ദിവ്യകാരുണ്യ വിചാരങ്ങൾ 4
ദിവ്യകാരുണ്യം : എല്ലാ പ്രശ്നങ്ങൾക്കുമുള്ള ഏക ഉത്തരം
ഇംഗ്ലീഷ് സാഹിത്യകാരനും തത്വചിന്തകനും ക്രിസ്റ്റ്യൻ അപ്പോളജിസ്റ്റുമായ ഗിൽബർട്ട് കീത്ത് ചെസ്റ്റർട്ടൺ (ജി. കെ. ചെസ്റ്റർട്ടൺ) ചർച്ച് ഓഫ് ഇംഗ്ലണ്ടിലാണ് മാമ്മോദീസാ സ്വീകരിച്ചത്. കത്തോലിക്കാ സഭയുടെ തത്വസംഹിതകളിൽ ആകൃഷ്ടനായ ചെസ്റ്റർട്ടൺ 1922 ൽ കത്തോലിക്കാ സഭയിൽ അംഗമായി. കത്തോലിക്കാ സാഹിത്യ പുനര്‍ജ്ജീവനത്തിൻ്റെ (The Catholic literary Revival) ഭാഗമായിരുന്നു അദ്ദേഹം. 1860 മുതൽ 1960 വരെ ഒരു നൂറ്റാണ്ടോളം ഇംഗ്ലണ്ടിലെയും ഫ്രാൻസിലെയും പ്രമുഖ സാഹിത്യകാരന്മാർക്കിടയിൽ കത്തോലിക്കാ വിഷയങ്ങളോടും തത്വസംഹിതകളോടും വ്യക്തമായ വിധേയത്വം പ്രകടിപ്പിച്ചിരുന്നു ഈ പ്രസ്ഥാനം അക്കാലഘട്ടത്തിൽ ക്രിസ്തീയ ധാർമ്മിക മൂല്യങ്ങൾ പാശ്ചാത്യലോകത്തു പ്രചരിപ്പിക്കുന്നതിൽ ചെയ്ത സംഭാവനകൾ ചെറുതല്ല.
ഒരിക്കൽ ജി. കെ. ചെസ്റ്റർട്ടണു “ക്രിസ്തു ഇന്ന് ഭൂമിയിലായിരുന്നെങ്കിൽ ആധുനിക പ്രശ്നങ്ങൾ എങ്ങനെ അവൻ പരിഹരിക്കുമായിരുന്നു?” എന്ന ഒരു ചോദ്യം അഭിമുഖികരിക്കേണ്ടതായി വന്നു. അതിനു ആ സാഹിത്യ കുലപതി പറഞ്ഞ മറുപടി ഇപ്രകാരമായിരുന്നു: “ഈ ചോദ്യത്തിന് ഞാൻ ഉത്തരം നൽകുകയാണങ്കിൽ വളരെ വ്യക്തമായി ഞാൻ പറയും ; എൻ്റെ വിശ്വാസം ജീവിക്കുന്നവർക്ക് ഒരേ ഒരു ഉത്തരമേയുള്ളു. ക്രിസ്തു ഇന്നു ഭൂമിയിലുണ്ട്, ലോകത്തിലുള്ള ആയിരക്കണക്കിനു ബലിപീഠങ്ങളിൽ അവൻ ഇന്നും ജീവിക്കുന്നു. ഈ ലോകത്തിൽ ആയിരുന്നപ്പോൾ അവൻ ചെയ്തതുപോലെ ആളുകളുടെ പ്രശ്നങ്ങൾ അവൻ ഇപ്പോഴും പരിഹരിക്കുന്നു. സ്വന്തം ഇഷ്ടപ്രകാരം അവനെ ശ്രവിക്കാൻ തയ്യാറാകുന്ന വ്യക്തികളുടെ പ്രശ്നങ്ങൾ അവൻ പരിഹരിക്കുന്നു.”
കത്തോലിക്കാ സഭയുടെ മതബോധന ഗ്രന്ഥം 1380 -ാം നമ്പറിൽ ഇങ്ങനെ പഠിപ്പിക്കുന്നു. “നമ്മെ സ്നേഹിക്കുകയും നമുക്കു വേണ്ടി തന്നെത്തന്നെ നൽകുകയും ചെയ്തവൻ എന്ന നിലയിൽ ക്രിസ്തു തൻ്റെ ദിവ്യകാരുണ്യ സാന്നിധ്യത്തിലൂടെ തൻ്റെ സ്നേഹത്തെ പ്രകടമാക്കുകയും ചെയ്യുന്ന സാദൃശ്യങ്ങളുടെ കീഴിൽ നിഗൂഢമായ വിധത്തിൽ നമ്മുടെ മദ്ധ്യേ വസിക്കുന്നു.”
“എന്റെ ആടുകള്‍എന്റെ സ്വരം ശ്രവിക്കുന്നു. എനിക്ക് അവയെ അറിയാം. അവ എന്നെ അനുഗമിക്കുന്നു.” (യോഹ 10 : 27).
ദിവ്യകാരുണ്യത്തിലൂടെ ഇന്നും ജീവിക്കുന്ന യേശുവിനെ ശ്രവിക്കാൻ സാധിച്ചാൽ മനുഷ്യജീവിതത്തിലെ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമുണ്ട്.
ഫാ. ജയ്സൺ കുന്നേൽ mcbs