കൊച്ചി: രാഷ്ട്രീയവും സാമ്പത്തികവുമായ കാര്യങ്ങളില്‍ കത്തോലിക്ക കോണ്‍ഗ്രസ് ഇടപെടലുകള്‍ കൂടുതല്‍ സജീവമാകണമെന്ന് സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. പുതുവര്‍ഷത്തോടനുബന്ധിച്ച് സഭാ കാര്യാലയമായ കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ നടന്ന കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ പുതുവര്‍ഷ നേതൃസംഗമം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയമായും സാമ്പത്തികമായും പ്രതിസന്ധികള്‍ നേരിടുന്ന സമുദായത്തിന് സഭയുടെ സമുദായ സംഘടനയായ കത്തോലിക്ക കോണ്‍ഗ്രസ് കരുത്താകണമെന്നും ലോകം മുഴുവനുമുള്ള സമുദായാംഗങ്ങളെ കോര്‍ത്തിണക്കുന്ന പദ്ധതികള്‍ക്കും ശ്രമങ്ങള്‍ക്കും സഭയുടെ എല്ലാ പിന്തുണയുമുണ്ടെന്നും കര്‍ദ്ദിനാള്‍ പറഞ്ഞു.

പുതുവര്‍ഷത്തില്‍ പ്രത്യാശയോടെ മുന്നേറാന്‍ എല്ലാവര്‍ക്കും കഴിയട്ടെയെന്ന് പുതുവര്‍ഷ കേക്ക് മുറിച്ച് കര്‍ദിനാള്‍ ആശംസിച്ചു. യോഗത്തില്‍ കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ പ്രസിഡന്റ് അഡ്വ. ബിജു പറയന്നിലം അധ്യക്ഷത വഹിച്ചു. ഡയറക്ടര്‍ ഫാ. ജിയോ കടവി, മുന്‍ പ്രസിഡന്റുമാരായ എം.എം. ജേക്കബ്, വി.വി. അഗസ്റ്റിന്‍ ഭാരവാഹികളായ ഡോ. ജോസ്കുട്ടി ജെ. ഒഴുകയില്‍, ബെന്നി ആന്റണി, തോമസ് പീടികയില്‍, ആന്റണി എല്‍. തൊമ്മാന, ഫ്രാന്‍സീസ് മൂലന്‍, അഡ്വ. വര്‍ഗീസ് കോയിക്കര എന്നിവര്‍ പ്രസംഗിച്ചു. വിവിധ രൂപത ഭാരവാഹികളായ ജെയ്മോന്‍ തോട്ടുപുറം, ബേബി പൊട്ടനാനിയില്‍, ജോണ്‍ മുണ്ടംകാവില്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

നിങ്ങൾ വിട്ടുപോയത്