അരുവിത്തുറ: ഭൂരഹിതരും ഭവനരഹിതരുമായ 25 കുടുംബങ്ങള്‍ക്ക് 10 സെന്റ് സ്ഥലം വീതം നല്കുവാന് അരുവിത്തുറ സെന്റ് ജോര്‍ജ് ഫൊറോനാ ഇടവക. പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് വിഭാവനം ചെയ്ത ഹോം പാലാ പദ്ധതിയോട് ചേര്‍ന്നാണ് ഇത് നടപ്പാക്കുന്നത്. ഇതിനായി ഇടവകാതിര്‍ത്തിയില്‍ പെരുന്നിലം ഭാഗത്ത് രണ്ടര ഏക്കര്‍ സ്ഥലം വാങ്ങിച്ചു കഴിഞ്ഞു. പള്ളിയുടെ പേരില്‍ വാങ്ങിയ ഈ സ്ഥലം ഇടവകയിലെ ഏറ്റവും നിര്‍ധനരായ കുടുംബങ്ങള്‍ക്ക് വീട് വയ്ക്കുന്നതിനായി വീതിച്ചു നല്‍കും.
പള്ളിയുടെ സഹായത്തോടെ 25 വീടുകളും നിര്‍മിച്ചുനല്‍കും. ഓരോ കുടുംബത്തിനും പത്ത് സെന്റ് സ്ഥലം വീതം ലഭിക്കുന്നതിനാല്‍ സ്വകാര്യത സൂക്ഷിച്ച് കുടുംബങ്ങള്‍ക്ക് ജീവിക്കുന്നതിനുള്ള സാഹചര്യം ലഭിക്കുമെന്ന് വികാരി ഫാ. അഗസ്റ്റിന് പാലയ്ക്കപറന്പില്, സഹവികാരിമാരായ ഫാ. സ്കറിയ മേനാംപറമ്പില്‍ , ഫാ. ജോസ് കിഴക്കേതില്‍, കൈക്കാരന്മാരായ ബോസ് പ്ലാത്തോട്ടം, ജയിംസ് ടി. വെള്ളൂക്കുന്നേല്‍, അരുണ്‍ ജോസ് താഴത്തുപറമ്പില്‍, ജോര്‍ജി ജോസ് മണ്ഡപത്തില്‍ എന്നിവര്‍ അറിയിച്ചു.
ഇടവകയിലെ വിവിധ ഭക്തസംഘടനകളുടെയും സമര്‍പ്പിത ഭവനങ്ങളുടെയും സഹകരണത്തോടെ വീടുകള്‍ നിര്‍മിക്കുന്നതിനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. ഇടവകയുടെ നേതൃത്വത്തില്‍ 10 പുതിയ വീടുകളും 37 വീടുകളുടെ നവീകരണവും ഇതിനോടകം നടത്തിക്കഴിഞ്ഞു. ഏകദേശം ഒരു കോടിയിലധികം രൂപ ചെലവഴിക്കുകയും ചെയ്തു. കൂടാതെ കോവിഡ് മഹാമാരി മൂലം ബുദ്ധിമുട്ടുന്ന 120 നിര്‍ധന കുടുംബങ്ങള്‍ക്ക് മാസംതോറും ധനസഹായവും നല്‍കിവരുന്നുണ്ട്.