മഹാവിശുദ്ധനായ വിശുദ്ധ യൗസേപ്പിതാവേ, അങ്ങേ പരിശുദ്ധമുമ്പിൽ ഇതാ ഞാൻ കുടുംബസമേതം വന്നണയുന്നു. ഞങ്ങളുടെ ജീവിതവും ജീവിതാന്തസ്സും ദേഹവും ദേഹിയും അങ്ങയുടെ ഏറ്റം നിർമ്മലഹൃദയത്തിന് അടിയറ വയ്ക്കുന്നു. വന്ദ്യപിതാവേ, അങ്ങയുടെ സംരക്ഷണത്തിന്റെ മേലങ്കിയാൽ ഞങ്ങളെ ഓരോരുത്തരേയും പൊതിയണമേ. പരിശുദ്ധസഭയെ വിശുദ്ധിയിൽ പരിപാലിക്കണമെ. ആത്മീയാന്ധത ബാധിച്ചവരെ മാനസാന്തരത്തിലേക്കു നയിക്കാൻ അങ്ങു പ്രാർത്ഥിക്കണമേ. അങ്ങേയ്ക്കു പ്രതിഷ്ഠിക്കപ്പെട്ട ഞങ്ങളെ പിതാവായ പരമപരിശുദ്ധആബായേശുവായുടെ ഹിതം നിറവേറ്റുന്നതിനായി ഒരുക്കണമേ. അവിടുത്തെ പരിശുദ്ധ മണവാട്ടിയും ഞങ്ങളുടെ പരിശുദ്ധഅമ്മയുമായ പരിശുദ്ധകന്യകാസ്ത്രീമറിയത്തിന്റെ വിമലഹൃദയത്തിന് അനുരൂപരാവാൻ ഞങ്ങളെ സഹായിക്കണമേ. അങ്ങയുടെ നിർമ്മലഹൃദയത്തിൽ അടങ്ങിയിരിക്കുന്ന പുണ്യങ്ങളും കൃപകളും അനുകരിച്ച് വിശുദ്ധിയിലേക്കു നടന്നടുക്കാൻ ഞങ്ങളെ പ്രാപ്തരാക്കണമേ. പരമപരിശുദ്ധക്രിസ്തുയേശുവായുടെ പരിശുദ്ധഹൃദയത്തേയും പരിശുദ്ധഅമ്മയുടെ വിമലഹൃദയത്തേയും ആഴത്തിൽ സ്നേഹിക്കാൻ ഞങ്ങളെ പഠിപ്പിക്കണമേ. അങ്ങ് പരമപരിശുദ്ധക്രിസ്തുയേശുവായേയും പരിശുദ്ധഅമ്മയേയും സംരക്ഷിച്ചതുപോലെ ശാരീരികവും ആത്മീയവുമായ എല്ലാ അപകടങ്ങളിൽ നിന്നും ഞങ്ങളെ സംരക്ഷിക്കണമേ. വൽസലപിതാവേ, അങ്ങേയ്ക്കു പ്രതിഷ്ഠിക്കപ്പെട്ട ഞങ്ങളുടെ ഹൃദയങ്ങൾ അങ്ങ് ഏറ്റെടുക്കണമേ. അവയെ പരിശുദ്ധഅമ്മയുടെ വിമലഹൃദയം വഴിയായി പരമപരിശുദ്ധക്രിസ്തുയേശുവായുടെ പരിശുദ്ധഹൃദയത്തിലേക്ക് കാഴ്ചഅർപ്പിക്കണമേ. അങ്ങനെ വിശുദ്ധി നിറഞ്ഞ ഹൃദയങ്ങൾ സ്വന്തമാക്കാൻ ഞങ്ങൾക്കിടയാവുകയും “പരമാർത്ഥഹൃദയർ ദൈവത്തെ ദർശിക്കും” എന്ന പരിശുദ്ധവചനത്തിന്റെ വാഗ്ദാനം ഞങ്ങളിൽ ഫലമണിയുകയും ചെയ്യട്ടെ.
പരമപരിശുദ്ധക്രിസ്തുയേശുവായുടെ പരിശുദ്ധഹൃദയമേ, ഞങ്ങളെ അനുഗ്രഹിക്കണമേ. പരിശുദ്ധമറിയത്തിന്റെ വിമലഹൃദയമേ, വിശുദ്ധയൗസേപ്പിതാവിൻ്റെ നിർമ്മലഹൃദയമേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കണമേ!

