വിവേകാനന്ദൻ്റെ ഭ്രാന്താലയവും ദൈവത്തിൻ്റെ സ്വന്തം ന്യൂജെൻ നാടും പിന്നെ കുറെ കന്യാസ്ത്രീകളും:

ജാതിയുടെയും മതത്തിൻ്റെയും പേര് പറഞ്ഞ് തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും ഒക്കെ കൊടുമ്പിരി കൊണ്ടിരുന്ന 1892-ൽ ആണ് സ്വാമി വിവേകാനന്ദൻ കേരളം സന്ദർശിച്ചത്. വേർതിരിവുകളുടെ മതിൽ കെട്ടിനുള്ളിൽ ശ്വാസം മുട്ടി ജീവിക്കുന്ന കേരളീയരെയും കേരളത്തെയും ഭ്രാന്താലയം എന്ന് വിശേഷിപ്പിച്ച് അദ്ദേഹം ഈ ദേശത്തു നിന്ന് കടന്നു പോയി. സ്വാമി വിവേകാനന്ദൻ കണ്ട കേരളം എന്ന ഭ്രാന്താലയം ദൈവത്തിൻ്റെ സ്വന്തം നാടാക്കാൻ അഹോരാത്രം കഠിനാധ്വാനം ചെയ്തവരിൽ ക്രൈസ്തവ സന്യസ്തരും ഉണ്ടായിരുന്നു എന്ന ചരിത്രസത്യം ആരും മറന്ന് പോകരുത്..

. ഇന്ന് നിങ്ങൾ കാണുന്ന ഈ മനോഹരമായ കേരളത്തെ പടുത്തുയർത്തിയിതിന് പിന്നിലുള്ള ഒരു രഹസ്യം കേരളത്തിൻ്റെ ഓരോ കോണിലും അനേകായിരം ക്രൈസ്തവ സന്യസ്തരുടെ വിയർപ്പുതുള്ളികൾ ഇറ്റുവീണതാണ്. പകലന്തിയോളം കഠിനാധ്വാനം ചെയ്ത് രാത്രിയുടെയും പ്രഭാതത്തിൻ്റെയും യാമങ്ങളിൽ ദൈവതിരുമുമ്പിൽ തങ്ങളായിരിക്കുന്ന ദേശത്തിനും അവിടെ വസിക്കുന്ന ഓരോ മനുഷ്യ ജന്മങ്ങൾക്കും വേണ്ടി മനസുരുകി പ്രാർത്ഥിക്കുന്ന ഈ ചെറിയ സമൂഹത്തിനെയാണ് ഇന്ന് നിങ്ങൾ അടിമകൾ, അബലകൾ, വേശ്യകൾ, ലെസ്ബിയൻസ് എന്നീ വിശേഷണങ്ങൾ നൽകാൻ മത്സരിക്കുന്നത്.

ഈ ലോകത്തിലുള്ള മലയാളികളിൽ 90 % ആൾക്കാർക്കും വിദ്യ പകർന്ന് നൽകിയോ, രോഗാവസ്ഥയിൽ ശുശ്രുക്ഷിച്ചോ, ജീവിത നൊമ്പരങ്ങളിൽ സ്വാന്തനം നൽകിയോ, അനാഥത്വത്തിൽ അമ്മയുടെ സ്നേഹം നൽകിയോ, വാർദ്ധക്യത്തിൻ്റെ ഏകാന്തതയിൽ മകളുടെ കരുതൽ നൽകിയോ ഒക്കെ ഒരു ജനതയുടെ കൂടെ നടന്നവരും നടക്കുന്നവരുമാണ് ഈ ക്രൈസ്തവ സന്യസ്തർ. ഉള്ളിൽ നന്മയുള്ളവർ തിരിച്ചറിയുന്ന അല്ലെങ്കിൽ സ്നേഹത്തോടെ വിളിക്കുന്ന പേരാണ് കന്യാസ്ത്രീ അമ്മമാർ എന്നത്.

ഓരോ കാലഘട്ടത്തിൻ്റെയും അതാത് ദേശത്തിൻ്റെയും ആവശ്യങ്ങൾക്ക് അനുസരിച്ച് ഹൃദയത്തിൻ്റെയും ഭവനത്തിൻ്റെയും വാതിലുകൾ തുറന്ന് കേരള സമൂഹത്തിൻ്റെ ഒരു മൂലക്കല്ലായി മാറിയ ക്രൈസ്തവ സന്യാസത്തെ ഒളിഞ്ഞും തെളിഞ്ഞും ചെളിവാരി എറിയുവാൻ മത്സരിക്കുന്നവർ പോലും തങ്ങളുടെ ആവശ്യങ്ങളിൽ ക്രൈസ്തവ സന്യസ്തരുടെ സ്ഥാപനങ്ങൾ തേടി പോകുന്നതിന് പിന്നിലെ കാരണം തങ്ങൾ മുഖത്ത് എറിഞ്ഞ് പിടിപ്പിച്ച ചെളി ഒരു കൈകൊണ്ട് തുടച്ചു കളഞ്ഞിട്ട് ചെറുപുഞ്ചിരിയോടെ “ദേ… നിങ്ങളുടെ കൈകൾ നിറയെ ചെളി ആണല്ലേ! വേഗം അത് അങ്ങ് കഴുകികളയൂ” എന്ന് പറഞ്ഞ് തങ്ങൾ നിന്ദിച്ചവർ തന്നെ വെള്ളം ഒഴിച്ച് തരും എന്ന ഉറപ്പുള്ളതിനാലാണ്.

“എന്റെ ഈ ഉടുപ്പ് ആണ് എനിക്ക് സമൂഹത്തിൽ ഒരു സ്റ്റാറ്റസ് നൽകുന്നത്, എന്റെ ഈ ശിരോവസ്ത്രം എനിക്ക് ഒരു കിരീടം ആണ്. എനിക്ക് സമൂഹത്തിൽ ഒരു സെറ്റപ്പും ഗെറ്റപ്പും ഒക്കെ നൽകുന്നത് ഈ വസ്ത്രമാണ്” എന്ന് വിളിച്ച് പറയുന്ന ചില സഹോദരിമാരെ നിങ്ങൾ കണ്ടിട്ടുണ്ടാകാം. എന്നാൽ ഞങ്ങളുടെ ഈ വസ്ത്രം ആത്മ സമർപ്പണത്തിൻ്റെ, വിശുദ്ധിയുടെ, ലാളിത്യത്തിൻ്റെ, നിസ്വാർത്ഥ സേവനത്തിൻ്റെ പ്രതീകമാണ്. ഫാഷൻ പരേഡിനോ, ഫോട്ടോഷൂട്ടിനോ, വേണ്ടി വേഷം കെട്ടാനുള്ള വസ്ത്രമല്ലിത്. ഇത് ഒരു ജീവിത സമർപ്പണത്തിൻ്റെ അടയാളമാണ് എന്ന് ആവർത്തിച്ച് പറയാൻ ഞാൻ ആഗ്രഹിക്കുന്നു…

പിന്നിട്ട വഴികളിലേക്ക് ഒരു പിന്തിരിഞ്ഞുനോട്ടം:19 ആം നൂറ്റാണ്ടിൻ്റെ അവസാനത്തോടെ ക്രൈസ്തവ ദേവാലയങ്ങളോട് ചേർന്ന് പള്ളിക്കൂടങ്ങൾ സ്ഥാപിതമാവുകയും ജാതി-മത-വർണ്ണ വ്യത്യാസങ്ങൾ നോക്കാതെ ആ പള്ളിക്കുടങ്ങളുടെ വാതിലുകൾ മലർക്കെ തുറന്നിടുകയും ചെയ്തു. സവർണ്ണർ, അവർണ്ണർ എന്നുള്ള വേർതിരിവുകൾ ഇല്ലാതെ പള്ളിക്കുടങ്ങളിൽ വിദ്യ പകർന്ന് നൽകുവാൻ ചില സ്ത്രീകളും മുന്നോട്ട് വന്നിരുന്നു. ഒരു പക്ഷെ അന്നുവരെ അധികമാരും കണ്ട് ശീലിക്കാത്ത വസ്ത്രധാരണം ആയിരുന്നു ആ സ്ത്രീകളെ മറ്റുള്ളവരിൽ നിന്ന് അല്പം വ്യത്യസ്തരാക്കിയത്. കൈകളും പാദങ്ങളും വരെ നീണ്ട അങ്കി, തലയിൽ ശിരോവസ്ത്രം കഴുത്തിൽ ഒരു കുരിശോ അല്ലെങ്കിൽ ക്രിസ്തുവിൻ്റെ മുഖം പതിഞ്ഞ ഒരു കാശുരൂപമോ ചരടിൽ കെട്ടി തൂക്കിയിരിക്കുന്നു. കൈകളിൽ ഒരു കൊന്തയും.

ഒരു പക്ഷേ നേരിട്ട് ചോദിക്കാനുള്ള ധൈര്യം ഇല്ലാത്തതിനാൽ അല്‌പം ആശങ്കയോടെ പലരും പരസ്പരം ചോദിക്കുന്നു ‘ഇവർ എന്തേ ഇങ്ങനെ വസ്ത്രം ധരിച്ചിരിക്കുന്നത്’. ആരൊക്കെയോ ശബ്ദം താഴ്ത്തി പറയുകയാണ്: ‘ഇവരാണ് കന്യാസ്ത്രീമാർ. ക്രിസ്തുവിനെ സ്നേഹിക്കുന്ന ഇവർ വിവാഹം കഴിക്കാതെ തങ്ങളുടെ ജീവിതം ക്രിസ്തുവിനായി സമർപ്പിക്കുന്നു. തങ്ങളുടെ ചുറ്റും ഉള്ള ആൾക്കാരിൽ ക്രിസ്തുവിൻ്റെ മുഖം കണ്ട് അവരുടെ ആവശ്യങ്ങളിൽ ആവരെ സഹായിക്കുന്നു. സന്യാസിനികൾ, കന്യാസ്ത്രീകൾ എന്നൊക്കെയാണ് ഇവർ വിളിക്കപ്പെടുന്നത്… 1865 മുതൽ ക്രൈസ്തവ സന്യാസിനികൾ നടത്തിയ ഒരു നിശബ്ദ ജൈത്രയാത്രയുടെ ഫലം കൂടിയാണ് ഇന്ന് നിങ്ങൾ കാണുന്ന കേരളമെന്ന ഈ മനോഹര തീരം…

ജീർണ്ണിച്ച ജേർണലിസവും മരവിച്ച നിയമ സംവിധാനങ്ങളും:

ലൈംഗിക വിദ്യാഭ്യാസത്തിൻ്റെ ദാരിദ്ര്യം ആവോളം ഉള്ളതിനാൽ ധാരാളം പ്രേഷകരെ കിട്ടും എന്ന ഉറപ്പുള്ളതിനാൽ സ്ത്രീപീഢന കേസുകൾ ചർച്ച ചെയ്യാൻ കേരളത്തിലെ മാധ്യമങ്ങൾക്ക് വല്ലാത്ത ആർത്തിയാണ്.

പക്ഷെ സ്ത്രീയെ പീഡിപ്പിക്കാതിരിക്കുന്ന ഒരു സമൂഹത്തെ വാർത്തെടുക്കാൻ മാധ്യമപ്രവർത്തകർക്കോ, ഭരണാധികാരികൾക്കോ, നിയമ പാലകർക്കോ, വനിതാ കമ്മീഷനോ, മറ്റ് സംഘടനകൾക്കോ ഒരു താല്പര്യവും ഇല്ല എന്നത് പച്ചയായ യാഥാർത്ഥ്യം ആണ്. ഒരുവശത്ത് സ്ത്രീക്ക് നീതി മേടിച്ച് കൊടുക്കാൻ എന്ന വ്യാജേന നടത്തുന്ന ചർച്ചകളും മറുവശത്ത് സ്ത്രീകളെയും സ്ത്രീത്വത്തെയും എങ്ങനെ പിച്ചിചീന്താം എന്ന് ഗവേഷണം നടത്തുകയും ചെയ്യുന്ന വികലമായ മാധ്യമധർമ്മത്തെ ആവിഷ്ക്കാര സ്വാതന്ത്ര്യം എന്ന് വിശേഷിപ്പിക്കുന്നതിനെ വിരോധാഭാസം എന്നല്ലാതെ എന്ത് പറയാൻ. കഴിഞ്ഞ ഏതാനും വർഷങ്ങളായി സ്ത്രീകളെ, പ്രത്യേകിച്ച് കന്യാസ്ത്രീകളെ, സിനിമകളിൽ കൂടിയും സോഷ്യൽ മീഡിയ വഴിയും ഓൺലൈൻ വാർത്താ ചാനലുകൾ വഴിയും യൂറ്റ്യൂബ് ചാനലുകൾ വഴിയും ഇതാ ഇപ്പോൾ ഫോട്ടോഷൂട്ട് വഴിയും ഒക്കെ നിന്ദിക്കുകയും വികലമായ കാഴ്ച്ചപ്പാടോടെ അന്തിചർച്ചകൾ നടത്തുകയും ചെയ്യുമ്പോഴും അറിയാതെ ആഗ്രഹിക്കുന്ന ഒരു കാര്യമാണ് താഴെക്കുറിക്കുന്നത്:

കഴിഞ്ഞ തിങ്കളാഴ്ച്ച (2022 ജനുവരി 24) ന് ഇറ്റലിയിലെ ലിവോർണോയിൽ പാർക്കിൽ കളിച്ചുകൊണ്ടിരുന്ന യഹൂദവംശജനായ 12 വയസുകാരനായ ഒരു ബാലനെ “നീ യഹൂദൻ ആണല്ലേ” എന്ന് ചോദിച്ച് ഒരാൾ വളരെ ക്രൂരമായി ആക്രമിക്കുവാനിടയായി. അന്ന് വൈകിട്ടുള്ള ന്യൂസുകളിൽ എല്ലാം ഈ ആക്രമണം പ്രധാന വാർത്തയായി. ഉടൻ ഗവൺമെൻ്റ് ഇടപെടുകയും കോടതി നിർദ്ദേശപ്രകാരം വിശദമായ ഒരു അന്വേഷണം ആരംഭിക്കുകയും ചെയ്തു. രാജ്യത്ത് വംശീയ വിദ്വേഷമോ, വർഗ്ഗീയ വിദ്വേഷമോ പടർത്തുന്ന പ്രവർത്തികളോ, ആശയങ്ങളോ അനുവദിക്കാതിരിക്കാൻ ഭരണാധികാരികളും നിയമപാലകരും ജേർണലിസ്റ്റുകളും കൈകോർക്കുന്ന ഒരു കാഴ്ചയാണ് പിന്നീടങ്ങോട്ട് കണ്ടത്.

രണ്ടാം ലോകമഹായുദ്ധ കാലത്ത് യഹൂദ സമൂഹവും യൂറോപ്പും അനുഭവിച്ച യാതനകളും വേദനകളും വിവരിക്കുന്ന സിനിമ പ്രക്ഷേപണം ചെയ്തും നാസികളുടെ ക്രൂരതകൾക്ക് ഇരകളായിട്ടും ഇന്നും ജീവിച്ചിരിക്കുന്നവരെ ഇൻ്റർവ്യൂ ചെയ്തും ഒരു ജനതയെ ബോധവത്ക്കരിക്കാൻ ഇറ്റാലിയൻ മാധ്യമ പ്രവർത്തകർ നടത്തിയ കഠിന പ്രയത്നങ്ങളെ എത്ര വർണ്ണിച്ചാലും മതിവരില്ല. ഈ സംഭവകഥ ഇവിടെ കുറിക്കാൻ കാരണം ഓരോ രാജ്യത്തിൻ്റെയും ദേശത്തിൻ്റെയും ഭൂതകാലം ഇരുൾ നിറഞ്ഞതായിരുന്നു. പതിറ്റാണ്ടുകൾക്ക് ശേഷം ഇന്ന് നാം കാണുന്ന നന്മയും വെളിച്ചവും പൂത്തുലയുന്നതിന് കാരണം ചെറിയവരും വലിയവരുമായ അനേകായിരങ്ങളുടെ ത്യാഗങ്ങളുടെയും വിയർപ്പുതുള്ളികളുടെയും ഫലമാണ്. പിന്നിട്ട വഴികൾ ഒരിക്കലും മറന്ന് പോകരുത്. അഥവാ ആരെങ്കിലും അവ മറന്ന് ഭൂതകാലത്തെ തിരികെ കൊണ്ടുവരാൻ പരിശ്രമിക്കുമ്പോൾ അവ മുളയിലെ നുള്ളാൻ പരിശ്രമിച്ചില്ലെങ്കിൽ വരാൻ പോകുന്ന ദുരന്തം ഭയാനകമായിരിക്കും.

..✍🏽സ്നേഹപൂർവ്വം,

സി. സോണിയ തെരേസ് ഡി. എസ്. ജെ.

കന്യാസ്ത്രീകൾ കേരളം കത്തിക്കുന്നത് കാണാൻ കാത്തിരിക്കുന്നവരോട്

സന്യാസവസ്ത്രം:
ലൈംഗികതയ്ക്കും സുഖലോലുപതയ്ക്കും മാത്രം പ്രാധാന്യം നൽകി നെട്ടോട്ടം ഓടുന്ന കോടാനുകോടി ജനങ്ങൾക്ക് ഈ നീണ്ട വസ്ത്രം ധരിച്ച സന്യാസിനിമാർ ഒരു സാക്ഷ്യമാണ്. അതായത് ഈ ലോക സുഖങ്ങൾക്ക് അപ്പുറത്ത് മറ്റൊരു ജീവിതം ഉണ്ട്; ഇന്ന് നിങ്ങൾ നേടുന്ന നേട്ടങ്ങളും സുഖങ്ങളും വെറും വ്യർത്ഥമാണ് എന്ന ഒരു ഓർമ്മപ്പെടുത്തൽ…

കൊച്ചിയിൽ ചിലർ കത്തോലിക്കാ സന്യസ്തരുടെ തിരുവസ്ത്രത്തെ അനുകരിച്ചുള്ള വേഷവിധാനങ്ങളുമായി ലെസ്ബിയൻ പ്രണയ ഫോട്ടോ ഷൂട്ട്‌ നടത്തി ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പേരുപറഞ്ഞ് ചിത്രങ്ങൾ പ്രസിദ്ധീകരിച്ചപ്പോൾ അതിനെക്കുറിച്ച് ഒരു ഓൺലൈൻ മഞ്ഞ മാധ്യമം വാർത്തകൊടുത്തതിന്റെ തലക്കെട്ട് “ഇന്ന് കേരളം കത്തും” എന്നായിരുന്നു.

കന്യാസ്ത്രീകളെ മോശക്കാരായി ചിത്രീകരിക്കുന്ന വിധത്തിൽ ഇത്തരം പ്രവൃത്തികൾ ചെയ്യുമ്പോൾ പലർക്കും നോവും എന്ന് ആ തലക്കെട്ട് കൊടുത്ത വ്യക്തി മനസിലാക്കിയിട്ടുണ്ടെന്ന് വ്യക്തം. സന്യസ്തർക്കെതിരെയുള്ള ഇത്തരം അവഹേളനങ്ങൾ പതിവാകുമ്പോൾ ഒന്നുകൂടി വ്യക്തമാകുന്നു, ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പേരിലുള്ള ഇത്തരം തരംതാണ കോപ്രായങ്ങൾ നടത്തുന്നവരുടെ ഉദ്ദേശ്യം ആരെയൊക്കെയോ മുറിപ്പെടുത്തുക തന്നെയാണ്.

കത്തോലിക്കാ സന്യസ്തർ ഏറ്റവും മഹത്തായി കരുതുന്നതും, അവർ അത്യന്തം വിലമതിച്ച് വ്രതം ചെയ്യുന്നതുമായ ലൈംഗിക വിശുദ്ധിയെ തള്ളിപ്പറഞ്ഞ് ഫോട്ടോ ഷൂട്ടിന് മുതിർന്ന ഫോട്ടോഗ്രാഫറോട് ചിലത് പറയാതെ വയ്യ!!ഒരു സ്ത്രീകൂടിയായ ആ ഫോട്ടോഗ്രാഫറുടെ വിഷയ ദാരിദ്ര്യം തീർക്കാൻ ഇതായിരുന്നില്ല മാർഗ്ഗം.

മനോനില തെറ്റിയ ചിലരുടെ വിഭ്രമങ്ങളും, മറ്റുള്ള ചിലർ കൽപ്പിച്ചുകൂട്ടിയ കെട്ടുകഥകളും, കരുതിക്കൂട്ടി അവഹേളിക്കാൻ കുറേപ്പേർ സൃഷ്ടിച്ചെടുത്ത കള്ളക്കഥകളും സന്യാസിനിമാർക്ക് എതിരെയുള്ള പ്രചാരണായുധങ്ങളാക്കി മഞ്ഞപ്പത്രങ്ങൾ ലൈക്കും ഷെയറും വാരിക്കൂട്ടുമ്പോൾ ലൈംഗികതയെയും സന്യസ്തരെയും കൂട്ടിക്കെട്ടി ഒരു ഫോട്ടോഷൂട്ട് പ്ലാൻ ചെയ്യുന്നതിന് മുമ്പ് സ്ത്രീത്വത്തെയെങ്കിലും വിലയോടെ കാണാൻ ഫോട്ടോഗ്രാഫർ ശ്രമിക്കേണ്ടിയിരുന്നു.

