വളരെ അപൂർവമായി മാത്രമാണ് സീറോ മലബാർ സഭയിൽ ഇപ്പോൾ നിലനില്ക്കുന്ന പ്രതിസന്ധിയേക്കുറിച്ച് ഞാൻ ഇവിടെ കുറിച്ചിട്ടുള്ളത്.

കാരണം സഭയുടെ ആരാധനക്രമത്തെ സോഷ്യൽമീഡിയായിൽ യുദ്ധംവെട്ടേണ്ട വിഷയമാക്കി മാറ്റുന്നത് ഒരിക്കലും സഭ്യമല്ല എന്ന വിശ്വാസമാണ് എനിക്കുള്ളത്. പ്രശ്നപരിഹാരത്തിനായി സഭയും സിനഡും മാർപ്പാപ്പായുമടക്കം നിരവധി ശ്രമങ്ങൾ നടത്തിയെങ്കിലും അതിനെയെല്ലാം തികച്ചും സ്നേഹരഹിതവും കൂട്ടായ്മാവിരുദ്ധവുമായ നിലപാടുകളിലൂടെ നിഷ്ഫലമാക്കിത്തീർത്ത എറണാകുളത്തേയ്ക്ക് അവസാനശ്രമമെന്നതുപോലെ ഇപ്പോൾ മാർപ്പാപ്പയുടെ ഡലഗേറ്റ് എത്തുകയും പ്രവർത്തനമാരംഭിക്കുകയും ചെയ്തിരിക്കുകയാണ്.

എന്നാൽ കഴിഞ്ഞ ദിവസം അദ്ദേഹം നല്കിയ സർക്കുലർ ഇടവകകളിൽ വായിക്കാതെയും ഇന്ന് മാധ്യമങ്ങൾക്കുമുമ്പിൽ തങ്ങളുടെ സ്ഥിരം പല്ലവി ആവർത്തിച്ചും തീർത്തും നിരാശാജനകമായി എറണാകുളത്തെ അച്ചന്മാർ പ്രതികരിക്കുന്നതു കണ്ടതുകൊണ്ടുമാത്രം ചില കാര്യങ്ങൾ കുറിക്കട്ടെ.

സംഘടിതശക്തിയുടെയും മാധ്യമപിന്തുണയുടെയും ഒപ്പം, സഭാധികാരികളുടെ തീരുമാനമില്ലായ്മയുടെയുമെല്ലാം പിൻബലത്തിൽ എറണാകുളത്തെ അച്ചന്മാരും കുറേ അല്മായരും നാളുകളായി നടത്തിക്കൊണ്ടിരിക്കുന്ന വിശ്വാസരഹിതവും സഭാവിരുദ്ധവുമായ വിഘടനപ്രവർത്തനങ്ങൾ സഭയുടെ വിശ്വാസജീവിതത്തിലുണ്ടാക്കിയിരിക്കുന്ന ഭവിഷ്യത്ത് എത്ര വലുതാണെന്ന് നാം മനസിലാക്കിക്കൊണ്ടിരിക്കുകയാണ്.

ആരാധനക്രമവിഷയങ്ങളെക്കുറിച്ചു ചുക്കും ചുണ്ണാമ്പുമറിയാത്തവർ മാർപ്പാപ്പ അർപ്പിക്കുന്ന ജനാഭിമുഖകുർബാനയാണ് ഞങ്ങൾക്കു വേണ്ടതെന്നു പണ്ഡിതന്മാരെപ്പോലെ പ്രഖ്യാപിക്കുന്നതു കാണുമ്പോൾ സഹതാപം തോന്നാറുണ്ട്.

ആരാധനക്രമപരമായ വിവരമില്ലായ്മ ഒരു പാപമായി കണക്കാക്കേണ്ടതില്ലെങ്കിലും ഇക്കാര്യത്തിൽ ഒരു മിനിമം വിദ്യാഭ്യാസംപോലും അവിടുത്തെ നേതാക്കന്മാരായ അച്ചന്മാർക്കില്ലെന്നുള്ളത് ദയനീയംതന്നെ.

