വിഴിഞ്ഞം തിരസംരക്ഷണ സമരം, മൂലംമ്പിള്ളി മുതല്‍ വിഴിഞ്ഞം വരെ ജനബോധന യാത്ര ഇന്ന് (14.9.2022)ആരംഭിക്കും

അതിജീവനത്തിനും ഉപജീവന സംരക്ഷണത്തിനുമായി ഐതിഹാസിക പ്രക്ഷോഭം നയിക്കുന്ന തിരുവനന്തപുരത്തെ തീരദേശ ജനസമൂഹത്തോട് പക്ഷം ചേര്‍ന്നുകൊണ്ട് കെആര്‍എല്‍സിസിയുടെയും ബഹുജനസംഘടനകളുടെയും നേതൃത്വത്തില്‍ നടക്കുന്ന ജനബോധന യാത്ര ഇന്ന് (സെപ്റ്റംബര്‍ 14, ബുധന്‍) ഉച്ചതിരിഞ്ഞ് 3:00ന് ആരംഭിക്കും. വികലമായ വികസനത്തിന്‍റെ ബാക്കിപത്രമായി കരുതുന്ന മൂലമ്പിള്ളിയില്‍ നിന്നും കുടിയിറക്കപ്പെട്ടവരുടെ പ്രതിനിധികള്‍ കൈമാറുന്ന പതാക വരാപ്പുഴ അതിരൂപതാ വികാരി ജനറല്‍ മോണ്‍. മാത്യു കല്ലിങ്കല്‍ യാത്രയ്ക്ക് നേതൃത്വം നല്കുന്ന ജോസഫ് ജൂഡ്, അഡ്വ. ഷെറി ജെ. തോമസ് എന്നിവര്‍ക്ക് നല്കി തുടക്കം കുറിക്കും. കെആര്‍എല്‍സിസി ജനറല്‍ സെക്രട്ടറി ഫാ. തോമസ് തറയില്‍ പ്രസംഗിക്കും.

തുടര്‍ന്ന് നഗരത്തിലെത്തുന്ന യാത്രയെ മദര്‍ തെരേസ ചത്വരത്തില്‍ സ്വീകരിക്കും. വൈകിട്ട് 4:00 ന് വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത അഭിവന്ദ്യ ഡോ. ജോസഫ് കളത്തിപറമ്പില്‍ ഔപചാരികമായ ഉദ്ഘാടനം നിര്‍വ്വഹിക്കും. കോട്ടപ്പുറം രൂപതാ മെത്രാന്‍ അഭിവന്ദ്യ ഡോ. ജോസഫ് കാരിക്കശ്ശേരി എന്നിവര്‍ പ്രസംഗിക്കും. വൈകിട്ട് 5:00 ന് രാജേന്ദ്ര മൈതാനിയില്‍ നടക്കുന്ന ആദ്യദിനത്തിലെ സമാപന സമ്മേളനം കെസിബിസി പ്രസിഡന്‍റ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്യും. എം. പി. ഫൈസല്‍ അസ്ഹരി, അഡ്വ തമ്പാന്‍ തോമസ്, അഡ്വ. എന്‍.ഡി.പ്രേമചന്ദ്രന്‍, ഡോ. കെ എം ഫ്രാന്‍സിസ്, ചാള്‍സ് ജോര്‍ജ്, തുടങ്ങിയവര്‍ പ്രസംഗിക്കും.

വിനാശകരവും അതിഭയാനകവുമായ തീരശോഷണവും ആണ് തിരുവനന്തപുരം തീരപ്രദേശങ്ങളില്‍ അനുഭവപ്പെടുന്നത്. ആയിരക്കണക്കിന് തീരദേശ കുടുംബങ്ങള്‍ ഇന്ന് ഭൂരഹിതരും ഭാവനരഹിതരും ആയിരിക്കുന്നു. വിഖ്യാതമായ ശംഖുമുഖം കടല്‍ത്തീരവും അന്താരാഷ്ട്ര പ്രശസ്തി ആര്‍ജ്ജിച്ച കോവളം കടല്‍ത്തീരവും ഇന്ന് നാശോډുഖമായിരിക്കുന്നു. 2015 വിഴിഞ്ഞം തുറമുഖത്തിന്‍റെ നിര്‍മ്മാണം ആരംഭിച്ചതിനുശേഷം ആണ് തീരശോഷണം അതിരൂക്ഷമാവുന്നത്. കേരളത്തിന്‍റെ മറ്റു പ്രദേശങ്ങളിലും തീരശോഷണം ഗുരുതരമായ വിധം പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. ചെല്ലാനത്ത് ഭാഗികമായി തീരസംരക്ഷണത്തിന് നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ടെങ്കിലും അത് പൂര്‍ണമായി അടിയന്തരമായി നടപ്പിലാക്കേണ്ടതുണ്ട്. ആലപ്പുഴയിലും കൊല്ലത്തും നിരവധി മേഖലകളില്‍ തീരശോഷണം അതിരൂക്ഷമാണ്.

നിരവധി വര്‍ഷങ്ങളായി സര്‍ക്കാരിനെ പ്രശ്നപരിഹാരത്തിനായി നിരന്തരം സമീപിച്ചുവെങ്കിലും സര്‍ക്കാര്‍ നിസംഗത പ്രകടിപ്പിക്കുകയായിരുന്നു. മത്സ്യത്തൊഴിലാളികളുടെ നിലനില്പിനായുള്ള ഈ പ്രക്ഷോഭത്തിന്‍റെ ആവശ്യങ്ങളും സര്‍ക്കാരിന്‍റെ നിഷേധാത്മക നിലപാടുകളും പൊതുജനങ്ങളെ ബോധ്യപ്പെടുത്തുകയാണ് ഈ ജനബോധന യാത്രയുടെ ലക്ഷ്യം. വികസന പദ്ധതികളുടെ ഭാഗമായി കുടിയൊഴിപ്പിക്കപ്പെടുന്നവരെ ശരിയായ വിധം പുനരധിവസിപ്പിക്കുന്നതിന് കഴിയാത്തത് ഗുരുതരമായ വീഴ്ചയാണ്. മൂലംമ്പിള്ളിയിലെ കുടിയിറക്കപ്പെട്ട നിരവധി കുടുംബങ്ങള്‍ ഇന്നും പുനരധിവസിക്കപ്പെട്ടിട്ടില്ല എന്നത് അത്യന്തം ഖേദകരമാണ്. ഈ സാഹചര്യങ്ങളെ കേരളത്തിന്‍റെ ശ്രദ്ധയിലേക്കും ബോധ്യത്തിലേക്കും കൊണ്ടുവരികയാണ് ജനബോധന യാത്രയുടെ ലക്ഷ്യം. സെപ്റ്റംബര്‍ 15ന് കൊച്ചി രൂപതയുടെ നേതൃത്വത്തില്‍ വിവിധ സ്ഥലങ്ങളില്‍ പര്യടനം നടത്തുന്ന യാത്ര പള്ളുരുത്തിയില്‍ നിന്ന് തോപ്പുംപടി ബിഒടി ജംഗ്ഷനിലേക്ക് നടത്തുന്ന പദയാത്രയോടെ സമാപിക്കും.

സെപ്റ്റംബര്‍ 16ന് മൂന്നാം ദിവസത്തെ യാത്രയ്ക്ക് നേതൃത്വം നല്‍കുന്നത് ആലപ്പുഴ രൂപതയാണ്. രാവിലെ ചെല്ലാനത്ത് നിന്നും ആരംഭിക്കുന്ന യാത്ര ഉച്ചയ്ക്ക് മൂന്നിന് ആലപ്പുഴ ടൗണില്‍ എത്തിച്ചേരും. തുടര്‍ന്ന് കത്തീഡ്രല്‍ ക്യാമ്പസില്‍ നിന്നും പദയാത്രയായി പുന്നപ്രയില്‍ എത്തിച്ചേര്‍ന്ന് പൊതുസമ്മേളനം നടത്തും. സെപ്റ്റംബര്‍ 17ന് ശനിയാഴ്ച കൊല്ലം രൂപതയാണ് ജനബോധന യാത്രയ്ക്ക് നേതൃത്വം നല്‍കുന്നത്. ഹരിപ്പാട് നിന്ന് ആരംഭിക്കുന്ന യാത്ര കൊല്ലത്ത് ചിന്നക്കടയില്‍ പൊതുയോഗത്തോടെ സമാപിക്കും.

സെപ്റ്റംബര്‍ 18 ഞായറാഴ്ച തിരുവനന്തപുരം ജില്ലയുടെ ജില്ലയുടെ തീരദേശ തീരപ്രദേശങ്ങളിലൂടെ സഞ്ചരിക്കുന്ന ജനബോധന യാത്രയ്ക്ക് നേതൃത്വം നല്‍കുന്നത് തിരുവനന്തപുരം അതിരൂപതയാണ്. വിഴിഞ്ഞം ഫിഷിങ് ഹാര്‍ബറിന് മുന്നില്‍ നിന്ന് ആരംഭിക്കുന്ന ബഹുജന മാര്‍ച്ച് സമരവേദിക്ക് മുന്‍പില്‍ പൊതുയോഗത്തോടെ സമാപിക്കും. തിരുവനന്തപുരം അതിരുപത മെത്രാപ്പോലീത്ത ഡോ. തോമസ് ജെ. നെറ്റൊ സമ്മേളനം ഉദ്ഘാടനം ചെയ്യും. സമരസമിതി ജനറല്‍ കണ്‍വീനര്‍ മോണ്‍. യുജിന്‍ എച്ച്. പെരേര മുഖ്യപ്രഭാഷണം നടത്തും. മത സാമൂഹിക സാംസ്കാരിക നേതാക്കള്‍ സംസാരിക്കും. കേരളത്തിലെ വിവിധ രൂപതകളില്‍ നിന്നും ബഹുജന സംഘടനകളില്‍ നിന്നും പ്രതിനിധികള്‍ ജാഥയില്‍ പങ്കുചേരും.

വിനാശകരവും ഭയാനകവുമായ തീരശോഷണം ഫലപ്രദമായി പ്രതിരോധിക്കണമെന്നും തീരശോഷണത്തിന്‍റെ പ്രധാന കാരണമായ വിഴിഞ്ഞം തുറമുഖ നിര്‍മ്മാണത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെച്ച് ശാസ്ത്രീയവും സുതാര്യവുമായ പഠനം നടത്തണമെന്നും ആവശ്യപ്പെട്ടാണ് മത്സ്യത്തൊഴിലാളികളും തീരദേശനിവാസികളും കഴിഞ്ഞ 50 ലേറെ ദിവസങ്ങളിലായി പ്രക്ഷോഭം നടത്തുന്നത്. തീരശോഷണത്തിന്‍റെ ഫലമായി ഭൂമിയും ഭവനവും നഷ്ടപ്പെട്ട് മനുഷ്യോചിതമല്ലാത്ത സാഹചര്യങ്ങളില്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്ന കുടുംബങ്ങളെ ന്യായമായ നഷ്ടപരിഹാരം നല്‍കി പുനരധിവസിപ്പിക്കണമെന്നും മത്സ്യത്തൊഴിലാളികള്‍ ആവശ്യപ്പെടുന്നു. ഇവയുള്‍പ്പെടെ ഏഴ് ആവശ്യങ്ങളാണ് പ്രക്ഷോഭത്തില്‍ ആവശ്യങ്ങളായി ഉയര്‍ന്നു ഉയര്‍ത്തിയിട്ടുള്ളത്. ചില ആവശ്യങ്ങളില്‍ അവ്യക്തമായ ചില ധാരണകള്‍ ഉണ്ടായെങ്കിലും കാതലായ ചില പ്രശ്നങ്ങളില്‍ സര്‍ക്കാരിന്‍റെ നിലപാട് നിഷേധാډകമാണ്. കേരളത്തിന്‍റെ സാമ്പത്തിക – പാരിസ്ഥിതി ക ഘടനയില്‍ ദൂരവ്യാപകവും അതീവ ഗുരുതരവുമായ പ്രത്യാഘാതങ്ങള്‍ ഉളവാക്കുന്നതാണ് വിഴിഞ്ഞം തുറമുഖമെന്നത് പകല്‍ പോലെ വ്യക്തമാണ്. ഇത് ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങള്‍ പഠിച്ച് പരിഹാരം കണ്ടെത്തുന്നതുവരെ തുറമുഖ നിര്‍മ്മാണം നിര്‍ത്തി വയ്ക്കണം.

കേരളത്തിന്‍റെ സൈന്യം എന്ന വിശേഷിക്കപ്പെട്ട മത്സ്യത്തൊഴിലാളികളുടെ പ്രക്ഷോഭം സംസ്ഥാനതലത്തിലേക്ക് ഒരു ബഹുജന പ്രക്ഷോഭമായി വളര്‍ത്തുന്നതിന് ഭാഗമായിട്ടാണ് ഈ ജനബോധന യാത്ര നടക്കുന്നത്. ഈ ജീവന്‍ മരണ പോരാട്ടത്തില്‍ എല്ലാവരുടെയും ആത്മാര്‍ത്ഥമായ പിന്തുണയും സഹായവും ഉണ്ടാവണമെന്ന് അഭ്യര്‍ത്ഥിക്കുന്നു

ജോസഫ് ജൂഡ്, വൈസ് പ്രസിഡന്‍റ്, കെആര്‍എല്‍സിസി: 9847237771
ഫാ. തോമസ് തറയില്‍, ജനറല്‍ സെക്രട്ടറി, കെആര്‍എല്‍സിസി: 8547015368
അഡ്വ. ഷെറി ജെ. തോമസ്, ജനറല്‍ സെക്രട്ടറി, കെഎല്‍സിഎ: 9447200500
പി. ജെ. തോമസ്, സെക്രട്ടറി, കെആര്‍എല്‍സിസി: 9447415399

നിങ്ങൾ വിട്ടുപോയത്