കാള പെറ്റെന്നു കേട്ടപ്പോള്‍ കയറെടുത്തവര്‍ അറിയാന്‍

സമൂഹത്തിലും സഭയിലെ കുടുംബങ്ങളും നേരിടുന്ന വിവിധ പ്രശ്‌നങ്ങളും പ്രതിസന്ധികളും യഥാവസരം മനസിലാക്കുന്നവരാണ് ബിഷപുമാരും വൈദികരും. സഭയിലെ ഓരോ കുടുംബത്തിന്റെയും, കുടുംബത്തിലെ ഓരോ അംഗത്തിന്റെയും അവസ്ഥയും ആവശ്യങ്ങളും അറിയാനുള്ള സാഹചര്യം സഭാ സംവിധാനങ്ങള്‍വഴി ഓരോ ബിഷപിനുമുണ്ട്.

വ്യക്തികളും കുടുംബങ്ങളും സമൂഹത്തില്‍ സുരക്ഷിതമായും സുഖകരമായും ജീവിക്കുന്നതിനു തടസമായി നിലനില്‍ക്കുന്നതും, വര്‍ധിച്ചുവരുന്നതുമായ പ്രവണതകളും സാഹചര്യങ്ങളും മനസിലാക്കി വിലയിരുത്തുകയും, പഠിപ്പിക്കേണ്ടതും എല്ലാ അജപാലക്കാരുടെ ഉത്തരവാദിത്വമാണ്.

Mar Joseph Kallarangatt

സീറോ മലബാര്‍ സഭയുടെ കുടുംബം, വിശ്വാസികള്‍, ജീവന്റെ സംസ്‌കാരം -സംരക്ഷണം എന്നീ പ്രധാനപ്പെട്ട വിഭാഗങ്ങളുടെ അധ്യക്ഷസ്ഥാനം വഹിക്കുന്ന ബിഷപാണ് പാലാ രൂപത ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്.ആഗോള തലത്തില്‍ പ്രവര്‍ത്തിക്കുന്ന സിനഡല്‍ കമ്മീഷന്റെ നേതൃത്വത്തില്‍ സഭയിലെ കുടുംബങ്ങള്‍, അല്‍മായ പ്രസ്ഥാനങ്ങള്‍, വനിതകള്‍, അമ്മമാര്‍ എന്നിവര്‍ക്കായുള്ള മാതൃവേദി, ഓരോ വിശ്വാസികളും പങ്കെടുക്കുന്ന കുടുംബയൂണിറ്റുകളുടെ പൊതുവേദി, പ്രൊ ലൈഫ് മുന്നേറ്റങ്ങള്‍, എല്ലാം അദ്ദേഹത്തിന്റെ കമ്മീഷന്റെ നിയന്ത്രണത്തിലാണ്. അദ്ദേഹത്തിന്റെ നിയന്ത്രണത്തിലും ജാഗ്രതയിലുമുള്ള പ്രസ്ഥാനങ്ങളുടെ പ്രവര്‍ത്തന മേഖലകളില്‍ നിന്നും സമഗ്രവിവരങ്ങള്‍ ശേഖരിക്കാനും ചെയര്‍മാന്‍ എന്ന നിലയില്‍ അദ്ദേഹത്തിന് സാധിക്കും.


സാമൂഹ്യതിന്മകള്‍ വര്‍ധിക്കുമ്പോള്‍ അജപാലകരും സാമൂഹ്യപ്രതിബദ്ധതയുമുള്ളവരും വാ മൂടികെട്ടി കണ്ണടച്ച് കൈയും കെട്ടി നില്‍ക്കണമെന്നാണോ സാമൂഹ്യപ്രതിബദ്ധതയില്ലാത്ത രാഷ്ട്രീയനേതൃത്വവും പ്രസ്ഥാനങ്ങളും ചില വ്യക്തികളും വിചാരിക്കുന്നത്. മുപ്പത്തുമിനിട്ടോളം നീണ്ടുനിന്ന അദ്ദേഹത്തിന്റെ പ്രഭാഷണം മുന്‍വിധികളില്ലാതെ ശ്രദ്ധയോടെ കേട്ടവരായിരിക്കില്ല, അനാവശ്യ വിവാദങ്ങളുമായെത്തിയവര്‍. ഇനിയെങ്കിലും കാള പെറ്റെന്ന് കേട്ടപ്പോള്‍ കയറുമായെത്തിയവര്‍ പ്രസംഗത്തില്‍ ഉന്നയിച്ച സമകാലിക പ്രശ്‌നങ്ങള്‍ വിലയിരുത്തുമെന്നു പ്രതീക്ഷിക്കുന്നു.