ആവിഷ്കാര സ്വാതന്ത്ര്യം എന്ന ഒരു വാക്കിന്റെ ബലത്തിലാണ് ഇത്തരമൊരു വികലമായ സൃഷ്ടിക്ക് അവർ മുതിർന്നതെങ്കിൽ, ആവിഷ്കാര സ്വാതന്ത്ര്യത്തെ മാന്യവും മനോഹരവുമായി ഉപയോഗിച്ച മറ്റൊരാളെക്കുറിച്ച് അറിയണം. ഏതോ കാലത്ത് മറ്റേതോ രാജ്യത്തല്ല, നിരപരാധികളായ അനേകരെയും, ധാർമ്മികവും ആത്മീയവുമായ മൂല്യങ്ങളെയും ചവിട്ടിയരയ്ക്കാൻ പേനയും ക്യാമറയും ഉപയോഗിക്കാൻ മത്സരിക്കുന്ന ചിലർ ജീവിക്കുന്ന ഇതേ കേരളത്തിൽത്തന്നെ. കേരളത്തിന്റെ സ്വന്തം യുവ കലാകാരൻ വിനീത് ശ്രീനിവാസനാണ് അത്.

വിനീത് സംവിധാനം ചെയ്ത ഹൃദയം എന്ന ചലച്ചിത്രം ഈ ജനുവരി 21 നാണ് റിലീസായത്. ആവിഷ്കാര സ്വാതന്ത്ര്യം ഉപയോഗിച്ച് അവതരിപ്പിക്കപ്പെട്ട ഒരു മനോഹര കലാസൃഷ്ടിയായിരുന്നു ആ ചലച്ചിത്രമെന്ന് സകല കാഴ്ചക്കാരും മനസ്സുനിറഞ്ഞ് ഒരേസ്വരത്തിൽ പറയുന്നു. ആ കലാസൃഷ്ടിയിലൂടെ ഒരാളുടെയും മനസ്സോ, വികാരമോ വ്രണപ്പെട്ടില്ല. അയാൾ ഉപയോഗിച്ച ആവിഷ്കാര സ്വാതന്ത്ര്യം കണ്ടു മനസ്സ് നിറഞ്ഞ അയാളുടെ അമ്മ അയാളെ കെട്ടിപിടിച്ചു അനുഗ്രഹിക്കുന്ന വീഡിയോ കേരളം കാണുകയുണ്ടായി. കന്യാസ്ത്രീവസ്ത്രം വാടകയ്‌ക്കെടുത്ത് ആവിഷ്കാര സ്വാതന്ത്ര്യം ദുരുപയോഗിച്ച് “കേരളം കത്തിക്കാൻ” നോക്കിയ ആളുടെ അമ്മ തന്റെ പുത്രിയുടെ സൃഷ്ടി മാഹാത്മ്യം കണ്ടു കെട്ടി പിടിച്ച് അഭിനന്ദിച്ചു കാണുമോ? അറിയില്ല..

ഇവിടെയാണ്‌ “ഒന്നുകിൽ വൃക്ഷം നല്ലത്, ഫലവും നല്ലത്.. അല്ലെങ്കിൽ വൃക്ഷം ചീത്ത, ഫലവും ചീത്ത “(Mt. 12:33) എന്ന ബൈബിൾ വചനം അന്വർത്ഥമാകുന്നത്.. തുടർന്ന് വായിച്ചാൽ ഒരു വചനം കൂടി കാണാം, “ഹൃദയത്തിന്റെ നിറവിൽ നിന്നാണല്ലോ അധരം സംസാരിക്കുന്നത്”( Mt.12:34b) ഒരു പ്രസംഗകന്റെ അധരം സംസാരിക്കുന്നത് അയാളുടെ മികവുറ്റ പ്രസംഗങ്ങളിലൂടെയാണ്, ഒരു ചിത്രകാരൻ സംസാരിക്കുന്നത് അയാളുടെ ജീവൻ തുടിക്കുന്ന ചിത്രരചനകളിലൂടെ, മികച്ച ഗായകൻ സമൂഹത്തോട് സംവദിക്കുന്നത് അയാളുടെ ഹൃദയത്തിൽ തൊടുന്ന പാട്ടുകളിലൂടെ, നർത്തകൻ/നർത്തകി ആസ്വാദകരെ പിടിച്ചിരുത്തുന്ന നൃത്തത്തിലൂടെ… ഇങ്ങനെ ഏതൊരു കലാകാരനും/ കലാകാരിയും തങ്ങളുടെ ആശയങ്ങൾ പങ്കു വയ്ക്കാൻ ഉപാധിയാക്കുന്നത് അവർക്ക് ദൈവം ദാനമായി നൽകിയ കലാപരമായ കഴിവുകളാണ്. അത് പ്രേക്ഷകരെ ജീവിക്കാൻ, സ്നേഹിക്കാൻ, മാനസാന്തരപ്പെടാൻ, കുറച്ചു കൂടി നല്ല മനുഷ്യനാകാൻ പ്രേരിപ്പിക്കുന്നതാകാം… മറിച്ചും ആകാം.. അവിടെയാണ് കലാകാരന്റെ ഹൃദയം വെളിപ്പെടുന്നത്..

. ഈ ദിവസങ്ങളിൽ നമ്മുടെ സാക്ഷര കേരളത്തിൽ ഒരു കലാകാരന്റെയും കലാകാരിയുടെയും ഹൃദയം വെളിപ്പെട്ട സൃഷ്ടികളാണ് “ഹൃദയം” എന്ന ഹൃദയം കുളിർപ്പിച്ച സിനിമയും “വാടക കന്യാസ്ത്രീകളെ ” വച്ച് നടത്തിയ അനേക ഹൃദയങ്ങളെ വല്ലാതെ മുറിപ്പെടുത്തിയ “ഫോട്ടോ ഷൂട്ടും.” സീൻ 1 സെൻസർ ബോർഡിന് മുറിച്ചുനീക്കാൻ ഒരു സീൻ പോലും ഇല്ല എന്ന് ഹൃദയത്തിൽ തൊട്ട് പറഞ്ഞ ഒരു മനുഷ്യൻ! കുടുംബ സമേതം കേരളം ഒന്നിച്ച് തിയേറ്ററിൽ പോയി “ഹൃദയം” കാണണം എന്ന് ആഗ്രഹിച്ച ഒരു മനുഷ്യൻ!

എനിക്ക് അച്ഛനും അമ്മയും ഭാര്യയും മക്കളും ഉണ്ട്, അവരെ കൂടി ഓർത്താണ് ഞാൻ പടം ചെയ്യുന്നത് എന്ന് അഭിമാനത്തോടെ പറഞ്ഞ മനുഷ്യൻ! സീൻ 2 അൽപ്പം തിരിച്ചറിവുള്ള കൊച്ചുകുട്ടികൾ പോലും “അയ്യേ ഇതെന്നാ ഇങ്ങനെ” എന്ന് ചോദിച്ചു പോകുന്ന ഒരു ഫോട്ടോ ഷൂട്ട്‌!ധാർമികത, മൂല്യ ബോധം ഇവ അല്പമെങ്കിലും ഉള്ള ആരുടെയും മനസാക്ഷിക്ക് തെല്ലും നിരക്കാത്ത വിചിത്രമായ ഫോട്ടോഷൂട്ട്!

മാന്യമായി ജീവിക്കുന്ന, ആർക്കും ഒരു ഉപദ്രവത്തിനും പോകാതെ, പ്രാർത്ഥനയോടെ, പരസ്നേഹ പ്രവർത്തനങ്ങളിൽ വ്യാപൃതരായി കഴിയുന്ന കേരളത്തിലെ ഏകദേശം നാൽപ്പത്തിനായിരത്തോളം വരുന്ന സന്യാസിനികൾക്ക് മുഴുവൻ അപമാനവും, ആത്മാഭിമാനത്തിന് ക്ഷതവും വരുത്തണം എന്ന ഉദ്ദേശത്തോടെ അറിഞ്ഞുകൊണ്ട് നടത്തിയ ഫോട്ടോ ഷൂട്ട്.. അഥവാ വ്യക്തി ഹത്യ…

രണ്ടുപേരും ഉപയോഗിച്ചത് കഴിവാണ്, ആവിഷ്കാര സ്വാതന്ത്ര്യമാണ്, ക്യാമറയാണ്. പക്ഷെ രണ്ടുപേരുടെയും ഹൃദയത്തിന്റെ നിറവിൽ നിന്ന് വന്നത് രണ്ടു ശക്തികൾ ആണ്: ഒന്ന് മനുഷ്യ ഹൃദയത്തെ കൂടുതൽ സുന്ദരമാക്കുന്നതും മറ്റൊന്ന് മനുഷ്യനെ മൃഗങ്ങളെക്കാൾ വിലകുറച്ചു കാണിക്കുന്നതും. (മൃഗതുല്യം എന്നു പറഞ്ഞു കൂടാ.. മൃഗങ്ങൾക്ക് പ്രകൃതി നിയമങ്ങൾ അറിയാം)

ഒന്നോർക്കണം,ആർക്കും ആരെയും എന്തും പറഞ്ഞു നോവിക്കാം എന്ന് വിചാരിക്കരുത്! മുകളിൽ ഒരു ദൈവമുണ്ട്. ചില വ്യക്തികൾക്ക് സംഭവിച്ച വീഴ്ചകളെ സാമാന്യവൽക്കരിച്ചു കാണിച്ച് ആ സമൂഹത്തെ ഒന്നടങ്കം ജീവനോടെ കുരുതികൊടുക്കാനും ചവിട്ടി അരയ്ക്കാനും ശ്രമിക്കുന്നത് കഴിവോ മികവോ പുതുമ തേടലോ അല്ല..

കഴിവുകേടും നെറിവുകേടും സംസ്കാരശൂന്യതയും പിതൃശൂന്യതയും ആണ്. യൂട്യൂബിലും ഇൻസ്റ്റഗ്രാമിലും ഉള്ള ഫോളോവേഴ്‌സിന്റെ എണ്ണമോ, വിലകുറഞ്ഞ കാര്യങ്ങൾ ചെയ്ത് ശ്രദ്ധ നേടാൻ വേണ്ടി ആത്മാഭിമാനത്തെ വിൽക്കുന്ന കറന്റ്‌ ട്രെൻഡോ, അറിഞ്ഞു കൊണ്ട് ഒരാളെ/ ഒരു പ്രത്യേക വിഭാഗത്തെ അപമാനിക്കുന്നതിലെ സന്തോഷമോ അല്ല ഒരാളെ മികച്ച വ്യക്തിയാക്കുന്നത്, സ്വഭാവത്തിന്റെ സംശുദ്ധതയാണ്.

എല്ലാം കാണുന്നുണ്ടെങ്കിലും ആ വേദനയിലും മൗനമായി പ്രാർത്ഥിക്കുകയും അവഹേളിക്കുന്നവരെയും അനുഗ്രഹിക്കാൻ കരങ്ങൾ ഉയർത്തുകയും ചെയ്യുന്ന അർപ്പണ ബോധമുള്ള, ദൈവം തുണയായുള്ള പതിനായിരക്കണക്കിന് കന്യാസ്ത്രീമാർ ഇപ്പോഴും നിങ്ങൾക്കിടയിൽ ജീവിച്ചിരിക്കുന്നു.അവരെ ഇല്ലാതാക്കാൻ നിങ്ങൾക്കാവില്ല, കാരണം ശരീരത്തെ കൊല്ലുന്നവരെയും, അവഹേളിക്കാൻ പ്രച്ഛന്നവേഷം ധരിക്കുന്നവരെയും, പാതി ഊരിയ സന്യാസവസ്ത്രത്തിൽ നിന്ന് കോപ്രായം കാണിക്കുന്നവരെയും, മത്സരിച്ചു തങ്ങളുടെ മേൽ ചെളി വാരി എറിയുന്ന ചാനൽ ജഡ്ജിമാരെയും ഒറ്റ കോടതി വിധി മഴയ്ക്ക് പൊട്ടി മുളച്ച വനിതാ സംരക്ഷക തകരകളെയും ഒന്നും അവർക്ക് ഭയമില്ല…

.അവരെ നയിക്കുന്നത് അവനാണ് “ലോകത്തെ പണ്ടേ ജയിച്ച” ക്രിസ്തു! ഇനിയും അവരെ വേദനിപ്പിക്കാനും അവഹേളിക്കാനും പേനകളും, ക്യാമറകളും ചലിക്കുമെന്നറിയാം, എങ്കിലും ആരും ഭയക്കേണ്ടതില്ല, അതിനായി കാത്തിരിക്കേണ്ടതില്ല – കന്യാസ്ത്രീകൾ കേരളം കത്തിക്കില്ല.

കടപ്പാട്:സി. അഡ്വ. ജോസിയ എസ് ഡി

നിങ്ങൾ വിട്ടുപോയത്