പ്രശസ്തരായ ധാരാളം ആളുകളുണ്ട്. ചിലർ സ്വന്തം സമൂഹത്തിലോ നഗരത്തിലോ രാജ്യത്തോ പേരു കേട്ടവരാണ്. മറ്റു ചിലരാകട്ടെ ലോക പ്രശസ്തരാണ്. എന്നാൽ, ഇവരിൽ ആരുടെയെങ്കിലും പേരറിയാം എന്നതുകൊണ്ട് നിങ്ങൾക്ക് ആ വ്യക്തിയെ നന്നായിട്ട് അറിയാം എന്നർഥമില്ല. അയാളുടെ പശ്ചാത്തലമോ ഗുണഗണങ്ങളോ നമ്മൾക്ക് അറിയാമെന്നു വരുന്നില്ല. യേശുക്രിസ്തു ഭൂമിയിൽ ജീവിച്ചിരുന്നത് ഏകദേശം രണ്ടായിരം വർഷം മുമ്പായിരുന്നെങ്കിലും, ലോകമെമ്പാടുമുള്ള ആളുകൾക്ക് യേശുവിനെക്കുറിച്ച് വ്യക്തമായി അറിയാം. കാരണം യേശു ലോകത്തെയും പാപത്തെയും ജയിച്ചവനാണ്.
യേശുവിൽ വിശ്വസിക്കുന്നവനാണ് ലോകത്തെയും പാപത്തെയും ജയിക്കുന്നത്. സ്വന്തം ഇഷ്ടങ്ങൾക്കുപരിയായി ദൈവേഷ്ടം നിറവേറ്റാൻ സന്നദ്ധത കാട്ടുമ്പോഴാണ് നമ്മൾ യേശുവിന്റെ അനുയായികളാകുന്നത്. ലോകത്തെ വെറുക്കണമെന്നും സ്വയം ദ്വേഷിക്കണമെന്നുമൊക്കെ ഈശോ ആവശ്യപ്പെടുമ്പോൾ, അവിടുന്ന് പറയുന്നത് അവിടുത്തേയ്ക്കും സ്വർഗ്ഗസ്ഥനായ പിതാവിന്റെ ഹിതത്തിനും ഉപരിയായി നാമൊന്നിനെയും സ്നേഹിക്കരുത് എന്നാണ്. നമ്മുടെ പരമോന്നതമായ നന്മയും സന്തോഷവും സമാധാനവുമാണ് ദൈവീക പ്രവർത്തികളുടെയെല്ലാം ആത്യന്തിക ലക്ഷ്യം.
വിശ്വാസം ദൈവത്തിന്റെ ഒരു ദാനമാണ്. എല്ലാവരും തന്നെ അറിഞ്ഞ്, തന്റെ കൃപയിൽ അഭയം പ്രാപിക്കണം എന്നാഗ്രഹിക്കുന്ന ദൈവം നമ്മിലെല്ലാവരിലേക്കും വിശ്വാസം എന്ന ദൈവത്തിന്റെ കൃപയെ ധാരാളമായി അയയ്ക്കുന്നുണ്ട്. ദൈവത്തിൽ വിശ്വസിക്കുന്ന ദൈവമക്കളായ നാം ഓരോരുത്തർക്കും മാത്രമേ ദൈവകൃപയാലും, പരിശുദ്ധാൽമാവിന്റെ ശക്തിയാലും ജഡമോഹങ്ങളിൽ നിന്നും പാപങ്ങളിൽ നിന്നും, തിൻമയിൽ നിന്നും ലോകത്തെ ജയിക്കാൻ സാധിക്കുകയുള്ളൂ. നാം ഓരോരുത്തർക്കും ലോകത്തെ ജയിക്കുന്നവരാകാം. ദൈവം എല്ലാവരെയും സമ്യദ്ധമായി അനുഗ്രഹിക്കട്ടെ.