ഒരു സമൂഹത്തിന്റെ പ്രധാന അത്മീയ നേതാവിന് സാമൂഹ്യവിപത്തുകളെക്കുറിച്ച് മുന്നറിയിപ്പ് നല്‍കാനുള്ള അവകാശമില്ലേ?


ക്രൈസ്തവ സമൂഹം നേരിട്ട വെല്ലുവിളികളുടെ ചരിത്രം ഓര്‍മിപ്പിച്ചുകൊണ്ടാണ് മാര്‍ ജോസഫ് കല്ലറങ്ങാട്ടു, കുറവിലങ്ങാട്ടു പള്ളിയില്‍ പ്രസംഗിച്ചത്. ഓണ്‍ലൈനിലൂടെ അനേകായിരങ്ങള്‍ കേള്‍ക്കുന്ന പ്രഭാഷണത്തില്‍ അദ്ദേഹം തന്റെ വിശ്വാസ സമൂഹത്തോട് സംസാരിച്ചതിന്റെ ഏതാനും ഭാഗങ്ങള്‍ അടര്‍ത്തിയെടുത്തു വികലമായി വ്യാഖ്യാനിക്കുന്നതിന്റെ ദുരുദ്ദേശം സമൂഹം തിരിച്ചറിയണം.

ഇനിയെങ്കിലും മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ പ്രഭാഷണം ശ്രദ്ധയോടെ ശ്രവിക്കുവാന്‍ വിവാദമുണ്ടാക്കിയവര്‍ ശ്രമിച്ചാല്‍ നന്നായിരുന്നു

മയക്കുമരുന്നുകളുടെ വ്യാപനത്തേക്കുറിച്ച് പരാമര്‍ശിച്ചപ്പോള്‍ ചുരുക്കം ചില വിഭാഗം എന്ന് പറഞ്ഞത് ‘എല്ലാവരും ‘-എന്ന് വ്യാഖ്യാനിക്കുകയും തെറ്റായി വിശകലനം നടത്തുകയും ചെയ്തവരുടെ ലക്ഷ്യം സമൂഹത്തില്‍ അസ്വസ്ഥതകള്‍ സൃഷ്ടിക്കാനാണോയെന്നു സംശയം ഉയരുന്നു.

പ്രണയവിവാഹങ്ങള്‍, മതാന്തര വിവാഹം എന്നിവയെക്കുറിച്ച് പറഞ്ഞശേഷം ക്രൈസ്തവ യുവതിയുവാക്കള്‍ ജാഗ്രത പുലര്‍ത്തേണ്ട വിവിധ കാര്യങ്ങള്‍ വ്യക്തമാക്കുന്നു. കുട്ടിക്കാലം മുതലുള്ള അദ്ദേഹത്തിന്റെ ഇതര മത വിശ്വാസികളുമായുള്ള സ്‌നേഹബന്ധത്തേക്കുറിച്ചും ഇടപഴകി വളര്‍ന്നതിന്റെ സന്തോഷവും പങ്കുവെയ്ക്കുന്നു.ഇപ്പോഴും അനേകം മുസ്ലിം ഹൈന്ദവ സുഹൃത്തുക്കളുമായുള്ള ബന്ധവും അടുപ്പവും അദ്ദേഹം പറയുന്നുണ്ട്. ചുരുക്കം ചില മുസ്ലിം ഗ്രൂപ്പുകള്‍ എന്നു പറഞ്ഞതിനു ശേഷം, ഇതു പൊതുവായ കാര്യമല്ലെന്നും, ബോധപൂര്‍വം പ്രശ്‌നം ഉണ്ടാക്കുന്നവരെ ഉദേശിച്ചു മാത്രമാണെന്നും അദ്ദേഹം എടുത്തു പറഞ്ഞു. ഏതെങ്കിലും മതങ്ങളോടുള്ള എതിര്‍പ്പോ വിരോധവുമല്ലെന്നും, നമ്മുടെ കുഞ്ഞുങ്ങള്‍ നമുക്ക് നഷ്ടപ്പെടരുത് എന്ന ചിന്ത മാത്രമാണെന്നും അദ്ദേഹം വ്യക്തമാക്കിയാണ് പ്രസംഗം അവസാനിപ്പിക്കുന്നത്.


