സാത്താൻ യേശുവിനോട് പറഞ്ഞതാണ് പ്രസ്തുത വചന വാക്യം. ഇതുപോലെ നാം സാത്താനെ ആരാധിച്ചാൽ ലോകത്തിന്റെ സകല സുഖഭോഗങ്ങളും നൽകാം എന്ന് സാത്താൻ ദിനംപ്രതി നമ്മളുടെ കാതുകളിലും വന്ന് പറയുന്നു,

ദിവസവും പല തരത്തിലുള്ള ആത്മീയ വെല്ലുവിളികളെ നമുക്ക് നേരിടേണ്ടി വരാറുണ്ട്. തിന്മയുമായുള്ള നിരന്തര പോരാട്ടമാണ് ഈ ഭൂമിയിലെ നമ്മുടെ ജീവിതം എന്ന് ദൈവവചനം പറയുന്നു. ക്രിസ്തുവിനെ അനുഗമിക്കുവാന്‍ തീരുമാനിച്ചവന്‍ എപ്പോഴും സാത്താനുമായി പൊരുതുവാന്‍ തയ്യാറായിരിക്കണമെന്ന കാര്യം നമ്മേ ഓര്‍മ്മിപ്പിക്കുന്നു.

സാത്താൻ ദിനംപ്രതി പലവിധ മോഹങ്ങളാലും നമ്മെ പരീക്ഷിക്കുന്നു. സാത്താൻ പരീക്ഷിക്കുമ്പോൾ ഒരു വ്യക്തിക്ക് തന്‍റെ വ്യക്തിപരമായ അന്തസ്സിനെ നഷ്ടപ്പെടുത്താനും, സ്വയം പ്രമാണിയാകാൻ വേണ്ടി പണം, പദവി, നേട്ടം എന്നീ വിഗ്രഹങ്ങളാൽ മലിനമാകാനും കഴിയും. സാത്താനിക മോഹങ്ങൾ നൽകുന്ന കഴമ്പില്ലാത്ത സന്തോഷത്തില്‍ ഉന്മേഷം കണ്ടെത്തുന്ന ആ വ്യക്തിയുടെ സന്തോഷം വേഗം മങ്ങി പോകുന്നു. അതുകൊണ്ടാണ് യേശു “നിന്‍റെ ദൈവമായ കർത്താവിനെ നീ ആരാധിക്കണം; അവനെ മാത്രമേ പൂജിക്കാവു എന്നെഴുതപ്പെട്ടിരിക്കുന്നു. (ലൂക്കാ.4:8) എന്ന് പ്രത്യുത്തരം നൽകിയത്.

യേശു മരുഭൂമിയിൽ സാത്താനെതിരെ പോരാടിയത് വചനമാകുന്ന വാൾ ഉപയോഗിച്ചായിരുന്നു, അതുപോലെ നാം സാത്താനുമായി പോരാടുവാന്‍ വചനമാകുന്ന വാളും, പ്രാര്‍ത്ഥനക്ക് പ്രാധാന്യം കൊടുക്കുകയുമാണ് ചെയ്യേണ്ടത്. പ്രാര്‍ത്ഥനയാണ് നമ്മുടെ ആത്മീയ ജീവിതത്തിന്റെ അടിസ്ഥാനം.യേശു മരുഭൂമിയിൽ സാത്താനെ നേരിട്ടതുപോലെ സുദീര്‍ഘവും ഭക്തിപൂര്‍വ്വവുമായ പ്രാര്‍ത്ഥന, പരിശുദ്ധാൽമാവിന്റെ ശക്തി, ഉപവാസം പോലെയുള്ള നിരന്തര ആൽമീയ പ്രവർത്തികളിലൂടെ സാത്താനെ നേരിടുവാനും പരാജയപ്പെടുത്തുവാനും സാധിക്കും. ദൈവവചനം എന്ന ആയുധം ധരിച്ചു കൊണ്ട് തിന്മയെ ചെറുക്കുവാന്‍ ഇപ്പോള്‍ തന്നെ ശ്രമം ആരംഭിക്കാം.ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ.ആമ്മേൻ 🕊️