വിശ്വാസികൾ ജാഗ്രത പാലിക്കുക

ടോണി ചിറ്റിലപ്പിള്ളി ( അൽമായ ഫോറം സെക്രട്ടറി,,സീറോ മലബാർ സഭ )

സഭയുടെ അകത്തളങ്ങളിൽ വൈദികർ നടത്തുന്ന സമര കാഴ്ചകള്‍ കാര്യമായ മറകളില്ലാതെ പൊതുജനങ്ങള്‍ കണ്ടുകൊണ്ടിരിക്കുന്നു.

സീറോ മലബാർ സഭയിലെ എറണാകുളം അങ്കമാലി അതിരൂപതയിൽ വൈദികരുടെ ഭാഗത്തു നിന്ന് വിശ്വാസപരമായും അജപാലനപരമായും വലിയ വീഴ്ചകൾ ഉണ്ടായിട്ടുണ്ട്.വിശ്വാസികളുടെ വിശ്വാസം ചോദ്യം ചെയ്യപ്പെടുന്ന സാഹചര്യം തന്നെ അവർ വിശ്വാസികളുടെ ഇടയിൽ സൃഷ്ടിച്ചു.മാർപ്പാപ്പയുടെ നിർദേശങ്ങൾ പോലും അവർ മാനിച്ചില്ല.സമൂഹത്തിലെ ഉന്നതരുടെ കൂട്ടുപിടിച്ച് “തങ്ങളാണ് ശരി”എന്ന് അവർ പൊതുസമൂഹത്തെ ബോധ്യപ്പെടുത്താൻ ശ്രമിച്ചു.പൊതുസമൂഹത്തിനു മുൻപിൽ അപഹാസ്യരാകാനേ ഇത്തരം വൈദികരുടെ പ്രവർത്തനങ്ങൾ കൊണ്ട് സാധിച്ചുള്ളൂ.

സുവിശേഷത്തിന്റെയും അനുരഞ്ജനത്തിന്റെയും ക്രൈസ്തവികതയുടെയും വൈദികാന്തസ്സിന്റേയും പാത വെടിഞ്ഞു കൊണ്ട് വിശ്വാസികളെ തിരുസഭക്കെതിരെ തിരിക്കാനും,ലൗകികമായ സമരാഭാസങ്ങൾ കൊണ്ട് ആത്മീയ കാര്യങ്ങൾ നേടിയെടുക്കാനും ശ്രമിച്ചു.സാക്ഷര സമൂഹത്തിൽ ദൈവശാസ്ത്രം വളച്ചൊടിച്ച്‌ വികലമാക്കി വിശ്വാസികളുടെയിടയിൽ പാഷണ്ഡത വ്യാപിപ്പിക്കാൻ ശ്രമിച്ചു.കത്തോലിക്കാ സഭയെ സംബന്ധിച്ച് ഇത് വളരെ ഗുരുതരമായ തെറ്റാണ്‌.കർശന നടപടികൾ ഇവർക്കെതിരെ അനിവാര്യമാണ്.ഇത്തരം വൈദികർക്കെതിരെ മാതൃകാപരമായ നടപടികൾ എടുത്ത്‌ കത്തോലിക്കാ വിശ്വാസം പരിരക്ഷിക്കാൻ സീറോ മലബാർ സിനഡ് പിതാക്കൻമാരോട് അപേക്ഷിക്കുന്നു.

സെമിനാരി പരിശീലകരായ അധികാരികളുടെ ഉദാസീനതയും ദൈവവിളിയിലെ കുറവുകളും മൂലം, ചെറിയ തെറ്റുകൾ സാരമില്ല, എന്ന ലാഘവബുദ്ധിയും മൂലം പരിശീലനകാലത്ത് അനർഹരായവരെ തിരിച്ചറിയാൻ പോരുന്ന ക്രിയാത്മക ഇടപെടലുകൾ നടത്താൻ മൈനർ സെമിനാരി മുതൽ കഴിഞ്ഞിട്ടില്ല എന്നത് തന്നെയാണ് എറണാകുളത്തെ നിർഭാഗ്യകരമായ സംഭവങ്ങൾ കാണിക്കുന്നത്.എറണാകുളത്ത് വേലി തന്നെ വിളവ് തിന്നുന്ന അവസ്ഥയാണ്.ചില സന്യാസിനീസന്യാസികളും ഈ വൈദികരുടെ കെണിയിൽ വീണു പോയിട്ടുണ്ട്.അവരുടെ അധികാരികൾ അത്തരം വീഴ്ചകൾ പരിശോധിച്ച് നടപടികൾ കൈക്കൊള്ളുമെന്ന് വിശ്വസിക്കുന്നു.

