പലവിധ ജീവിതപാതകൾ ഇന്ന് നമ്മുടെ മുന്നിലുണ്ട്. പക്ഷേ അതിൽ ഉത്കൃഷ്ടമെന്നു വിശേഷിപ്പിക്കാവുന്നതായി ഒന്നേയുള്ളൂ! ദൈവവചനത്തിന് അനുസൃതമായി, ദൈവപുത്രനായ യേശുക്രിസ്തുവിനെ മാതൃകയാക്കിക്കൊണ്ടു നയിക്കുന്ന ഒരു ജീവിതം. ദൈവത്തെ ആത്മാവിലും സത്യത്തിലും ആരാധിക്കാൻ യേശു തന്റെ അനുഗാമികളെ പഠിപ്പിച്ചു. യേശുവിന്റെ നിർദേശങ്ങൾ പാലിച്ചുകൊണ്ട് നാം ജീവിക്കുമ്പോൾ അത് ദൈവത്തിന്റെ ഹൃദയത്തെ സന്തോഷിപ്പിക്കും. അത്തരമൊരു ജീവിതഗതി നമുക്ക് പലവിധ അനുഗ്രഹങ്ങൾ കൈവരുത്തുകയും ചെയ്യും.
ലോകത്തിന്റെ മോഹങ്ങൾ ലക്ഷ്യമാക്കാതെ ദൈവവചത്തിൽ അധിഷ്ഠിതമായും, ദൈവഹിതത്തെ മുൻ നിറുത്തി സ്വർഗ്ഗീയനിത്യതയെ അടിസ്ഥാനമാക്കി ഉള്ളതായിരിക്കണം നമ്മുടെ ജീവിതവും മരണവും. ദൈവത്തിനു നിങ്ങളെത്തന്നെ സമർപ്പിക്കുമ്പോൾ നിങ്ങളുടെ ജീവിതത്തിന് ഒരു ലക്ഷ്യമുണ്ടാകും. സമാധാനം, വിശ്വാസം, സ്നേഹം തുടങ്ങിയ ദൈവികഗുണങ്ങൾ വളർത്തിയെടുക്കാൻ ദൈവത്തിന്റെ പരിശുദ്ധാത്മാവ് നിങ്ങളെ സഹായിക്കും. നാം ഒരോരുത്തരും കർത്താവിന്റെ മറവിൽ സുരക്ഷിതരാണ്. കർത്താവുമായി ഉറ്റ ബന്ധം ഉള്ള ഒരു വ്യക്തിക്കേ കർത്താവിന്റെ മറവിൽ’ വസിക്കാനാകൂ. ദൈവം തന്റെ ജനത്തിനായി ചെയ്തിരിക്കുന്ന ആത്മീയ കരുതലുകൾ, അനുഗ്രഹങ്ങൾ, ദൈവം നമ്മെ സ്നേഹിക്കുന്നുവെന്നതിന്റെയും നമ്മുടെ ക്രിസ്തീയ ജീവിതത്തിൽ നാം വിജയിച്ചുകാണാൻ ആഗ്രഹിക്കുന്നുവെന്നതിന്റെയും അനിഷേധ്യമായ തെളിവാണ്.
ലോകത്തിന്റെ ജീവിതഗതിയും താത്കാലിക ലാഭം നോട്ടമിട്ടുള്ള സ്വാർഥമായ ഒന്നാണ്. സത്യദൈവത്തെക്കുറിച്ചുള്ള പരിജ്ഞാനം ഹൃദയത്തിലും ജീവിതത്തിലും നിറച്ചിരിക്കുന്ന സമാധാനവും സന്തോഷവും അനുഗ്രഹങ്ങളും വർണനാതീതമാണ്. നാം ഒരോരുത്തർക്കും പൂർണ്ണ ഹ്യദയത്തോടെയും, വിശ്വാസത്തോടെയും നമ്മൾ ജീവിച്ചാലും മരിച്ചാലും ക്രിസ്തുവിനുള്ളവരാണെന്ന് ഏറ്റ് പറയാം. ദൈവം എല്ലാവരെയും സമ്യദ്ധമായി അനുഗ്രഹിക്കട്ടെ.