We have a strong city; he sets up salvation as walls and bulwarks.”
(Isaiah 26:1) ✝️
കർത്താവ് സുരക്ഷിതമായ കോട്ടയും അഭയസ്ഥാനവും ആണ്. തിന്മ എന്തു വലിയ ശക്തിയാണെങ്കിലും, ദൈവം അവയെ പൂര്‍ണമായും നശിപ്പിക്കുന്നു എന്നുള്ള വീക്ഷണമാണ് വചനത്തിൽ ഉടനീളം നല്‍കുന്നത്. അവിശ്വസ്തത കാണിക്കുന്ന പട്ടണം കല്ക്കൂമ്പാരമാകുമെന്നും സുരക്ഷിതമായ നഗരം നിലനിൽക്കുമെന്നും വചനത്തിലൂടെ കാണുവാൻ കഴിയും. കര്‍ത്താവ് പാവപ്പെട്ടവര്‍ക്കു കോട്ടയും കഷ്ടപ്പാടിന്റെ കാലത്ത് ഉറപ്പുള്ള അഭയസ്ഥാനവുമാണെന്ന് പൗലോസ് അപ്പസ്തോലൻ പ്രതിപാദിക്കുന്നു.
ദുഷ്ടതയെ നശിപ്പിക്കുന്നവനും ബലഹീനന് കോട്ടയുമായ കര്‍ത്താവിന്റെ ചിത്രമാണ് വചനത്തിൽ നാം കാണുന്നത്. ജീവിതത്തിലെ ഏതു പ്രതിസന്ധിയെയും വിശ്വാസമെന്ന ദൈവികപുണ്യം കൊണ്ടു വിജയിക്കാനാകുമെന്നാണ് സുവിശേഷം പറയുന്നത്, കാരണം കർത്താവ് നാം ഒരോരുത്തരുടെയും ജീവിതത്തിൽ കോട്ടയായി നില കൊള്ളുന്നു. കടുകുമണിയോളം വിശ്വാസമുണ്ടെങ്കില്‍ മലയോടു മാറി മറ്റൊരു സ്ഥലത്തായിരിക്കുവാന് പറഞ്ഞാല്‍ അതു സാധിക്കും. മലതന്നെ ഒരു പ്രതിസന്ധിയുടെ പ്രതീകമാണ്. അതു മാറ്റപ്പെടുവാന്‍ ദൈവ വിശ്വാസത്തിന്റെ കണ്ണുകള്‍ വേണം.
പണ്ട് കാലങ്ങളിൽ രാജ്യങ്ങൾക്കു ചുറ്റും കോട്ടകൾ നിർമ്മിക്കുമായിരുന്നു കാരണം അയൽ രാജ്യത്തിൽ നിന്നുള്ള ശത്രുവിന്റെ ആക്രമണത്തിൽ നിന്ന് രക്ഷ നേടുന്നതിന് വേണ്ടി ആയിരുന്നു, അതുപോലെ ജീവിതത്തിന്റെ പ്രതിസന്ധികളിൽ നാം തകരും എന്നു തോന്നുമ്പോൾ കർത്താവ് നമ്മൾക്ക് ചുറ്റും കോട്ടയായി നിലകൊള്ളുന്നു. ജീവിതത്തിന് മുൻപിൽ നാം ഓരോരുത്തർക്കും തടസമായി നിലനിൽക്കുന്ന മനുഷനിർമിത കോട്ടപോലും ദൈവശക്തിക്കു മുൻപിൽ തകർന്ന് പോകും. നമ്മുടെ ജീവിതത്തിന് ചുറ്റും കോട്ടപോലെ നിൽക്കുന്ന കർത്താവിന് നന്ദി പറയാം. ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ.