യഹൂദർ മതാനുഷ്ഠാനങ്ങളിൽ ഏറ്റവും ശ്രേഷ്ഠമായി കണ്ടിരുന്ന മൂന്നു പ്രവർത്തികളാണ് ധർമ്മദാനം, പ്രാർത്ഥന, ഉപവാസം എന്നിവ. എന്നാൽ, ദൈവത്തിനു പ്രീതിജനകമായവിധം ഈ മൂന്നു കാര്യങ്ങളും ചെയ്യുക എന്നതിനേക്കാളുപരി, മറ്റുള്ളവരുടെ പ്രശംസ ലഭിക്കാനാണ് യഹൂദർ ഇക്കാര്യങ്ങൾ തികഞ്ഞ ശ്രദ്ധയോടെ അനുവർത്തിച്ചുപോന്നത്. കൂടുതൽ സംഭാവനകൾ നല്കുന്നവരെ കൂടുതൽ നീതിമാന്മാരായും ദൈവത്തിനു പ്രിയപ്പെട്ടവരായും ജനം പരിഗണിച്ചിരുന്നു. എന്നാൽ, അവർ ചെയ്യുന്നത് ഒരു സൽക്കർമ്മം ആണെങ്കിൽ പോലും അതു ചെയ്യുന്ന രീതിയും, ചെയ്യുന്നവരുടെ ഉദ്ദേശവും തെറ്റായതിനാൽ, ആ പ്രവർത്തിക്ക് ദൈവസന്നിധിയിൽ യാതൊരു വിലയും ഉണ്ടാവില്ല എന്നാണു ഈശോ ശിഷ്യർക്ക് നൽകുന്ന പ്രബോധനം.
ഇന്നത്തെ വചനഭാഗത്തിലൂടെ ഈശോ തന്റെ ശിഷ്യരെ ദൈവത്തിനു പ്രീതികരമായവിധം ധർമ്മദാനം നിർവഹിക്കാൻ പഠിപ്പിക്കുകയാണ്..ജീവിതത്തിൽ നിരവധിയായ സൽക്കർമ്മങ്ങൾ ചെയ്യുന്നവരാണ് നാമെല്ലാവരും.
നമ്മെ സ്നേഹിക്കുകയും പരിപാലിക്കുകയും ചെയ്യുന്ന ദൈവത്തോടുള്ള കൃതജ്ഞതാ സൂചകമായാണോ നമ്മൾ നമ്മുടെ അയൽക്കാരനെ സഹായിക്കുന്നത്? അതോ, ആ പ്രവൃത്തിയിലൂടെ ലഭിക്കുന്ന അംഗീകാരത്തിനും ആത്മപ്രശംസയ്ക്കും വേണ്ടിയോ? ധർമ്മദാനം ആവശ്യമായി വരുന്ന അവസരങ്ങളിൽ, മറ്റുള്ളവർ അറിയുമോ എന്ന ഭയംകൊണ്ട് അത് ചെയ്യരുത് എന്നല്ല ഈശോ നമ്മോട് പറയുന്നത്. നമ്മൾ ചെയ്യുന്ന ധർമ്മദാനം നമ്മൾ രഹസ്യമാക്കി വയ്ക്കേണ്ടതാണ്. നാം അഹങ്കരിക്കാനും ആത്മപ്രശംസ ചെയ്യാനുമുള്ള നമ്മിലെ പാപത്തിന്റെ പ്രേരണ ഉണ്ടാകാതിരിക്കാൻ ദാനധർമ്മങ്ങൾ രഹസ്യമായി സൂക്ഷിക്കേണ്ടതാണ്.
മറ്റുള്ളവർ പ്രശംസിച്ചേക്കുമോ എന്നു ഭയന്നു അന്യരെ സഹായിക്കാനുള്ള അവസരങ്ങൾ നാം ഒരിക്കലും പാഴാക്കി കളയാൻ പാടില്ല. മറ്റുള്ളവരുടെ പ്രശംസ ആത്മപ്രശംസയായി മാറാതിരിക്കാൻ നമ്മൾ ശ്രദ്ധിക്കണമെന്നു മാത്രം. ദാനധർമ്മങ്ങൾ ദൈവത്തോടുള്ള സ്നേഹവും ആദരവും ഭക്തിയും അനുസരണവും പ്രകടിപ്പിക്കാനുള്ള അവസരങ്ങളായിരിക്കണം. നമ്മുടെ ഹൃദയവിചാരങ്ങൾ വിവേചിച്ചറിയുന്ന ദൈവം നമുക്ക് പ്രതിഫലം നൽകും.ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ. ആമ്മേൻ