ലൈംഗീക കുറ്റാരോപിതൻ ജാമ്യം കിട്ടി പുറത്ത് വന്നപ്പോൾ മാലയിട്ട് സ്വീകരിച്ച സംഭവം സാംസ്കാരികമായ ഇരുട്ടിന്റെ സാക്ഷ്യമാണ്.

പുതിയ ലോകത്തിലെ ഒരു വിഭാഗം ഇങ്ങനെയൊക്കെ പ്രതികരിക്കുന്നത് ഇത് ആദ്യമൊന്നുമല്ല.

സ്ത്രീകളെ ലൈംഗീക വസ്തുവായി മാത്രം കാണുന്ന ഒരു വിഭാഗം പുരുഷ പ്രജകൾ പെണ്ണിനെ ലൈംഗീകമായി ഉപദ്രവിക്കുന്നവനെ ഹീറോവായി മനസ്സിൽ പ്രതിഷ്ഠിക്കും. അമ്പട കേമായെന്ന് പൊക്കി പറയും.

ജാമ്യം എടുത്ത് പുറത്ത് വരുമ്പോൾ മാലയിടും. പെണ്ണിന്റെ തുറന്ന പ്രതികരണം വന്നാലിവർ ബസ്സിലെ കലാ പരിപാടി എങ്ങനെ തുടരും? അതിനെ ദുർബലപ്പെടുത്താൻ ഇതൊക്കെയല്ലേ ഒരു മാർഗ്ഗം.

സ്ത്രീകളെ ലൈംഗീക വസ്തുവെന്ന മട്ടിൽ ആവിഷ്കരിക്കുന്ന പ്രവണതകൾ വർദ്ധിക്കുമ്പോൾ ഇമ്മാതിരി ക്രൈമുകളെ സാധൂകരിക്കുന്നവരുടെ എണ്ണം കൂടും.

പല ബഹുജന മാധ്യമങ്ങളും പരസ്യങ്ങളുമൊക്കെ ഒരു ഒളിഞ്ഞു നോട്ട സംസ്കാരം പ്രചരിപ്പിക്കുന്നുണ്ട്.

പെണ്ണിന്റെ വേഷമാണ് പ്രകോപനമെന്നൊക്കെയുള്ള കപട യുക്തികളൊക്കെ ഉണ്ടാകുന്നത് അത് കൊണ്ടാണ്.

പെണ്ണിനെ തുല്യതയുള്ള വ്യക്തിയായി ആദരിക്കുന്ന ഒരു ചിട്ട വളർത്തൽ ശൈലികളിലും ഇല്ലല്ലോ?

പെണ്ണിനെ വ്യക്തിയായി കാണുന്നവർക്ക് പെണ്ണ് എന്ത് വേഷമിട്ടാലും പ്രശ്നമില്ല. അവർ കാണുന്നത് വ്യക്‌തിയെയാണ്. ലൈംഗീക വസ്തുവിനെയല്ല.അങ്ങനെ കാണാത്തവർക്ക്‌പട്ടും വളയും കൊടുക്കുന്നവരും അതേ വൈകല്യമുള്ളവരാണ്.

ലൈംഗീക കുറ്റ കൃത്യം ചെയ്തവരേക്കാൾ അപകടകാരികളാണ് ഇവർ. പൊതു ബോധത്തിലേക്ക് ഇവർ പരസ്യമായി വിഷം വിളമ്പുന്നു.

(സി ജെ ജോൺ)

Drcjjohn Chennakkattu

നിങ്ങൾ വിട്ടുപോയത്