ജീവസമൃദ്ധിയുടെ സന്ദേശം സഭയിലും സമൂഹത്തിലും വിവിധ കർമപദ്ധതികളിലൂടെ പ്രചരിപ്പിക്കുവാൻ പ്രോലൈഫ് പ്രവർത്തനങ്ങൾക്കു സാധിക്കും .|ബിഷപ്പ് ഡോ. പോൾ ആന്റണി മുല്ലശ്ശേരി
കൊച്ചി: ഉദരത്തിൽ രൂപപ്പെട്ട മനുഷ്യജീവന്റെ ആരംഭം മുതൽ സ്വാഭാവിക മരണം വരെ ജീവന്റെ സംരക്ഷണത്തിനുവേണ്ടി ആത്മാർത്ഥമായി പരിശ്രമിക്കുന്നവരാണ് പ്രോലൈഫ് പ്രവർത്തകരെന്ന് ബിഷപ് മാർ സെബാസ്റ്റ്യൻ വാണിയപുരയ്ക്കൽ പറഞ്ഞു.
കെ.സി.ബി.സി. പ്രോലൈഫ് സമിതിയുടെ നേതൃത്വത്തിൽ പാലാരിവട്ടം പി.ഒ.സി.യിൽ നടന്ന പ്രോലൈഫ് നേതൃത്വ പരിശീലന പഠനശിബിരം “ഹുമാനെ വിത്തെ 2023″ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കൊലപാതകം, ക്രൂരമായ പീഡനം, ഗർഭഛിദ്രം, ആത്മഹത്യ, ലഹരിയുടെ അതിപ്രസരം എന്നിവ ക്രമാതീതമായി വർദ്ധിക്കുമ്പോൾ ജീവസമൃദ്ധിയുടെ സന്ദേശം സഭയിലും സമൂഹത്തിലും വിവിധ കർമപദ്ധതികളിലൂടെ പ്രചരിപ്പിക്കുവാൻ പ്രോലൈഫ് പ്രവർത്തനങ്ങൾക്കു സാധിക്കുമെന്ന് വിശുദ്ധ കുർബ്ബാന മധ്യേയുള്ള സുവിശേഷ സന്ദേശത്തിലൂടെ കെസിബിസി ഫാമിലി കമ്മീഷൻ ചെയർമാൻ റൈറ്റ് റവ. ഡോ. പോൾ ആന്റണി മുല്ലശ്ശേരി പറഞ്ഞു.
കെസിബിസി പ്രോലൈഫ് സമിതി സംസ്ഥാന പ്രസിഡന്റ് ജോൺസൺ ചൂരേപ്പറമ്പിൽ അധ്യക്ഷത വഹിച്ച ഉദ്ഘാടന ചടങ്ങിൽ കെസിബിസി ഡപ്യൂട്ടി സ്രെകട്ടറി ജനറൽ വെരി റവ. ഫാ. ജേക്കബ് ജി. പാലയ്ക്കാപ്പിള്ളി, കെസിബിസി പ്രോലൈഫ് സമിതി സംസ്ഥാന ഡയറക്ടർ റവ. ഡോ. ക്ലീറ്റസ് വർഗീസ് കതിർപ്പറമ്പിൽ. ജനറൽ സെക്രട്ടറി ജെയിംസ് ആഴ്ചങ്ങാടൻ, ആനിമേറ്റർമാരായ സാബു ജോസ്, സിസ്റ്റർ മേരി ജോർജ് എന്നിവർ പ്രസംഗിച്ചു. തുടർന്ന് നടന്ന വിവിധ പഠന പരിശീലന ക്ലാസുകളിൽ മേജർ സെമിനാരി റെക്ടറും തിയോളജിയനുമായ റവ. ഡോ. സ്കറിയ കന്യാകോണിൽ, ഗൈനക്കോളജിസ്റ്റ് ഡോ. ഫിന്റോ ഫ്രാൻസിസ്, സാമ്പത്തിക ശാസ്ത്ര വിദഗ്ധൻ ഡോ. കെ. എം. ഫ്രാൻസിസ്, ഡോ. ഫെലിക്സ് ജെയിംസ്, ഡോ. ഫ്രാൻസീസ് ജെ ആരാടൻ. ജെസ്ലിൻ ജോ, യുഗേഷ് പുളിക്കൻ എന്നിവർ വിവിധ വിഷയങ്ങളിൽ സംസാരിച്ചു.
സ്ത്രീകൾക്കും കുഞ്ഞുങ്ങൾക്കും എതിരെ കേരളത്തിൽ വർധിച്ചുവരുന്ന പീഡനങ്ങൾ, കൊലപാതകങ്ങളും കൊലപാതകശ്രമങ്ങളും വർധിക്കുന്നത്, നിസാര കാരണങ്ങളുടെ പേരിൽ ആത്മഹത്യയ്ക്കു ശ്രമിക്കുന്നവരുടെ എണ്ണം വർധിക്കുന്നത്, എട്ടു മാസം പിന്നിട്ട് ഉദരത്തിൽ പൂർണവളർച്ചയെത്തിയ കുഞ്ഞുങ്ങളുടെ ജീവൻ നശിപ്പിക്കുന്നത് കൊലപാതകമാണെന്ന് തിരിച്ചറിയാത്തവരുടെ എണ്ണം കൂടിക്കൊണ്ടിരിക്കുന്നത് തുടങ്ങിയവ ഈ കാലഘട്ടത്തിന്റെ വേദനകളാണെന്ന് സമ്മേളനം വിലയിരുത്തി.
മണിപ്പൂരിലടക്കം മനുഷ്യജീവൻ വംശഹത്യക്കു വിധേയമാക്കുമ്പോൾ ശക്തമായ നടപടികൾ ഉണ്ടാകണമെന്ന് സമ്മേളനം സർക്കാരിനോടപേക്ഷിച്ചു. മനുഷ്യജീവനെ ആദരിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന പ്രോലൈഫ് കൂട്ടായ്മകൾ ഗ്രാമങ്ങൾതോറും രൂപപ്പെടുത്തുവാൻ സമ്മേളനം തീരുമാനിച്ചു. കേരളത്തിലെ 32 കത്തോലിക്കാ രൂപതകളിൽ നിന്നുള്ള പ്രതിനിധികളും വൈദികരും സന്യസ്തരും പഠനശിബിരത്തിൽ പങ്കെടുത്തു.
ഫാ. ക്ലീറ്റസ് വർഗീസ് കതിർപറമ്പിൽ
സ്രെകട്ടറി, കെസിബിസി ഫാമിലി കമ്മിഷൻ
(ഫോട്ടോമാറ്റർ: കെ.സി.ബി. സി. പ്രോലൈഫ് സമിതിയുടെ നേതൃത്വത്തിൽ പാലാരിവട്ടം പിഒസിയിൽ നടന്ന പ്രോലൈഫ് നേതൃത്വ പരിശീലന പഠനശിബിരം “ഹുമാനെ വിത്തെ -2023″ ബിഷപ് മാർ സെബാസ്റ്റ്യൻ വാണിയപുരയ്ക്കൽ ഉദ്ഘാടനം ചെയ്യുന്നു. റവ. ഫാ. ജോക്കബ് ജി. പാലയക്കാപ്പിള്ളി, റവ. ഡോ. ക്ലീറ്റസ് വർഗീസ് കതിർപ്പറമ്പിൽ, റവ. ഡോ. സ്കറിയ കന്യാകോണിൽ, ജോൺസൺ ചൂരേപ്പറമ്പിൽ, ജെയിംസ് ആഴ്ചങ്ങാടൻ, ടോമി പ്ലാത്തോട്ടം, സാബുജോസ്, സിസ്റ്റർ മേരി ജോർജ്, മോൻസി ജോർജ്ജ്, ഡോ. ഫിന്റോ ഫ്രാൻസിസ്, ഡോ. ഫെലിക്സ് ജെയിംസ്, ഡോ. ഫ്രാൻസീസ് ജെ ആരാടൻ, ജെസ്ലിൻ ജോ, സെമിലി സുനിൽ തുടങ്ങിയവർ സമീപം.)