1. നമ്മുടെ വിശ്വാസജീവിതത്തെ ഉജ്ജ്വലിപ്പിക്കുന്ന തിരുന്നാളാഘോ ഷങ്ങളും ഓര്‍മ്മയാചരണങ്ങളും നിറഞ്ഞ ദനഹാക്കാലത്തേക്ക് നമ്മള്‍ പ്രവേശിക്കുകയാണല്ലോ.
ജനുവരി മൂന്ന് ഞായറാഴ്ച മുതല്‍ ഫെബ്രുവരി 13 ശനിയാഴ്ച വരെയുള്ള ആറ് ആഴ്ചകളാണ് ഈ ആരാധനാവത്സരത്തില്‍ ദനഹാക്കാലമായി ആചരിക്കുന്നത്. ഏറ്റവുംകൂടുതല്‍ തിരുനാളാഘോഷങ്ങള്‍ നടക്കുന്ന ആരാധനവത്സര കാലഘട്ടമാണിത്. അവയിലെ ഏറ്റവും പ്രധാനപ്പെട്ടത് ജനുവരി ആറിലെ ദനഹാ തിരുനാളാണ്. നമ്മുടെ കര്‍ത്താവിശോമിശിഹായുടെ മാമ്മോദീസായും, തദവസരത്തില്‍ വിശ്വാസത്തിന്‍റെ മഹാരഹസ്യമായ പരിശുദ്ധത്രിത്വം വെളിപ്പെടുത്തപ്പെട്ടതും ദനഹാത്തിരുനാളില്‍ അനുസ്മരിക്കപ്പെടുന്നു. മംഗലവാര്‍ത്തക്കാലത്ത് മ്ശിഹായുടെ മനുഷ്യാവതാരവും രഹസ്യ ജീവിതവുമായിരുന്നു വിശ്വാസാഘോഷങ്ങളുടെ മുഖ്യപ്രമേയം. ദനഹാക്കാലത്ത് മിശിഹായുടെ പരസ്യജീവിതവും മിശിഹായ്ക്കു സാക്ഷ്യം വഹിച്ച വിശുദ്ധരുമാണ് സഭയുടെ ധ്യാനവിഷയം. ദൈവത്തിന്‍റെ രക്ഷാകരപദ്ധതി എപ്രകാരം അതിന്‍റെ കേന്ദ്രബിന്ദുവായ മ്ശിഹായിലെത്തി എന്ന് മംഗലവാര്‍ത്തക്കാലം അനാവരണം ചെയ്യുന്നു. രക്ഷാമാര്‍ഗ്ഗം താന്‍ തന്നെയാണെന്ന് സാക്ഷ്യപ്പെടുത്തുന്ന മ്ശിഹായുടെ പരസ്യസംഭവങ്ങളും മ്ശിഹാമാര്‍ഗ്ഗത്തില്‍ ജീവിച്ച് വാക്കിലും പ്രവര്‍ത്തിയിലും അതിനായിസ്വയം സമര്‍പ്പിച്ച് ജീവിതവിജയം നേടിയ പരിശുദ്ധരായ പിതാക്കന്മാരുടെയും രക്തസാക്ഷികളുടെയും തിരുനാളുകളും ദനഹാക്കാലത്തെ ആഘോഷവിഷയങ്ങളാണ്.
വിശ്വാസസാക്ഷ്യത്തിന്‍റെ തലങ്ങള്‍
. 2. മിശിഹായ്ക്കു സാക്ഷ്യംവഹിക്കാനുള്ള ഓരോ വിശ്വാസിയുടെയും കടമയെ ദനഹാക്കാലം ഓര്‍മിപ്പിക്കുന്നു. ഈശോമ്ശിഹായെ കര്‍ത്താവും ദൈവവുമായി ഏറ്റുപറയുകയും ഏകരക്ഷകനായി അംഗീകരിക്കുകയും ചെയ്യുന്ന എല്ലാവരും, ജീവിതത്തില്‍ ഏതു തുറകളില്‍ വ്യാപരിക്കുന്നവരായാലും, ഏതു ജീവിതാന്തസ്സില്‍ പ്രവേശിച്ചവരായാലും തങ്ങളുടെ വിശ്വാസത്തിന് വിരുദ്ധ സാക്ഷ്യം നല്‍കാന്‍ ഇടയാകരുത്. ചിന്തയിലോ വാക്കിലോ പ്രവൃത്തിയിലോ മ്ശിഹായിലുള്ള വിശ്വാസത്തെ തള്ളിപ്പറയാനിടയാകരുത്. പ്രേരണയാലോ ഉപേക്ഷയാലോ ദുര്‍മാതൃകയാലോ മറ്റുള്ളവരുടെ വിശ്വാസത്തിനു കോട്ടം വരുത്തുന്നതൊന്നും ചെയ്യാതിരിക്കാന്‍ ഓരോ വിശ്വാസിയും ശ്രദ്ധിക്കണം. മറ്റുള്ളവരുടെമേല്‍ പ്രത്യേകമായ ഉത്തരവാദിത്വമുള്ളവര്‍ ഇക്കാര്യം ഗൗരവത്തോടെ കാണണം.
3. ഏതൊരാളിന്‍റെയും വിശ്വാസത്തിന്‍റെ പിള്ളത്തൊട്ടില്‍ സാധാരണയായി സ്വന്തം വീടായിരിക്കും. ശിശുപ്രായത്തില്‍ വിശ്വാസ ജീവിതത്തിന്‍റെ മുലപ്പാല്‍ കുഞ്ഞുങ്ങള്‍ക്കു ലഭിക്കുന്നത് പ്രധാനമായും സ്വന്തം മാതാപിതാക്കളില്‍നിന്നാണ്. അത് യഥാസമയം ശ്രദ്ധാപൂര്‍വ്വം മാതാപിതാക്കള്‍ അവര്‍ക്കു നല്‍കണം. കുടുംബത്തിലെ അന്തരീക്ഷം, സംസാരം, പെരുമാറ്റം, പ്രാര്‍ത്ഥനാശീലം തുടങ്ങിയ നിരവധി കാര്യങ്ങളിലൂടെയാണ് വിശ്വാസജീവിതപോഷണം നടക്കുന്നത്. ശരിതെറ്റുകള്‍ തിരിച്ചറിയാന്‍ കഴിയാത്ത കുഞ്ഞുങ്ങള്‍ക്ക് ഇടര്‍ച്ച നല്‍കുന്നതിനെ ഈശോ ശക്തമായി അപലപിക്കുന്നത് സുവിശേഷത്തിലുണ്ടല്ലോ.ദൈവത്തെ അറിയാനും സ്നേഹിക്കാനും ദൈവത്തോടു പ്രാര്‍ത്ഥിക്കാനും മറ്റു മനുഷ്യരെ സ്നേഹിക്കാനും അവരോടൊപ്പം പങ്കുവെച്ചുജീവിക്കാനും കുഞ്ഞുങ്ങള്‍ ആദ്യമായി പഠിക്കുന്നത് സ്വന്തം കുടുംബത്തില്‍ നിന്നാണ്. പ്രായമാകുന്നതനുസരിച്ച്, ശരിതെറ്റുകള്‍ തിരിച്ചറിഞ്ഞ് ശരിയായതുമാത്രം ചെയ്യാന്‍ കുഞ്ഞുങ്ങള്‍ പരിശീലിപ്പിക്കപ്പെടണം. മക്കള്‍ ഈശോയെ സ്നേഹിച്ചും മാതൃകയാക്കിയും ജീവിക്കാനും ഈശോയെപ്പോലെ പ്രായത്തിലും ജ്ഞാനത്തിലും ദൈവത്തിന്‍റെയും മനുഷ്യരുടെയും പ്രീതിയിലും വളരാനും അവരെ പരിശീലിപ്പിച്ച് വിശ്വാസത്തിനു സാക്ഷ്യം വഹിക്കാനും മാതാപിതാക്കള്‍ക്കു കഴിയണം.
