എൻ്റെ ജീവിതത്തിൽ ഞാൻ ദു:ഖിക്കാൻ മനസ്സിനെ അനുവദിക്കാറില്ല.ധാരാളം ജീവിത അനുഭവം അതിന് കാരണമാകാം.എന്നാൽ ഒരു ആത്മഹത്യാ മരണഭവനത്തിൽ ശുശ്രൂഷകൾ നടത്തണ്ടതായി വന്നപ്പോൾ പ്രസംഗ മദ്ധ്യേയേശുക്രിസ്തുവിൻ്റെ അനന്ത കരുണയെപ്പറ്റി പറഞ്ഞപ്പോൾ ഞാനും കരഞ്ഞുപോയി.

നിൽക്കകള്ളി ഇല്ലാത്തപ്രതിസന്ധിയിലും പിടിച്ചു നിൽക്കാൻ സഹായിക്കുക ദൈവ വിശ്വാസം മാത്രമാണ്. കാരണം ജീവിതം മുഴുവൻ ഇരുട്ടാണ്. വിശ്വാസം നഷ്ടപ്പെട്ടവരും ഏറെ മനോ ദൗർബല്യമുള്ളവരും,വെറും പാവങ്ങളുമാണ് ആത്മഹത്യ ചെയ്യുന്നത്.എന്നെങ്കിലും എവിടെ എങ്കിലും ഒരു എം പോക്രി ആത്മഹത്യ ചെയ്തതായി കേട്ടിട്ടുണ്ടോ.?

ഉണ്ടാകാം. എല്ലാം നശിച്ച് മദ്യപിച്ച്, മദ്യപിച്ച് ,ഒടുവിൽ ഏറ്റവും ദുർബലനായി തീർന്നപ്പോൾ ആത്മഹത്യ ചെയ്തിട്ടുണ്ടാകാം.പക്ഷേ ഒരിക്കലും ഒരു കരുത്തൻ ആത്മഹത്യ ചെയ്യുകയില്ല.

ഇക്കാര്യം എഴുതാൻ കാരണം ഏറ്റവും കരുണയും, സഹതാപവും, ആവശ്യമുള്ള ആത്മഹത്യ ചെയ്ത വ്യക്തികളെ ,സഭകളും, സമൂഹവും രണ്ടാം കിടയായി കാണുന്നു എന്നതാണ്. അവർക്ക് വേണ്ടി പ്രത്യേക ശുശ്രൂഷ ക്രമം എന്ന വേർതിരിവും ഉണ്ടാക്കിയിട്ടുണ്ട്.പെന്തോ കളുടെ പാസ്റ്ററന്മാർ ആണെങ്കിൽ ആ ഭവനത്തിൻ്റെ പരിസരത്ത് പോലും അടുക്കുകയില്ല.വിശ്വാസത്തിൻ്റെ വീര്യം കൂടും തേറും കരുണയും, മനസ്സലിവും കുറഞ്ഞു വരുമെന്ന് സാരം.

നിങ്ങളും ഞാനും ബൈബിൾ വായിച്ചിട്ടുണ്ട്. കർത്താവായമിശിഹാ തമ്പുരാൻ എപ്പോഴെങ്കിലും ആത്മഹത്യ ചെയ്തവരോട് കരുണ കാട്ടരുതെന്നോ, അവർക്ക്‌ വേണ്ടി പ്രാർത്ഥിക്കരുത് എന്നോ പറഞ്ഞിട്ടുണ്ടോ?

യുദാസ്കറിയോത്തായുടെ ദാരുണ മരണത്തെപ്പറ്റിയുംഅതിൻ്റെ സൂചന സങ്കീർത്തനത്തിൽ പറഞ്ഞിട്ടുള്ളതുംഅപ്പോ: ഒന്നാം അദ്ധ്യായത്തിൽ പറഞ്ഞിട്ടുണ്ട്.ദാരുണ മരണമല്ല അവൻ്റെ പേർ ഓർക്കാതിരിക്കട്ടെ എന്നു സങ്കീർത്തനക്കാരൻ പറയുവാൻ കാരണമെന്ന് എനിക്ക് തോന്നുന്നു. യൂദായുടെ ദു:ഷ്ട മനസ്സും, അതിൻ്റെ ഫലമായ ഒറ്റലുമാണ്. അയാളുടെ പാപബോധവും പശ്ചാത്താപവും ഇല്ലാത്ത ജീവിതം തന്നെ. യൂദായും പശ്ചാത്തപിച്ച മനസ്സുള്ളവനായിരുന്നെങ്കിൽ രക്ഷപ്രാപിക്കുമായിരുന്നു എന്നു തോന്നുന്നു.ദാരുണ മരണം പ്രാപിച്ചവർക്ക് സഭ ബഹുമതിയോടെ സംസ്ക്കാരം കൊടുക്കുന്നുണ്ടല്ലോ?

എങ്കിൽ ഒരു ദുർബല നിമിഷത്തെ വികലമായ ചിന്തകൊണ്ട് ആത്മഹത്യ ചെയ്തവരോട് വിവേചനം ആവശ്യമുണ്ടോ?

മറിച്ച് കരുണയും, ആർദ്രതയും, സ്നേഹവും അല്ലേ കരണീയം. എന്നു തന്നെയല്ലജീവിച്ചിരിക്കുന്ന കുടുംബാംഗങ്ങളെ അവരുടെ ഏറ്റവും പരിതാപകരമായ അവസ്ഥയിൽ അവമതിക്ക് ഇടയാക്കുകയും ദു:ഖിപ്പിക്കുകയുമല്ലേ ചെയ്യുക.

സകല ഗുണ്ടാ പണിയും, പിടിച്ചുപറിയും നടത്തി പണമുണ്ടാക്കി, സഭയിൽ മാന്യമായ കസേരകൾ നേടിയ ശേഷം കൊല്ലപ്പെടുകയോ, അപകടപ്പെടുകയോ ചെയ്താൽ സകല ആർഭാടങ്ങളോടും, സ്വർഗ്ഗത്തിൽ മ്ശിഹാ തമ്പുരാൻ്റെ വലത്തുഭാഗത്ത് ഇരുത്തുന്ന പ്രസംഗളോടും, ദീർഘമായ പ്രാർത്ഥനയോടും കൂടെ എപ്പിസ്കോപ്പൽ സുന്നഹദോസ് ഒന്നടങ്കംമൃതദേഹ സംസ്ക്കാരം നടത്തുന്നതിനും ഈ തലമുറസാക്ഷികൾ ആയിട്ടില്ലേ?

ഏത് സഭയിൽ എവിടെ എന്നതല്ല കാര്യം.നാം ക്രിസ്ത്യാനികൾ എവിടെ എത്തി നിൽക്കുന്നു എന്നതാണ് കാര്യം.

എൻ്റെ കൈവശം ഒരു ഓർത്തഡോക്സ് / യാക്കോബായ ആത്മഹത്യാ ശുശ്രൂഷാ ക്രമം ഉണ്ടായിരുന്നു.അത് എനിക്ക് പൗരോഹിത്യ ശുശ്രൂഷയിൽ ബോധം തെളിഞ്ഞു കിട്ടിയ പണ്ടൊരുനാൾകത്തിച്ചു ദൂരെക്കളഞ്ഞു.

Mathew Manavathachen Manarcadu

നിങ്ങൾ വിട്ടുപോയത്