കൊച്ചി – കഴിഞ്ഞ ഏതാനും മാസങ്ങളായി മണിപ്പൂരിൽ നടന്നുകൊണ്ടിരിക്കുന്ന വംശഹത്യയിലും, പ്രത്യേകമായി ക്രിസ്ത്യൻ സമുദായത്തിന് നേരെ നടക്കുന്ന ആസൂത്രിതമായ ആക്രമണങ്ങളിൽ പ്രതിഷേധിച്ചും കത്തോലിക്ക കോൺഗ്രസ് എറണാകുളം – അങ്കമാലി അതിരൂപത സമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു .
അതിരൂപത പ്രസിഡന്റ് ഫ്രാൻസീസ് മൂലന്റെ അദ്യക്ഷതയിൽ കലൂർ റിന്യൂവൽ സെന്ററിൽ ചേർന്ന അതിരൂപത കേന്ദ്ര സമിതി യോഗത്തിന് ശേഷം നടന്ന പ്രതിഷേധ ജ്വാല അതിരൂപത ഡയറക്ടർ ഫാ. ആന്റണി പുതിയാപറമ്പിൽ ഉദ്ഘാടനം ചെയ്തു. കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ സമിതിയുടെ നേതൃത്വത്തിൽ ഇന്ത്യയിൽ ക്രൈസ്തവർക്ക് നേരെ നടക്കുന്ന അക്രമങ്ങൾക്ക് അറുതി വരുത്തുക , വന്യമൃഗ ശല്യത്തിന് ശാശ്വത പരിഹാരം കാണുക , കാർഷികോൽപ്പന്നങ്ങൾക്ക് ന്യായവില ഉറപ്പു വരുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ഇന്ത്യൻ പ്രധാനമന്ത്രിക്കും, കേന്ദ്ര ആഭ്യന്തര മന്ത്രിക്കും , കേരള മുഖ്യമന്ത്രിക്കും സമർപ്പിക്കുന്ന അഞ്ച് ലക്ഷം പേർ ഒപ്പിട്ട ഭീമഹർജിയുടെ എറണാകുളം – അങ്കമാലി അതിരൂപത തല ഉദ്ഘാടനവും നടന്നു .
എറണാകുളം – അങ്കമാലി അതിരൂപതയിലെ വിവിധ യൂണിറ്റുകളിൽ ഒപ്പുശേഖരണം നടത്തി ഗ്ലോബൽ സമിതിക്ക് കൈമാറും .
കത്തോലിക്ക കോൺഗ്രസ് എറണാകുളം – അങ്കമാലി അതിരൂപത ജനറൽ സെക്രട്ടറി സെബാസ്ററ്യൻ ചെന്നെക്കാടൻ , ട്രഷറൽ എസ്. ഐ. തോമസ് , ഗ്ലോബൽ സെക്രട്ടറി ബെന്നി ആന്റണി , ഭാരവാഹികളായ അഡ്വ. വർഗീസ് കോയിക്കര , ഡെന്നി തോമസ് , മേരി റാഫേൽ , ബേബി പൊട്ടനാനി , ജോൺസൺ പടയാട്ടിൽ, കെ.പി. പോൾ , ജോസ് ആന്റണി , ആന്റണി പാലമറ്റം , സെജോ ജോൺ , മാത്യു കണ്ണമ്പുഴ തുടങ്ങിയവർ പ്രസംഗിച്ചു.