സുകൃതജപം

പരിശുദ്ധമറിയത്തിന്റെ വിമലഹൃദയത്തിന്റെ സ്നേഹാഗ്നിജ്വാലയുടെ യോഗ്യതയാൽ ശുദ്ധീകരണസ്ഥലത്ത് ഏറ്റവും കഷ്ടതയനുഭവിക്കുന്ന ആത്മാക്കളെ രക്ഷിക്കണമേ. വിശുദ്ധയൗസേപ്പിന്റെ നിർമ്മലഹൃദയത്തിന്റെ യോഗ്യതയാൽ ശുദ്ധീകരണസ്ഥലത്ത് പ്രാർത്ഥിക്കാനാരുമില്ലാത്ത ആത്മാക്കളെ രക്ഷിക്കണമേ.

                     വിശുദ്ധ യൗസേപ്പിതാവിനോടുളള ജപം. 

➖➖➖➖➖➖➖➖➖➖
ഭാഗ്യപ്പെട്ട വിശുദ്ധയൗസേപ്പേ, ഞങ്ങളുടെ അനർത്ഥങ്ങളിൽ അങ്ങേപ്പക്കൽ ഓടിവന്ന് അങ്ങേ പരിശുദ്ധ ഭാര്യയോട് സഹായം അപേക്ഷിച്ചതിൻ്റെ ശേഷം അങ്ങേ മദ്ധ്യസ്ഥതയെയും ഞങ്ങൾ ഇപ്പോൾ മനശരണത്തോടുകൂടെ യാചിക്കുന്നു.

പരിശുദ്ധയേശുവാജനനിയായ അമലോത്ഭവ കന്യകയോട് അങ്ങേ ഒന്നിപ്പിച്ച പരിശുദ്ധയേശുവാസ്നേഹത്തെക്കുറിച്ചും പരമപരിശുദ്ധക്രിസ്തുയേശുവായെ അങ്ങ് ആലിംഗനം ചെയ്ത അങ്ങേ പൈതൃകമായ സ്നേഹത്തെക്കുറിച്ചും പരമപരിശുദ്ധക്രിസ്തുയേശുവാ തന്റെ പരിശുദ്ധരക്തത്താൽ നേടിയ അവകാശത്തിന്മേൽ കൃപയോടെ നോക്കണമെന്നും അങ്ങേ ശക്തിയാലും മഹത്വത്താലും ഞങ്ങളുടെ ആവശ്യങ്ങളിൽ ഞങ്ങളെ സഹായിക്കണമെന്നും സവിനയം അങ്ങയോട് ഞങ്ങൾ പ്രാർത്ഥിക്കുന്നു.

പരിശുദ്ധകുടുംബത്തിന്റെ എത്രയും വിവേകമുളള സംരക്ഷകനേ, പരമപരിശുദ്ധക്രിസ്തുയേശുവായുടെ തെരഞ്ഞെടുക്കപ്പെട്ട ജനത്തെ ആദരിക്കണമേ. എത്രയും സ്നേഹമുളള പിതാവേ! അബദ്ധത്തിന്റെയും വഷളത്വത്തിന്റെയും കറകളൊക്കെയിൽ നിന്നും ഞങ്ങളെ കാത്തുരക്ഷിക്കണമേ. ഞങ്ങളുടെ എത്രയും വല്ലഭനായ പാലകാ! അന്ധകാരങ്ങളുടെ ശക്തികളോട് ഞങ്ങൾ ചെയ്യുന്ന യുദ്ധത്തിൽ സ്വർഗ്ഗത്തിൽനിന്ന് ഞങ്ങളെ കൃപയോടെ സഹായിക്കണമേ.

അങ്ങുന്ന് ഒരിക്കൽ പരമപരിശുദ്ധക്രിസ്തുയേശുവായെ മരണകരമായ അപകടത്തിൽനിന്ന് കാത്തുരക്ഷിച്ചതുപോലെ ഇപ്പോൾ ദൈവമായ പരമപരിശുദ്ധയേശുവായുടെ പരിശുദ്ധസഭയെ ശത്രുവിന്റെ കെണിയിൽ നിന്നും എല്ലാ ആപത്തുകളിൽനിന്നും കാത്തുകൊളളണമേ. ഞങ്ങൾ അങ്ങേ മാതൃക അനുസരിച്ച് അങ്ങേ സഹായത്താൽ ബലം പ്രാപിച്ച് പുണ്യ ജീവിതം കഴിപ്പാനും നല്ലമരണം ലഭിച്ച് സ്വർഗ്ഗത്തിൽ നിത്യഭാഗ്യം പ്രാപിപ്പാനും തക്കവണ്ണം അങ്ങേ മാദ്ധ്യസ്ഥത്താൽ ഞങ്ങളെല്ലാവരെയും എല്ലായ്പ്പോഴും കാത്തുകൊളളണമേ.
ആമേൻ.

നിങ്ങൾ വിട്ടുപോയത്