The kingdom of heaven is like leaven that a woman took and hid in three measures of flour, till it was all leavened.””
‭‭(Matthew‬ ‭13‬:‭33‬) ✝️

സ്വർഗ്ഗരാജ്യത്തെക്കുറിച്ചുള്ള അറിവ്  എല്ലാ മനുഷ്യർക്കും  ഉണ്ടാകണമെന്ന ആഗ്രഹത്തോടെ, അനുദിന ജീവിതത്തിൽ സർവസാധാരണമായ ഒട്ടേറെ വസ്തുക്കളുമായി ഈശോ സ്വർഗ്ഗരാജ്യത്തെ തുലനം ചെയ്യുന്നുണ്ട്. ദൈവരാജ്യം മനുഷ്യഹൃദയങ്ങളിൽ എങ്ങിനെ സ്ഥാനം കണ്ടെത്തുന്നു എന്ന് വ്യക്തമാക്കാൻ യേശു ഉപയോഗിക്കുന്ന പ്രതീകമാണ് പുളിമാവ്. ഭക്ഷണ മേശകളിൽ ഒരു പ്രധാന സ്ഥാനം കരസ്ഥമാക്കിയിരിക്കുന്ന റൊട്ടിയുടെ തുടക്കം അതിനുള്ള മാവിൽ പുളിമാവ്‌ ചേർക്കുന്നതിലാണ്. ഒട്ടേറെ മാവിൽ ചേർക്കപ്പെടുന്ന ഒരല്പം പുളിമാവാണ് ആ റോട്ടിക്കുള്ള മാവിനെ മുഴുവൻ മയമുള്ളതും രുചികരവും ആക്കി മാറ്റുന്നത്. 

പുളിമാവ്‌ മാത്രമായെടുത്താൽ അത് ഭക്ഷണയോഗ്യമായ ഒന്നായിരിക്കണമെന്നു നിർബന്ധമില്ല. എന്നാൽ ശരിയായ അളവിൽ ആ പുളിമാവു ചേർത്ത് റൊട്ടിക്കുള്ള മാവ് കുഴച്ചു കഴിയുമ്പോൾ, ആ പുളിമാവിലൂടെ ആ  മാവിൽ ഒളിഞ്ഞുകിടന്നിരുന്ന രുചി പുറത്തുവരുന്നു. സ്വർഗ്ഗരാജ്യം എന്തെന്ന് ലോകത്തിനു വെളിപ്പെടുത്തികൊടുക്കാൻ നിയുക്തരായിട്ടുള്ള പുളിമാവാണ് ഓരോ ക്രിസ്തു ശിഷ്യനും മാവിൽ ചേർക്കാതെ കുറേക്കാലം വച്ചിരുന്നാൽ പുളിമാവിന്റെ ഉറകെട്ട് അത് നിർജ്ജീവമായി തീരും, അത് പിന്നീട് പുറത്തെറിഞ്ഞു കളയാൻ മാത്രമേ ഉപകരിക്കുകയുള്ളൂ.

ദൈവവചനം അനുസരിച്ച് ജീവിച്ചിട്ടും, അതു  കണ്ട് നമ്മുടെ ചുറ്റുമുള്ളവരിൽ മാറ്റമൊന്നും ഉണ്ടാകുന്നില്ലെങ്കിൽ അതിൽ നിരാശപ്പെടേണ്ട കാര്യമില്ലെന്നും പുളിമാവിന്റെ ഉപമ നമ്മെ ഓർമ്മിപ്പിക്കുന്നു. മാവിനോപ്പം ചേർക്കുന്ന ഉടനേ തന്നെ പുളിമാവിന്റെ സ്വാധീനം മാവിൽ നമുക്കനുഭവപ്പെട്ടു എന്നു വരുകയില്ല. പുളിമാവു ചേർത്ത് കുറേസമയം വച്ചുകഴിയുമ്പോഴാണ് മാവ് രുചികരമായ റൊട്ടി ഉണ്ടാക്കുവാൻ സഹായകമായ ഒന്നായി മാറുന്നത്. ഇതുപോലെ തന്നെ, പലപ്പോഴും നമ്മുടെ ചുറ്റുമുള്ളവരിലെ മാനസാന്തരവും മെല്ലെമെല്ലെ ആയിരിക്കും സാധ്യമാകുന്നത്. ദൈവരാജ്യമാകുന്ന സദ്‌വാർത്ത ഭൂമിയിലെങ്ങും എത്തിക്കാനുതകുന്ന ക്രിസ്തുശിഷ്യരായ പുളിമാവാകാനുള്ള കൃപക്കായി നമുക്കും പ്രാർത്ഥിക്കാം.  ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ.

നിങ്ങൾ വിട്ടുപോയത്