സിറോ മലബാർ സഭയുടെ വിശുദ്ധ കുർബാന ക്രമം എറണാകുളം രൂപതയിൽ നടപ്പിലാക്കാൻ ആവശ്യപ്പെട്ടുകൊണ്ടുള്ള ഏർണാകുളം-അങ്കമാലി അതിരൂപതയുടെ മെത്രാപോലീത്താൻ ആർച്ച് ബിഷപ്പും സിറോ മലബാർ സഭയുടെ തലവനുമായ മാർ ജോർജ് ആലഞ്ചേരി പിതാവിന്റെ കൽപ്പന

Prot. No. 0386/2022
16 ഏപ്രിൽ 2022

എറണാകുളം അങ്കമാലി അതിരൂപത വൈദികർക്കും അതിരൂപതയിലെ എല്ലാ സമർപ്പിത വൈദികർക്കും…

പ്രിയ ബഹുമാനപ്പെട്ട വൈദികരേ,

നമ്മുടെ സഭയിൽ വി. കുർബാനയുടെ ഏകീകൃത അർപ്പണരീതി നടപ്പിലാക്കുന്നതിനുള്ള സിനഡിന്റെ തീരുമാനം 2021 നവംബർ 28-ന് നിലവിൽ വന്നതാണല്ലോ. ഈ തീരുമാനം അന്നു മുതൽ പ്രായോഗികമായി നടപ്പിലാക്കാൻ സാധിക്കാത്ത സ്ഥലങ്ങളിൽ ആവശ്യമായ തയ്യാറെടുപ്പുകൾക്കുവേണ്ടി 2022 ഈസ്റ്റർ ഞായറാഴ്ചവരെ സിനഡ് സമയം അനുവദിച്ചിരുന്നു

നമ്മുടെ അതിരൂപതയിൽ സിനഡിന്റെ തീരുമാനം നടപ്പിലാക്കുന്നതു സംബന്ധിച്ച് 2022 ഏപ്രിൽ 6, 7 തീയതികളിൽ അടിയന്തരമായി ഓൺലൈൻ വഴി സമ്മേളിച്ച് പ്രത്യേക സിനഡ് സമ്മേളനത്തിന്റെ സമാപനത്തിൽ, അതിരൂപതയുടെ മെത്രാപ്പോലീത്തൻ ആർച്ച്ബിഷപ് എന്ന നിലയിൽ ഞാനും അതിരൂപതയ്ക്ക് വേണ്ടിയുള്ള മേജർ ആർച്ച് ബിഷപ്പിന്റെ വികാരി എന്ന അഭിവന്ദ്യ ആന്റണി കരിയിൽ പിതാവും ചേർന്ന് 2022 ഏപ്രിൽ 7-ന് ഒരു സർക്കുലർ (05/2022) പുറപ്പെടുവിച്ചിരുന്നല്ലോ. ആ സർക്കുലറിലെ തീരുമാനങ്ങൾ മാറ്റമില്ലാതെ അതിരൂപതയിൽ നിയമപരമായി നിലനിൽക്കുന്നുവെന്ന് ഇതിനാൽ ഓർമ്മപ്പെടുത്തട്ടെ.

അതിനാൽ, 2022 മാർച്ച് 25-ന് പരിശുദ്ധ പിതാവ് ഫ്രാൻസിസ് മാർപാപ്പ നമ്മുടെ അതിരൂപത യ്ക്കായി പ്രത്യേകം എഴുതിയ കത്തിൽ നൽകിയ ആഹ്വാനമനുസരിച്ചും ഇതുമായി ബന്ധപ്പെട്ടു പൗരസ്ത്യസഭകൾക്കായുള്ള കാര്യാലയം നൽകിയിരിക്കുന്ന നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിലും സീറോമലബാർ സഭയുടെ മെത്രാൻ സിനഡിന്റെ തീരുമാനമനുസരിച്ചും 2022 ഏപ്രിൽ 17 ഈസ്റ്റർ ഞായറാഴ്ച മുതൽ നമ്മുടെ അതിരൂപതയിൽ വിശുദ്ധ കുർബാന അർപ്പിക്കപ്പെടുന്ന എല്ലാ സ്ഥലങ്ങളിലും ഏകീകൃത അർപ്പണരീതിയനുസരിച്ചു വിശുദ്ധ കുർബാന അർപ്പിക്കേണ്ടതാണ്. പ്രത്യേക സാഹചര്യങ്ങളാൽ ഈസ്റ്റർ ഞായറാഴ്ചയോടുകൂടി ഏകീകൃത വിശുദ്ധ കുർബാനയർപ്പണ രീതി നടപ്പിലാക്കാൻ സാധിക്കാത്ത സ്ഥലങ്ങളിൽ സർക്കുലർ 5/2022-ൽ നൽകിയിരിക്കുന്ന മൂന്നാമത്തെ തീരുമാനമനുസരിച്ചു നിയമപരമായ ഇളവു വാങ്ങേണ്ടതാണ്.

ഈ വിഷയത്തിൽ മറിച്ചുള്ള ഒരു നിർദ്ദേശവും നിയമപരമായി നിലനിൽക്കുന്നതല്ല. പരിശുദ്ധ പിതാവിനോടുള്ള വിധേയത്വത്തിൽ നമ്മുടെ സഭയുടെ സിനഡിന്റെ തീരുമാന മനുസരിച്ചു ഏകീകൃത രീതിയിൽ വിശുദ്ധ കുർബാനയർപ്പിക്കാൻ അതിരൂപതയിലെ എല്ലാ വൈദികരോടും സ്നേഹപൂർവം അഭ്യർത്ഥിക്കുന്നു. നമ്മുടെ കർത്താവിന്റെ ഉയിർപ്പുതിരുനാളിന്റെ സന്തോഷവും സമാധാനവും ആശംസിച്ചുകൊണ്ട്,
സ്നേഹപൂർവം,

മേജർ ആർച്ച്ബിഷപ് കർദിനാൾ ജോർജ്ജ് ആലഞ്ചേരി


എറണാകുളം അങ്കമാലി അതിരൂപതയുടെ മെത്രാപ്പോലീത്തൻ ആർച്ച് ബിഷപ്

സിറോ മലബാർ സഭയുടെ വിശുദ്ധ കുർബാന ക്രമം എറണാകുളം രൂപതയിൽ നടപ്പിലാക്കാൻ ആവശ്യപ്പെട്ടുകൊണ്ടുള്ള ഏർണാകുളം-അങ്കമാലി അതിരൂപതയുടെ മെത്രാപോലീത്താൻ ആർച്ച് ബിഷപ്പും സിറോ മലബാർ സഭയുടെ തലവനുമായ മാർ ജോർജ് ആലഞ്ചേരി പിതാവിന്റെ കൽപ്പന
അറിയിപ്പ്
കാക്കനാട്: സീറോമലബാർ സഭയുടെ മേജർ ആർച്ചുബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി പിതാവ് സെന്റ് മേരീസ് ബസിലിക്കയിൽ ഇന്ന് രാത്രി 11.45-ന് ഈസ്റ്റർ വി. കുർബാന അർപ്പിക്കുന്നു.
ഫാ. അലക്സ്‌ ഓണംപള്ളി
സെക്രട്ടറി, സീറോമലബാർ മീഡിയ കമ്മീഷൻ
16 ഏപ്രിൽ 2022

നിങ്ങൾ വിട്ടുപോയത്