യഥാർത്ഥത്തിൽ എങ്ങോട്ടു തിരിഞ്ഞു നിന്നു വി. കുർബാനയർപ്പിക്കണമെന്നതാണോ എറണാകുളത്തെ പ്രശ്നം…?

പൂർണ ജനാഭിമുഖ കുർബാന അനുവദിച്ചാൽ അവർ സീറോമലബാർ സഭയോടും സഭാസിനഡിനോടും ചേർന്നു നില്ക്കുമോ…?

നിർഭാഗ്യവശാൽ ഈ രണ്ടുചോദ്യങ്ങളുടെയും ഉത്തരങ്ങൾ പ്രതീക്ഷാജനകമല്ല എന്നതാണ് യാഥാർത്ഥ്യം.ഇങ്ങനെയൊരു കാഴ്ചപ്പാട് ഞാനവതരിപ്പിക്കുന്നതിന്റെ കാരണങ്ങൾ പറയാം

.

1. സീറോമലബാർ സഭാസിനഡ് കൂദാശകളുടെ തക്സാ നവീകരിച്ച് പ്രസിദ്ധീകരിച്ചത് 2005 ജനുവരി 6-ാം തീയതിയാണ്. എന്നാൽ എറണാകുളം അങ്കമാലി അതിരൂപതയിൽ ഇതുവരെ കൂദാശകളുടെ പുതിയ തക്സാ പൂർണമായ രീതിയിൽ ഉപയോഗിച്ചു തുടങ്ങിയിട്ടില്ല. പുതിയ തക്സാ പ്രസിദ്ധീകരിച്ചപ്പോൾ പതിവനുസരിച്ച്, ഇതിനുമുമ്പുള്ള കർമ്മക്രമം ഇനിമുതൽ അസാധുവായിരിക്കുമെന്ന കുറിപ്പോടുകൂടിയാണ് അത് പ്രസിദ്ധീകരിച്ചിരിക്കുന്നത്. അതായത് കൂദാശകളുടെ കർമ്മത്തിന് പുതിയ തക്സായിലെ ക്രമം ഉപയോഗിക്കാത്തവർ കഴിഞ്ഞ 18 വർഷങ്ങളായി അസാധുവാക്കപ്പെട്ട കർമ്മക്രമമാണ് അനുഷ്ഠിച്ചുകൊണ്ടിരിക്കുന്നത്.

2. സീറോമലബാർ ബിഷപ്സ് കോൺഫറൻസ് 1986 -ൽ പ്രസിദ്ധീകരിച്ച സഭയുടെ യാമപ്രാർത്ഥനകൾ, തങ്ങൾ ശത്രുപക്ഷത്തു നിറുത്തിയ ഒരു മെത്രാന്റെ സൃഷ്ടിയാണെന്നാരോപിച്ച് എറണാകുളം അങ്കമാലി അതിരൂപത ഉപേക്ഷിക്കുകയും ബഹു. ആബേലച്ചൻ തയ്യാറാക്കിയ പ്രാർത്ഥനാ പുസ്തകം ഇപ്പോഴും ഉപയോഗിക്കുകയും ചെയ്യുന്നു.

കഴിഞ്ഞ വർഷം സീറോ മലബാർ സിനഡ് നവീകരിച്ച് പ്രസിദ്ധീകരിച്ച യാമപ്രാർത്ഥനകൾ എറണാകുളത്ത് എവിടെയെങ്കിലും ഉപയോഗിക്കപ്പെടുന്നുണ്ടോയെന്ന് സംശയമാണ്.

3. സഭയുടെ കാനോനിക നിയമങ്ങളാണ് സഭാഗാത്രത്തെ ഐക്യത്തോടെയും അച്ചടക്കത്തോടെയും നീതിനിഷ്ടമായും ക്രമാനുഗതമായും മുമ്പോട്ടു പോകുവാൻ സഹായിക്കുന്നത്. എന്നാൽ കഴിഞ്ഞ കുറേ നാളുകളായി സഭാനിയമങ്ങളെ എത്രമാത്രം ലാഘവത്തോടെയും പുശ്ചത്തോടെയുമാണ് എറണാകുളത്തെ മെത്രാന്മാരും അച്ചന്മാരും കുറേ അല്മായരും ധിക്കരിക്കുകയും തങ്ങളുടെ താല്പര്യങ്ങൾക്കനുസരിച്ച് വളച്ചൊടിക്കുകയും ചെയ്യുന്നത്…!

4. എതാണ്ട് കാൽ നൂറ്റാണ്ടുമുമ്പ് സഭയിലെ വി.കുർബാനയർപ്പണത്തിൽ ഏകീകരണമുണ്ടാകാനാഗ്രഹിച്ച് വ്യക്തിപരമായ ബോധ്യങ്ങളും താല്പര്യങ്ങളും മാറ്റിവച്ച് രൂപീകരിച്ച ‘സിനഡുകുർബാന’ ഒരു ദിവസംപോലും അനുഷ്ഠിക്കാതെ തീരുമാനം അട്ടിമറിക്കാൻ നേതൃത്വം നല്കിയതും എറണാകുളം അങ്കമാലി അതിരൂപതയാണ്.

5. ഇപ്പോൾ, വി.കുർബാനയുടെ നവീകരിച്ച തക്സാ തങ്ങൾ ഉപയോഗിക്കുന്നുണ്ടെന്നും കുർബാനയർപ്പണത്തിൽ പുരോഹിതന്റെ സ്ഥാനംമാത്രമാണ് തങ്ങളുടെ പ്രശ്നമെന്നും എറണാകുളം അങ്കമാലി രൂപതയിലെ അച്ചന്മാർ ആണയിടുമ്പോഴും എത്ര അച്ചന്മാർ തക്സായിലെ പ്രാർത്ഥനകളോടും ഗീതങ്ങളോടും വിശ്വസ്തത പുലർത്തുന്നുണ്ട് എന്ന ചോദ്യം പ്രസക്തമാണ്. കൂടാതെ ഇപ്പോഴും ‘മരിച്ചവർക്കുവേണ്ടിയുള്ള റാസക്രമം’ പോലെ മറ്റു രൂപത്തിലുള്ള കുർബാനക്രമങ്ങൾ അവിടെ നിലനില്ക്കുന്നുണ്ടെന്നതും വാസ്തവമാണ്.

ചുരുക്കത്തിൽ സഭയുടെ അടിസ്ഥാനങ്ങളായ വി. കുർബാന, കൂദാശകൾ, യാമപ്രാർത്ഥനകൾ, കാനോനിക നിയമങ്ങൾ എന്നിവയോട് കാലങ്ങളായി തന്നിഷ്ടപ്രകാരമുള്ള നിലപാടുകൾ സ്വീകരിക്കുകയും സഭയുടെ കൂട്ടായ്മയിൽനിന്ന് വിഘടിച്ചു നില്ക്കുകയുമാണ് എറണാകുളം അങ്കമാലി അതിരൂപത. അപ്പോൾപ്പിന്നെ ജനാഭിമുഖ കുർബാന അനുവദിക്കാത്തതാണ് അവിടുത്തെ പ്രതിസന്ധിയുടെ കാരണമെന്നു പറയുന്നതിൽ എന്തർത്ഥമാണുള്ളത്…?

ഒരു പ്രാദേശികസഭയെന്ന നിലയിൽ ഈ രൂപത ഇത്രയും വഷളായിപ്പോയതിന് അവരെ മാത്രം കുറ്റപ്പെടുത്തുന്നതിൽ അർത്ഥമില്ല.

വിശ്വാസികൾക്കു ശരിയായ മതബോധനം നല്കുന്നതിനു പകരം സ്വാർത്ഥ താല്പര്യങ്ങളോടെ കള്ളങ്ങൾ പറഞ്ഞു പഠിപ്പിച്ച അവിടുത്തെ അച്ചന്മാരും സഭയോടു ചേർന്നുനിന്നു പ്രാർത്ഥിക്കാതെയും കൂദാശകൾ അനുഷ്ഠിക്കാതെയും വി. കുർബാന അർപ്പിക്കാതെയുമിരുന്ന വൈദികരെ തിരുത്താതിരുന്ന അവിടുത്തെ മെത്രാന്മാരും മാത്രമല്ല വിചാരണചെയ്യപ്പെടേണ്ടവർ…

സിനഡ് പ്രസിദ്ധീകരിച്ച കൂദാശകളുടെ കർമ്മക്രമം കഴിഞ്ഞ 18 വർഷങ്ങളായി ഉപയോഗിക്കാതിരുന്നിട്ടും അതിൽ യാതൊരു സഭാവിരുദ്ധതയും കാണാതിരുന്ന മേജർ ആർച്ചുബിഷപ്പുമാരും സിനഡുപിതാക്കന്മാരും അതിനുത്തരവാദികളാണ്.

ഇത്രയും ഗുരുതരമായ ഒരു പ്രതിസന്ധിയെ ജനാഭിമുഖ കുർബാനയാണ് പ്രശ്നമെന്നവതരിപ്പിച്ച് നിസാരവത്ക്കരിക്കാൻ കൂട്ടുനില്ക്കുന്നവരൊക്കെ ഇതിൽ പ്രതികളാണ്. കാലാകാലങ്ങളിൽ ഉത്തരവാദിത്വപ്പെട്ടവർ സഭാനിയമത്തിന്റെ പിൻബലത്തോടെ ഉചിതമായ തീരുമാനങ്ങളെടുത്തിരുന്നെങ്കിൽ ഈ വഷളത്തരം ഇത്രയും വലുതാകില്ലായിരുന്നു. സൽപ്പേരു രാമൻകുട്ടിമാരായി ജീവിച്ചുമരിക്കാൻ ആഗ്രഹിക്കുന്നവർ സഭാശുശ്രൂഷയുടെ തലപ്പത്തുവരുമ്പോഴുണ്ടാകുന്ന ദുര്യോഗമാണ് ഇന്ന് സഭ അനുഭവിച്ചുകൊണ്ടിരിക്കുന്നത്.

എറണാകുളം അങ്കമാലി അതിരൂപതയിൽ സഭയോട് ചേർന്നുനിൽക്കാൻ ആഗ്രഹിക്കുന്ന ദൈവജനത്തെയും തെറ്റിദ്ധരിപ്പിക്കപ്പെട്ടു വിഘടിച്ചു നിൽക്കുന്ന ദൈവജനത്തെയും ഓർത്ത് ഇനിയങ്കിലും നിസംഗത വെടിയാൻ സഭയിലെ ഓരോ മെത്രാനും തയ്യാറായിരുന്നെങ്കിൽ ...

ഈ കുറിപ്പവസാനിപ്പിക്കുന്നതിനുമുമ്പ് ഒരാളെക്കൂടി അനുസ്മരിച്ചില്ലെങ്കിൽ അതൊരു കുറവാകും.

40 വർഷങ്ങൾ സീറോ മലബാർ സഭയുടെ ലിറ്റർജിക്കൽ കമ്മീഷനിൽ അംഗമായിരിക്കുകയും 20 വർഷത്തോളം അതിന്റെ സെക്രട്ടറിയെന്ന സുപ്രധാനമായ ഉത്തരവാദിത്വം നിർവഹിക്കുകയും ആയിരക്കണക്കിനു വൈദികരെയും സമർപ്പിതരെയും കുറേ മെത്രാന്മാരെയും പഠിപ്പിക്കുകയും ചെയ്തിട്ടുണ്ടെന്ന് അഭിമാനിക്കുന്ന ബഹു. ആന്റണി നരികുളം അച്ചനാണത്.

