“And the Lord restored the fortunes of Job, when he had prayed for his friends. And the Lord gave Job twice as much as he had before.” (Job 42:10)
അബ്രാഹത്തിന്റെ കാലംമുതല്‍ മാധ്യസ്ഥം വഹിക്കുക, വേറൊരാള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്ന രീതി നിലനിന്നു പോരുന്നു. സ്വന്തം ആവശ്യങ്ങള്‍ മാറ്റിവെച്ച് മറ്റൊരാള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കുക എന്നത് കാരുണ്യത്തിന്റെ പ്രവര്‍ത്തിയാണ്. ദൈവപുത്രനായ യേശുക്രിസ്തുവിന്റെ മനുഷ്യാവതാരത്തോടു കൂടി മധ്യസ്ഥപ്രാര്‍ത്ഥന കൂടുതല്‍ അര്‍ത്ഥവത്താകുകയും ശക്തിപ്രാപിക്കുകയും ചെയ്യുന്നു. ക്രൈസ്തവരുടെ മാധ്യസ്ഥത്തിന് അതിരുകളില്ല, എല്ലാ മനുഷ്യര്‍ക്കുവേണ്ടിയും ഉന്നതസ്ഥാനീയരായ എല്ലാവര്‍ക്കും വേണ്ടിയും പീഡകര്‍ക്ക് വേണ്ടിയും സുവിശേഷം നിരസിക്കുന്നവരുടെ രക്ഷയ്ക്കു വേണ്ടിയും ശത്രുക്കള്‍ക്ക് വേണ്ടിയും മാധ്യസ്ഥം വഹിച്ചു പ്രാര്‍ത്ഥിക്കുവാന്‍ ഓരോ ക്രിസ്ത്യാനിയും വിളിക്കപ്പെട്ടിരിക്കുന്നു. ക്രിസ്തു മാത്രമാണ് ഏകമധ്യസ്ഥന്‍. അവിടുന്ന് മാത്രമാണ് എല്ലാ മനുഷ്യര്‍ക്കും വേണ്ടി പിതാവിന്റെ സന്നിധിയില്‍ മാധ്യസ്ഥം വഹിക്കുന്നവന്‍.
ഒരു ക്രൈസ്തവ വിശ്വാസിയുടെ മധ്യസ്ഥ പ്രാര്‍ത്ഥന യേശുവിന്റെ പ്രാര്‍ത്ഥനയോട് അയാളെ അനുരൂപനാക്കുന്ന യാചനാപ്രാര്‍ത്ഥനയാണ്. അയാള്‍ പ്രാര്‍ത്ഥിക്കുന്നത് സ്വന്തം യോഗ്യതയാലല്ല; പിന്നെയോ യേശുക്രിസ്തുവിന്റെ യോഗ്യതയാലാണ്. ഈ പ്രാര്‍ത്ഥന ശ്രവിക്കപ്പെടുന്നതും ഉത്തരം ലഭിക്കുന്നതും അവിടുത്തെ യോഗ്യതയില്‍ തന്നെ. തന്നിലൂടെ ദൈവത്തെ സമീപിക്കുന്നവരെ എന്നേക്കും രക്ഷിക്കാന്‍ യേശുവിന് കഴിവുണ്ട്. നിത്യം ജീവിക്കുന്നവനായ അവിടുന്ന് അവര്‍ക്കുവേണ്ടി മാധ്യസ്ഥം വഹിക്കുന്നു. അതിനാല്‍ ക്രിസ്തീയ മധ്യസ്ഥപ്രാര്‍ത്ഥന ക്രിസ്തുവിന്റെ മാധ്യസ്ഥത്തിലുള്ള പങ്കാളിത്തമാണ്. മധ്യസ്ഥപ്രാര്‍ത്ഥന നടത്തുന്ന വ്യക്തി, സ്വന്തം താത്പര്യങ്ങള്‍ മാത്രമല്ല, മറ്റുള്ളവരുടെ താത്പര്യങ്ങള്‍ കൂടി കണക്കിലെടുക്കുന്നു. തന്നെ ദ്രോഹിക്കുന്നവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്ന നിലവരെ അത് എത്തുന്നു. ആദിമ ക്രൈസ്തവ സമൂഹങ്ങള്‍ ഈ പ്രാര്‍ത്ഥനാകൂട്ടായ്മ ആഴത്തില്‍ അനുഭവിച്ചിരിന്നു. പൗലോസ് അപ്പസ്തോലൻ സുവിശേഷം പ്രസംഗിക്കുക എന്ന തന്റെ ദൗത്യത്തിന്റെ നിർവ്വഹണത്തിൽ മറ്റുള്ളവരെയും പങ്കാളികളാക്കി; അവര്‍ക്ക് വേണ്ടി മാദ്ധ്യസ്ഥം വഹിക്കുകയും ചെയ്തു.
ഒരു മനുഷ്യന്‍ എന്താണ് പ്രാര്‍ത്ഥിക്കുന്നത് എന്നതില്‍ നിന്നും ആ വ്യക്തിയുടെ സ്വഭാവം തിരിച്ചറിയാം. മറ്റുള്ളവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്നവന്‍ കരുണയുള്ളവനാണ്. അവനോടു ദൈവവും കരുണ കാണിക്കും. ക്രിസ്തുവിനെ അറിയാത്തവര്‍ക്ക് വേണ്ടിയും ക്രിസ്തുവിനെ തിരിച്ചറിഞ്ഞിട്ടും എങ്ങനെയാണ് പ്രാര്‍ത്ഥിക്കേണ്ടത് എന്നും അറിയാത്തവര്‍ക്ക് വേണ്ടിയും നമ്മുക്ക് ചുറ്റും വേദനയനുഭവിക്കുന്നവര്‍ക്ക് വേണ്ടിയും നമ്മുടെ ശത്രുക്കള്‍ക്ക് വേണ്ടിയും പ്രാര്‍ത്ഥിച്ചുകൊണ്ട് ലോകരക്ഷകനായ ക്രിസ്തുവിന്റെ മാധ്യസ്ഥത്താല്‍ നമ്മുക്കും പങ്കാളികളാകാം. ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ.