ചില ദുക്റാന ചിന്തകൾ

ഒരു അപ്പസ്തോലൻ്റെ നാമത്തിൽ ലോകത്തിൽ അറിയപ്പെടുന്ന ഏക ക്രൈസ്തവ സഭാ വിഭാഗമായ മാർത്തോമ്മ നസ്രാണികളുടെ പുണ്യദിനമാണ്: ജൂലൈ 3- ദുക്റാന തിരുനാൾ.

മാർ തോമ്മാശ്ലീഹായുടെ വിശ്വാസ തീക്ഷ്ണതയിൽ രൂപപ്പെട്ട ഭാരത കത്തോലിക്കാ സഭ കഴിഞ വർഷം അവളുടെ പിതാവ് മാർത്തോമ്മാശ്ലീഹായുടെ രക്തസാക്ഷിത്വത്തിൻ്റെ 1950 വാർഷികം ആഘോഷിച്ചു.

പുതിയ നിയമത്തിൽ തോമാശ്ലീഹായെക്കുറിച്ച് എട്ടു പ്രാവശ്യം പരാമർശിച്ചിരിക്കുന്നു, അതിൽ നാലുവണ അപ്പസ്തോലന്മാരുടെ പട്ടികയിലാണ് (cf. മത്താ: 10: 3, മർക്കോ: 3:18, ലൂക്കാ: 6:15, അപ്പ 1:13). സമാന്തര സുവിശേഷങ്ങളിൽ തോമസ് എന്നത് ഒരു പേരിൽ ഒതുങ്ങിയെങ്കിൽ യോഹന്നാൻ്റെ സുവിശേഷത്തിൽ തോമാശ്ലീഹായുടെ ശിഷ്യത്വത്തെയും വ്യക്തിത്വത്തെപ്പറ്റിയുമുള്ള വിശദാശംങ്ങൾ കാണാൻ കഴിയും.

യോഹന്നാൻ്റെ സുവിശേഷത്തിൽ ഓരോ ക്രൈസ്തവൻ്റെയും സ്വഭാവത്തിൻ്റെ അവിഭാജ്യ ഘടകമായി തീരേണ്ട മൂന്നു നല്ല സ്വഭാവസവിശേഷതകൾ തോമാശ്ലീഹായിൽ നിന്നു കണ്ടെത്താൻ കഴിയും.

ഒന്നാമതായി താൻ എന്താണ് ചെയ്യേണ്ടതെന്ന് തോമാശ്ലീഹാ മനസ്സിലാക്കിയപ്പോൾ യാതൊന്നും അവനെ പിന്തിരിപ്പിച്ചില്ല. ഈശോയുടെ സ്നേഹിതനായ ലാസർ രോഗബാധിതനാണന്നറിഞ്ഞപ്പോൾ യൂദായായിലേക്കു മടങ്ങാനുള്ള തൻ്റെ ആഗ്രഹം ഈശോ പ്രകടിപ്പിച്ചു.

മരിക്കേണ്ടി വന്നാലും അവനെ അനുഗമിക്കുന്നതിൽ നിന്നു പിൻതിരിയരുത് എന്ന് തോമസ് മറ്റു ശിഷ്യന്മാരെ ഓർമ്മിപ്പിക്കുന്നു. “ദീദിമോസ്‌ എന്ന തോമസ്‌ അപ്പോള്‍ മറ്റു ശിഷ്യന്‍മാരോടു പറഞ്ഞു: അവനോടൊപ്പം മരിക്കാന്‍ നമുക്കും പോകാം.: ” (യോഹന്നാന്‍ 11 : 16). തോമാശ്ലീഹാ തൻ്റെ വാക്കുകൾക്കു ജീവിതം കൊണ്ടു സാക്ഷ്യം നൽകുന്നു.

രണ്ടാമതായി താൻ ചെയ്യേണ്ടത് എന്താണന്നു മനസ്സിലാക്കിയപ്പോൾ അത് എങ്ങനെയും ചെയ്യണമെന്ന് തോമാ ശ്ലീഹാ അടിയന്തരമായി തീരുമാനിക്കുന്നു. ഈശോയോടൊപ്പമുള്ള അവസാന പെസഹാ തിരുനാളിൽ തോമാശ്ലീഹാ തൻ്റെ അജ്ഞത പ്രകടിപ്പിക്കാൻ മടി കാണിക്കാതെ ചോദിക്കുന്നു : കര്‍ത്താവേ, നീ എവിടേക്കു പോകുന്നുവെന്നു ഞങ്ങള്‍ക്കറിഞ്ഞുകൂടാ. പിന്നെ വഴി ഞങ്ങള്‍ എങ്ങനെ അറിയും?(യോഹ 14 : 5) തോമസിൻ്റെ ഈ ചോദ്യം അവനെ സത്യത്തിൻ്റെയും വിവേകത്തിൻ്റെയും അന്വോഷകനാണ് എന്നു വെളിപ്പെടുത്തുന്നു. മൂന്നാമതായി, താൻ വിശ്വസിക്കേണ്ട കാര്യങ്ങൾ തോമസ് മനസ്സിലാക്കിയപ്പോൾ അത് തെളിയിക്കാൻ തോമസ് അതിയായി ആഗ്രഹിച്ചു.

ഉത്ഥാനത്തിനു ശേഷം ഈശോ പ്രത്യക്ഷപ്പെടുമ്പോൾ, മറ്റു ശിഷ്യൻമാർ കാണുമ്പോൾ തോമസ് അവിടെ എന്തു ഇല്ലായിരുന്നു ( യോഹ20: 24-24). ഈശോയുടെ മരണത്തിൽ വിലപിക്കാൻ ശാന്തമായ സ്ഥലത്തേക്കു തോമാ ശ്ലീഹാ സ്വയം ഉൾവലിഞ്ഞതാകാം എന്നു ചില വ്യാഖ്യാതാക്കൾ അഭിപ്രായപ്പെടുന്നു.

മറ്റു ശിഷ്യൻമാരിൽനിന്നും മഗ്ദലന മറിയത്തിൽനിന്നും ഈശോ പ്രത്യക്ഷപ്പെട്ടതിന്റെ വിവരണങ്ങൾ കേട്ടിട്ടും, അത് സംഭവിച്ചുവെന്ന് വിശ്വസിക്കാൻ അദ്ദേഹം വിസമ്മതിച്ചു.”അതുകൊണ്ടു മറ്റു ശിഷ്യന്‍മാര്‍ അവനോടു പറഞ്ഞു: ഞങ്ങള്‍ കര്‍ത്താവിനെ കണ്ടു. എന്നാല്‍, അവന്‍ പറഞ്ഞു: അവന്റെ കൈകളില്‍ ആണികളുടെ പഴുതുകള്‍ ഞാന്‍ കാണുകയും അവയില്‍ എന്റെ വിരല്‍ ഇടുകയും അവന്റെ പാര്‍ശ്വത്തില്‍ എന്റെ കൈ വയ്‌ക്കുകയും ചെയ്‌തല്ലാതെ ഞാന്‍ വിശ്വസിക്കുകയില്ല.”( യോഹ 20 : 25)

തോമാശ്ലീഹായുടെ സംശയത്തിനുള്ള കാരണത്തെക്കുറിച്ച് ബൈബിൾ നിശബ്ദമാണ്.

അവന്റെ സുഹൃത്തുക്കൾ അവനെ ആശ്വസിപ്പിക്കാൻ ശ്രമിക്കുകയാണെന്ന് അയാൾ കരുതിയിരിക്കാം. മറ്റു ശിഷ്യൻമാർക്കു കിട്ടിയ അതേ തെളിവുകൾ മാത്രമായിരുന്നു തോമാശ്ലീഹായ്ക്കും വേണ്ടത്. ഉയിർത്തെഴുന്നേറ്റ ഈശോയ കാണുന്നതുവരെ മറ്റ് ശിഷ്യന്മാരും വിശ്വസിച്ചിരുന്നില്ല (മർക്കോ 16:11-13; ലൂക്കാ. 24:11-12). മഹാനായ വിശുദ്ധ ഗ്രിഗറിയുടെ അഭിപ്രായത്തിൽ തോമസിന്റെ സംശയം, “വിശ്വാസികളായ ശിഷ്യന്മാരുടെ വിശ്വാസത്തേക്കാൾ നമ്മുടെ വിശ്വാസത്തിന് ഉപകാരപ്രദമായിരുന്നു, തോമസ് സ്പർശനത്തിലൂടെ വിശ്വാസത്തിലേക്ക് തിരികെ വരുമ്പോൾ, നമ്മുടെ മനസ്സ് സംശയങ്ങളിൽ നിന്ന് മുക്തമാവുകയും വിശ്വാസത്തിൽ ഉറപ്പിക്കുകയും ചെയ്യുന്നു. ”

സീറോ മലബാർ സഭ എന്ന വ്യക്തി സഭയെ (Individual Church) തനിമയിൽ നിലനിർത്തുന്ന അടിസ്ഥാന ഘടകം പിതാവായ തോമാശ്ലീഹായുടെ ക്രിസ്താനുഭവമാണ്.

ആ ക്രിസ്താനുഭവത്തിൻ്റെ സജീവ ഓർമ്മ നമ്മിൽ നിന്നു മങ്ങുമ്പോൾ അസ്വസ്ഥതകൾ രൂപപ്പെടുക സ്വഭാവികമാണ്. ചെക്ലോസ്ലോവാക്യൻ നോവലിസ്റ്റായ മിലാൻ കുന്ദേരാ (Milan Kundera) The Book of Laughter and Forgetting എന്ന ഗ്രന്ഥത്തിൽ “ഒരു ജനതയെ ഇല്ലാതാക്കാനുള്ള ആദ്യപടി അവരുടെ ഓർമ്മയെ ഇല്ലാതാക്കുകയാണന്നു ” പറയുന്നു. എൻ്റെ കർത്താവേ എൻ്റെ ദൈവമേ (യോഹ 20:28) എന്ന തോമാശ്ലീഹായുടെ സമ്പൂർണ്ണ സമർപ്പണ വാക്യം നമ്മുടെ വിശ്വാസ പൈതൃകത്തിൻ്റെ അമൂല്യ സമ്പത്താണ്. പിതാവിങ്കല്‍ എത്തിച്ചേരുവാനുള്ള പാത ഇശോ മിശിഹായാണന്നു വെളിപ്പെടുത്തിയ തോമ്മാശ്ലീഹായുടെ മാര്‍ഗ്ഗം ( Way of Thomas ) ഭാരത കത്തോലിക്കാ സഭയുടെ അംഗങ്ങളെന്ന നിലയിൽ അതിൻ്റെ തനിമയിലും പൈതൃകത്തിലും കാത്തുസൂക്ഷിക്കാനുള്ള ഒരു കടമ നമുക്കുണ്ട്.

തോമാശ്ലീഹായുടെ രക്തസാക്ഷിത്വത്തിൻ്റെ ഓർമ്മ നാം ആചരിക്കുമ്പോൾ പീഡിത ക്രൈസ്തവ സമൂഹങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കുവാനും അവരോടുള്ള ഐക്യദാർഢ്യത്തിൽ നിലനിൽക്കാനും ഓരോ ക്രൈസ്തവനു ഭാരിച്ച ഉത്തരവാദിത്വം ഉണ്ട്. ലോകരക്ഷകനായ ക്രിസ്തുവിനോടുള്ള സ്‌നേഹത്തെപ്രതി ലോകമെമ്പാടുമായി ഓരോ ദിനവും 16 ക്രൈസ്തവർ രക്തസാക്ഷികളാകുന്നുവെന്ന് പഠന റിപ്പോർട്ട്.