വി.കുർബാനയുടെയും കൂദാശകളുടെയും യാമപ്രാർത്ഥനകളുടെയുമെല്ലാം നവീകരണത്തിൽ ആദ്യന്തം ആത്മാർത്ഥതയോടെ പങ്കെടുത്തയാളാണ് അച്ചനെന്ന് എനിക്ക് വ്യക്തിപരമായി അറിയാം.

ആരാധനക്രമപണ്ഡിതനായ അച്ചന് വി.കുർബാനയുടെ കൂട്ടായ്മ എന്താണെന്നും അതെപ്രകാരമാണ് സഭയെ പടുത്തുയർത്തുന്നതെന്നും എത്രമാത്രം ബോദ്ധ്യമുണ്ടെന്ന് അദ്ദേഹം പഠിപ്പിച്ച ശിഷ്യന്മാരിൽനിന്ന് ഞാൻ അറിഞ്ഞിട്ടുണ്ട്. അതിന്റെ പശ്ചാത്തലത്തിൽ, എറണാകുളം അങ്കമാലി രൂപതയിലെ വൈദികരെയും ദൈവജനത്തെയും ശരിയായ മാർഗം പഠിപ്പിക്കാനും സഭാകൂട്ടായ്മയോടു ചേർന്നു നില്ക്കാൻ അവരെ പ്രചോദിപ്പിക്കാനും ഏറ്റവും കൂടുതൽ കടമയും സാഹചര്യവുമുണ്ടായിരുന്നയാളാണ് ഞാൻ ഗുരുതുല്യനായി കണ്ടിരുന്ന ബഹു. നരികുളം അച്ചൻ.

എന്നാൽ ചുറ്റുമുയരുന്ന ആരവങ്ങൾ ആസ്വദിച്ചുകൊണ്ട് സ്വന്തം മനസാക്ഷിക്കു വിരുദ്ധമായി കള്ളങ്ങൾക്കു കൂട്ടുനില്ക്കുന്ന അച്ചനെയാണ് കുറച്ചു ദിവസങ്ങൾക്കുമുമ്പ് മാധ്യമങ്ങളിൽ കണ്ടത്. കൂടാതെ ഇറ്റാലിയൻ ഭാഷ ഗ്രാഹ്യമല്ലാതിരുന്ന അഭിവന്ദ്യ കരിയിൽ പിതാവിന്റെകൂടെ റോമിനുപോയി പിതാവിനെ ഇപ്പോൾ ആയിരിക്കുന്ന അവസ്ഥയിലേക്ക് തള്ളിവിട്ടതും നരികുളം അച്ചനാണെന്ന് പറഞ്ഞുകേൾക്കുന്നുണ്ട്. എന്നാൽ ഞാൻ അത് വിശ്വസിക്കുന്നില്ല. കാരണം ഇത്രയും ക്രൈസ്തവ വിരുദ്ധവും മനസ്സാക്ഷിയില്ലാത്തതുമായ നടപടി വന്ദ്യവയോധികനായ അച്ചന്റെ ഭാഗത്തുനിന്നും ഉണ്ടാകുമെന്ന് ഞാൻ കരുതുന്നില്ല. ഏതായാലും ബഹു. നരികുളം അച്ചൻ വല്ലാതെ നിരാശപ്പെടുത്തിക്കളഞ്ഞു…

ദൈവമൊരുക്കുന്ന എല്ലാ വഴികളെയും യാതൊരു മനസാക്ഷിക്കടിയുമില്ലാതെ അടച്ചുകളയുന്നവരെ ഇനി ദൈവത്തിനുപോലും സഹായിക്കാൻ പറ്റുമെന്നു തോന്നുന്നില്ല…

