I am the Lord, your healer.
(Exodus 15:26 )
യേശുവിന്റെ പരസ്യജീവിതം തുടങ്ങുന്നതുവരെയുള്ള ലോകചരിത്രം സമൂഹത്തിലെ രോഗികളായവരോട് കാട്ടിയിരുന്ന സമീപനം തികച്ചും ക്രൂരമായ ഒന്നായിരുന്നു. രോഗങ്ങളുടെ കാരണമോ അതിനുള്ള പ്രതിവിധിയോ നിശ്ചയമില്ലാതിരുന്ന സമൂഹങ്ങൾ ഒട്ടുമിക്ക രോഗികൾക്കും ഭ്രഷ്ട് കല്പിച്ചിരുന്നു. സ്വന്തം വീട്ടിൽനിന്നും നാട്ടിൽനിന്നും പറിച്ചെറിയപ്പെട്ടിരുന്ന രോഗികളുടെ പിന്നീടുള്ള ജീവിതം മിക്കവാറും അവസരങ്ങളിൽ അതീവ ശോചനീയം ആയിരുന്നു. ഈയൊരു പശ്ചാത്തലത്തിൽ നിന്നുകൊണ്ട് യേശുവിനെ വീക്ഷിക്കുമ്പോഴാണ്, സുവിശേഷത്തിൽ ഉടനീളം യേശു രോഗികളോട് കാണിക്കുന്ന സഹാനുഭൂതിയുടെ ആഴം നമുക്ക് വെളിപ്പെട്ടു കിട്ടുന്നത്.
യേശുവിന്റെ പാത പിന്തുടർന്ന്, രോഗികളും നിരാലംബരുമായ മനുഷ്യരോട് കരുണ കാണിക്കാനുള്ള ക്രിസ്തുശിഷ്യരുടെ ശ്രമങ്ങളുടെ ഭാഗമാണ് നാമിന്നു കാണുന്ന ആധുനിക വൈദ്യശാസ്ത്രവും ആശുപത്രികളും ആതുരാലയങ്ങളുമെല്ലാം. ആത്മാവിനെ പാപങ്ങളിൽ നിന്നും മോചിപ്പിക്കാൻ മാത്രമല്ല, ശരീരത്തെ രോഗങ്ങളിൽനിന്നും സുഖപ്പെടുത്താനുള്ള അധികാരവും സ്വർഗ്ഗത്തിൽനിന്നും യേശുവിന് നല്കപ്പെട്ടിരുന്നു എന്ന് അവിടുന്ന് നല്കിയ നിരവധിയായ രോഗസൗഖ്യങ്ങളിൽ നിന്നും വ്യക്തമാണ്.ഒരു വ്യക്തിയെ മാത്രമല്ല അയാളുമായി ബന്ധപ്പെട്ടിരിക്കുന്നവരെയും തീവ്രമായ അസ്വസ്ഥതകളിലേക്കും നിരാശയിലേക്കും ദൈവത്തോടുള്ള എതിർപ്പിലേക്കുമെല്ലാം നയിക്കാൻ രോഗത്തിനു കഴിയും.
നമ്മുടെ തന്നെ കഴിഞ്ഞകാലത്തിലെ ചില തെറ്റുകളുടെ ഫലമായും, യാതൊരു തെറ്റും ചെയ്യാതിരുന്നിട്ടും സഹിക്കേണ്ടിവരുന്ന ഒരു ദുരന്തമായുമെല്ലാം പലരും രോഗത്തെ കാണാറുണ്ട്. എന്നാൽ, മനുഷ്യൻ തന്റെ ബലഹീനതയും പരിമിതികളും അനുഭവിച്ചറിയുന്ന രോഗമെന്ന അവസ്ഥയെ ദൈവത്തിന്റെ സ്നേഹമായി കാണാൻ നമുക്ക് പലപ്പോഴും കഴിയാറില്ല. രോഗങ്ങളും അതിന്റെ ഫലമായി ഉണ്ടാകുന്ന വേദനകളും ഒട്ടെരെപ്പേരെ ദൈവത്തിൽ നിന്നും അകറ്റുന്നത് അവർക്ക് ദൈവവിശ്വാസത്തിന്റെ കണ്ണിലൂടെ വേദനയിലൂടെ ലഭ്യമാകുന്ന ആത്മീയ കൃപകളുടെ മൂല്യം കാണുവാൻ സാധിക്കാത്തതുകൊണ്ടാണ്. രോഗങ്ങൾ വരുമ്പോൾ ദൈവത്തിൽ നിന്നും അകന്നുപോകാതെ, നമ്മുടെ വേദനകളെ സുഖപ്പെടുത്താൻ കഴിവുള്ള കർത്താവിനെ കൂടുതൽ തീഷ്ണതയോടെ അന്വേഷിക്കുകയും വിശ്വസിക്കുകയും ചെയ്യുക. ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ.