You gave a wide place for my steps under me, and my feet did not slip.
(2 Samuel 22:37) ✝️
യേശു നമ്മെ സ്നേഹിച്ചു. നമ്മുടെ വീഥികളെ അവിടുന്ന് വിശാലമാക്കി. നമ്മെ സ്നേഹിച്ചത് നമ്മുടെ ദൗർബല്യങ്ങളെയും, പരിമിതികളെയും മാനുഷിക ബലഹീനതകളെയും പരിഗണിക്കാതെയാണ്. ദൈവ സ്നേഹത്തിന് അതിരുകളും അന്ത്യവുമില്ലെന്ന് അറിഞ്ഞുകൊണ്ട് ദൈവം ഓരോരുത്തരെയും അവിടുത്തെ സ്നേഹത്തിന് യോഗ്യരാക്കിതീർത്തു.
ഒരു സ്വർഗ്ഗീയ പിതാവെന്ന നിലയിൽ അവൻ നമ്മെ അനേകം അനുഗ്രഹങ്ങളാൽ അനുഗ്രഹിക്കാനും നല്ല കാര്യങ്ങൾ നൽകാനും ആഗ്രഹിക്കുന്നു, എന്നാൽ അതിനർത്ഥം “ചീത്ത” ഒന്നും സംഭവിക്കുന്നില്ല എന്നല്ല, മറിച്ച് നമ്മുടെ നൻമയ്ക്ക് അനുസരിച്ച് കർത്താവ് എല്ലാം ക്രമപ്പെടുത്തുന്നു.
കർത്താവിനെ നോക്കി നാം സഞ്ചരിക്കുമ്പോൾ ജീവിതത്തിൽ പലപ്പോഴും ഇടുങ്ങിയ വഴികളിലൂടെ സഞ്ചരിക്കേണ്ടി വരാറുണ്ട്, ഇടുങ്ങിയ വഴികളിലൂടെ നാം സഞ്ചരിക്കുമ്പോൾ ദൈവത്തിൻറെ മഹത്വവും, ശക്തിയും ഇറങ്ങി നമ്മുടെ വഴികളെ അവിടുന്ന് വിശാലമാക്കുന്നു.. ജീവിതത്തിൽ പലപ്പോഴും നാം വീണുപോകണ്ട അവസ്ഥകളിൽ കൂടി കടന്നു പോയപ്പോൾ, നാം ഓരോരുത്തരുടെയും, തളർന്ന കൈകളെയും ബലമില്ലാത്ത കാല്മുട്ടുകളെയും ശക്തിപ്പെടുത്തുകയും നമ്മുടെ കാലുകളെ വീഴാതെ താങ്ങുകയും ചെയ്തത് കർത്താവാണ്. നാം എത്രയോ തവണ ആപത്തുകളിൽ കൂടി കടന്നു പോയിട്ടുണ്ടോ അപ്പോഴെല്ലാം തള്ളക്കോഴി കുഞ്ഞുങ്ങളെ സംരക്ഷിക്കുന്ന പോലെ ദൈവമാണ് നമ്മെ രക്ഷിച്ചത്.
ജീവിതത്തിൽ വല്ലാതെ തകർന്നുപോകുന്ന ചില നാളുകൾ വരും. നമ്മുടെ സങ്കടങ്ങളും പ്രയാസങ്ങളും ദൈവസന്നിധിയിൽ തുറന്നുവയ്ക്കുമ്പോൾ നമ്മുടെ കണ്ണുനീര് എന്നന്നേക്കുമായി തുടച്ചുമാറ്റുവാൻ ദൈവത്തിന് കഴിയും. ദൈവത്തിന്റെ ശക്തിയാണ് നമ്മെ ആശ്വസിപ്പിക്കുകയും ധൈര്യപ്പെടുത്തുകയും ചെയ്യുന്നത്. ജീവിതത്തിന്റെ പ്രതിസന്ധികളിൽ എങ്ങോട്ട് പോകണമെന്നറിയാതെ നമ്മുടെ ജീവിതം നട്ടം തിരിയുന്ന സമയത്ത് നമ്മളറിയാതെ നമ്മുടെകൂടെ നടക്കുന്നൊരു ദൈവമുണ്ട്.
പലപ്പോഴും നമ്മളെന്താണ് കരുതുന്നത്? ജീവിതത്തിന്റെ സന്തോഷങ്ങളിൽ മാത്രമാണ് ദൈവം നമ്മുടെ കൂടെയുള്ളതെന്നാണ്. പക്ഷേ ദൈവവചനം ഓർമിപ്പിക്കുന്നു, ജീവിതത്തിന്റെ വലിയ സങ്കടങ്ങളിൽ, എങ്ങോട്ട് പോകണമെന്നറിയാതെ നമ്മൾ പകച്ചുനിൽക്കുമ്പോൾ നമ്മുടെ വഴികൾ വിശാലമാക്കി ദൈവം നമ്മുടെ കൂടെ നടക്കുന്നുണ്ട്. ദൈവം എല്ലാവരെയും സമ്യദ്ധമായി അനുഗ്രഹിക്കട്ടെ.