വോട്ടും നോട്ടും നേട്ടങ്ങളും മാത്രം ജീവിതവൃഥമാക്കിയവര്‍ക്കു സാമൂഹ്യതിന്മകള്‍ക്കെതിരെ വിട്ടുവീഴ്ചകളില്ലാത്ത നിലപാടുകള്‍ സ്വീകരിക്കുവാന്‍ സാധ്യമല്ലായിരിക്കും.

സാമൂഹ്യമാറ്റങ്ങള്‍, വിപത്തുകള്‍ എന്നിവയെക്കുറിച്ചുള്ള രാഷ്ട്രീയ -സാംസ്‌കാരിക -സാമൂഹ്യ -മാധ്യമ മേഖലകളുടെ മൗനവും നിസംഗതയും അദ്ദേഹം ചോദ്യംചെയ്യുന്നുണ്ട്. ഒരു പള്ളിയിലെ പ്രസംഗതിനു മാധ്യമങ്ങള്‍ നല്‍കിയ പ്രാധാന്യം നാം വിലയിരുത്തണം.

വിവാദം സൃഷ്ടിച്ചു മനുഷ്യ മനസുകളില്‍ വിദ്വേഷം കുത്തിവെയ്ക്കുന്നത് വലിയ ആപത്താണ്.ഓരോ സമുദായവും നന്മകളില്‍ വളരുന്നുവെന്ന് ഉറപ്പുവരുത്തുവാനും, അപ്പോഴും ഇതര സമുദായങ്ങളിലെ മുഴുവന്‍ മനുഷ്യരെയും സഹോദരങ്ങളായി കണ്ട് സംരക്ഷിക്കാനുള്ള മനോഭാവവുമാണ് വര്‍ധിച്ചുവരേണ്ടത്.

ജീവൻ ദൈവത്തിന്റെ ദാനമാണ്, ഭൂമിയിലെ മുഴുവൻ മനുഷ്യരും ദൈവത്തിന്റെ മക്കളാണെന്നുംകരുതി എല്ലാവരുടെ ജീവനെയും ജീവിതത്തെയും ആദരവോടെ കാണുവാനും അതിന്റെ സംരക്ഷകരാകാനുമുള്ള മനോഭാവം നമുക്കെപ്പോഴും ഉണ്ടാകണം.
സമൂഹത്തില്‍ സമാധാനം പ്രത്യാശ നിലനിര്‍ത്തുവാന്‍ എല്ലാ ഈശ്വരവിശ്വാസികളും പ്രാര്‍ത്ഥിക്കുകയും ഉണര്‍ന്നുപ്രവര്‍ത്തിക്കുകയും ചെയ്യേണ്ട സമയമാണിത്.

സാബു ജോസ്


സീറോ മലബാര്‍ സഭ
പ്രൊ ലൈഫ് അപ്പോസ്ഥലറ്റ്
എക്‌സിക്യൂട്ടീവ് സെക്രട്ടറി

നിങ്ങൾ വിട്ടുപോയത്