മാനസാന്തരവും പരിവര്‍ത്തനവും ഇത്തരക്കാർക്ക് അനിവാര്യമാണ്.അവരുടെ അജ
പാലനശുശ്രൂഷയുടെ പ്രത്യേക സംസ്കാരത്തില്‍ത്തന്നെ മാറ്റം വരുത്തേണ്ടിയിരിക്കുന്നു.അവർ മാനസാന്തരം ആഗ്രഹിക്കുന്നെങ്കില്‍ സഭയോട് ആത്മാര്‍ത്ഥത, സുതാര്യത, ഐക്യദാര്‍ഢ്യം എന്നിവ പ്രകടിപ്പിക്കണം. സുവിശേഷാത്മകമായി തങ്ങളുടെ പ്രശ്നങ്ങളെ നേരിടേണ്ടതിനു പകരം മാനുഷികമായി നേരിട്ടതാണ് പല എറണാകുളം വൈദികരും ചെയ്ത അബദ്ധങ്ങൾ എന്ന് പലർക്കും ബോധ്യമായിത്തുടങ്ങി.

അജപാലന മേഖലയുടെ യാഥാര്‍ത്ഥമായ ചുറ്റുപാടുകളില്‍ വൈദികര്‍ ആര്‍ജ്ജിക്കേണ്ട എളിമ, ലാളിത്യം നന്മ, ത്യാഗമനസ്ഥിതി എന്നിവ വൈദികർ ഇന്ന് കൂടുതലായി വിശ്വാസികളുടെ ഇടയിൽ കാണിക്കേണ്ടിയിരിക്കുന്നു.ഇന്നിന്‍റെ വിവിധങ്ങളായ ക്ലേശങ്ങള്‍ക്കു മദ്ധ്യത്തിലും ജനങ്ങള്‍ക്കൊപ്പം സ്നേഹത്തോടും, സന്തോഷത്തോടുംകൂടെ ജീവിച്ച് അജപാലന സമൂഹത്തിന് ദൈവികസാന്നിദ്ധ്യമായി പ്രതിസന്ധികള്‍ക്കിടയിലും സ്നേഹശുശ്രൂഷ കാഴ്ചവയ്ക്കാനും, ജനങ്ങള്‍ക്ക് ക്രിസ്തുവിന്‍റെ സ്നേഹവും കാരുണ്യവും പങ്കുവയ്ക്കാനും അവർക്കാകട്ടെയെന്നാണ് വിശ്വാസികളുടെ പ്രാർത്ഥന.സീറോ മലബാർ സഭയിലെ 34 രൂപതകളിലെയും ആയിരക്കണക്കിന് വൈദികർ നിസ്തുല സേവനം ചെയ്തുകൊണ്ട് മുന്നോട്ടു പോകുന്നവെന്നത് സഭാഗാത്രത്തിന് അഭിമാനകരമാണ്.

വലിയ കൊട്ടിഘോഷിക്കല്‍ ഒന്നുമില്ലാതെ, വ്യക്തിഗത സമര്‍പ്പണത്തിലൂടെ ശാരീരിക പരിക്ഷീണത്തിന്‍റെയും, ആലസ്യങ്ങളുടെയും ക്ലേശങ്ങളുടെയും മദ്ധ്യേ ദൈവത്തിനും തങ്ങളുടെ ജനത്തിനുമായി സമര്‍പ്പിതരായിരിക്കുവാനുമാണ് വൈദികർ ശ്രമിക്കേണ്ടത്.ഒരു വൈദികന്‍റെ വീഴ്ച അനേകം വ്യക്തികളെ ദൈവവിശ്വാസത്തില്‍ നിന്നകറ്റാന്‍ കാരണമാകുമെന്ന് തിരിച്ചറിയുന്ന പിശാച് വൈദികനെ വീഴ്ത്താന്‍ കഠിന പരിശ്രമം നടത്തുന്നു. അതിനാല്‍ തന്നെ ഓരോ വൈദികനും വേണ്ടി പ്രാര്‍ത്ഥിക്കുക എന്ന വലിയ ഉത്തരവാദിത്വം നാം ഓരോ വിശ്വാസിക്കുമുണ്ട്.

ഒരു വൈദികന്‍റെ പാപം വിശ്വാസികളിലേക്ക് ദൈവം വര്‍ഷിക്കുന്ന കൃപാവരങ്ങളെ തടസ്സപ്പെടുത്തുന്നില്ല. അതിനാല്‍ ഒരു വൈദികന്‍ വീഴുമ്പോള്‍ വിശ്വാസികള്‍ ഒരുപാട് അസ്വസ്ഥരാകേണ്ട കാര്യമില്ല.വൈദികരുടെ മധ്യസ്ഥനായ വി. ജോണ്‍ മരിയ വിയാനി പറഞ്ഞ വാക്കുകള്‍ നമ്മുടെ കണ്ണുകളെ തുറക്കട്ടെ. “മതത്തെ നശിപ്പിക്കാന്‍ ഒരുവന്‍ ആഗ്രഹിച്ചാല്‍ അയാള്‍ വൈദികരെ ആക്രമിച്ചുകൊണ്ട് തുടങ്ങുന്നു. എന്തെന്നാല്‍ എവിടെ വൈദികരില്ലാതാവുന്നോ അവിടെയെല്ലാം ബലികളും ഇല്ലാതാകുന്നു. എവിടെ ബലികള്‍ ഇല്ലാതാകുന്നുവോ അവിടെ മതവും ഇല്ലാതാകുന്നു”.

വൈദികർ കുറച്ചുപേര്‍ കാരണമാക്കുന്ന വേദനയും,അതിലൂടെ മറ്റുള്ള വൈദികരിൽ കുറെപ്പേര്‍ അനുഭവിക്കുന്ന അപമാനവും വിശ്വാസികൾ തിരിച്ചറിയുന്നു.സമര്‍പ്പണത്തിലൂടെ കഠിനാദ്ധ്വാനത്തില്‍ ജനങ്ങള്‍ക്കുവേണ്ടി ജീവിക്കുന്നവരും സംശയങ്ങള്‍ക്കും വ്യാജാരോപണങ്ങള്‍ക്കും വിധേയരാകുന്നുണ്ട്. അങ്ങനെയിരിക്കെ, കുറച്ചുപേര്‍ കാരണമാക്കുന്ന ക്ലേശങ്ങള്‍മൂലം വിശ്വസ്തമായി സമര്‍പ്പിത ജീവിതം നയിക്കുന്ന എറണാകുളത്തെ കുറച്ചു വൈദികർക്ക് ഒരിയ്ക്കലും നന്ദിപറയാതിരിക്കാനാവില്ല.

