ചന്ദ്രകളഭം ചാർത്തിയുറങ്ങും തീരം…

ഈ മനോഹര തീരത്തു തരുമോ ഇനിയൊരു ജന്മം കൂടി.ഇന്ന് ഞാൻ പലാവർത്തി കേട്ടു ഈ ഗാനം. പിറ്റി തന്റെ ചിതയെരിയുമ്പോൾ പാടി കേൾക്കണമെന്ന് ആഗ്രഹിച്ചതു കൊണ്ട് തന്നെ. ശരിക്കും ഒരു നോവാണ് പിറ്റി. ഇത്രപെട്ടന്ന് ഇങ്ങനെ പോകുമെന്ന് കരുതിയില്ല.

തൃക്കാക്കരയിലെ ഞങ്ങളുടെ സാമാജികൻ എന്ന രീതിയിൽ നേരിട്ടിടപഴകാൻ അവസരം കിട്ടിയിപ്പോഴെല്ലാം അദ്ദേഹം അനിതരസാധാരണമായ രീതിയിൽ റെസ്പക്ട് കമാൻഡ്ചെയ്യുന്ന പോലെയാണ് തോന്നിയിട്ടുള്ളത്. വളരെ കാര്യ ഗൗരവമുള്ള അപ്രോച്ച്. അതോടൊപ്പം തന്നെ ഡീപ്പായ ഒരു സൗഹൃദവും തോന്നിക്കുന്ന വ്യക്തിത്വം. ആദ്യമായ് നേരിൽ കണ്ടതും ഇടപെട്ടതും ആദ്യ പ്രളയത്തിന് ശേഷം രാജഗിരി കോളേജിൽ നടന്ന വികസന സംവാദത്തിൽ വച്ചായിരുന്നു. സഭയെ വിമർശിക്കുന്നവൻ എന്ന നിലയിൽ വിളിച്ചാൽ പണിയാകുമെന്ന് പലരും പറഞ്ഞെങ്കിലും പിറ്റിക്ക് പറയാനുള്ളത് എന്തെന്ന് കേൾക്കണമെന്നുണ്ടായിരുന്നു. അതുകൊണ്ട് വിളിച്ചു, വന്നു, വളരെ മാന്യമായി സംസാരിച്ചു, സംവദിച്ചു. അതിനുശേഷം രാജഗിരിയുടെ ഏതു കാര്യത്തിന് വിളിച്ചാലും അദ്ദേഹം ഒരിക്കലും ഒരു ഒഴികഴിവും പറയാതെ വന്നിട്ടുണ്ട്, കാര്യങ്ങളിൽ ഇടപെടുകയും ചെയ്തിട്ടുണ്ട്. ചെയ്തു തന്ന ഉപകാരങ്ങൾ ഒന്നും മറക്കാനാവില്ല. നന്ദി.

പിറ്റി വ്യത്യസ്തനാണ്. അതേറ്റവും മനസ്സിലായത് മരിച്ചപ്പോഴാണ്. വയലാറിന്റെ ചന്ദ്രകളഭം ചാർത്തിയുറങ്ങും തീരം കേട്ടുറങ്ങണമെന്ന് ശട്ടം കെട്ടിയപ്പോഴാണ്, ഒരു പക്ഷെ പ്രണയം നിറച്ച് വച്ച പിറ്റിയുടെ മനസ്സിനെ തുറന്ന്കാണാനായത്. ആ പ്രണയം ഈ തീരത്തോട്, നാടിനോട് മാത്രമല്ല, താൻ പ്രണയിച്ച് സ്വന്തമാക്കിയ പ്രണയിനിയോടുമാണെന്ന് വരികൾക്കിടയിലൂടെ വായിച്ചെടുക്കാം.

പിറ്റി ഒരു റിബലാണ്. രവിപുരത്തെ ചിതയിലമരണമെന്ന് പറയുമ്പോൾ മരണത്തിലും തലകുനിക്കാത്ത ആ നിലപാടുകളോട്’ ആദരം, നിലപാടുകൾ എല്ലാം ശരിയെന്ന് അർത്ഥമില്ലെങ്കിലും. അവസാനം തന്റെ ചിതാഭസ്മം കുടുംബക്കല്ലറയിൽ അമ്മയോടൊത്ത് ചേരണമെന്ന് (പറയാതെ) പറയുമ്പോൾ പള്ളിമുറ്റത്തേക്കുള്ള ആ തിരിച്ചു വരവിനോടും സ്നേഹവും ആദരവും. ഈ വിശേഷപ്പെട്ട ആത്മാവിനെ കരുണാമയനായ ദൈവം തന്റെ സന്നിധിയിലേക്ക് സ്നേഹപൂർവ്വം സ്വാഗതം ചെയ്യട്ടെ. പ്രണാമം.🙏

Fr. Jaison Mulerikkal CMI

നിങ്ങൾ വിട്ടുപോയത്