എറണാകുളം ജില്ലയിലേയും സമീപജില്ലകളിലേയും കാൻസർ രോഗികൾക്ക് ആശ്വാസമാകുന്ന കൊച്ചി കാൻസർ സെൻ്ററിലേക്ക് ഉപകരണങ്ങൾ വാങ്ങുന്നതിനായി 204 കോടി രൂപ അനുവദിച്ചു.
കാൻസർ സെന്ററിന്റെ ആവശ്യം കിഫ്ബി ബോർഡ് അംഗീകരിച്ചു. കെട്ടിടനിർമാണത്തിന് 2016ൽ 230 കോടി അനുവദിച്ചതടക്കം ഇതോടെ 434 കോടിയുടെ കിഫ്ബി സഹായമാണ് കാൻസർ സെന്ററിന് ലഭിച്ചിരിക്കുന്നത്.
3 ഘട്ടങ്ങളിലായി 78.5 കോടി, 66.4 കോടി, 59.1 കോടി എന്നിങ്ങനെയാകും തുക അനുവദിക്കുക. റേഡിയേഷൻ തെറാപ്പി മെഷീൻ, എംആർഐ, സിടി, പെറ്റ് സിടി സ്കാനിങ് മെഷീനുകൾ, വെന്റിലേറ്ററുകൾ, ശീതീകരിച്ച ഫാർമസി മുറി, മോണിറ്ററുകൾ തുടങ്ങിയ ഉപകരണങ്ങളാണ് സെന്ററിലേക്ക് അടിയന്തിരമായി വാങ്ങുന്നത്. ഇതിൽ ചില ഉപകരണങ്ങൾ ഇറക്കുമതി ചെയ്യേണ്ടതാണ്.കാന്‍സര്‍ റിസര്‍ച്ച് സെന്ററിൻ്റെ ആദ്യഘട്ടം ഈ വർഷം തന്നെ പൂർത്തിയാക്കുന്നതിനാണ് സർക്കാർ ലക്ഷ്യമിടുന്നത്.
കൊച്ചി കാന്‍സര്‍ സെന്റര്‍ എന്ന ആവശ്യത്തിന് തുടക്കമിട്ടത് ബഹുമാനപ്പെട്ട വി ആർ കൃഷ്ണയ്യരാണ്. കേരളത്തിൽ കാൻസർ രോഗികളുടെ എണ്ണം കൂടിവന്നപ്പോഴാണ് കൊച്ചിയിലും ഒരു കാൻസർ ചികിത്സാ കേന്ദ്രമെന്ന ആശയം അദ്ദേഹം മുന്നോട്ടുവച്ചത്.
ഈ വാക്കുകൾ മുഖവിലയ്ക്കെടുത്തുകൊണ്ട് ഒന്നാം പിണറായി സർക്കാരിൻ്റെ കാലത്ത് നിർമ്മാണോദ്ഘാടനം നടത്തിയ കൊച്ചിൻ കാൻസർ സെൻ്റർ രണ്ടാം പിണറായി സർക്കാരിൻ്റെ കാലത്ത് പ്രവർത്തനോദ്ഘാടനത്തിന് ഒരുങ്ങുകയാണ്.
പി .രാജീവ്
Minister for Industries, Coir & Law – Kerala