ക്രൈസ്തവ വിരുദ്ധ പീഡനങ്ങൾക്ക് ഇരയാകുന്നവരെ സഹായിക്കുന്ന സന്നദ്ധസംഘടനയായ ‘ഓപ്പൺ ഡോർസി’ന്റെ ‘വേൾഡ് വാച്ച് ലിസ്റ്റ് 2023’ആണ് നടുക്കുന്ന ഈ വിവരം വെളിപ്പെടുത്തുന്നത്. ക്രിസ്തീയ വിശ്വാസത്തെപ്രതി ഇക്കഴിഞ്ഞ വർഷം 5,621 പേർ രക്തസാക്ഷിത്വം വരിച്ചെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു, അതായത് ഓരോ ദിനവും ഏകദേശം 16പേർ! ക്രൈസ്തവ വിരുദ്ധ പീഡനം 30 വർഷത്തിനിടെ ഏറ്റവും ഉയർന്ന നിലയിലെത്തിയെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

ലോകത്ത് ഏറ്റവും കൂടുതൽ ക്രൈസ്തവർ പീഡിപ്പിക്കപ്പെടുന്നവരുടെ ലിസ്റ്റിൽ ഇന്ത്യ പതിനൊന്നാം സ്ഥാനത്താണന്നുള്ള വസ്തുത ആശങ്ക ജനിപ്പിക്കുന്നതാണ്. സൊമാലിയ, യെമൻ, എരിത്രിയ, ലിബിയ, നൈജീരിയ, പാക്കിസ്ഥാൻ, ഇറാൻ, അഫ്ഗാനിസ്ഥാൻ, സുഡാൻ എന്നിവയാണ് പട്ടികയിൽ ആദ്യ 10 സ്ഥാനത്തുള്ള രാജ്യങ്ങൾ. മണിപ്പൂരിൽ ഹൈന്ദവർ ഭൂരിപക്ഷമായ മെയ്‌തേയ് വിഭാഗവും ക്രൈസ്തവർ ബഹുഭൂരിപക്ഷമായ കുക്കി വിഭാഗവും തമ്മിൽ മെയ് മൂന്നിന് ആരംഭിച്ച് ഇപ്പോഴും തുടരുന്ന ആഭ്യന്തര കലാപത്തിൽ നൂറുകണക്കിന് ക്രിസ്ത്യൻ ദൈവാലയങ്ങളും സ്കൂളുകളും ഗ്രാമങ്ങളുമാണ് ഇതുവരെ തകർക്കപ്പെട്ടത്.

നൂറുകണക്കിന് ആളുകൾ അരുംകൊലയ്ക്കിരയായ മണിപ്പൂരിൽ ഏത് സമയത്തും ആക്രമിക്കപ്പെടുമെന്ന ഭീതിയിൽ ക്രൈസ്തവർ ജീവിക്കുമ്പോൾരക്തസാക്ഷിത്വം അത്ര ദൂരെയുള്ള ഒരു കാര്യമല്ല എന്ന ചിന്തയിൽ നിന്നുകൊണ്ടാകണം നാം ഇക്കൊല്ലം ദുക്റാന തിരുനാൾ ആഘോഷിക്കേണ്ടത്.

1977 സി. എം. ഐ സഭാംഗമായ ആബേലച്ചൻ എഴുതിയ ഭാരതം കതിരുകണ്ടു എന്നു തുടങ്ങുന്ന ഗാനത്തിൻ്റെ നാലുവരികളിൽ തോമ്മാശ്ലീഹായുടെ ജീവിതം നിഴലിച്ചു നിൽക്കുന്നു. ധൈര്യം പതഞ്ഞു നിന്ന ജീവിതംഗുരുവിൻ മനം കവർന്ന ജീവിതംപരസേവനം പകർന്ന ജീവിതംസുവിശേഷ ദീപ്തിയാർന്ന ജീവിതംനമ്മുടെ പിതാവായ മാർതോമാശ്ലീഹാ പകർന്നു നൽകിയ ക്രിസ്തീയ വിശ്വാസത്തെ ജീവിത സാക്ഷ്യത്തിലൂടെ കൂടുതൽ പ്രകാശമാനമാക്കാം.

St Thomas Day blessings and greetings. Today we celebrate the Feast of St Thomas, one of the disciples of Jesus Christ, who preached His Gospel in India; in 52 AD and Martyed in 72 AD. He is the Patron of Indian Christianity.

ഏവർക്കും ദുക്റാന തിരുനാൾ മംഗളങ്ങൾ

ഫാ. ജയ്സൺ കുന്നേൽ mcbs

നിങ്ങൾ വിട്ടുപോയത്