കാക്കനാട്: വന്യജീവി ആക്രമണങ്ങൾ തുടർച്ചയായി ഉണ്ടായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ മനുഷ്യജീവൻ സംരക്ഷിക്കാൻ സർക്കാരിനും സമൂഹത്തിനും ഉത്തരവാദിത്തമുണ്ടെന്ന് സീറോമലബാർസഭയുടെ കുടുംബത്തിനും അൽമായർക്കും ജീവനും വേണ്ടിയുള്ള സിനഡൽ കമ്മീഷൻ പ്രസ്താവിച്ചു.
നമ്മുടെ പ്രകൃതിയും വനവുമെല്ലാം സംരക്ഷിക്കപ്പെടണം, എന്നാൽ മനുഷ്യർക്കും അർഹമായ നീതി ലഭിക്കണം. വന്യജീവികൾ മൂലമുണ്ടാകുന്ന കൃഷിനാശത്തിനും ആൾനാശത്തിനും ഉടൻ നഷ്ടപരിഹാരം ലഭ്യമാക്കാൻ അടിയന്തരമായി സർക്കാർ ഇടപെടണമെന്നും അഭ്യർത്ഥിച്ചു.
കേരളത്തിലെ റബ്ബർ കർഷകരുടെ പ്രതിസന്ധിക്ക് കാരണം കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ നയവൈകല്യങ്ങളാണെന്നും, റബ്ബറിനെ കാർഷിക വിളയയായി പ്രഖ്യാപിച്ച് 300 രൂപ താങ്ങുവില നിശ്ചയിച്ച് കേന്ദ്രസർക്കാർ സംഭരണം ഏർപ്പെടുത്തണമെന്നും, റബ്ബർ ഉത്പാദനത്തിൽ മുന്നിലുള്ള കേരളത്തിന് പ്രത്യേക പാക്കേജ് അനുവദിക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.
കേരളത്തിലെ നെൽകർഷകരുടെ അവസ്ഥ അതീവഗുരുതരമാണെന്നും കാഞ്ഞിരപ്പിള്ളി രൂപതാ പാസ്റ്ററൽ സെന്ററിൽ നടന്ന കുടുംബത്തിനും അൽമായർക്കും ജീവനും വേണ്ടിയുള്ള സിനഡൽ കമ്മീഷന്റെ അസാധാരണ യോഗം വിലയിരുത്തി. നെല്ലിന്റെ വില ലഭിക്കാതെ കർഷകരിൽ പലരും ആത്മഹത്യയുടെ വക്കിലാണ്. സർക്കാർ സംഭരിച്ച നെല്ലിൻറെ വില മുഴുവനും അടിയന്തരമായി കർഷകർക്ക് നൽകണം. സങ്കീർണമായ നടപടിക്രമങ്ങൾ കർഷകർക്ക് തുക കൈയിലെത്താൻ തടസ്സമാകുന്നുണ്ട്. തുടർച്ചയായി ഉണ്ടാകുന്ന തിരിച്ചടികളെ അതിജീവിച്ച് കൃഷി നടത്തിയിട്ടും സംഭരിച്ച നെല്ലിന്റെ വില പോലും കർഷകർക്ക് ഇതുവരെ ലഭിച്ചിട്ടില്ല എന്നത് കടുത്ത അനീതിയാണ്.
മണിപ്പുരിൽ അക്രമം അവസാനിപ്പിച്ച് സമാധാനം പുനഃസ്ഥാപിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകളും ബന്ധപ്പെട്ടവരും തയ്യാറാകണം. സമാധാന ചർച്ചകളും ഒത്തുതീർപ്പിനായുള്ള ശ്രമങ്ങളും സജീവമാകണം. മണിപ്പൂരിൽ കേന്ദ്ര സർക്കാർ എത്രയും വേഗം ഇടപ്പെട്ട് കാര്യക്ഷമമായ നടപടി സ്വീകരിക്കുകയും ക്രമസമാധാനം പുനഃസ്ഥാപിക്കുകയും ചെയ്യണം.
കമ്മീഷൻ ചെയർമാൻ മാർ ജോസഫ് കല്ലറങ്ങാട്ടിന്റെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ എപ്പിസ്കോപ്പൽ മെമ്പർ മാർ ജോസ് പുളിക്കൽ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി റവ. ഡോ. ആന്റണി മൂലയിൽ സ്വാഗതം ആശംസിച്ചു. വിവിധ ഫോറങ്ങളുടെ ഡയറക്ടർമാരായ ഫാ. ലോറൻസ് തൈക്കാട്ടിൽ, ഫാ. ഡെന്നി താണിക്കൽ, ഫാ. മാത്യു ഓലിക്കൽ, അൽമായ നേതാക്കളായ വി.സി.സെബാസ്റ്റ്യൻ, ടോണി ചിറ്റിലപ്പിള്ളി, സാബു ജോസ്, രാജീവ് കൊച്ചുപറമ്പിൽ, ഡോ. ഡെൻസൺ പാണേങ്ങാടൻ, ബീന ജോഷി, ആൻസി മാത്യു തുടങ്ങിയവർ ചർച്ചകളിൽ പങ്കെടുത്തു സംസാരിച്ചു.
ഫോട്ടോ അടിക്കുറിപ്പ്: സീറോമലബാർസഭ അല്മായ കമ്മീഷന്റെ യോഗം മാർ ജോസഫ് കല്ലറങ്ങാട്ട് ഉദ്ഘാടനം ചെയ്യുന്നു. മാർ ജോസ് പുളിക്കൽ, ഫാ. ആൻറണി മൂലയിൽ, ഡയറക്ടർമാരായ വൈദികർ, അല്മായ നേതാക്കൾ എന്നിവർ സമീപം.
ഫാ. ഡോ. ആന്റണി വടക്കേകര വി.സി.
പി.ആർ.ഒ & സെക്രട്ടറി, മീഡിയാ കമ്മീഷൻ
ജൂൺ 06, 2023