ദൈവത്തിന്റെ കാവൽ നമ്മുടെ ജീവിതത്തിൽ എപ്പോഴും ഉണ്ട്. നാം ദൈവത്തിന്റെ വഴിയിലൂടെ ദൈവത്തിന്റെ വചനത്തിൽ അടിസ്ഥാനമാക്കി, ദൈവഹിതത്താൽ നടന്നെങ്കിൽ മാത്രമേ ദൈവത്തിന്റെ കാവൽ നമ്മുടെ ജീവിതത്തിൽ ലഭിക്കുകയുള്ളു. ഭൂമിയിൽ ഇന്ന് വിവിധ സ്ഥലങ്ങളിലേയ്ക്ക് യാത്ര ചെയ്യാനായി ഗൂഗിൾ മാപ്പ് പോലെയുള്ള നാവിഗേഷൻ ഉപകരണങ്ങൾ നാം ഉപയോഗിക്കാറുണ്ട്. നാവിഗേഷൻ സംവിധാനം നിർദേശം തരുന്നതുപോലെ നാം യാത്ര ചെയ്തില്ലെങ്കിൽ നാം എത്തപ്പെടേണ്ട സ്ഥലത്ത് എത്തിച്ചേരുകയില്ല. നാം പാപത്തിൽ അകപ്പെടാതെ വിശുദ്ധകരമായ ജീവിതം ജീവിച്ച്, നിത്യതയിൽ എത്തിച്ചരുന്നതിനാണ് കർത്താവിന്റെ കാവൽ നമുക്ക് നൽകുന്നത്.
ജീവിതത്തിൽ കർത്താവ് നൽകുന്ന നാവിഗേഷൻ സംവിധാനം ആണ് പരിശുദ്ധാൽമാവ്. 1യോഹന്നാന് 2 : 27 ൽ പറയുന്നു, ക്രിസ്തുവില്‍നിന്നു നിങ്ങള്‍ സ്വീകരിച്ച അഭിഷേകം നിങ്ങളില്‍ നിലനില്ക്കുന്നു. അതിനാല്‍ മാറ്റാരും നിങ്ങളെ പഠിപ്പിക്കേണ്ടതില്ല. അവന്റെ അഭിഷേകം എല്ലാ കാര്യങ്ങളെയും കുറിച്ചു നിങ്ങളെ പഠിപ്പിക്കും. അതു സത്യമാണ്, വ്യാജമല്ല. അവന് നിങ്ങളെ പഠിപ്പിച്ചതനുസരിച്ചു നിങ്ങള്‍ അവനില്‍ വസിക്കുവിന്‍. ക്രിസ്തു നമ്മിൽ വസിച്ചെങ്കിൽ മാത്രമേ പരിശുദ്ധാൽമാവിന്റെ സാന്നിദ്ധ്യം നമ്മുടെ ജീവിതത്തിൽ ലഭിക്കുകയുള്ളു.
കർത്താവിന്റെ തണലിൽ കീഴിൽ വസിക്കുന്നവരാണ് നാം എന്ന് സങ്കീർത്തനം 91:1 ൽ പറയുന്നു. കർത്താവിന്റെ തണലിൽ കീഴിൽ വസിക്കണമെങ്കിൽ കർത്താവ് നമ്മുടെ മുൻപിൽ കാവൽ ഉണ്ടായിരിക്കണം. പലപ്പോഴും വ്യക്ഷത്തിന്റെ തണൽ കിട്ടുമ്പോൾ നമ്മുക്ക് ആശ്വാസം ലഭിക്കും, എന്നാൽ ജീവിത പ്രശ്നങ്ങളിൽ കർത്താവിന്റെ തണൽ ലഭിക്കുമ്പോൾ നമ്മുടെ ആശ്വാസം എത്ര വലുതായിരിക്കും. നാം അശുദ്ധിയാൽ ജീവിച്ചെങ്കിൽ കർത്താവിന്റെ കാവൽ ലഭിക്കുകയില്ല, കാരണം കർത്താവ് വിശുദ്ധിയാൽ സഞ്ചരിക്കുന്നവനാണ്. അതുപോലെ കർത്താവിന്റെ കരം ജീവിതത്തിൽ തളരാതെ നമ്മെ താങ്ങുന്നു. നാം ഓരോരുത്തർക്കും നമ്മളെ സംരക്ഷിക്കുന്ന കർത്താവിന് നന്ദി പറയാം. ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ.