സംശയമുള്ളവർക്ക് ലഭ്യമായ തെളിവുകൾ വച്ച് യുക്തിഭദ്രമായ ഉത്തരം നൽകുന്നുണ്ട് ചാവറയച്ചൻ്റെ തിരുനാൾ ദിനത്തിൽത്തന്നെ (3/1/2024) ദീപിക.

സി.എം.ഐ സഭയുടെ മുൻ പോസ്റ്റുലേറ്റർ ജനറലും, കാനൻ നിയമ പണ്ഡിതനുമായ ഡോ. ജെയിംസ് മാത്യുപാമ്പാറ യുടേതാണ് ആധികാരിക രേഖകളെ അധികരിച്ചുള്ള മേല്പടി ലേഖനം.

ഇടവകകൾതോറും വിദ്യാലയങ്ങൾ ആരംഭിക്കണം; അല്ലാത്തപക്ഷം പള്ളി മുടക്ക് കല്പിക്കും എന്നതായിരുന്നു ആ പ്രത്യേക കല്പന.

1864 ലെ കൽപ്പനയായിരുന്നു അത്.

ചാവറപ്പിതാവുതന്നെ സ്വന്തം കൈപ്പടയിൽ എഴുതിയ ആ കല്പനയുടെ കൈയൊപ്പില്ലാത്ത മൂലം മാന്നാനത്തുള്ളത് ഭാഗ്യമായി.

ആരാണ് ഈ സർക്കുലർ എഴുതിയിരിക്കുന്നതെന്ന് ആ രേഖ വിളിച്ചുപറയുന്നു; സാക്ഷ്യപ്പെടുത്തുന്നു.

അതായത് സർക്കുലർ എഴുതിയത് ചാവറയച്ചൻ തന്നെ എന്ന് പകൽ പോലെ വ്യക്തം. എന്നാൽ ഒപ്പിട്ടിട്ടില്ല. എന്തുകൊണ്ട്?

ആ കല്പനയിൽ ആര് ഒപ്പിടണം? ചാവറയച്ചൻ സുറിയാനി കത്തോലിക്കരുടെ വികാരിജനറാൾ ആയിരുന്നു. ആധികാരികത അനല്പമായ അധികാരവും നൽകിയിരുന്നു.

സഭ പ്രശ്നകലുഷിതമാകുമ്പോഴൊക്കെ “എല്ലാ കണ്ണുകളും മാന്നാനത്തേക്ക്” എന്നതായിരുന്നു സ്ഥിതി.

എങ്കിലും ചാവറയച്ചൻ മെത്രാനായിരുന്നില്ല. ആ സർക്കുലറിൽ സാങ്കേതികമായി കയ്യൊപ്പ് ചാർത്തേണ്ടത് അന്നത്തെ സുറിയാനി മെത്രാൻ ബർണാഡിൻ ബെച്ചിനെല്ലിയായിരുന്നു. അധികാരത്തിന് വിധേയപ്പെടാൻ ചാവറയ്ക്ക് ഒട്ടും മടിയുമില്ലായിരുന്നു. സ്വാഭാവികമായും ഒപ്പു ചാർത്തിയത് മെത്രാനാകാം. അതിൻ്റെ കോപ്പി കണ്ടവരുണ്ടോ?

അങ്ങനെയൊരു കയ്യൊപ്പു കണക്കാക്കി മെത്രാനെ സർക്കുലറിൻ്റെ ഉപജ്ഞാതാവായി വിശേഷിപ്പിക്കാം എങ്കിലും വസ്തുതാപരമായി സുറിയാനി കത്തോലിക്കരുടെ വികാരി ജനറാളായിരുന്ന ചാവറയച്ചൻ തന്നെയാണ് ആ കൽപനയുടെ പുറകിൽ എന്നത് രേഖാമൂലം വ്യക്തമാണ്.