4. പഠിപ്പിക്കുക, നയിക്കുക, വിശുദ്ധീകരിക്കുക എന്നുള്ള നമ്മുടെ കര്‍ത്താവിന്‍റെ ത്രിവിധാധികാരങ്ങള്‍ സഭയിലൂടെയാണ് ഇന്ന് നിര്‍വഹിക്കപ്പെടുന്നത്. സഭാമക്കള്‍ സഭയിലെ അവരുടെ വിളികള്‍ക്കും പദവികള്‍ക്കും നിയോഗങ്ങള്‍ക്കുമനുസരിച്ച് അവയില്‍ പങ്കാളികളാകുന്നു. അവയൊക്കെവിശ്വസ്തതയോടെ നിറവേറ്റിക്കൊണ്ടാണ് അവര്‍ മ്ശിഹായ്ക്കു സാക്ഷ്യം വഹിക്കുന്നത്. മെത്രാന്മാരും വൈദികരും സമര്‍പ്പിതരും അത്മായവിശ്വാസികളും അവരുടെ ജീവിതാന്തസ്സുകള്‍ക്കനുസരിച്ചും, വിശുദ്ധലിഖിതങ്ങളും സഭയുടെ വിശുദ്ധപാരമ്പര്യങ്ങളും വ്യവസ്ഥാപിതമായ സഭാ നിയമങ്ങളുമനുസരിച്ചും സഭയുടെ ദൗത്യനിര്‍വഹണത്തില്‍ പങ്കുചേര്‍ന്ന് സഭയോടൊപ്പം മ്ശിഹായ്ക്കു സാക്ഷ്യം വഹിക്കണം.ഉത്തമജീവിത മാതൃകയിലുടെയും വചനപ്രഘോഷണത്തിലൂടെയും ആരാധനക്രമാനുഷ്ഠാനങ്ങള്‍ക്കു നേതൃത്വം നല്‍കിയും, നല്ല ഇടയനെപ്പോലെ സ്നേഹപൂര്‍വ്വം ദൈവജനത്തെ മ്ശിഹാമാര്‍ഗത്തില്‍ നയിക്കുന്നവരാകണം അജപാലകര്‍. അവര്‍ ദൈവത്തിനുവേണ്ടി ദൈവസന്നിധിയില്‍ നിരന്തരം മാധ്യസ്ഥ്യം വഹിക്കുന്നവരുമാകണം. സമര്‍പ്പിതര്‍ മ്ശിഹായെ അടുത്തനുകരിച്ചുകൊണ്ട്, ലോകത്തിലാണെങ്കിലും ലോകത്തിന്‍റേതല്ലാതെ എങ്ങനെ ജീവിക്കാമെന്നതിന്‍റെ ഉത്തമമാതൃകളും ദൈവജനത്തിനു വേണ്ടി നിരന്തരം പ്രാര്‍ത്ഥിക്കുന്നവരുമാകണം.അല്മായസാക്ഷ്യം
5. മനുഷ്യജീവിതത്തിന്‍റെ എല്ലാ മേഖലകളും ഉള്‍ക്കൊള്ളുന്ന വൈവിധ്യമാര്‍ന്ന പ്രവര്‍ത്തന മണ്ഡലങ്ങളില്‍ സത്യത്തിനു സാക്ഷ്യം വഹിച്ചുകൊണ്ട്ലോകത്തെ വിശുദ്ധീകരിക്കുവാനും പൊതുസമൂഹത്തില്‍ ഉത്തമ ക്രൈസ്തവജീവിത മാതൃക നല്‍കുവാനും അല്മായര്‍ നിയോഗിക്കപ്പെട്ടിരിക്കുന്നു. അധ്യാപനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഗുരുജനങ്ങള്‍ തങ്ങളുടെ ശിഷ്യഗണങ്ങളെ മക്കളെപ്പോലെ സ്നേഹിക്കുകയും അവരുടെ നന്മയും വളര്‍ച്ചയും ലക്ഷ്യം വെച്ച് അവര്‍ക്ക് നല്ല ശിക്ഷണം നല്‍കുകയും, അവര്‍ സത്യത്തിലും സ്നേഹത്തിലും ധര്‍മ്മനിഷ്ഠയിലും അധിഷ്ഠിതമായ ഉത്തമ ജീവിതം നയിക്കുന്നവരാകാന്‍ പ്രചോദനം നല്‍കുകയും വേണം. സ്വന്തം ജീവിതമാതൃകയിലൂടെ അധ്യാപകര്‍ കുട്ടികള്‍ക്ക് വഴികാട്ടികളാകണം.വ്യാപാരമേഖലയില്‍ വ്യാപരിക്കുന്നവര്‍ എല്ലാക്കാലങ്ങളിലും സത്യസന്ധത പുലര്‍ത്തണം. കൊള്ളലാഭത്തിനും വഞ്ചനയ്ക്കും കൂട്ടുനില്‍ക്കരുത്. കരിഞ്ചന്ത മായംചേര്‍ക്കല്‍, അളവിലും തൂക്കത്തിലും കള്ളത്തരം തുടങ്ങിയവ അധാര്‍മ്മികവും ക്രിസ്തീയസാക്ഷ്യത്തിനു നിരക്കാത്തതുമാണ്.ഭക്ഷ്യസാധനങ്ങളുടെ ഉല്‍പാദകരും വിതരണക്കാരും അനാരോഗ്യകരവും രോഗകാരണവുമായ ഭക്ഷ്യവസ്തുക്കള്‍ വില്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. എങ്ങനെയും ലാഭമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ വിഷവസ്തുക്കള്‍ ചേര്‍ത്ത് ഭക്ഷ്യവസ്തുക്കള്‍ കേടുവരാതെ സൂക്ഷിച്ച് വില്‍പ്പന നടത്തുന്നവര്‍ വലിയ മനുഷ്യദ്രോഹമാണ് ചെയ്യുന്നത്.
6. രാഷ്ട്രീയ പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്ന വിശ്വാസികള്‍ വിശ്വാസത്തിനുംക്രിസ്തീയധാര്‍മ്മികതയ്ക്കും നിരക്കാത്ത കാര്യങ്ങള്‍ ചെയ്യുകയോ അവയ്ക്ക് കൂട്ടുനില്‍ക്കുകയോ ചെയ്യരുത്. സത്യസന്ധമായ രാഷ്ട്രീയ പ്രവര്‍ത്തനം ക്രിസ്തീയവിശ്വാസത്തിന് എതിരല്ല. രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കുമ്പോഴും അഭിമാനത്തോടും ആദരവോടുംകൂടി സ്വന്തം ക്രിസ്തീയ വിശ്വാസത്തില്‍ ഉറച്ചുനില്‍ക്കാനും അതാചരിക്കാനും വിശ്വാസികള്‍ക്ക് സാധിക്കണം. ആദര്‍ശനിഷ്ഠയില്ലാത്തതും സ്വാര്‍ത്ഥലക്ഷ്യത്തോടെ അവസരത്തിനൊത്തു ചാഞ്ചാടുന്നതുമായ രാഷ്ട്രീയജീവിതം ഒരുത്തമ വിശ്വാസിക്ക് ഭൂഷണമല്ല. കേവലം അധികാരത്തിനും പദവിക്കും സ്വന്തം കാര്യ ലാഭത്തിനുംവേണ്ടിയായിരിക്കരുത് രാഷ്ട്രീയ പ്രവര്‍ത്തനം, മറിച്ച് സത്യസന്ധമായ ജനസേവനവും രാജ്യനന്മയുമായിരിക്കണം ലക്ഷ്യം.
7. പൊതുസമൂഹത്തില്‍ അധികാരത്തിന്‍റെ വിവിധ പദവികളിലായിരിക്കുന്നവരും വിവിധ ഓഫീസുകളില്‍ ഉദ്യോഗസ്ഥരായിരിക്കുന്നവരും സത്യസന്ധവും നിഷ്പക്ഷവുമായ ജനസേവനം ചെയ്യാന്‍ ശ്രദ്ധിക്കണം. അനാവശ്യമായ കാലതാമസം വരുത്തി ആളുകളെ ബുദ്ധിമുട്ടിക്കുന്നതും, കോഴവാങ്ങി കാര്യം സാധിച്ചുകൊടുക്കുന്നതും നീതിക്കും ധര്‍മ്മികതക്കും ചെരുന്നതല്ല. ഇപ്രകാരമുള്ള നൂറുനൂറു മേഖലകളില്‍ സത്യസന്ധമായും നീതിപൂര്‍വ്വവും പ്രവര്‍ത്തിച്ചുകൊണ്ട് ആ മേഖലകളെ വിശുദ്ധീകരിക്കുവാനുള്ള നിയോഗമാണ് അല്മായ വിശ്വാസികളുടേത്.തിരുനാളാചരണങ്ങള്‍8.
