വത്തിക്കാൻ സിറ്റി: 2025ൽ ആഗോള കത്തോലിക്കാ സഭ ജൂബിലീ വർഷമായി ആഘോഷിക്കുന്ന പശ്ചാത്തലത്തിൽ, ക്രിസ്തുവിനെപ്രതി ജീവത്യാഗം ചെയ്ത ഇക്കാലഘട്ടത്തിലെ രക്തസാക്ഷികളുടെ നാമാവലി തയാറാക്കാൻ പ്രത്യേക സമിതി രൂപീകരിച്ച് ഫ്രാൻസിസ് പാപ്പ. വിശുദ്ധരുടെ നാമകരണ നടപടികൾക്കായുള്ള വത്തിക്കാൻ ഡിക്കസ്റ്ററിയുടെ ഭാഗമായി രൂപംകൊടുത്ത സമിതിക്ക് ‘വിശ്വാസ സാക്ഷികളായ നവ രക്തസാക്ഷികൾക്കു വേണ്ടിയുള്ള കമ്മീഷൻ’ എന്നാണ് പേര് നൽകിയിരിക്കുന്നത്.കഴിഞ്ഞ 25 വർഷത്തിനിടെ ക്രിസ്തുവിശ്വാസത്തെപ്രതി അരുംകൊല ചെയ്യപ്പെട്ടവരുടെ വിവരങ്ങളാണ് ശേഖരിക്കുന്നത്.

എല്ലാ ക്രൈസ്തവ സഭകളിൽനിന്നുള്ള രക്തസാക്ഷികളെയും ഈ പുതിയ നാമാവലിയിൽ ഉൾപ്പെടുത്തുമെന്ന് പാപ്പ ഡിക്രിയിൽ വ്യക്തമാക്കി. 2000 ലെ മഹാജൂബിലിയിൽ റോമിലെ കൊളോസിയം വേദിയായ എക്യുമെനിക്കൽ ആഘോഷത്തിൽ രക്തസാക്ഷികളെ അനുസ്മരിച്ചതുപോലെ 2025 ലെ ജൂബിലിയിലും അവരെ പ്രത്യേകം അനുസ്മരിക്കും.

‘രക്തസാക്ഷികൾ ദൈവത്തിന്റെ മഹത്തായ ലക്ഷ്യം നേടാനുള്ള അജ്ഞാതരായ പടയാളികളാണ്,’ എന്ന വിശുദ്ധ ജോൺ പോൾ രണ്ടാമന്റെ വാക്കുകൾ ഉദ്ധരിച്ച പാപ്പ, ആദ്യനൂറ്റാണ്ടുകളിലേതിനു സമമായി ഇന്നും രക്തസാക്ഷികൾ തുടരുന്നുണ്ടെന്നും ചൂണ്ടിക്കാട്ടി. അതോടൊപ്പം, ഇന്ന് സഭയിൽ ക്രിസ്തുവിനു വേണ്ടി രക്തം ചിന്തുന്ന സാക്ഷികളായ സഹോദരങ്ങളുടെ മാഹാത്മ്യം എടുത്തു പറയുകയും ചെയ്തു.

‘സഭയിലെ രക്തസാക്ഷികൾ ക്രിസ്തുവിശ്വാസത്തിൽ നിന്നുള്ള പ്രത്യാശയുടെ സാക്ഷികളാണ്. ക്രിസ്തു പാപത്തെയും മരണത്തെയും തന്റെ ജീവത്യാഗത്താൽ കീഴടക്കിയതിനാൽ നന്മ എന്നത് തിന്മയേക്കാൾ ശക്തമാണെന്ന പ്രത്യാശയുടെ സന്ദേശമാണ് ഓരോ രക്തസാക്ഷിത്വവും നമുക്ക് പ്രദാനം ചെയ്യുന്നത്,’ പാപ്പ ഉദ്‌ബോധിപ്പിച്ചു.

ക്രൈസ്തവർ അപകടാവസ്ഥയിൽ തുടരുന്ന ഈ കാലഘട്ടത്തിൽ സഭാദേദമെന്യേ നമ്മെ എല്ലാവരെയും ഒന്നിപ്പിക്കുന്ന സ്‌നാനത്തിന്റെ ചൈതന്യം തിരിച്ചറിയേണ്ടത് അനിവാര്യമാണെന്നും പാപ്പ കൂട്ടിച്ചേർത്തു.

നിങ്ങൾ വിട്ടുപോയത്