യേശുനാമവും, തിരുവചനവും പ്രഘോഷിക്കുന്നവർക്കും, അവരെ ഭവനത്തിൽ സ്വീകരിക്കുന്നവർക്കും ദൈവം നൽകുന്ന നൻമകളാണ് തിരുവചനത്തിലൂടെ പ്രതിപാദിക്കുന്നത്. മര്‍ക്കോസ്‌ 16 : 15 ൽ പറയുന്നു യേശു പറഞ്ഞു: നിങ്ങള്‍ ലോകമെങ്ങും പോയി, എല്ലാ സൃഷ്‌ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍. ഇന്ന് നാൽക്കവലകളിലും, സഭകൾ മുഖാന്തിരവും, സോഷ്യൽ മീഡിയ വഴിയും ദൈവവചനം പ്രഘോഷിക്കുന്നു. ഇന്ന് ദൈവവചനം പ്രഘോഷിക്കുന്നവരെ കാണുമ്പോൾ പല വ്യക്തികളും പലവിധ രീതികളിലാണ് പെരുമാറുന്നത്. നാം ചെയ്യുന്ന ഓരോ പ്രവർത്തിയും കർത്താവ് കണക്കിടുന്നുണ്ട്.

ക്രിസ്തുവിനെ പ്രഘോഷിക്കുന്നവർ പാപത്തിൽ വീണുപോകുമ്പോൾ അത് പലപ്പോഴും വലിയ വാർത്താ പ്രാധാന്യം നേടാറുണ്ട്. വിശ്വാസികളുടെ ഹൃദയത്തിൽ അത് മുറിവേൽപ്പിക്കുമ്പോൾ നിരീശ്വരവാദികൾ ഇത്തരം വീഴ്ചകൾ ആഘോഷമാക്കി മാറ്റാറുമുണ്ട്. ദൈവവിശ്വാസം വെറും മിഥ്യയാണെന്നു സ്ഥാപിക്കാൻ ഇത്തരം വാർത്തകളെ അവർ ഫലപ്രദമായി ഉപയോഗിക്കുന്നു. എങ്കിലും ഇക്കാര്യത്തിൽ മൗനം അവലംബിക്കുന്നവർ പോലും ഉയർത്തുന്ന ഒരു ചോദ്യമുണ്ട്, എന്തുകൊണ്ട്?. ദൈവവചനം ഇരുതല വാളിനേക്കാൾ മൂർച്ഛയുള്ളതാണെങ്കിൽ, എന്തുകൊണ്ടാണ് അത് പ്രഘോഷിക്കുന്ന ചിലരുടെ ജീവിതത്തിൽ മാറ്റങ്ങൾ വരുത്താത്തത്? ഒരു വിശ്വാസി വീണുപോയാൽ അയാൾ മാത്രമേ വഴിതെറ്റുകയുള്ളൂ. എന്നാൽ ഒരു വചനപ്രഘോഷകൻ വീണുപോയാൽ അത് അനേകരുടെ വിശ്വാസജീവിതത്തിൽ ഇടർച്ച വരുത്താമെന്ന് പിശാചിന് ബോധ്യമുണ്ട്. അതിനാൽ വചനപ്രഘോഷകർ നേരിടുന്ന ആത്മീയപോരാട്ടം വളരെ വലുതാണ്

വചനം പ്രഘോഷിക്കുവാൻ നാം ഓരോരുത്തർക്കും സാധിച്ചില്ലെങ്കിലും, വചനം പ്രഘോഷിക്കുന്നവർക്ക് വേണ്ടി നാം ദിനംപ്രതി പ്രാർത്ഥിക്കണം. വചനം പ്രഘോഷിക്കുന്നവർ ജീവിതത്തെ തിരുവചനമാക്കി മാറ്റുകയും, പരിശുദ്ധാൽമാവിനാൽ വഴി നടക്കുകയും ചെയ്യണം. വചനം കേൾക്കുന്ന നാം ഓരോരുത്തരും, വചനം പ്രഘോഷിക്കുന്നവരെ നോക്കുന്നതിനെക്കാൾ ഉപരി വചനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുക. കാരണം വചനപ്രഘോഷകർക്ക് തെറ്റുപറ്റാം എന്നാൽ വചനത്തിന് ഒരിക്കലും തെറ്റുപറ്റുകയില്ല എന്നു നാം തിരിച്ചറിയണം. ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ.