രണ്ടായിരാമാണ്ടിലെ ഒരു ഞായറാഴ്ചയാണ് ഏലൂർ പള്ളിയിൽ വച്ച് ചെറിയാച്ചനെ ഞാൻ പരിചയപ്പെടുന്നത്.അന്ന് സോണൽ സർവീസ് ടീമിൻ്റെ ആനിമേറ്ററായിരുന്നു അച്ചൻ. ഞാനന്ന് ജീവജ്വാല മാസികയുടെ ചീഫ് എഡിറ്റർ ആയിരുന്നു. അന്നത്തെ മീറ്റിംഗിലെ സംസാര വേളയിൽത്തന്നെ ഈ യുവവൈദികൻ കത്തിച്ചുവച്ച ഒരു വിളക്കായി എനിക്കനുഭവപ്പെട്ടു.പിന്നീട് എത്രയോ സന്ദർഭങ്ങൾ!കളമശേരി എമ്മാവൂസിൽ വച്ച് ഒട്ടേറെത്തവണ കണ്ടുമുട്ടി. മൂന്നു വയസ്മാത്രം മൂപ്പുള്ള എന്നെ അപ്പോഴൊക്കെ ഷാജിച്ചേട്ടാ എന്ന് അടുപ്പത്തോടെ വിളിച്ച് അത്ഭുതപ്പെടുത്തി.
എമ്മാവൂസിൻ്റെ മുറ്റത്തു വച്ച് ഞാൻ മിനിക്കുട്ടിക്ക് അച്ചനെ പരിചയപ്പെടുത്തി- ഇത് ചെറിയാച്ചൻ, നേരേവീട്ടിൽ.ചെറുചിരിയോടെ അച്ചൻ മിനിക്കുട്ടിയോടു പറഞ്ഞു: എമ്മാവൂസിൻ്റെ നേരെയുള്ള വീട്ടിലല്ലാട്ടോ. എൻ്റെ വീട്ടുപേരാ.
സത്യദീപത്തിൻ്റെ നവതിയാഘോഷം നടക്കുന്നത് അച്ചൻ ചീഫ് എഡിറ്റർ ആയിരിക്കുമ്പോഴാണ്.അന്ന്, 2017ൽ കാർഡിനൽ മാർ ആൻറണി പടിയറ അവാർഡിന് എന്നെ തെരഞ്ഞെടുത്ത വിവരം അച്ചൻ സന്തോഷത്തോടെ ഫോണിൽ വിളിച്ചു പറഞ്ഞതോർക്കുന്നു.
കോവിഡ് കാലത്തിനു മുമ്പായി ഞാനും മിനിക്കുട്ടിയും അവസാനമായി സന്ദർശിച്ച പള്ളി മരട് സെൻ്റ് ജാന്നാപ്പള്ളിയാണ്. 2020 ഫെബ്രു.16 ഞായർ. അന്ന് ഞങ്ങൾ അച്ചനർപ്പിച്ച കുർബാനയിൽ പങ്കുചേർന്നു.പുതിയ പുസ്തകങ്ങൾ അച്ചനു സമ്മാനിച്ചു.ചില പഴയ വിശേഷങ്ങൾ പങ്കുവച്ച് പിരിഞ്ഞതാണ്.
വൈദികൻ ദൈവികനാണെന്നു ഓർമ്മിപ്പിക്കുന്ന നിമിഷങ്ങൾ മാത്രം സമ്മാനിച്ച ചെറിയാച്ചനു നന്ദി!
അച്ചൻ്റെ അദൃശ്യ സാന്നിദ്ധ്യം ഇനിയും ദിവ്യനിമിഷങ്ങൾ സമ്മാനിക്കുമെന്ന പ്രത്യാശയോടെ ….
ഷാജി മാലിപ്പാറ