രാജ്യത്തെ മുഴുവൻ വന്യജീവി സങ്കേതങ്ങൾക്കും നാഷണൽ പാർക്കുകൾക്കും ചുറ്റു ഒരു കി.മീറ്റർ ദൂരത്തിൽ ഇക്കൊ സെൻസിറ്റീവ് സോൺ (ESZ) നിർബന്ധമാക്കി കൊണ്ട് 2022 ജൂൺ മാസം മൂന്നാം തിയ്യതി സുപ്രീം കോടതി ഇടക്കാല വിധി പ്രസ്താവിച്ചിരുന്നു. WPC 202/1995 ടി .എൻ. ഗോദവർമ്മൻ തിരുമൽപ്പാട് കേസിലെ IA 1000/ 2003 എന്ന ഹരജിയിലാണ് സുപ്രീം കോടതിയുടെ താത്കാലിക വിധി വന്നിട്ടുള്ളത്. ഈ കേസിൽ വി.ഫാം ഫാർമേഴ്സ് ഫൗണ്ടേഷൻ നേതൃത്വം നൽകി കൊണ്ട് പാലാ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന സെന്റർ ഫോർ കൺസ്യൂമർ എഡ്യുക്കേഷൻ മാനേജിംഗ് ട്രസ്റ്റി ജെയിംസ് വടക്കൻ , കോഴിക്കോട് ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ജോസ്@ ജോയി കണ്ണൻച്ചിറ ( വി.ഫാം സംസ്ഥാന ചെയർമാൻ ) എന്നിവരാണ് കക്ഷി ചേരാനുള്ള അപേക്ഷ സുപ്രീം കോടതിയിൽ സമർപ്പിക്കുകയും , അപേക്ഷ കോടതി ഫയലിൽ സ്വീകരിക്കുകയും ചെയ്തു.

കേരളത്തിലെ മലയോര കർഷകരെയും സാധാരണക്കാരെയും പ്രതികൂലമായി ബാധിക്കുന്നതാണ് സുപ്രീം കോടതി വിധിയെന്നും, കർഷകരുടെയും സാധാരണക്കാരുടെയും പ്രശ്നങ്ങൾ സുപ്രീം കോടതിക്ക് മുമ്പാകെ ബോധിപ്പിക്കാനുള്ള സ്ഥിരം സംവിധാനത്തിനും വേണ്ടിയാണ് കേസിൽ കക്ഷി ചേർന്നത്. ലക്ഷക്കണക്കിന് ജനങ്ങളെ നേരിട്ട് ബാധിച്ച ബഫർ സോൺ വിധി , പ്രതികൂലമായി ബാധിക്കുന്നവർക്ക് നേരിട്ട് കക്ഷി ചേരാമെന്ന ജൂൺ മാസം 3 ലെ വിധിയിലെ 34 ആം ഖണ്ഡികയുടെ അടിസ്ഥാനത്തിലാണ് കോടതിയിൽ അപേക്ഷ സമർപ്പിച്ചത്.

കേരളത്തിൽ 9679 ചതുരശ്ര കി.മീറ്റർ റിസർവ് വനമുണ്ടെന്നും 25 വന്യജീവി സങ്കേതങ്ങൾക്കായി 3217.73 ച.കി.മീ. വനം മാത്രമെ ഉപയോഗിക്കുന്നുള്ളൂവെന്നും ആയതിനാൽ കേരളത്തിലെ വന്യജീവി സങ്കേതങ്ങളെ റിസർവ്വ് വനാതിർത്തിയിൽ നിന്നും 10 കി.മീറ്റർ ദൂരം ഉള്ളിലേക്ക് മാറ്റി സ്ഥാപിക്കാൻ സംസ്ഥാന സർക്കാറിനാവുമെന്നും , രാജ്യത്തെ ഏറ്റവും ജനസാന്ദ്രതയേറിയ സംസ്ഥാനമാണ് കേരളമെന്നും ദേശീയ ശരാശരി ചതുരശ്ര കി.മീറ്ററ്റിന് 382 ആണെങ്കിൽ കേരളത്തിൽ 859 ആണെന്നും വനമേഖല ഒഴിവാക്കിയാൽ ജനസാന്ദ്രത ച.കി.മീറ്ററിന് 1136 ആയി ഉയരുമെന്നും അതുകൊണ്ട് തന്നെ ബഫർ സോണുകൾക്കായി റവന്യു ഭൂമി വിട്ട് നൽകാനാവില്ലായെന്നും , ദേശീയ വന നയം 33% വനം വേണമെന്ന് ആഗ്രഹിക്കുമ്പോൾ കേരളത്തിലെ വനാവരണം 54.70 ആണെന്നും ഇതിൽ സർക്കാർ വനത്തേക്കാൾ വനാവരണം സൃഷ്ടിച്ചത് കർഷകരാണെന്നും ഹരജിയിൽ പറഞ്ഞിട്ടുണ്ട്

കേരളത്തിലെ ആകെയുള്ള 38863 ച. കീ മീറ്റർ ഭൂമിയിൽ 21856 ച.കീ.മീറ്റർ ഭൂമി വിവിധ പശ്ചിമഘട്ട നിയന്ത്രണ നിയമത്തിലുള്ളതാണ്. ആകെ ഭൂവിസ്തൃതിയുടെ 56 % ഈ നിയന്ത്രണങ്ങളിൽ വരും. വെറ്റ്ലാഡ്, തീരദേശ നിയമങ്ങൾ വേറെയും നിലനിൽക്കുമ്പോൾ മൊത്തം ഭൂമിയുടെ 26983.6 ച.കി.മീറ്റർ ഭൂമി ജനവാസത്തിനൊ പൊതു ആവശ്യങ്ങൾക്കൊ ഉപാധിരഹിതമായി അനുവദനീയമല്ല. മൂന്നര കോടി ജനങ്ങൾക്ക് താമസിക്കാൻ കിട്ടുന്നത് സംസ്ഥാനത്തിന്റെ ആകെ വിസ്തൃതിയുടെ 30.6% മാത്രമായ 11879.4 ച.കി.മീറ്റർ മാത്രമാണ്. ഈ ഭൂമിയിലാണ് വീണ്ടും 1494 ച.കി.മീറ്റർ സുപ്രീം കോടതി വിധി പ്രകാരം ബഫർ സോൺ നടപ്പിൽ വരുത്തുന്നത്. അതോടപ്പം കേരളത്തിലെ ഭൂരഹിതർ 28 ലക്ഷത്തിന് മുകളിലാണെന്നത് സുപ്രീം കോടതിക്ക് മുമ്പാകെ നൽകിയ ഹരജിയിൽ വ്യക്തമാക്കിയിട്ടുണ്ട്

നാളിതുവരെ മലയോര ജനതയുടെ അവകാശ പോരാട്ടത്തിന് രാഷ്ട്രീയപരമായും നിയമപരമായും വി.ഫാം മുന്നിലുണ്ട്. ബഫർസോൺ വിഷയത്തിൽ കേരളത്തിൽ നിന്നും ആദ്യമായി കർഷകർക്ക് വേണ്ടി സുപ്രീം കോടതിയെ സമീപിച്ചതും വി.ഫാമിന്റെ നേതൃത്വത്തിലാണ്. അതിജീവന പോരട്ടത്തിന്റെ നിയമ വഴിക്കായി ഒരാളിൽ നിന്നും ഒരു രൂപ പോലും കൈപ്പറ്റാതെയാണ് സുപ്രീംകോടതിയെ സമീപിച്ചത്. വരും ദിവസങ്ങളിൽ കോടതിയിൽ മലയോര ജനതയുടെ ശബ്ദമായി മാറാൻ ഫയൽ ചെയ്ത ഹരജി കൊണ്ട് സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

Adv Sumin S Nedungadan
We Farm Farmers Foundation

നിങ്ങൾ വിട്ടുപോയത്