തുടർന്ന് സുറിയാനി ക്രിസ്ത്യാനികളുടെയിടയിൽ ഉണ്ടായത് ഒരു വിദ്യാലയവിപ്ലവമായിരുന്നു. 1867 ൽ ബെച്ചിനെല്ലി മെത്രാൻതന്നെ വികാരിയാത്തിലെ സുറിയാനിക്കാരുടെ സ്ഥിതിയെപ്പറ്റി വത്തിക്കാനിൽ കൊടുത്തിട്ടുള്ള റിപ്പോർട്ടിൽ പറയുന്നത് 104 സുറിയാനി പള്ളികളോട് ചേർന്ന് 191 വിദ്യാലയങ്ങൾ ഉണ്ടെന്നാണ്!

അവയിൽ ഞായറാഴ്ച മതബോധനവും മറ്റു ദിവസങ്ങളിൽ മലയാള ഭാഷ വായിക്കുന്നതിനും എഴുതുന്നതിനും ഭാഷകൾ രചനകൾ നടത്തുന്നതിനും ഗണിത ശാസ്ത്രം പരിപോഷിപ്പിക്കുന്നതിനു മുള്ള ഏർപ്പാടുകളുണ്ടെന്നും വ്യക്തമാക്കിയിട്ടുണ്ട് – ഇനിയാർക്കും സംശയം വേണ്ട.

ഇനി,

ബച്ചിനെല്ലി മെത്രാൻ്റെ

തലച്ചോറാണ് പള്ളിക്കൊരു പള്ളിക്കൂടം പദ്ധതി എങ്കിൽ

വരാപ്പുഴ വികാരിയാത്തിനു കീഴിലെങ്കിലും എല്ലാപള്ളികളോടുടൊപ്പം പള്ളിക്കൂടങ്ങൾ വരേണ്ടതല്ലേ? ഈ വിപ്ലവം എന്തുകൊണ്ട് അക്കാലത്ത് അവിടെ സംഭവിച്ചില്ല?

1875 ൽ പോലും

വരാപ്പുഴ വികാരിയാത്തിൻ്റെ കീഴിലുള്ള ലത്തീൻ പള്ളിയിൽപോലും പൊതു വിദ്യാഭ്യാസത്തിനുള്ള ഒരു സ്കൂൾ പോലുമില്ല എന്ന് രേഖപ്പെടുത്തിയിരിക്കുന്നതിനെപ്പറ്റി എന്തു പറയുന്നു?

കേരളത്തിൽ അപ്പസ്തോലിക് വിസിറ്ററായ ലെയോ മൊയ്റീൻ 1876 ജൂലൈ 24 ന് റോമിന് അയച്ച റിപ്പോർട്ടിൽ നിന്ന് വ്യക്തമാണ് പള്ളികൾക്കൊപ്പം പള്ളിക്കൂടം കല്പന ചാവറപ്പിതാവിൻ്റെതാണെന്ന്.

ഇനി,

ചിലർ പറയുന്നു 1855 ൽ ബാച്ചിനെല്ലി മെത്രാൻ പള്ളിക്കൊപ്പം പള്ളിക്കൂടം വേണമെന്ന് കൽപ്പന ഇട്ടിരുന്നത്രെ!

എന്നാൽ,

അത് വേദപാഠപഠനത്തിനായി ഞായറാഴ്ചകളിൽ മാത്രം പ്രവർത്തിക്കുന്ന പള്ളിക്കൂടമായിരുന്നു എന്ന സത്യത്തിനു നേരെ ഇക്കൂട്ടർ കണ്ണടയ്ക്കുന്നു

അർദ്ധസത്യങ്ങൾ ആവർത്തിച്ചു പറഞ്ഞാൽ സത്യമായി പകരുകയില്ലല്ലോ.

മറിച്ചു തർക്കിക്കേണ്ടവർക്കു സ്വാഗതം. വികാരവായ്പിനുപരി രേഖാസഹിതം വസ്തുനിഷ്ഠമായി പറഞ്ഞാലും.

പാമ്പാറയച്ചനു നന്ദി

– സൈ

നിങ്ങൾ വിട്ടുപോയത്