ദൈവഹിതത്തോട് ഇനിയും തുറവുള്ളവരായും വിശ്വസ്തരായും ജീവിച്ചാല്‍ ദിവ്യവരനായ ക്രിസ്തു തന്‍റെ മണവാട്ടിയായ സഭയെ നവീകരിച്ചു കാത്തുസംരക്ഷിക്കും. ചരിത്രം അതു പഠിപ്പിക്കുന്നുണ്ട്. വീഴ്ചയാല്‍ അപമാനിതനായതിന്‍റെ ഹൃദയഭാരത്തില്‍നിന്നും, വേദനയില്‍നിന്നും എഴുന്നേറ്റ് എളിമയോടെ ദൈവത്തിങ്കലേയ്ക്കു തിരിയുന്നതാണ് മാനസാന്തരം. ഈ നവീകരണത്തിനായി ക്രിസ്തു തന്‍റെ അരൂപിയെ തന്‍റെ സഭയിലേയ്ക്ക് പിന്നെയും അയയ്ക്കുകയാണ്.ബലഹീനതകളും മാരകമായ പാപങ്ങളും ഏറ്റുപറഞ്ഞു, ദൈവസന്നിധിയിലേയ്ക്കു തിരിഞ്ഞാല്‍ ദൈവികകാരുണ്യത്തിന്‍റെയും ക്ഷമയുടെയും മഹത്വവും വലുപ്പവും അജപാലകര്‍ ദര്‍ശിക്കും.

സഭയുടെ അകത്തളങ്ങളിൽ വൈദികർ നടത്തുന്ന സമര കാഴ്ചകള്‍ കാര്യമായ മറകളില്ലാതെ പൊതുജനങ്ങള്‍ കണ്ടുകൊണ്ടിരിക്കുന്നു. ഒരു വൈദികന്റെ ജീവിതം ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളിലും തെരുവുകളിലുമെല്ലാം അത്രമേല്‍ ചര്‍ച്ച ചെയ്യപ്പെടുകയും വിചാരണ ചെയ്യപ്പെടുകയും വിധിക്കപ്പെടുകയും ചെയ്യുന്നുണ്ടെങ്കിൽ ആരാണതിന് കാരണക്കാർ?

ക്രിസ്തുവിനു ശേഷം സഭയുടെ രണ്ടായിരം വര്‍ഷത്തെ ചരിത്രം പരിശോധിച്ചാല്‍ ഒരു കാര്യം വ്യക്തമാകും- വിശ്വാസികളെ സഭയില്‍ നിന്നകറ്റാന്‍ പിശാച് ശ്രമിക്കുന്നത് രണ്ടു വിധത്തിലാണ്. ഒന്ന്- സഭയിലെ പുരോഹിതരെ പാപത്തില്‍ വീഴ്ത്തുക. രണ്ട്- ഈ പാപം പ്രചരിപ്പിച്ച് വിശ്വാസികള്‍ക്ക് സഭയോട് വെറുപ്പുളവാക്കുക. ഇതില്‍ ആദ്യത്തേതില്‍ പിശാചിന്‍റെ ഇര വൈദികരാണെങ്കില്‍ രണ്ടാമത്തേതില്‍ അവന്‍ ഇരയാക്കുന്നത് വിശ്വാസികളെയാണ്. വൈദികരും വിശ്വാസികളും ഈ ദൗത്യം ഭംഗിയായി നിര്‍വഹിക്കുമ്പോള്‍ സഭയുടെ ശത്രുവായ പിശാച് കൈകൊട്ടി ചിരിക്കുന്നു.

കത്തോലിക്കാ സഭയുടെ ഇടർച്ചയുടെ കഥകൾ മാത്രം പർവ്വതീകരിക്കുന്ന ചില മാധ്യമങ്ങൾ എറണാകുളത്തെ ചില വൈദികർക്കൊപ്പം നിന്ന് കൊണ്ട് സഭയെ വിവസ്ത്രീകരിക്കുന്നതിലും അവളെ വിശ്വാസയോഗ്യയല്ലാതാക്കാനുള്ള ശ്രമങ്ങളിലും ഗൂഢസന്തോഷം കണ്ടെത്തുന്നവരാണ്.സഭാവിദ്വേഷം പ്രഖ്യാപിത നയമായി സ്വീകരിച്ചിട്ടുള്ള കേരളത്തിലെ ചില മാധ്യമങ്ങളും ഇതിന് ആനുപാതികമല്ലാത്ത വാർത്താപ്രാധാന്യം നൽകി എന്നതും ശ്രദ്ധേയമാണ്.

എങ്കിലും സത്യത്തിന്റെ വെളിച്ചം സഭയിൽ വീണ്ടും സുവർണ്ണ ശോഭയിൽ രാജിക്കാൻ ദൈവം എറണാകുളത്തെ വൈദികരുടെപ്രവർത്തനങ്ങളെ പ്രയോജനപ്പെടുത്തിയിട്ടുണ്ട് എന്നത് സത്യമാണ്.വ്യാജ ആരോപണങ്ങൾ ഉന്നയിക്കുന്നവർ പലപ്പോഴും സഭയുടെ നന്മയുടെ മുഖങ്ങളെ തമസ്‌കരിക്കാൻ ബോധപൂർവ്വം ശ്രമിക്കുന്നത് ദുഃഖകരമാണ്.നൈജീരിയയിലെയും,അമേരിക്കയിലെയും,ജർമ്മനിയിലെയും സഭകൾക്ക് മാർപ്പാപ്പ കൊടുത്ത മുന്നറിയിപ്പുകൾ എറണാകുളം അങ്കമാലി അതിരൂപതയിലെ വൈദികർക്ക് പാഠമാകട്ടെ.

കത്തോലിക്കാ സഭയോളം കണ്ണീരൊപ്പിയവരോ, രോഗികളെ പരിചരിച്ചവരോ, പാവങ്ങളെ സഹായിച്ചവരോ, അക്ഷരം പഠിപ്പിച്ചവരോ, എയിഡ്‌സ് രോഗികളെ പുനരധിവസിപ്പിച്ചതോ, തെരുവു കുഞ്ഞുങ്ങളെ പോറ്റിയവരോ…. ആരുമില്ല. അവയെല്ലാം അവഗണിച്ച് ഒറ്റപ്പെട്ട തിന്മകളെ തമസ്‌കരിച്ച് പൗരോഹിത്യത്തെയും സന്യാസത്തെയും സഭയെയും അപമാനിക്കുന്നവരുടെ ലക്ഷ്യം സഭയെ തകർക്കാനാണെന്ന് വിശ്വാസികൾ മനസിലാക്കണം.

വിശ്വാസികളെ തെറ്റിദ്ധരിപ്പിച്ച് സഭയുടെ ആസ്ഥാനത്തേക്കും മറ്റും സമരങ്ങൾ നടത്തുന്നത് എങ്ങിനെയാണ് പൗരോഹിത്യത്തിൽ ന്യായീകരിക്കാനാകുക ?

ഇത്തരം നീക്കങ്ങള്‍ ഉണ്ടെങ്കില്‍ അത് കാര്യങ്ങള്‍ വിലയിരുത്തുന്ന ജനം പുച്ഛിച്ചു തള്ളുമെന്നും വിശ്വാസ ജീവിതത്തെ ക്ഷീണിപ്പിക്കുമെന്നും പിന്തുണ കൊടുക്കുന്ന വൈദികർ മനസ്സിലാക്കണം.സഭയുടെ സംവിധാനങ്ങളെയും സർക്കാരിന്റെ നിയമവ്യവസ്ഥകളെയും വെല്ലുവിളിക്കുന്ന ഇത്തരം നീക്കങ്ങൾക്കെതിരെ വിശ്വാസികൾ നിതാന്ത ജാഗ്രത പുലർത്തണം.

വിശ്വാസത്തിന്റെയും വിശുദ്ധിയുടെയും കാവലാളുകളാകാൻ പ്രതിജ്ഞാബദ്ധരായ വൈദികർ,തെറ്റ് ചെയ്യുമ്പോൾ അത് എത്ര ചെറിയ വിഭാഗമാണെങ്കിലും, പൗരോഹിത്യത്തിന് അപമാനവും വിശ്വാസികൾക്കു മുന്നിൽ ഇടർച്ചയും ഉളവാക്കുന്നു എന്നത് സത്യമാണ്.

1960 കളുടെ അന്ത്യത്തോടെ സഭാനിയമം അനുസരിച്ചുള്ള ശിക്ഷാ നടപടികൾ അപ്രത്യക്ഷമായി. സഭ നിയമത്തിന്റെ സഭയല്ല സ്‌നേഹത്തിന്റെ സഭയാണ് എന്ന ധാരണ ശക്തിപ്പെടുകയും ചെയ്തു. ശിക്ഷ സ്‌നേഹത്തിന്റെയും നീതിയുടെയും പ്രവൃത്തിയാണെന്ന ചിന്ത നിലച്ചുപോയതോടെ സഭയ്ക്കുള്ളിലെ കുറ്റകൃത്യങ്ങൾ പലതും – അല്മായരുടെയും വൈദികരുടെയും – നിസ്സാരവത്കരിക്കപ്പെട്ടു.”സ്‌നേഹം കേവലം വാത്സല്യം മാത്രമായി വ്യാഖ്യാനിക്കപ്പെട്ടപ്പോൾ സ്‌നേഹത്തിൽ ശിക്ഷണത്തിനും ശിക്ഷയ്ക്കും സ്ഥാനമുണ്ടെന്ന സത്യം വിസ്മരിക്കപ്പെടുന്നു” എന്ന പുണ്യശ്ലോകനായ ബനഡിക്ട് പതിനാറാമൻ മാർപാപ്പായുടെ നിരീക്ഷണവും ഇത്തരുണത്തിൽ പ്രസക്തമാണ്.

സകലവിശുദ്ധിയുടെയും സർവ്വജ്ഞാനത്തിന്റെയും അവകാശവാദങ്ങൾ അടിയറവച്ച് പൗരോഹിത്യമെന്ന നിധി കേവലം മൺപാത്രങ്ങൾ കിട്ടിയവരാണ് തങ്ങൾ എന്ന വിനയത്തിന്റെ വിചാരം സീറോ മലബാർ സഭയിലെ എറണാകുളത്തെ വൈദികരിൽ ഉളവാക്കാൻ വിശ്വാസികൾ പ്രാർത്ഥിക്കണം. തെറ്റ് ചെയ്ത വൈദികർക്ക് മാതൃകാപരമായി സഭാനിയമങ്ങളുടെ വെളിച്ചത്തിൽ കർശനമായ തക്കശിക്ഷ നൽകുവാൻ സഭാധികാരികൾക്കാകട്ടെയെന്ന് പ്രത്യാശിക്കാം.

ക്രിസ്തു മാത്രമാണ് യഥാര്‍ത്ഥ പുരോഹിതന്‍.എന്നാല്‍ മറ്റുള്ളവര്‍ അവിടുത്തെ ശുശ്രൂഷകരാണ്.അവൻ ഒരിക്കലും പാപം ചെയ്യാത്തവനും, നമുക്കു വേണ്ടി പീഡകള്‍ സഹിച്ചു മരിച്ചവനും, ഉത്ഥാനം ചെയ്തവനും, പിതാവിന്‍റെ വലതുഭാഗത്ത് നമുക്കുവേണ്ടി മാധ്യസ്ഥം വഹിക്കുന്നവനുമാണ്. അതിനാൽ ക്രിസ്തുവിനെ നോക്കിവേണം നാം ഓടാൻ.ഓരോ വൈദികന്‍ പാപം ചെയ്യുമ്പോഴും സഭാമാതാവ് കരയുന്നു.ഇത്തരം തെറ്റുകളുടെ ഗൗരവം തിരിച്ചറിഞ്ഞു കൊണ്ട് സഭയിലെ എല്ലാ വൈദികര്‍ക്കും വേണ്ടി നമുക്കു പ്രാർത്ഥിക്കാം.

ടോണി ചിറ്റിലപ്പിള്ളി


അൽമായ ഫോറം സെക്രട്ടറി
സീറോ മലബാർ സഭ

Bishop Thomas Tharayil

വിശ്വാസ ചൈതന്യവും നന്മകളും നിറഞ്ഞ ദൈവജനത്തിനായി പ്രാർത്ഥിക്കാം .

സഭയെ സ്നേഹിക്കുവാൻ ,വിശ്വാസം പ്രഘോഷിക്കുവാൻ ഏവർക്കും സാധിക്കട്ടെ

നിങ്ങൾ വിട്ടുപോയത്