സീറോ മലബാർ സഭയിലെഎറണാകുളം അങ്കമാലി അതിരൂപതയുടെ പേപ്പൽ ഡെലിഗേറ്റ് ആർച്ച് ബിഷപ്പ് മാർ സിറിൽ വാസിലിനോട് സഹഹകരിക്കുവാനും ഒരുമിച്ചു നടക്കാൻ പരിശ്രമിക്കുകയും വേണമെന്ന് സീറോ മലബാർ സഭ അൽമായ ഫോറം സെക്രട്ടറി ശ്രീടോണി ചിറ്റിലപ്പിള്ളി പ്രസ്താവിച്ചു .
പ്രസ്താവനയുടെ പൂർണ്ണരൂപം താഴെ ചേർക്കുന്നു .
“നമ്മൾ എല്ലാവരും സീറോ മലബാർ സഭയുടെ ആരാധനാക്രമത്തെക്കുറിച്ചും പാരമ്പര്യങ്ങളെക്കുറിച്ചും അവധാനതയോടെ പഠിക്കുകയും അവസരോചിതമായി അവതരിപ്പിക്കുകയും ചെയ്യുന്നത് നല്ലതാണ്.എന്നാൽ തന്റെ ആശയങ്ങൾ ഐക്യത്തേക്കാളേറെ അനൈക്യത്തിന് കാരണമാകുന്നുവെന്ന് തിരിച്ചറിയുമ്പോഴെങ്കിലും വിട്ടുവീഴ്ചകൾക്ക് തയ്യാറാവാൻ മിശിഹായുടെ പുരോഹിതരും വിശ്വാസികളും ശ്രമിക്കേണ്ടതുണ്ട്.
പ്രാദേശികചിന്തകൾ മറന്ന് ഐക്യത്തിന് നിദാനമാകുന്ന പ്രായോഗികമായ തീരുമാനങ്ങൾക്ക് മുൻതൂക്കം കൊടുക്കാനാണ് സഭയെ സ്നേഹിക്കുന്നവർ ശ്രമിക്കേണ്ടത്. മറ്റ് വഴികളൊന്നും തന്നെ സീറോ മലബാർ സഭക്ക് മുന്നിൽ ശേഷിക്കുന്നില്ല എന്ന് നാം മനസിലാക്കണം.
സീറോ മലബാർ സഭയുടെ തനിമയും സ്വത്വവും നിർമ്മിക്കപ്പെടേണ്ട ആരാധനയിലെ ഐക്യരൂപ്യം എന്നത് കാലം നമ്മിൽ നിന്നും ആവശ്യപ്പെടുന്ന അനിവാര്യമായ വിട്ടുകൊടുക്കലും വീണ്ടെടുക്കലുമാണ്.ഇനിയും വൈദികരും വിശ്വാസികളും തമ്മിൽ ചേരിതിരിഞ്ഞ് ബഹളം വെക്കുന്നത് കൊണ്ട് സീറോ മലബാർ സഭയുടെ കുർബാനക്രമത്തിൽ മാറ്റം വരുവാനോ സഭയിൽ ഐക്യമുണ്ടാകാനോ പോകുന്നില്ല.
സീറോ മലബാർ സഭയുടെ തനിമയെ വിളിച്ചോതേണ്ട ആരാധനാക്രമം നമ്മുടെ ഓരോ പള്ളിയിലും ഓരോന്നായിരിക്കുന്നതിലെ അനൗചിത്യം ആർക്കും മനസ്സിലാക്കാവുന്നതേയുള്ളൂ.മിശിഹായുടെ നാമത്തിൽ ഒരു മനസ്സോടെയും ഒരു ചിന്തയോടെയും നമുക്ക് ഒരുമിച്ച് പ്രാർത്ഥിക്കാൻ സാധിച്ചില്ലെങ്കിൽ എങ്ങിനെ ക്രിസ്ത്യാനിയെന്ന് പറഞ്ഞു നടക്കാൻ ആകും?
ഇപ്പോൾ ആരാധനാക്രമകാര്യങ്ങളിൽ പരിശുദ്ധ സിംഹാസനത്തിന്റെ പ്രതിനിധിയായി അഭിവന്ദ്യ ആർച്ച് ബിഷപ്പ് സിറിൾ വാസിൽ പിതാവിനെ അയച്ചിരിക്കുന്ന അവസരത്തിൽ അദ്ദേഹത്തോട് കൂടി ചേർന്ന് കൊണ്ട് നമുക്ക് മുന്നോട്ട് പോകാൻ സാധിക്കണം.എത്രയും വേഗം സീറോ മലബാർ സഭയുടെ തനിമയെ നിലനിർത്തുന്ന ഏകീകൃതമായൊരു ആരാധനാക്രമവും അതുവഴിയായി ഒരുമിച്ചു ദൈവത്തെ ആരാധിക്കുന്ന ഒരു മനസ്സുള്ള ആരാധനാസമൂഹവും രൂപപ്പെടുവാൻ നാം ഒരുമിച്ച് പ്രാർത്ഥിക്കണം,സഹകരിക്കണം,പരിശ്രമിക്കണം.“