ജീവിതത്തിൽ നാം എല്ലാവരും കടുത്ത ദൈവ വിശ്വാസികളാണെന്നാണ് നമ്മുടെ വാദവും ഭാവവും. എന്നാൽ ജീവിതത്തിന്റെ പച്ചയായ യാഥാർഥ്യങ്ങളുടെ ഉയരത്തിൽ ആഞ്ഞടിക്കുന്ന തിരമാലകളുടെ മുൻപിൽ, അല്പംപോലും വിശ്വാസം ഇല്ലാത്തവരായി നാം മാറുന്നു എന്നുള്ളതാണ് പലപ്പോഴും പരമാർത്ഥം. എന്നാൽ ജീവിതത്തിൽ മരണത്തിന്റെ താഴ്‌വരയിൽ കൂടി പോയാലും ദൈവത്തിൽ ആശ്രയിക്കുന്നവന്റെ വാക്കുകൾ പ്രതീക്ഷ നിറഞ്ഞതായിരിക്കണം. ഹബക്കുക്ക്‌ 3 : 17ൽ പറയുന്നതു പോലെ, അത്തിവൃക്‌ഷം പൂക്കുന്നില്ലെങ്കിലും, മുന്തിരിയില്‍ ഫലങ്ങളില്ലെങ്കിലും, ഒലിവുമരത്തില്‍ കായ്‌കള്‍ ഇല്ലാതായാലും വയലുകളില്‍ ധാന്യം വിളയുന്നില്ലെങ്കിലും ആട്ടിന്‍കൂട്ടം ആലയില്‍ അറ്റുപോയാലും കന്നുകാലികള്‍ തൊഴുത്തില്‍ ഇല്ലാതായാലും ഞാന്‍ കര്‍ത്താവില്‍ ആനന്‌ദിക്കും. എന്നായിരിക്കണം ഭയം വരുമ്പോൾ ദൈവത്തിൽ വിശ്വസിക്കുന്നവന്റെ വാക്കുകൾ.

ഹബക്കൂക്ക് പ്രവാചകന്റെ വാക്കുകൾ ഒരിക്കൽ കൂടി വായിച്ചുനോക്കുക. കൃഷി നശിക്കുമ്പോഴും ക്ഷാമം വരുമ്പോഴും സമ്പത്ത് നഷ്ടപ്പെടുമ്പോഴും വരുമാനമാർഗങ്ങൾ അടയുമ്പോഴും ഒന്നിനുപിറകെ ഒന്നായി ദുരിതങ്ങൾ സന്ദർശനത്തിനെത്തുമ്പോഴും കർത്താവിൽ ആനന്ദിക്കാൻ പാകത്തിൽ തന്റെ മനസിനെ പാകപ്പെടുത്തിയ ഒരു വ്യക്തിയുടെ ഹൃദയത്തിൽ നിന്നുയരുന്നതും ഉയരേണ്ടതുമായ പ്രാർത്ഥനയാണിത്. ഇങ്ങനെ പ്രാർത്ഥിച്ച പലരെക്കുറിച്ചും നാം ബൈബിളിൽ വായിക്കുന്നുണ്ട്.

പൗരസ്ത്യദേശത്തെ ഏറ്റവും വലിയ സമ്പന്നനായിരുന്ന ജോബിന് തന്റെ കഴുതകളെയും ആടുകളെയും ഒട്ടകങ്ങളെയും മാത്രമല്ല തന്റെ പത്തുമക്കളെയും വേലക്കാരെയും നഷ്ടപ്പെട്ടത് ഞൊടിയിടയിലായിരുന്നു. സ്വന്തം ഭാര്യക്കോ സുഹൃത്തുക്കൾക്കാ ആശ്വസിപ്പിക്കാവുന്നതിനും അപ്പുറമായിരുന്നു ജോബിന്റെ ദുരന്തങ്ങൾ. എന്നുമല്ല, അവരുടെ വാക്കുകൾ ജോബിന്റെ ദുഃഖം വർധിപ്പിക്കുന്നവയായിരുന്നു എന്നതാണ് സത്യം. അപ്പോഴും ആ മനുഷ്യന്റെ അധരങ്ങളിൽ നിന്ന് തിന്മയുടെ ഒരു വാക്കും പുറപ്പെടുന്നില്ല. ‘കർത്താവ് തന്നു; കർത്താവ് എടുത്തു. കർത്താവിന്റെ നാമം മഹത്വപ്പെടട്ടെ’ എന്നാണ് ജോബു പറഞ്ഞത്. നാം ഓരോരുത്തർക്കും ഭയം വരുമ്പോൾ ജോബിനെപോലെ കർത്താവിൽ ആശ്രയിക്കാം. ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ.

Phone 9446329343

നിങ്ങൾ വിട്ടുപോയത്