കുട്ടനാടിൻ്റെ ഹൃദയഭാഗത്തുള്ള മങ്കൊമ്പ് എന്ന കൊച്ചുഗ്രാമത്തിൽ ജനിച്ച്, കൃഷിയെയും കർഷകനെയും സ്നേഹിച്ചു വളർന്ന്, തൻ്റെ അറിവും കഴിവും ജീവതം മുഴുവനും കർഷക ഭാരതത്തിൻ്റെ അഭിവൃദ്ധിക്കുവേണ്ടി ചെലവഴിച്ച മഹത് വ്യക്തിത്വമായിരുന്നു ഡോ. എം. എസ്. സ്വാമിനാഥൻ.

ഹരിതവിപ്ലവത്തിലൂടെ ഇന്ത്യയിലെ കൃഷിരീതികളെ പുതിയ തലങ്ങളിലെത്തിക്കാനും രാജ്യത്തെ കാർഷിക സ്വയംപര്യാപ്തതയിലേക്ക് നയിക്കാനും ധാന്യോദ്പാദനം പതിന്മടങ്ങ് വർദ്ധിപ്പിച്ച് ജനകോടികളുടെ പട്ടിണി മാറ്റാനും അദ്ദേഹം നിമിത്തമായി.

കുട്ടനാടിൻ്റെ ആത്മാവിനെ തൊട്ടറിഞ്ഞ മഹാജ്ഞാനിയായിരുന്നു ഡോ. എം. എസ്. സ്വാമിനാഥൻ. താൻ സ്വായത്തമാക്കിയ ഭൗതികവിജ്ഞാനം സ്വകാര്യ നേട്ടത്തിനെന്നതിനെക്കാളുപരി ജനനന്മയ്ക്കായി ഉപയുക്തമാക്കാൻ ദൈവികജ്ഞാനം കൂടി ഉള്ളിലുള്ള ഒരു വ്യക്തിക്കേ സാധിക്കൂ. അദ്ദേഹം വിഭാവനം ചെയ്ത കുട്ടനാട് പാക്കേജ്, ഡോ. സ്വാമിനാഥൻ കമ്മീഷൻ റിപ്പോർട്ട് എന്നിവ കുട്ടനാടിൻ്റെ നിരവധിയായ പ്രശനങ്ങൾ പരിഹരിക്കാൻ ഉതകുന്നവയായിരുന്നു.

കുട്ടനാടിൻ്റെ പേര് ലോകശ്രദ്ധയിൽ കൊണ്ടുവരാൻ അദ്ദേഹത്തിനു കഴിഞ്ഞു. 2018ലെ മഹാപ്രളയത്തിൻ്റെ സമയത്ത് അദ്ദേഹം നടത്തിയ ശക്തമായ ഇടപെടലുകളെ നന്ദിയോടെ അനുസ്മരിക്കുന്നു.

വെള്ളപ്പൊക്കത്തിനുശേഷം അതിരൂപത സംഘടിപ്പിച്ച കുട്ടനാട് പുനരുദ്ധാരണ സിംപോസിയത്തിൽ അദേഹം വിഷയാവതരണം നടത്തിയിരുന്നു . അദ്ദേഹത്തിന്റെ നിർദ്ദേശങ്ങൾ കൂടി  ഉൾപ്പെടുത്തി കേരള സർക്കാരിന് ഒരു നിവേദനം സമർപ്പിക്കാനും അതിരൂപതയ്ക്കു സാധിച്ചു.

ചങ്ങനാശേരി അതിരൂപതയോടും കുട്ടനാട്ടിലെ കർഷരോടും അദ്ദേഹം എന്നും ഹൃദയബന്ധം സൂക്ഷിച്ചിരുന്നു. അദ്ദേഹത്തെ പലപ്രാവശ്യം നേരിൽ കാണുവാനും കാർഷികപ്രശ്നങ്ങൾ ചർച്ചചെയ്യുവാനും എനിക്ക് അവസരം ലഭിച്ചിട്ടുണ്ട്.

പദ്മശ്രീ, പദ്മഭൂഷൺ, പദ്മവിഭൂഷൺ എന്നിങ്ങനെ നിരവധിയായ പുരസ്കാരങ്ങൾ അദ്ദേഹത്തെ തേടിയെത്തി. അവയൊക്കെ സ്വീകരിക്കാൻ അദ്ദേഹം തീർച്ചയായും അർഹനായിരുന്നു. അദ്ദേഹത്തിൻ്റെ ആത്മാവിന് നിത്യശാന്തി നേടുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നു.

ആർച്ചുബിഷപ് ജോസഫ് പെരുന്തോട്ടം
ചങ്ങനാശേരി അതിരൂപതാ മെത്രാപ്പോലീത്ത

നിങ്ങൾ വിട്ടുപോയത്