ക്രിസ്തീയജീവിതസാക്ഷ്യത്തിന് ശക്തിയും പ്രചോദനവും ആത്മബലവും നല്‍കുന്ന ധാരാളം അനുസ്മരണങ്ങളും ആചരണങ്ങളും തിരുനാളുകളും ദനഹാക്കാലത്ത് ഉള്‍പ്പെടുത്തിയിരിക്കുന്നു. പ്രതികൂലസാഹചര്യങ്ങളില്‍ ജീവന്‍പോലും ബലികഴിച്ച് വിശ്വാസത്തിനു സാക്ഷ്യംവഹിച്ച സഭയുടെ ധീരസന്താനങ്ങളെ ദനഹാക്കാലത്തെ വെള്ളിയാഴ്ചകളില്‍ അനുസ്മരിച്ച് ദൈവത്തെ നമ്മള്‍ മഹത്വപ്പെടുത്തുന്നു. ധീരമായ ജീവിതസാക്ഷ്യത്തിലൂടെ ദൈവത്തിന് മഹത്വം നല്‍കിയവരാണ് ഈ വിശുദ്ധരും രക്തസാക്ഷികളും സഭാപിതാക്കന്മാരും. അവരൊക്കെ എപ്രകാരമാണ് പ്രതികൂലസാഹചര്യങ്ങളില്‍ വിശ്വാസത്തിനു സാക്ഷ്യം വഹിക്കുകയും ജീവിത വിജയം നേടി മഹത്ത്വം പ്രാപിക്കുകയും ചെയ്തതെന്നു മനസ്സിലാക്കി പ്രചോദനം ഉള്‍ക്കൊണ്ട് അവരെ വണങ്ങാനും ദൈവത്തെ മഹത്വപ്പെടുത്തിക്കൊണ്ട് അവരുടെ ഓര്‍മ്മകൊണ്ടാടാനും ദനഹാക്കാലം നമുക്ക് പ്രയോജനപ്പെടുത്താം. കൂടാതെ മറ്റു ചില തിരുനാളുകളും ആരാധനവത്സര പഞ്ചാംഗത്തില്‍ ചേര്‍ത്തിരിക്കുന്നത് യഥോചിതം ആചരിക്കാന്‍ ശ്രദ്ധിക്കുമല്ലോ.
9. ജനുവരി 18 മുതല്‍ 25 വരെ സഭൈക്യവാര പ്രാര്‍ത്ഥനയുടെ ദിവസങ്ങളാണ്. ക്രൈസ്തവൈക്യത്തിനായി ഈ ദിവസങ്ങളില്‍ പ്രത്യേകം പ്രാർത്ഥിക്കാന്‍ എല്ലാവരും ശ്രദ്ധിക്കണം. ഐക്യത്തിനുവേണ്ടിയുള്ള ഈശോയുടെ പ്രാര്‍ത്ഥനയോടു ചേര്‍ന്ന് നമുക്കുപ്രാര്‍ത്ഥിക്കാം.ജനുവരി 25, 26, 27, തീയതികളില്‍ മൂന്നു നോമ്പാചരണവും 28 ന്മൂന്നുനോമ്പാഘോഷവുമാണ്. നിനിവേക്കാരുടെ യാചനയും, അനുതാപവും പ്രായശ്ചിത്തവുംവഴി അവര്‍ ശിക്ഷയില്‍നിന്ന് മോചിതരായത് അനുസ്മരിച്ചുകൊണ്ട്, ഇന്ന് സമൂഹത്തില്‍ വേരുപിടിച്ചിരിക്കുന്ന തിന്മകളില്‍നിന്ന് മോചനം ലഭിക്കാന്‍ പ്രായശ്ചിത്ത പ്രവൃത്തികളോടെ ഈ നോമ്പാചരണം നമുക്ക് നടത്താം.
ദനഹാക്കാലത്തെ അവസാന വെള്ളിയാഴ്ചയായ ഫെബ്രുവരി 12 സകല മരിച്ചവരുടെയും ഓര്‍മ്മദിനമാണ്. എല്ലാ മരിച്ചവരെയും ആദിവസം ഓര്‍ത്ത് പ്രാര്‍ത്ഥിക്കാം. അവരുടെ പേരില്‍ എന്തെങ്കിലും സല്‍കൃത്യങ്ങള്‍ ചെയ്യുന്നത് ഉചിതവും ഫലപ്രദവുമാണ്. ദനഹാക്കാലത്തെ മുഖ്യ ആഘോഷദിനമായ ദനഹാത്തിരുന്നാള്‍ എല്ലായിടത്തും ഉചിതമായി ആചരിക്കണം. പരിശുദ്ധത്രിത്വത്തിന്‍റെ വെളിപ്പെടുത്തല്‍ ഈശോയുടെ മാമ്മോദീസയുടെ അവസരത്തില്‍ സംഭവിച്ചത് നമ്മുടെ വിശ്വാസജീവിതത്തിലെ കാതലായ രക്ഷാകര രഹസ്യമാണ്.
ഈശോ ലോകത്തിന്‍റെ പ്രകാശമാണെന്നു പ്രഖ്യാപിക്കുന്ന പിണ്ടികുത്തിത്തിരുനാള്‍ ജനുവരി 5 ന് വൈകുന്നേരം എല്ലായിടത്തും ആചരിക്കാന്‍ ശ്രദ്ധിക്കുമല്ലോ.എല്ലാവര്‍ക്കും ദനഹാക്കാലാശംസകള്‍.
സ്നേഹപൂര്‍വ്വം,
ജോസഫ് പെരുന്തോട്ടം മെത്രാപ്പോലീത്ത