വിശദീകരണക്കുറിപ്പ്

കാക്കനാട്: പരിശുദ്ധ പിതാവ് ഫ്രാൻസിസ് മാർപാപ്പ ലത്തീൻസഭയ്ക്കുവേണ്ടി ‘പാരമ്പര്യത്തിന്റെ സംരക്ഷകർ’ എന്ന തിരുവെഴുത്ത് 2021 ജൂലൈ 16നു നൽകുകയുണ്ടായി. ലത്തീൻസഭയിലെ 1970നു മുൻപുള്ള ആരാധനാക്രമത്തിന്റെ ഉപയോഗത്തെ സംബന്ധിച്ച നിബന്ധനകളാണ് ഈ തിരുവെഴുത്തിന്റെ ഉള്ളടക്കം.

ദൈവാരാധനയ്ക്കും കൂദാശകൾക്കുമായുള്ള വത്തിക്കാൻ കാര്യാലയത്തിന്റെ തലവൻ കർദിനാൾ ആർതർ റോച്ചേ 2023 ഫെബ്രുവരി 20നു പരി. പിതാവ് അനുവദിച്ച കൂടിക്കാഴ്ചയുടെ അടിസ്ഥാനത്തിൽ മാർപാപ്പയുടെ ഈ തിരുവെഴുത്തിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് അന്നുതന്നെ ചില നിർദ്ദേശങ്ങൾ നൽകുകയുണ്ടായി.

മാർപാപ്പയുടെ തിരുവെഴുത്തിനെയും മേൽസൂചിപ്പിച്ച വത്തിക്കാൻ കാര്യാലയത്തിന്റെ നിർദ്ദേശങ്ങളെയും തെറ്റായി വ്യാഖ്യാനിച്ചുകൊണ്ട് സഭയുടെ അംഗീകാരമില്ലാത്ത ഒരു സംഘടന സീറോമലബാർസഭയുടെ വി. കുർബ്ബാനയർപ്പണരീതിയെ വിമർശിക്കുന്ന ഒരു പ്രസ്താവന പ്രസിദ്ധീകരിച്ചു. തെറ്റിദ്ധാരണാജനകവും വസ്തുതാവിരുദ്ധവുമായ ആ പ്രസ്താവന കേരളത്തിലെ ഒരു പ്രമുഖ ദിനപത്രം വസ്തുതാപഠനം നടത്താതെ നിരുത്തരവാദപരമായി വാർത്തയായി നൽകി.

സാമൂഹ്യമാധ്യമങ്ങളിൽ ഈ വിഷയത്തെക്കുറിച്ചു നിക്ഷിപ്തതാല്പര്യക്കാരുടെ പ്രചാരണം നടക്കുന്നുണ്ട്. ഈ പശ്ചാത്തലത്തിൽ ഏതാനും കാര്യങ്ങൾ വ്യക്തമാക്കുന്നതിനാണ് ഈ കുറിപ്പു നൽകുന്നത്.

1. പരി. പിതാവ് ഫ്രാൻസിസ് മാർപാപ്പ പരമാദ്ധ്യക്ഷനായിരിക്കുന്ന കത്തോലിക്കാസഭ ലത്തീൻ സഭയുടെയും 23 പൗരസ്ത്യസഭകളുടെയും ഒരു കൂട്ടായ്മയാണ്. ലത്തീൻ സഭകൾക്കും പൗരസ്ത്യസഭകൾക്കും വ്യത്യസ്തമായ ആരാധനക്രമരീതികളും ഭരണസംവിധാനങ്ങളുമാണുള്ളത്.

2. പരി. പിതാവിന്റെ ‘പാരമ്പര്യത്തിന്റെ സംരക്ഷകർ’ എന്ന തിരുവെഴുത്തും ബന്ധപ്പെട്ട വത്തിക്കാൻ കാര്യാലയാദ്ധ്യക്ഷൻ നൽകിയിരിക്കുന്ന നിർദേശങ്ങളും ലത്തീൻസഭയ്ക്കുവേണ്ടി മാത്രമുള്ളവയാണ്.

3. സീറോമലബാർസഭ സ്വയഭരണാവകാശമുള്ള ഒരു പൗരസ്ത്യസഭയാണ്. പൗരസ്ത്യസഭകൾക്കായുള്ള കാനൻ നിയമമനുസരിച്ചു ശ്ലൈഹികസിംഹാസനത്തിന്റെ മുൻകൂട്ടിയുള്ള പരിശോധനയ്ക്കുശേഷം ആരാധനക്രമപുസ്തകങ്ങൾ അംഗീകരിക്കാനുള്ള അവകാശം മെത്രാൻ സിനഡിന്റെ സമ്മതത്തോടുകൂടി മേജർ ആർച്ചുബിഷപ്പിനുള്ളതാണ് (c. 657 §1).

4. സീറോമലബാർസഭയുടെ നവീകരിച്ച വി. കുർബാനക്രമം ശ്ലൈഹികസിംഹാസനത്തിന്റെ അംഗീകാരത്തോടും മെത്രാൻ സിനഡിന്റെ അനുവാദത്തോടുംകൂടി സഭയുടെ മേജർ ആർച്ച്ബിഷപ് കല്പനവഴി നടപ്പിൽവരുത്തിയിരിക്കുന്നതാണ്.

5. വി. കുർബാനയുടെ തക്സ (ടെക്സ്റ്റ്) യിൽ നൽകിയിരിക്കുന്ന നിർദേശങ്ങളും കർമവിധികളും അനുസരിച്ചു വി. കുർബാനയർപ്പിക്കാൻ എല്ലാ വൈദികരും നിയമത്താൽ കടപ്പെട്ടവരാണ്. സിനഡ് അംഗീകരിച്ച കുർബാനക്രമത്തിൽനിന്നു വ്യത്യസ്തമായ കുർബാനയർപ്പണം നിയമവിരുദ്ധമാണ് (illicit) എന്ന് മെത്രാൻ സിനഡു വ്യക്തമാക്കിയിട്ടുണ്ട്.

6. 2021 ജൂലൈ മൂന്നാം തിയതി സീറോമലബാർസഭയിലെ വിശ്വാസികൾക്കു പൊതുവായും 2022 മാർച്ച് 25-ാം തിയതി എറണാകുളം-അങ്കമാലി അതിരൂപതയിലെ വിശ്വാസികൾക്കു പ്രത്യേകമായും പരിശുദ്ധ പിതാവ് ഫ്രാൻസിസ് മാർപാപ്പ എഴുതിയ കത്തുകളിലൂടെ സീറോമലബാർസഭയുടെ മെത്രാൻ സിനഡ് തീരുമാനിച്ച കുർബാനക്രമം അനുസരിക്കാൻ ആഹ്വാനം ചെയ്തിട്ടുണ്ട്.

7. പൗരസ്ത്യസഭകൾക്കായുള്ള വത്തിക്കാന്റെ കാര്യാലയമാണ് പൗരസ്ത്യസഭകളുടെ ഭരണപരവും ആരാധനക്രമപരവുമായ കാര്യങ്ങളിൽ നിർദേശം നൽകുന്നത്. ദൈവാരാധനയ്ക്കും കൂദാശകൾക്കും വേണ്ടിയുള്ള വത്തിക്കാൻ കാര്യാലയം നൽകിയിരിക്കുന്ന നിർദേശങ്ങൾ ലത്തീൻ സഭയ്ക്കുവേണ്ടി മാത്രമുള്ളവയാണ്.

8. വിശുദ്ധ കുർബാനയുടെ ആരംഭം മുതൽ അനാഫൊറ വരെയുള്ള ഭാഗം ജനാഭിമുഖവും അനാഫൊറ മുതൽ വിശുദ്ധ കുർബാന സ്വീകരണം വരെയുള്ള ഭാഗം അൾത്താരാഭിമുഖമായും വിശുദ്ധ കുർബാന സ്വീകരണത്തിനുശേഷമുള്ള ഭാഗം ജനാഭിമുഖമായും അർപ്പിക്കണമെന്നുള്ളത് 1999 നവംബർ മാസത്തിലെ സിനഡ് എടുത്തിട്ടുള്ളതും 2021 ഓഗസ്റ്റ് മാസത്തിലെ സിനഡ് വീണ്ടും സ്ഥിരീകരിച്ചതുമായ തീരുമാനമാണ്.

നവീകരിച്ച വി. കുർബാന തക്സ അംഗീകരിച്ചു നൽകിയതിനോടൊപ്പം സിനഡ് തീരുമാനമനുസരിച്ചാണ് വി. കുർബാനയർപ്പിക്കേണ്ടതെന്ന് പൗരസ്ത്യ സഭകൾക്കായുള്ള കാര്യാലയം വ്യക്തമാക്കിയിട്ടുണ്ട്.

പരിശുദ്ധ പിതാവും വിശുദ്ധ കുർബാനയർപ്പണത്തിന്റെ രീതിയെ സംബന്ധിച്ച സിനഡ് തീരുമാനം എത്രയും വേഗം പ്രാവർത്തികമാക്കണമെന്ന് ആഹ്വാനം ചെയ്തിട്ടുണ്ട്. ഇതിന്റെ വെളിച്ചത്തിലാണ് സിനഡ് ഈ തീരുമാനം അനുബന്ധത്തിൽ എഴുതിച്ചേർത്തത്. ആയതിനാൽ മറിച്ചുള്ള എല്ലാ വാദഗതികളും അടിസ്ഥാനരഹിതമാണ്.

പൗരസ്ത്യസഭകളിലൊന്നായ സീറോമലബാർസഭയുടെ ആരാധനക്രമത്തെ ലത്തീൻസഭയുടെ ആരാധനക്രമവുമായി താരതമ്യംചെയ്യുന്നത് ആശയകുഴപ്പം സൃഷ്ടിക്കുന്നതിനും അതുവഴി അനുസരണക്കേടിനെയും സഭാപരമായ അച്ചടക്കരാഹിത്യത്തെയും ന്യായീകരിക്കുന്നതിനുംവേണ്ടി മാത്രമാണ്.

സഭകൾ തമ്മിലുള്ള വൈവിധ്യം സംക്ഷിക്കേണ്ടത് കത്തോലിക്കാസഭയുടെ സമ്പന്നത കാത്തുസൂക്ഷിക്കുന്നതിനാണ്. അതേസമയം ഓരോ വ്യക്തിസഭയിലും ആ സഭയുടെ പാരമ്പര്യം സംരക്ഷിക്കപ്പെടുകയും അനുവർത്തിക്കപ്പെടുകയും ചെയ്യണം. ആ ലക്ഷ്യത്തോടെയാണ് ലത്തീൻസഭയ്ക്കുവേണ്ടി മാർപാപ്പ ‘പാരമ്പര്യത്തിന്റെ സംരക്ഷകർ’ എന്ന തിരുവെഴുത്തു നൽകിയത്. മാർപാപ്പയും പൗരസ്ത്യസഭകൾക്കായുള്ള കാര്യാലയവും മെത്രാൻ സിനഡും നൽകുന്ന നിർദ്ദേശങ്ങൾ പാലിച്ചാണ് സീറോമലബാർസഭ മുന്നോട്ടുപോകേണ്ടത്.

ഈ യാഥാർത്ഥ്യങ്ങൾ മനസ്സിലാക്കി, നിക്ഷിപ്തതാല്പര്യത്തോടെയുള്ള അസത്യപ്രചരണങ്ങളിൽനിന്നു ബന്ധപ്പെട്ടവർ പിന്തിരിയുകയും വിശ്വാസിസമൂഹം ഇക്കാര്യത്തിൽ ജാഗ്രത പുലർത്തുകയും ചെയ്യേണ്ടതാണ്.

ഫാ. ആന്റണി വടക്കേകര വി. സി.

പി. ആർ. ഒ. & സെക്രട്ടറി, മീഡിയ കമ്മീഷൻ

മാർച്ച് 01, 2023

നിങ്ങൾ വിട്ടുപോയത്