നാം ഒരോരുത്തരെയും, തോൽവിയിൽ നിന്ന്, ജയത്തിലേയ്ക്കും, പാപത്തിൽ നിന്ന് അനുതാപത്തിലേയ്ക്കും, വേദനയിൽ നിന്ന് സന്തോഷത്തിലേയ്ക്കും നയിക്കുന്ന ദൈവമാണ് നമ്മുടെ ദൈവം. നാം ജീവിതത്തിൽ കർത്താവിനാൽ നാം നയിക്കപ്പെടണമെങ്കിൽ, കാപട്യങ്ങളും, ചതികളും നമ്മിൽ നിന്ന് മാറി നാം ദൈവത്തിന്റെ വഴിയിലൂടെ വിശുദ്ധിയിൽ നയിക്കപ്പെടണം. പലപ്പോഴും നാം ദൈവത്തിന്റെ വഴിയിലൂടെയാണ് നടക്കുന്നത് എന്ന് പറയുകയും, എന്നാൽ സ്വന്തം താൽപര്യങ്ങൾക്ക് അനുസരിച്ചായിരിക്കും ജീവിക്കുന്നത്.
നാം ഒരു സ്ഥലത്ത് നിന്ന് മറ്റൊരു സ്ഥലത്തേയ്ക്ക് സഞ്ചരിക്കുവാണെങ്കിൽ വഴി തെറ്റാതെ പോകാൻ, ദിശാസൂചികയോ, ഗൂഗിൾ മാപ്പോ ഉപയോഗിക്കാറുണ്ട്. കർത്താവിന്റെ വഴിയിൽ നിന്ന് വ്യതിചലിക്കാതിരിക്കാൻ കർത്താവ് നൽകിയിരിക്കുന്ന ദിശാസൂചികയാണ് തിരുവചനം. തിരുവചനം എന്നു പറയുന്നത് വചനം മാംസമായി മാറിയ യേശുവാണ്. നാം നടക്കുന്ന വഴിയിൽ തിരുവചനം പ്രത്യാശയും, ആനന്ദവും, സന്തോഷവും നൽകുന്നുണ്ട്. പഴയനിയമ പ്രവാചകൻമാരായ, അബ്രാഹം, മോശ, ജോഷ്വ, യാക്കോബ്, ജോസഫ്, ദാവീദ് തുടങ്ങിയവരൊക്കെ ദൈവത്താൽ നയിക്കപ്പെട്ടവരാണ്.
പുതിയ നിയമത്തിലേയ്ക്ക് നോക്കിയാൽ കർത്താവിന്റെ ശിഷ്യൻമാർ പരിശുദ്ധാൽമാവിന്റെ ശക്തിയാൽ നയിക്കപ്പെട്ടവരായിരുന്നു, ദൈവത്താൽ തിരഞ്ഞെടുക്കപ്പെട്ടിട്ടും, ദൈവഹിതത്താൽ നയിക്കപ്പെടാത്തവരായ സാവൂൾ രാജാവും (1 സാമൂവേൽ 31:8), ദൈവം ജ്ഞാനം പകർന്ന സോളമൻ രാജാവ് പോലും ദൈവ പാതയിൽ നിന്ന് വിട്ടുനടന്നു.
പുതിയ നിയമത്തിൽ യേശു ശിഷ്യനായ യൂദാസും ദൈവത്തിന്റെ പാതയിൽ നിന്നും വിട്ടു നടന്ന വ്യക്തിയായിരുന്നു. തിരുവചനം പ്രതിപാദിക്കുന്നത്, ദൈവത്തെ വിട്ടു നടക്കുന്നവർക്ക് നാശവും, ദൈവത്താൽ നയിക്കപ്പെടുന്നവർക്ക് അനുഗ്രഹവും ആയിരിക്കും ലഭിക്കുന്നത്. നാം ഓരോരുത്തർക്കും ദൈവത്താൽ നയിക്കപ്പെടാനുള ദൈവകൃപയ്ക്കായി പ്രാർത്ഥിക്കാം. ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ. ആമ്മേൻ