ചരിത്രപരമായ വിധിയാണ് സുപ്രീം കോടതിയുടെ ഭരണഘടന ബഞ്ച് സ്വവർഗ്ഗ വിവാഹം സംബന്ധിച്ച് പുറപ്പെടുവിച്ചത്. അതേ സമയം ഇത്തരം വ്യക്തികളുടെ ഭരണഘടനാപരമായ മൗലിക അവകാശങ്ങളെ സംരക്ഷിച്ച് കൊണ്ട് കൃത്യവും വ്യക്തവുമായ നിരീക്ഷണങ്ങളും നിർദ്ദേശങ്ങളും അടങ്ങിയ 366 പേജുള്ള ദീർഘമായ വിധിന്യായം പൊതു സമൂഹത്തിന് യഥാർത്ഥ സന്ദേശം നൽകുന്നതുമാണ്.


ഒരു രാഷ്ട്രത്തിന്റെ , ഒരു സമൂഹത്തിന്റെ അടിസ്ഥാന ഘടകമാണ് കുടുംബം. കുടുംബമെന്ന സങ്കല്പത്തിൽ സ്ത്രീയും പുരുഷനും കുട്ടികളും അടങ്ങുന്നതാണ്.

ഇൻഡ്യയെ പോലെ ബൃഹ്ത്തായ ജനസംഖ്യയുള്ള ജനാധിപത്യ രാജ്യത്തിലെ നിലനിൽപ് തന്നെ കുടുംബമെന്ന അടിസ്ഥാന സങ്കല്പത്തിന്റെ ധാർമ്മികതയിൽ ഊന്നിയാണ്.

ലോക രാജ്യങ്ങൾക്കിടയിൽ ഭാരതത്തിന്റെ യശസ്സ് ഉയർത്താൻ, ധാർമ്മിക മൂല്യത്തെ ഉയർത്തിപ്പിടിക്കുന്ന മഹത്തരമായ വിധിന്യായമെന്ന് മാത്രമേ ഇതിനെ വിശേഷിപ്പിക്കാൻ സാധിക്കു.


ബഹു. ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഢ് അടങ്ങിയ അഞ്ച് അംഗ ബഞ്ച് ഈ വിഷയത്തിൽ ഫയൽ ചെയ്ത എല്ലാ കേസുകളും ഒരുമിച്ച് വാദം കേൾക്കുകയായിരുന്നു. സ്വവർഗ്ഗ വിവാഹത്തെ ഒരു കോടതി വിധിയിലൂടെ നിയമപരമാക്കാൻ സാധിക്കില്ല എന്നും, നിലവിലുള്ള നിയമത്തിന് എതിരായി വിധി പുറപ്പെടുവിക്കുന്നത് ഉചിതമല്ല എന്ന് കോടതി കണ്ടെത്തി.

എന്നാൽ പ്രത്യേക വിവാഹ നിയമത്തിൽ ഭേദഗതി വരുത്തണമോ എന്ന് പാർലമെന്റ് തീരുമാനിക്കണം. ഈ വിഷയം സംബന്ധിച്ച് ഗൗരവമായി പഠിക്കാൻ കാബിനറ്റ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ഒരു കമ്മിറ്റി രൂപീകരിക്കാമെന്ന് കേന്ദ്ര സർക്കാരിന്റെ അഭിഭാഷകൻ അറിയിച്ചത് കോടതി അംഗീകരിച്ചു.

സ്വവർഗ്ഗ സഹവാസത്തിൽ ജീവിക്കുന്നവരുടെ സാമൂഹീക , മാനസിക, വികാരങ്ങളെ അനുഭാവപൂർവം പരിഗണിക്കണം. ട്രാൻസ്ജെൻഡേർസ് അടക്കം ഇത്തരം ആശയങ്ങളുമായി ജീവിക്കുന്ന ആർക്കും ഒരു തരത്തിലുമുള്ള വിവേചനമുണ്ടാകാതിരിക്കാൻ കേന്ദ്രസർക്കാരും, സംസ്ഥാന സർക്കാരുകളും പ്രത്യേകം ശ്രദ്ധിക്കണമെന്ന് കോടതി നിർദേശിച്ചു. കൂടാതെ ഇത്തരം ആളുകൾക്ക് ഒരുമിച്ച് താമസിക്കാനും, കുട്ടികളെ ദത്തെടുക്കാനും. റേഷൻ കാർഡ് ഉണ്ടാക്കാനും ഉള്ള അനുമതി സംബന്ധിച്ചും തീരുമാനമെടുക്കണം. ഇങ്ങനെ ഒരുമിച്ച് താമസിക്കുന്നവർക്കെതിരെ പോലീസ് യാതൊരു തരത്തിലും നടപടി എടുക്കാൻ പാടില്ല തുടങ്ങി നിരവധി പുരോഗമനപരമായ നിർദ്ദേശങ്ങളാണ് ചർച്ചയിലൂടെ നീരിക്ഷിച്ചത്.


ഈ വിധിയിലൂടെ രണ്ട് കാര്യങ്ങൾ വ്യക്തമായി പറഞ്ഞു.

ഒന്ന് സാമൂഹിക വ്യവസ്ഥതയിൽ കുടുംബമെന്ന അടിസ്ഥാന ഘടകത്തിന്റെ പ്രാധാന്യം നഷ്ടപ്പെടാൻ കോടതി അനുവദിക്കില്ല.

നാഗരീക സംസ്കാരം മുഴുവനായി രാജ്യത്തെ ബാധിച്ചിട്ടില്ല. മറിച്ച് ഇത്തരം സ്വവർഗ്ഗ അനുകൂല ചിന്താഗതിക്കാരുടെ ഭരണഘടനാപരമായ മൗലിക അവകാശങ്ങൾ ഹനിക്കാതെ നാം അവരെ ഉൾകൊള്ളണം എന്ന മഹത്തായ സന്ദേശമാണ് നൽകുന്നത്.


വിവാഹം എന്ന സമ്പ്രദായത്തിലൂടെ സ്ത്രീയുടെയും പുരുക്ഷന്റെയും ലൈംഗീക ചോദനകൾ പുതു തലമുറയെ സൃഷ്ടിക്കുകയെന്ന പരമപ്രധാനമായ ദൗത്യമാണ്, അതിന്റെ കടക്കൽ കത്തി വെക്കുന്നതാണ് സ്വവർഗ്ഗ വിവാഹത്തിലൂടെ ആധുനിക സംസ്കാരത്തിൽ ഉരുത്തിരിയുന്നത്.

സാംസ്കാരികമായി ഉണ്ടാകുന്ന മൂല്യച്യുതിയും, ലൈംഗീക സങ്കല്പത്തിലുണ്ടാകുന്ന അരാജകത്വവും, സമൂഹത്തിൽ ഉണ്ടാക്കുന്ന പ്രത്യാഘാതം വലുതാണ്.

ജന്മനാ ഉണ്ടാകുന്ന വൈകല്യങ്ങൾ മനസ്സിലാക്കാം, ഇത്തരം ആളുകളെ നാം അനുഭാവത്തോടെ കാണുക തന്നെ വേണം. എന്നാൽ മറിച്ച് പാശ്ചാത്യ സംസ്കാരത്തിന്റെ അന്ധമായ അനുകരണത്തിൽ ദിശ നഷ്ടപ്പെട്ട ഒരു പറ്റം ന്യൂനപക്ഷത്തിന്റെ വികലമായ ചിന്തകൾ ഭൂരിപക്ഷത്തിന്റെതായി അടിച്ചേൽപ്പിക്കരുത്. ആ ഒരു പരീക്ഷണ ശ്രമമാണ് ഈ വിധി ന്യായത്തിലൂടെ പരാജയപ്പെട്ടത്.


അത് കൊണ്ട് തന്നെ ഇതിന്റെ സാമൂഹിക പാശ്ചാത്തലം വലുതാണ്. പിതൃത്വത്തിനും മാതൃത്വത്തിനും നാം നൽകുന്ന വില വളരെ ഉയർന്നതാണ്.

പുരാതന കാലംതൊട്ടെ ഭാരത സംസ്കാരം പുകൾപ്പെറ്റതാണ്. അതിന് കോട്ടം തട്ടാതെ തന്നെ അന്യവത്ക്കരിക്കപ്പെട്ടവരുടെ വേദന കാണുകയും ചെയ്തു എന്നത് ശ്ലാഘനീയമാണ്.

ലോകത്ത് ഇതുവരെ 34-ഓളം രാജ്യങ്ങളിൽ സ്വവർഗ്ഗ സഹവാസം നിയമ വിധേയമാക്കിയപ്പോൾ, വേറിട്ട് ചിന്തിച്ച് കൊണ്ട് ലോക രാജ്യങ്ങൾക്കിടയിൽ ഇന്ത്യയെ തലയുയർത്തി നിൽക്കാൻ തക്കതായ വിധിന്യായത്തിലൂടെ രാജ്യത്തിന്റെ പരമോന്നത നീതിപീഠം പ്രതിജ്ഞാബദ്ധരായി എന്നത് ഒരോ പൗരനും അഭിമാനകരമാണ്.

ഇരുപക്ഷത്തിന് വേണ്ടി വാദിക്കുന്നവർ തമ്മിൽ മാധ്യമങ്ങളിലൂടെ നടത്തുന്ന വാദപ്രതിവാദങ്ങളിൽ നിന്ന് കേന്ദ്ര സർക്കാർ രൂപികരിക്കുന്ന കമ്മിറ്റിക്ക് ഉചിത തീരുമാനമെടുക്കാൻ സാധിക്കട്ടെ. അത് രാജ്യ താത്പര്യത്തിന് അനുകൂലമാകുന്നതിലുപരി കുടുംബമെന്ന അടിസ്ഥാന ഘടകത്തിന്റെ ധാർമ്മീകതയും പവിത്രതയും കാത്തുസൂക്ഷിക്കാൻ സാധിക്കട്ടെ.

അഡ്വ. ഡാൽബി ഇമ്മാനുവൽ , എർണാകുളം

17-10-2023

നിങ്ങൾ വിട്ടുപോയത്