ഫാ.സെബാസ്റ്റ്യൻ മുതുപ്ലാക്കൽ

ഇനിയുമെത്ര കള്ളങ്ങൾ പറഞ്ഞാലാണ്…?______________________________കഴിഞ്ഞ ദിവസം ബഹുമാനപ്പെട്ട ജസ്റ്റീസ് കുര്യൻ ജോസഫിനു ഞാൻ നല്കിയ പ്രതികരണത്തിൽ ഇരിങ്ങാലക്കുടയിൽ നടന്ന മേജർആർക്കി എപ്പിസ്കോപ്പൽ അസംബ്ലിയിൽ വി.കുർബാനയർപ്പണത്തിൽ ഏകീകരണം വേണമെന്ന ആവശ്യമുണ്ടായി എന്നു കുറിച്ചതു പച്ചക്കള്ളമാണെന്നു പറഞ്ഞുകൊണ്ട് ഒരു അജ്ഞാതന്റെ വോയ്സ്നോട്ട് പ്രചരിക്കുന്നുണ്ട്.

അസംബ്ലിയിൽ പങ്കെടുത്തെന്ന അവകാശവാദത്തോടെ അദ്ദേഹം പറയുന്നത് വി.കുർബാനയെക്കുറിച്ച് ഒരു ചർച്ചയും അവിടെ നടന്നിട്ടില്ല എന്നാണ്. എന്നാൽ അസംബ്ലിക്കുശേഷം പ്രസിദ്ധീകരിച്ച അജപാലനപ്രബോധനത്തിന്റെ 15-ാം നമ്പറിൽ പറഞ്ഞിരിക്കുന്നത് താഴെ നല്കുകയാണ്.

“കഴിഞ്ഞ മൂന്ന് മേജർ ആർക്കി എപ്പിസ്കോപ്പൽ അസംബ്ലികളിൽ വന്ന ഏക കണ്ഠമായ അഭിപ്രായമാണ് നമ്മുടെ സഭയിൽ പൂർണമായ ഐക്യം എല്ലാ തലങ്ങളിലും വിശിഷ്യാ, ആരാധനക്രമത്തിൽ ഉണ്ടാകണമെന്നത്. ഇക്കഴിഞ്ഞ അസംബ്ലിയുടെ നിർദേശം ഇപ്രകാരമാണ്. ‘ലിറ്റർജിയിൽ ഐക്യവും അതിന്റെ സാരാംശങ്ങളിൽ ഐക്യരൂപ്യവും നിലനിർത്താൻ അസംബ്ലി സീറോമലബാർ സഭ മുഴുവനോടും അഭ്യർത്ഥിക്കുന്നു.’(അസംബ്ലിയുടെ പ്രസ്താവന, പൊതുനിർദേശങ്ങൾ, നമ്പർ 5). സഭയിലാകമാനം ഈ നിർദേശം നടപ്പിലാക്കാനുള്ള ആഗ്രഹവും ശക്തമാണ്. അനുകൂലമായ ഈ അന്തരീക്ഷം വേണ്ടവിധം പ്രയോജനപ്പെടുത്തിക്കൊണ്ട് സഭയെ പൂർണമായ ഐക്യത്തിലേയ്ക്കെത്തിക്കാൻ നമുക്കു പരിശ്രമിക്കാം. ഇനി നമുക്ക് ഐക്യത്തിന്റെ ഭാഷ മാത്രം സംസാരിക്കാം. വേറിട്ട് ചിന്തിച്ച് വേറിട്ട് നിൽക്കാനുള്ള പ്രേരണകളെ നമുക്ക് ഉപേക്ഷിക്കാം. അഭിപ്രായ വ്യത്യാസങ്ങളെ സമന്വയിപ്പിച്ച് സഭാമക്കളെല്ലാവരും ഒന്നിച്ച് മുന്നേറുന്ന ശൈലി നമുക്ക് അഭ്യസിപ്പിക്കാം. ഐക്യം ദൈവത്തിന്റെ ദാനമാണ്. പ്രാർത്ഥനാപൂർവം അതു സ്വീകരിക്കാനും പ്രാവർത്തികമാക്കാനും നമുക്കു പ്രതിജ്ഞാബദ്ധരാകാം.” 08-12 2022

നിങ്ങൾ വിട്ടുപോയത്