അതേ… താമരശ്ശേരി രൂപതയിൽ പ്രത്യേക മതവിചാരണക്കോടതി സ്ഥാപിച്ചു. താമരശ്ശേരി രൂപതയിൽ മാത്രമല്ല, എല്ലാ കത്തോലിക്കാ രൂപതകളിലും മതവിചാരണക്കോടതി ഉണ്ട്. സഭയിലെ ശുശ്രൂഷകളും കൂദാശകളും സംബന്ധിച്ച വിഷയങ്ങളിൽ സഭ തന്നെ തീരുമാനം പറയണമല്ലോ. അക്കാര്യത്തിൽ ഏകപക്ഷീയമായി തീരുമാനം പ്രഖ്യാപിക്കാതെ രണ്ടുഭാഗവും കേട്ട് തീരുമാനം എടുക്കുന്നതാണ് സഭയുടെ പതിവ്. അതിനാണ് സഭാ ട്രിബൂനലുകൾ. എപ്പാർക്കിയൽ/ഡയോസിഷൻ ട്രിബൂണൽ എല്ലാ രൂപതകളിലും ഉണ്ട്. പ്രത്യേക കേസുകൾ കൈകാര്യം ചെയ്യാൻ പ്രത്യേക കോടതികളും ഉണ്ട്. അത് കത്തോലിക്കാ സഭാ സംവിധാനത്തിന്റെ കുലീനതയും നീതിബോധവും വിളിച്ചോതുന്നതാണ്.
കത്തോലിക്കാ സഭയുടെ നിയമപ്രകാരം ഒരാൾക്കെതിരെ നടപടി സ്വീകരിക്കുന്നതിന് മുൻപ് ആ ആളുടെ ഭാഗം കേൾക്കാനും വാദിക്കാനും അവസരം ഒരുക്കുക എന്നത് കത്തോലിക്കാ സഭയുടെ പതിവാണ്. ഇന്ന് ലോകത്ത് നിലവിലുള്ള എല്ലാ പരിഷകൃത സമൂഹങ്ങളിലെയും നിയമസംവിധാനത്തിന്റെയും പ്രാക് രൂപമാണ് റോമൻ നിയമം. റോമൻ നിയമ സംവിധാനത്തിന്റെ നേരിട്ടുള്ള പിന്തുടർച്ച റോമൻ സഭാ നിയമങ്ങളിൽ കാണാവുന്നതാണ്. ഈ അർത്ഥത്തിൽ ലോകത്തുള്ള എല്ലാ പരിഷ്കൃത നിയമസംവിധാനങ്ങൾക്കും മാതൃകയാണ് കത്തോലിക്കാ സഭയുടെ നിയമ സംവിധാനം.
കത്തോലിക്കാ സഭയുടെ ട്രിബൂണലുകൾ വധശിക്ഷയോ തടവോ ചാട്ടവാറടിയോ പോലുള്ള ശിക്ഷകൾ വിധിക്കുന്ന കോടതികൾ അല്ല. ഈ ട്രിബൂണലുകൾ വിധിക്കുന്ന പരമാവധി ശിക്ഷ കത്തോലിക്കാ കൂട്ടായ്മയിൽ നിന്ന് പുറത്താക്കുക എന്നതാണ്. അത് വളരെ വളരെ വിരളമായി സംഭവിക്കുന്ന കാര്യവുമാണ്. രാഷ്ട്രീയ പാർട്ടികൾ പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തുന്നവരെ പുറത്താക്കുന്നില്ലേ? വിവിധ സംഘടനകൾ സംഘടനാ വിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നവർക്കെതിരെ നടപടി സ്വീകരിക്കുന്നില്ലേ? അവിടൊന്നും പക്ഷെ കോടതികൾ ഇല്ല… കാരണം കോടതികൾ വച്ച് വിചാരണ ചെയ്ത് കുറ്റാരോപിതന്റെ ഭാഗം പൂർണ്ണമായും കേൾക്കാനുള്ള നീതിബോധമോ ക്ഷമയോ സാവകാശമോ ഇല്ല, അതിന് പണം മുടക്കാൻ തയ്യാറുമല്ല.
ശിക്ഷാ നടപടികൾക്ക് മുൻപ് വിചാരണ ചെയ്യപ്പെടുക എന്നത് ഒരു വ്യക്തിയുടെ അവകാശമാണ്. അവന്റെ ഭാഗം ഉന്നയിക്കാനുള്ള അവകാശം.
ഏത് സന്നദ്ധ സംഘടനയ്ക്കും അതിന്റെതായ നിയമാവലികളും ശിക്ഷാനടപടികളും ഉണ്ട്. എല്ലാ യൂണിവേഴ്സിറ്റികൾക്കും രാഷ്ട്രീയ പാർട്ടികൾക്കും കോളേജുകൾക്കും സ്കൂളുകൾക്കും ചാരിറ്റബിൾ ട്രസ്റ്റുകൾക്കും കോപ്പറേറ്റീവ് സൊസൈറ്റികൾക്കും നിയമാവലികളും ശിക്ഷണ നടപടികളും ഉണ്ട്. അതില്ലാതെ ഒരു സംഘടനയ്ക്കും നിലനിൽക്കാനാവില്ല.
അപ്രകാരം നിയമസംവിധാനം ഉണ്ടാവുന്നത് ഇന്ത്യയുടെ പരമാധികാരത്തിനോ കോടതികൾക്കൊ എതിരും അല്ല.എല്ലാ പ്രസ്ഥാനങ്ങൾക്കും നിയമ സംവിധാനങ്ങളും ശിക്ഷാ നടപടികളും ഉണ്ട്. പക്ഷേ അത് ഏറ്റവും ശ്രേഷ്ഠമായിട്ടുള്ളത് കത്തോലിക്കാ സഭയിലാണ് എന്നതാണ് കത്തോലിക്കാ സഭയ്ക്ക് നേരെ ഇപ്പോൾ ഉന്നയിക്കുന്ന ആരോപണം.
ഫാ. അജിയുടെ കാര്യത്തിൽ, താമരശ്ശേരി രൂപതാംഗമായ അദ്ദേഹം അദ്ദേഹത്തിന് കൊടുത്ത പള്ളിയിലെ വികാരിസ്ഥാനം ഏറ്റെടുക്കാതെ, യാതൊരു മുന്നറിയിപ്പുമില്ലാതെ രൂപത വിട്ട് പോയി. അത് എന്തുകൊണ്ടാണെന്ന് അന്വേഷിക്കേണ്ടത് താമരശ്ശേരി രൂപതയുടെ കടമയാണ്. താമരശ്ശേരി രൂപത നിർദേശിക്കുന്ന യാതൊരു ഉത്തരവാദിത്തവും ഏറ്റെടുക്കാൻ കൂറ്റക്കാത്ത വൈദികനെ വഹിക്കാൻ താമരശ്ശേരി രൂപതയ്ക്ക് എങ്ങനെ സാധിക്കും?
ടീം മാർ വാലാഹ്
Mar Walah